തിരുവനന്തപുരം > "കേൾക്കുന്നുണ്ടോ...?'-മന്ത്രി കെ കെ ശൈലജയുടെ ചോദ്യത്തിന് പുഞ്ചിരിയോടെ തലകുലുക്കിയായിരുന്നു തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിനി ജി ചന്ദ്രികയമ്മയുടെ മറുപടി. ജന്മനാ കേഴ്‌വി പരിമിതിയുണ്ടായിരുന്ന ചന്ദ്രികയമ്മയ്‌ക്ക് ഇപ്പോൾ എല്ലാം ഭംഗിയായി കേൾക്കാം.
കേഴ്‌വി പരിമിതി നേരിടുന്ന 1000 പേർക്ക് ഡിജിറ്റൽ ശ്രവണ സഹായികൾ വിതരണം ചെയ്യുന്ന വികലാംഗക്ഷേമ കോർപറേഷന്റ "ശ്രവൺ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി കെ കെ ശൈലജ.
തിരുവനന്തപുരം കരിക്കകം സ്വദേശി ഹരിദാസിനും ഉദ്ഘാടനത്തോടനുബന്ധിച്ച് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. വിവിധ ജില്ലകളിൽ പ്രത്യേക ക്യാമ്പുകൾ നടത്തി മറ്റുള്ളവർക്ക് ശ്രവണ സഹായികൾ വിതരണം ചെയ്യും.
വികലാംഗക്ഷേമ കോർപറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ അധ്യക്ഷനായി. എംഡി കെ മൊയ്തീൻ കുട്ടി, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, ഒ വിജയൻ, ഗിരീഷ് കീർത്തി, കെ ജി സജൻ, സി എസ് രാജാംബിക എന്നിവർ പങ്കെടുത്തു.
No comments:
Post a Comment