Friday, November 6, 2020

പഞ്ചാബിൽ ഫെഡറലിസം സംരക്ഷിക്കണം, കേരളത്തിൽ വേണ്ട; വീണ്ടും ഇരട്ടത്താപ്പ്‌ നിലപാടുമായി ചെന്നിത്തല

 കേന്ദ്ര അന്വേഷണ ഏജൻസികളെപ്പറ്റി ഇരട്ടത്താപ്പ്‌ നിലപാടുമായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. പഞ്ചാബിൽ അന്വേഷണ ഏജൻസികൾ ഫെഡറൽ തത്വങ്ങൾ ലംഘിക്കുകയാണെന്നും, കേരളത്തിൽ സർക്കാർ  അതേ ഏജൻസികളെ ഭയക്കുകയാണെന്നുമുള്ള ട്വീറ്റുകളാണ്‌ സമൂഹമാധ്യമങ്ങിൽ ചർച്ചയാകുന്നത്‌.

ബിജെപിയുടെ കേന്ദ്രസർക്കാർ കേരളത്തെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാക്കുന്നുവെന്ന ആരോപണത്തെ തള്ളുന്ന ചെന്നിത്തല രാഷ്‌ട്രീയ വ്യത്യാസത്തിന്റെ പേരില്‍ പഞ്ചാബ് സര്‍ക്കാറിനെ ആക്രമിക്കുന്നുവെന്ന നിലപാട് സ്വീകരിക്കുന്നു.

പഞ്ചാബ്‌ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ്‌ നേതാവുമായ ക്യാപ്‌റ്റൻ അമരീന്ദർ സിങ്ങിനും കുടുംബാംഗങ്ങൾക്കും ഇഡിയുടെയും ആദായനികുതി വകുപ്പിന്റെയും നോട്ടീസ് കിട്ടിയ സംഭവത്തിലാണ്‌ ചെന്നിത്തല കേന്ദ്ര ഏജൻസികളെ കുറ്റപ്പെടുത്തി ട്വീറ്റ്‌ ചെയ്‌തത്‌. എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ചെയ്‌ത മറ്റൊരു ട്വീറ്റിൽ കേരള സർക്കാർ അന്വേഷണ ഏജൻസികളെ തടയാൻ ശ്രമിക്കുകയാണെന്നും, ഇത്‌ ഭീരുത്വമാണെന്നുമാണ്‌ ചെന്നിത്തല പറയുന്നത്‌.

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായി പഞ്ചാബ്‌ നിയമസഭ ബില്ലുകൾ പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ നോട്ടീസുകൾ. കോർപറേറ്റ്‌ നുകത്തിൽ കർഷകരെ കെട്ടിയിടാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌ എന്നാണ്‌ അമരീന്ദർ സിങ്‌ പ്രതികരിച്ചത്‌. ഈ സംഭവത്തിനുശേഷം ആയിരുന്നു പ്രതിപക്ഷ നേതാവ്‌ അമരീന്ദർ സിങിനും പഞ്ചാബ്‌ സർക്കാരിനും പിന്തുണ അറിയിച്ചത്‌.

എന്നാൽ കേരളത്തിലേക്ക്‌ വരുമ്പോൾ അന്വേഷണ ഏജൻസികൾക്ക്‌ എന്ത്‌ വ്യത്യാസമാണ്‌ ഉണ്ടാകുന്നതെന്ന്‌ സമൂഹമാധ്യമങ്ങൾ ചെന്നിത്തലയോട്‌ ചോദിക്കുന്നു.

No comments:

Post a Comment