Sunday, November 1, 2020

പൊയ്‌വെടി വയ്‌ക്കും പിറ്റേന്ന്‌ വിഴുങ്ങും

സ്വർണക്കടത്ത്‌ പിടിച്ചയുടൻ പൊലീസ്‌ ഒത്താശയിൽ സ്വപ്‌ന രക്ഷപ്പെട്ടെന്നായിരുന്നു മനോരമ വാർത്ത. ഇതിൽ തൂങ്ങി കോൺഗ്രസ്‌ നേതാക്കൾ തട്ടിവിട്ടത്‌ ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിച്ചതുതന്നെ സ്വപ്‌നയ്‌ക്ക്‌ രക്ഷപ്പെടാനാണ്‌ എന്നായിരുന്നു. കോവിഡിനെതിരായ പോരാട്ടത്തെപ്പോലും ദുർബലപ്പെടുത്തുന്ന ഈ നുണയ്‌ക്ക്‌, പക്ഷേ അധികം ആയുസ്സുണ്ടായില്ല.


● ചാരക്കഥയെ വെല്ലുന്ന സ്വർണക്കഥ

പഴയ ചാരക്കഥ റിപ്പോർട്ടുകളെ അനുസ്‌മരിപ്പിച്ച്‌ ജൂലൈ എട്ടിനുതന്നെ മലയാള മനോരമ ആരംഭിച്ച പരമ്പരയിൽ അതേ ശൈലിയിൽ മസാലക്കഥകളുടെ അകമ്പടിയായിരുന്നു. സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌നയുടെ വലയിൽ വീണവരിൽ ചില ഐപിഎസുകാരും ഉണ്ടെന്നും ഹോളി ആഘോഷത്തിൽ പങ്കാളിയാക്കുന്നതുമുതൽ കേസ്‌ അട്ടിമറിക്കാൻവരെ ഇവരിൽ ചിലർ മത്സരിച്ചെന്നുമൊക്കെയുള്ള ഉള്ളടക്കത്താൽ സമൃദ്ധം.

● ശാസ്‌ത്രജ്ഞനെ അപമാനിച്ച്‌ വ്യാജചിത്രം

കോവളത്ത്‌ സർക്കാർ സംഘടിപ്പിച്ച ബഹിരാകാശ ഉച്ചകോടിയിൽ സ്വപ്‌ന സുരേഷ്‌ മുഖ്യമന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്ടാവ്‌ എം സി ദത്തന്‌ ഉപഹാരം നൽകിയെന്ന വ്യാജവാർത്തയുമായായിരുന്നു‌ പരമ്പരയുടെ രണ്ടാംഭാഗം‌. ഒപ്പം വ്യാജചിത്രവും. ഐഎസ്‌ആർഒ മുൻ ചെയർമാൻ ജി മാധവൻനായരും പങ്കെടുത്തുവെന്ന്‌ പറഞ്ഞ്‌ വാർത്തയ്‌ക്ക്‌ ആധികാരികത വരുത്താനും ശ്രമിച്ചു. ഉച്ചകോടി ഉദ്‌ഘാടനം ചെയ്‌തത്‌ മുഖ്യമന്ത്രിയാണെന്നുകൂടി പറഞ്ഞുവച്ചു‌.

ബഹിരാകാശ ഉച്ചകോടിയിൽ മോഡറേറ്റർ എന്ന നിലയിൽ ഉപഹാരം നൽകാൻ ഏൽപ്പിച്ചിരുന്നത്‌ എം സി ദത്തനെയായിരുന്നു. അവർക്ക്‌ കൊടുക്കാനുള്ള ഉപഹാരം ഒരു സ്‌ത്രീ (സ്വപ്‌ന) തന്നെ ഏൽപ്പിച്ച ചിത്രമാണ്‌ ക്രോപ്‌ ചെയ്‌ത്‌ പത്രത്തിൽ നൽകിയതെന്ന്‌ ദത്തൻ വിശദമാക്കി. എന്നാൽ, തെറ്റ്‌ മനസ്സിലാക്കിയിട്ടും മനോരമ തിരുത്തിയില്ല.  

