ആലപ്പുഴ > കോവിഡ് വെല്ലിവിളികൾക്കിടയിലും ജനകീയ ഹോട്ടലുകളൊരുക്കി കുടുംബശ്രീ. എട്ടുമാസത്തിൽ 772 ജനകീയ ഹോട്ടലുകളാണ് കുടുംബശ്രീ ആരംഭിച്ചത്. ഫെബ്രുവരിയിലെ ബജറ്റിലാണ് 20 രൂപയ്‌ക്ക് ഭക്ഷണം നൽകുന്ന 1000 ജനകീയ ഹോട്ടൽ എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചത്. ആ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയാണ് കുടുംബശ്രീ. ഇതുവരെ 5000ത്തോളം പേർക്ക് തൊഴിലും തുച്ഛവിലയിൽ ഗുണനിലവാരമുള്ള ഭക്ഷണവും നൽകാൻ കുടുംബശ്രീക്കായി. നിർധനർക്ക് ഭക്ഷണം സൗജന്യമായി നൽകാനും സാധിച്ചു. ആരും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പിക്കുന്ന ഭക്ഷണശാലകളുടെ ശൃംഖലയാണ് കുടുംബശ്രീ ഒരുക്കുന്നത്.
പ്രവർത്തനം തുടങ്ങിയപ്പോഴേയ്‌ക്കും കോവിഡ് 19 കടന്നുവന്നത് വെല്ലുവിളിയായി. എങ്കിലും ഡിസംബറോടെ 1000 ജനകീയ ഹോട്ടൽ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ജില്ലാ ടീമും സിഡിഎസ് ചെയർപേഴ്‌സൺമാരുടെ നേതൃത്വത്തിൽ അയൽക്കൂട്ടാംഗങ്ങളും തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നായിരുന്നു പ്രവർത്തനം. ദിവസേന ഏകദേശം 80,000 പേരാണ് ഹോട്ടലുകളിൽനിന്ന് 20 രൂപയുടെ ഉച്ചഭക്ഷണം കഴിക്കുന്നത്. കൂടാതെ പ്രഭാതഭക്ഷണവും രാത്രി ഭക്ഷണവും ലഭ്യമാക്കുന്ന ജനകീയ ഹോട്ടലുകളായും ഇവ മാറും.
കൂടുതൽ എറണാകുളത്ത്
ആരംഭിച്ച 772 ഹോട്ടലുകളിൽ കൂടുതലും എറണാകുളം ജില്ലയിലാണ്. ഇവിടെ ആരംഭിക്കാനുദ്ദേശിച്ച 98ൽ 97 ഹോട്ടലുകളും തുറന്നു. പാലക്കാട് 71, തിരുവനന്തപുരത്തും കൊല്ലത്തും 68 വീതം, കോഴിക്കോട് 67 എന്നിങ്ങനെ ഹോട്ടൽ തുറന്നു. ആലപ്പുഴയിൽ 55 ഹോട്ടലുകളുണ്ട്. 76 എണ്ണമാണ് ഇവിടെ തുറക്കാൻ ഉദ്ദേശിച്ചത്. ഇവിടങ്ങളിൽ 260 പേർ ജോലിചെയ്യുന്നു. കണ്ണൂർ 63, തൃശൂർ 62, മലപ്പുറം 56, കോട്ടയം 43, പത്തനംതിട്ട 41, ഇടുക്കി 32, കാസർകോട് 29, വയനാട് 20 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ജനകീയ ഹോട്ടലുകളുടെ എണ്ണം. ആകെ 3372 പേരാണ് ഇവിടങ്ങളിൽ ജോലിചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയോജനത്തിലൂടെയാണ് ജനകീയ ഹോട്ടലുകളുടെ രൂപീകരണം. പഞ്ചായത്തുകളും നഗരസഭകളും സഹായവും പിന്തുണയുമായി കൂടെയുണ്ട്. സിവിൽ സപ്ലൈസ് വകുപ്പ് ജനകീയ ഊണിനുള്ള അരി 10.90 രൂപയ്‌ക്ക് റേഷൻ കടയിൽനിന്ന് നൽകും. കുടുംബശ്രീ ടീമാണ് ഏകോപനവും ഹോട്ടലുകളുടെ സംഘാടനവും.
നന്ദു വിശ്വംഭരന്‍
No comments:
Post a Comment