1.63 ലക്ഷം പേർക്കുകൂടി സ്വന്തം മണ്ണ്
ഒറ്റ ദിവസം 6607 പേരെ ഭൂമിയുടെ അവകാശികളാക്കിയ ചരിത്രനേട്ടവുമായി വീണ്ടും എൽഡിഎഫ് സർക്കാർ. നാലര വർഷത്തിൽ 1,63,691 പേർക്കാണ് പട്ടയം നൽകിയത്. ബുധനാഴ്‌ച 6607 പേർക്ക് പട്ടയം നൽകി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആകെ നൽകിയത് 82,000 പട്ടയം മാത്രം. പതിറ്റാണ്ടായി ഭൂമിക്ക് രേഖ ലഭിക്കാൻ ഓഫീസുകൾ കയറിയിറങ്ങി തളർന്നവർക്കാണ് സർക്കാരിന്റെ കരുതൽ. 1962ൽ തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന് സ്ഥലം കൈമാറിയ പള്ളിത്തുറ ചർച്ചിനും സ്‌കൂളിനും ഇതോടൊപ്പം പട്ടയം ലഭിച്ചു.
സ്‌മാർട്ടാകും; 159 വില്ലേജ് ഓഫീസും
സംസ്ഥാനത്തെ 159 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടാകുന്നു. നിലവിൽ 122 വില്ലേജ് ഓഫീസുകളിലെ സേവനം സ്‌മാർട്ടാണ്. 159 സ്‌മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണ പ്രവർത്തനവും അഞ്ച് സ്‌മാർട്ട് വില്ലേജുകളുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഴുവൻ റവന്യൂ ഓഫീസുകളും കടലാസുരഹിതമാക്കും. 25 ഇനം സർട്ടിഫിക്കറ്റുകൾ ഇ- ഡിസ്ട്രിക്ട് ആപ് വഴി ഓൺലൈനിലാണ് ഇപ്പോൾ നൽകുന്നത്. 1644 വില്ലേജുകളിൽ പോക്കുവരവ് ഓൺലൈൻ ഇ- പേയ്‌മെന്റ് സംവിധാനം നടപ്പാക്കി. 1218 വില്ലേജുകളിൽ ഇ പോസ് മെഷീൻ സ്ഥാപിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സ്മാർട്ട് വിേല്ലജ് ഓഫീസുകളുടെ നിർമാണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു
46 സ്‌കൂളിനുകൂടി പുതിയ കെട്ടിടം
നാൽപ്പത്തിയാറ് സർക്കാർ സ്‌കൂളുകൾക്ക് പുതുതായി നിർമിച്ച കെട്ടിടംകൂടി നാടിന് സമർപ്പിച്ചു. 79 സ്‌കൂളിൽ പുതിയ കെട്ടിടം പണി തുടങ്ങി. വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. നേരത്തെ രണ്ടു ഘട്ടങ്ങളിലായി 124 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 എണ്ണത്തിന്റെ ശിലാസ്ഥാപനവും നടന്നിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തലയുയർത്തിപ്പിടിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ട്, സമഗ്രശിക്ഷാ കേരളം, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ നിർമിച്ചത്.
ക്ലിക്ക് ചെയ്യൂ; കുടുംബശ്രീ വീട്ടിലെത്തും
രാജ്യത്ത് എവിടെയും വിരൽത്തുമ്പ് തൊട്ടാൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ വീട്ടിലെത്തും. കുടുംബശ്രീ ഓൺലൈൻ ഷോപ്പിങ് ഉത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി സി രവീന്ദ്രനാഥ് നിർവഹിച്ചു. ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കാൻ തപാൽ വകുപ്പുമായി കുടുംബശ്രീ ധാരണപത്രം ഒപ്പിട്ടു. 200ലധികം പോസ്റ്റ് ഓഫീസുകളുമായാണ് കരാർ. 600 ഉൽപ്പന്നങ്ങൾ പോർട്ടലിലുണ്ട്. 19 വരെ ഓൺലൈൻ വിപണനമേള തുടരും.
No comments:
Post a Comment