● സന്ദീപ്‌ നായരെ സിപിഐ എം അനുഭാവിയാക്കി

സ്വർണക്കടത്തുകേസിൽ പിടിയിലായ സന്ദീപ്‌ നായർ സിപിഐ എം അനുഭാവിയാണെന്ന വാർത്ത നൽകുന്നതിൽ മനോരമ ന്യൂസും ഏഷ്യാനെറ്റും ഒറ്റക്കെട്ടായിരുന്നു. കൈരളി ചാനൽ സന്ദീപിന്റെ അമ്മ ഉഷയുടെ അഭിമുഖം സംപ്രേഷണം ചെയ്‌ത്‌ വ്യാജവാർത്ത പൊളിച്ചു. ഒടുവിൽ ഏഷ്യാനെറ്റ്‌ മേധാവിക്ക്‌ മാപ്പ്‌ പറയേണ്ടിവന്നു.

● ട്രിപ്പിൾ ലോക്‌ഡൗൺ നുണക്കഥ


സ്വർണക്കടത്ത്‌ പിടിച്ചയുടൻ പൊലീസ്‌ ഒത്താശയിൽ സ്വപ്‌ന രക്ഷപ്പെട്ടെന്നായിരുന്നു മനോരമ വാർത്ത. ഇതിൽ തൂങ്ങി കോൺഗ്രസ്‌ നേതാക്കൾ തട്ടിവിട്ടത്‌ ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിച്ചതുതന്നെ സ്വപ്‌നയ്‌ക്ക്‌ രക്ഷപ്പെടാനാണ്‌ എന്നായിരുന്നു. കോവിഡിനെതിരായ പോരാട്ടത്തെപ്പോലും ദുർബലപ്പെടുത്തുന്ന ഈ നുണയ്‌ക്ക്‌, പക്ഷേ അധികം ആയുസ്സുണ്ടായില്ല.

● പ്രതികളെ പിടിക്കാത്ത പൊലീസ്‌!

കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസിൽ കേരള പൊലീസ്‌ പ്രതികളെ പിടിച്ചുകൊടുത്തില്ല എന്ന തിരക്കഥ സ്വർണക്കള്ളക്കടത്ത്‌ നടന്നശേഷം ആദ്യവാരം തട്ടുപൊളിപ്പൻ വ്യാജവാർത്തയായിരുന്നു. മനോരമ ജൂലൈ എട്ടിന്‌ ഒന്നാം പേജിൽ മുഖ്യവാർത്തയിൽത്തന്നെ പ്രതികളെ പിടികൂടാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്ന്‌ ആരോപിച്ചു. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമ്പോൾ സമാന്തര അന്വേഷണം നടത്താനോ അവർ ആവശ്യപ്പെടാതെ പ്രതികളെ പിടിക്കാനോ പറ്റില്ലെന്ന്‌ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടും  ആരോപണം ആവർത്തിച്ചു.

● മാതൃഭൂമിയുടെ ‘ഭീകരബന്ധം’

‘ഭീകരബന്ധം’ മാതൃഭൂമിക്ക്‌ ഒരു വെടിക്ക്‌ രണ്ടുപക്ഷിയായിരുന്നു. ഒരേസമയം, യുഡിഎഫിനെയും തങ്ങളുടെ ആർഎസ്‌എസുകാരായ വായനക്കാരെയും സുഖിപ്പിക്കാനുള്ള തന്ത്രം. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഭീകരപ്രവർത്തനത്തിന്‌ മറയാക്കിയെന്നു സ്ഥാപിക്കുകതന്നെ ലക്ഷ്യം.

‘ഭീകരബന്ധം’ എന്ന തലക്കെട്ടോടെയായിരുന്നു ജൂലൈ 11ന്റെ മാതൃഭൂമിയുടെ മുഖ്യവാർത്ത. തലക്കെട്ട്‌ കണ്ടാൽ ഭീകരബന്ധം തെളിഞ്ഞുവെന്നുതോന്നും. വാർത്ത വായിക്കുമ്പോൾ സ്വർണക്കടത്തിന്‌ ഭീകരപ്രവർത്തനവുമായി ബന്ധമെന്ന്‌ എൻഐഎ പറഞ്ഞതാണ്‌ സംഭവം.

തീർന്നില്ല. ജൂലൈ 12ന്റെ മറ്റൊരു വാർത്ത പാകിസ്ഥാൻ ബന്ധത്തെപ്പറ്റിയാണ്‌. ‘എൻഐഎയ്‌ക്ക്‌ വിട്ടതിനു കാരണം പാകിസ്ഥാൻ ബന്ധം’. ജൂലൈ 14ന്‌വീണ്ടും ‘ഭീകരപ്രവർത്തനംതന്നെ: എൻഐഎ’ എന്ന തലക്കെട്ട്‌. ജൂലൈ 22ന്‌ വീണ്ടും മുഖ്യ വാർത്തയ്‌ക്ക്‌ തലക്കെട്ട്‌: ‘ഭീകരവാദബന്ധത്തിലേക്ക്‌’. എൻഐഎ നേരത്തെ പറഞ്ഞ കാര്യങ്ങൾ റിമാൻഡ്‌ റിപ്പോർട്ടിലും ആവർത്തിച്ചതാണ്‌ സംഭവം. ജൂലൈ 23ന്‌ ‘ഭീകരബന്ധത്തിനും നിക്ഷേപത്തിനും കൂടുതൽ തെളിവുകൾ ലഭിച്ചു’ എന്ന തലക്കെട്ടിൽ വീണ്ടും വാർത്ത.

കൈവെട്ടുകേസിലെ പ്രതിയെ സ്വർണക്കടത്തുകേസിൽ അറസ്റ്റ്‌ ചെയ്‌തതിന്റെ പിറ്റേന്ന്‌ മാതൃഭൂമി പുറത്തിറങ്ങിയത്‌ ‘കാശ്‌മീരിലേക്ക്‌’ എന്ന മുഖ്യതലക്കെട്ടോടെയായിരുന്നു. ചെന്നൈയിൽ എൻഐഎ കസ്റ്റഡിയിലുള്ള രണ്ട്‌ സ്വർണവിൽപ്പനക്കാരിൽനിന്ന്‌ നിർണായക വിവരങ്ങൾ ലഭിച്ചെന്നായിരുന്നു വാർത്ത. കള്ളക്കടത്തുസ്വർണം ഇവർ വാങ്ങി ആന്ധ്രയിലെ നെല്ലൂരിലാണ്‌ വിറ്റിരുന്നതെന്നും നെല്ലൂരിൽനിന്നാണ്‌ കശ്‌മീരിലെ തീവ്രവാദപ്രവർത്തനങ്ങൾക്ക്‌ പണം പോയിരുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞു. എൻഐഎ അന്വേഷണം ആ വഴിക്ക്‌ നീങ്ങിയത്രേ. മുഖ്യമന്ത്രിയുടെ ഓഫീസിനെ രാജ്യദ്രോഹബന്ധത്തിൽപ്പെടുത്താൻ കൊടുത്ത വാർത്തയ്‌ക്ക്‌ പിന്നെന്ത്‌  സംഭവിച്ചു?  ആർക്കുമറിയില്ല.

● ബന്ധം എവിടെയെന്ന്‌ കോടതിയും

ഭീകരബന്ധത്തിന്‌ തെളിവ്‌ എവിടെയെന്ന്‌ ഒക്‌ടോബർ ഏഴിന്‌ എൻഐഎയോട്‌ വിചാരണക്കോടതി ചോദിച്ചു. പ്രതികൾക്കെതിരെ ഭീകരബന്ധം തെളിയിക്കാനായില്ലെന്ന്‌‌‌ ഒക്‌ടോബർ 15ന്‌ എൻഐഎ കോടതി ചൂണ്ടിക്കാട്ടി. പ്രതികളിൽ പലരും സമ്പത്തികലാഭത്തിന്‌ പണം മുടക്കിയവരാണ്‌. ഇതുവരെ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ രാജ്യദ്രോഹക്കുറ്റം നടത്തിയതായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

● മതഗ്രന്ഥം ഇല്ലെന്നും ഉണ്ടെന്നും മാതൃഭൂമി

‘ജലീൽ കുരുക്കിലേക്ക്‌, പാഴ്‌സലിൽ മതഗ്രന്ഥമില്ല’ എന്ന തലക്കെട്ടുള്ള ഒന്നാംപേജ്‌ വാർത്തയോടെയാണ്‌ ആഗസ്‌ത്‌ ആറിന്‌ മാതൃഭൂമി പുറത്തിറങ്ങിയത്‌. പിറ്റേന്ന്‌ ‘മതഗ്രന്ഥമയക്കുന്നത്‌ യുഎഇ നയമല്ല’ എന്ന മുഖ്യവാർത്ത. മറ്റൊരു രാജ്യത്തെ കോൺസുലേറ്റുവഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത്‌ യുഎഇ സർക്കാരിന്റെ നയമല്ലെന്ന്‌ ‘ഒരു ഉന്നതോദ്യോഗസ്ഥൻ ‘മാതൃഭൂമി’യോട്‌ പറഞ്ഞുവെന്ന്‌ അവകാശപ്പെട്ടാണ്‌ വാർത്ത. ‌മതഗ്രന്ഥങ്ങളുടെ ഇറക്കുമതി നടന്നിട്ടില്ലെന്ന കസ്റ്റംസ്‌ റിപ്പോർട്ട്‌ വ്യാഴാഴ്‌ച മാതൃഭൂമി പുറത്തുവിട്ടിരുന്നുവെന്നും വാർത്തയിൽ പറഞ്ഞു. കൂടാതെ, തങ്ങളുടെ വാർത്ത വാസ്‌തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും കെ ടി ജലീൽ ഫെയ്‌സ്‌ ബുക്ക്‌ പോസ്റ്റിൽ പറഞ്ഞിരുന്നെന്നും മുഖ്യവാർത്തയിൽ വ്യക്തമാക്കി. അതായത്‌, ജലീലിനെ പൊളിച്ചടുക്കിയെന്ന്‌ അർഥം. എന്നാൽ, പറഞ്ഞതെല്ലാം ആഗസ്‌ത്‌ 30ന്‌ മാതൃഭൂമി വിഴുങ്ങി. മതഗ്രന്ഥങ്ങൾ വന്നില്ലെന്നു പറഞ്ഞ മാതൃഭൂമിയുടെ തലക്കെട്ട്‌: ‘പൊരുത്തക്കേട്‌: എവിടെ ബാക്കി ഗ്രന്ഥങ്ങൾ?’ മതഗ്രന്ഥങ്ങളുടെ എണ്ണത്തിലും തൂക്കത്തിലും വ്യത്യാസമുണ്ടെന്നും അതേപ്പറ്റി അന്വേഷണം തുടങ്ങിയെന്നുമായി വാർത്ത.

● ബിജെപി, ലീഗ്‌ ബന്ധം മറച്ചുവച്ചു

കേസിൽ ഉൾപ്പെട്ടവരുടെ ബിജെപി ബന്ധവും മുസ്ലിംലീഗ്‌ ബന്ധവും മറച്ചുവയ്‌ക്കുന്നതിൽ തുടക്കംമുതലേ മാധ്യമങ്ങൾ ജാഗ്രത പുലർത്തി. ബിജെപിക്കാരനായ പ്രതി സന്ദീപ്‌ നായരും ബിജെപി നേതാവ്‌ കുമ്മനം രാജശേഖരനും ഒന്നിച്ചുള്ള സ്വകാര്യചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടും അത്‌ കണ്ടില്ലെന്നു നടിച്ചു. പകരം, സന്ദീപ്‌ നായർ സിപിഐ എമ്മുകാരനാണെന്ന്‌  പ്രചരിപ്പിച്ചു. കേസിലെ പ്രതി റമീസിന്റെ ലീഗ്‌ ബന്ധം മാധ്യമങ്ങൾ കണ്ടില്ല. കേസിലെ നല്ലൊരു ശതമാനംപേരും ലീഗുകാരോ ലീഗ്‌ നേതാക്കളുമായി അടുപ്പമുള്ളവരോ ആണ്‌. സ്വർണക്കടത്ത്‌ നടന്നയുടൻ കസ്റ്റംസിലേക്ക്‌ വിളിച്ച ബിജെപി ട്രേഡ്‌ യൂണിയൻ‌ നേതാവിന്റെ പേര്‌ മറച്ചുവച്ചായിരുന്നു മനോരമ ഒന്നാംപേജിൽ ആദ്യം വാർത്ത പ്രസിദ്ധീകരിച്ചത്‌. ‘കസ്റ്റംസിൽ ആദ്യം വിളിച്ചത്‌ ട്രേഡ്‌ യൂണിയൻ നേതാവ്‌’ എന്നായിരുന്നു തലക്കെട്ട്‌.

● പി ടി തോമസോ; ശുദ്ധ പാവമല്ലെ

തട്ടിപ്പുകേസിൽ മുസ്ലിംലീഗ്‌ നേതാവ്‌ എം സി ഖമറുദീൻ എംഎൽഎയെ ചോദ്യം ചെയ്യുമെന്ന വാർത്ത സെപ്‌തംബർ 10ന്‌ പത്താംപേജിലാണ്‌ മനോരമ ഒതുക്കിയത്‌. പിറ്റേന്ന്‌ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്‌ഡ്‌ നടന്ന വാർത്തയും ഉൾപ്പേജിലാക്കി. എന്നാൽ, പ്രശ്‌നങ്ങളെല്ലാം ഒത്തുതീർന്നു എന്ന മട്ടിൽ അടുത്തദിവസം ഒന്നാം പേജിൽ മനോരമ വാർത്ത കൊടുത്തു.‌ ‘നിക്ഷേപകർക്ക്‌ 6 മാസത്തിനകം മുഴുവൻ പണവും നൽകണം: ലീഗ്‌’ എന്ന തലക്കെട്ടോടെ. തട്ടിപ്പല്ല, ബിസിനസ്‌ പൊളിഞ്ഞതാണെന്ന്‌ ലീഗ്‌ വിലയിരുത്തിയ കാര്യം പ്രത്യേകം പറഞ്ഞിട്ടുണ്ട്‌. കെ എം ഷാജിയുടെ സാമ്പത്തികത്തട്ടിപ്പിനും അനധികൃത വീടുനിർമാണത്തിനുമെല്ലാം പത്രങ്ങളുടെ ഉൾപ്പേജിലായിരുന്നു സ്ഥാനം.

കോൺഗ്രസ്‌ നേതാവ്‌ ആര്യാടൻ ഷൗക്കത്തിനെ ഇഡി ചോദ്യം ചെയ്‌തതും പത്രങ്ങൾക്ക്‌ വലിയ കാര്യമായില്ല. കെ പി എ മജീദിനെ ഇഡി ചോദ്യം ചെയ്‌തത്‌ മൊഴിയെടുക്കലാക്കി മാറ്റി. റിയൽ എസ്റ്റേറ്റുകാരനുവേണ്ടി പി ടി തോമസ്‌ ഇടപെട്ട കേസും പത്രങ്ങൾ പരമാവധി തമസ്‌കരിച്ചു. പിന്നീട്‌ സോഷ്യൽ മീഡിയയിൽ പി ടി തോമസിന്റെ ‘ഓട്ടം’ വൈറലായതോടെയാണ്‌ വാർത്തയുടെ അറ്റവും മൂലയുമൊക്കെ കൊടുത്തു തുടങ്ങിയത്‌. മനോരമയാണെങ്കിൽ പി ടി തോമസിനുവേണ്ടി ഉമ്മൻ ചാണ്ടിയെത്തന്നെ രംഗത്തിറക്കി.  പി ടി തോമസിന്റെ പ്രവർത്തനം മാതൃകാപരമെന്ന ഗുഡ്‌ സർട്ടിഫിക്കറ്റും ഉമ്മൻ ചാണ്ടിയെക്കൊണ്ട്‌ കൊടുപ്പിച്ചാണ്‌ പി ടി തോമസിനെ വിട്ടത്‌.

● കോവിഡ്‌ വ്യാപനസമരത്തിന്‌ പിന്തുണ

എല്ലാ കോവിഡ്‌ മാനദണ്ഡങ്ങളും ലംഘിച്ച്‌ ബിജെപിയും യുഡിഎഫും നടത്തിയ സമരങ്ങൾക്ക്‌ ഒന്നാം പേജിൽ ചിത്രങ്ങൾ സഹിതം വൻ പ്രചാരമാണ്‌ മാധ്യമങ്ങൾ നൽകിയത്‌. തിരുവനന്തപുരത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം ദിനംപ്രതി കുതിക്കുമ്പോഴായിരുന്നു സമരം. പ്രതിഷേധക്കൂട്ടായ്‌മകളിലൂടെ തെറ്റായ സന്ദേശം നൽകിയതാണ്‌ കോവിഡ്‌ പ്രതിരോധം തകർത്തതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞപ്പോൾ അതിനെ അപഹസിക്കാനാണ്‌ മനോരമ ശ്രമിച്ചത്‌.

● വാർത്ത പാകം ചെയ്യുന്നത്‌

വാർത്ത പാകം ചെയ്യുന്നത്‌ എങ്ങനെയെന്നറിയാൻ ജേർണലിസം വിദ്യാർഥികൾ ഒക്‌ടോബർ എട്ടിലെ മനോരമയുടെ മുഖ്യ വാർത്ത വായിക്കണം.‌‘സ്‌പെയ്‌സ്‌ പാർക്കിലെ ജോലി മുഖ്യമന്ത്രി അറിഞ്ഞ്‌’ എന്നതായിരുന്നു വാർത്ത. ‘ആറു തവണ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച’ എന്ന ഹൈലൈറ്റും ഒപ്പം. ‘സംസ്ഥാന ഐടി വകുപ്പിന്റെ സ്‌പെയ്‌സ്‌ പാർക്ക്‌ പദ്ധതിയിൽ തനിക്ക്‌ ജോലി ലഭിച്ചത്‌ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ ഉൾപ്പെടുത്തി ഇഡി കുറ്റപത്രം’ എന്നു പറഞ്ഞാണ്‌ വാർത്തയുടെ തുടക്കം. എന്നാൽ, താഴേക്ക്‌ വരുമ്പോൾ കഥ മാറുന്നു. ‘ശിവശങ്കറിനെ എട്ടു തവണ കണ്ടിട്ടുണ്ട്‌’, ‘മുഖ്യമന്ത്രിയോട്‌ സംസാരിച്ച്‌ വേണ്ടതു ചെയ്യാമെന്ന്‌ ശിവശങ്കർ പറഞ്ഞു’–- ഇങ്ങനെയൊക്കെയാണ്‌ സ്വപ്‌നയുടെ മൊഴി. ഇവിടെ എങ്ങനെയാണ്‌ മുഖ്യമന്ത്രി അറിഞ്ഞാണ്‌ ജോലിയിൽ പ്രവേശിച്ചതെന്ന് പറയാൻ കഴിയുക? നുണക്കഥയിൽ ചോദ്യമില്ലല്ലോ; മനോരമ വാർത്തയാകുമ്പോൾ പ്രത്യേകിച്ചും.

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

No comments:

Post a Comment