ബംഗാളിലേക്ക് കേന്ദ്രസംഘത്തെ അയച്ച യുപിഎ-രണ്ട് സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ തത്വങ്ങളുടെ പരസ്യലംഘനമാണ്. ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് പ്രതിജ്ഞ ചെയ്തവരാണ് മന്ത്രിമാരായി അധികാരത്തിലിരിക്കുന്നത്. ഇന്ത്യയുടേത് ഫെഡറല്‍ ഭരണഘടനയാണ്. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും അധികാരപരിധികള്‍ പ്രത്യേകം നിര്‍വചിച്ചിട്ടുണ്ട്. രണ്ടു കൂട്ടരുടെയും പൊതുനിയന്ത്രണത്തില്‍ വരുന്ന മേഖലകളും കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന രീതി എക്കാലത്തും കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരുകള്‍ സ്വീകരിക്കാറുണ്ട്. ക്രമസമാധാനപരിപാലനം സംസ്ഥാനത്തിന്റെ അധികാരത്തില്‍പ്പെടുന്ന വിഷയമാണ്. ഏതെങ്കിലും പ്രത്യേക സാഹചര്യം നേരിടുന്നതിന് സംസ്ഥാനം കേന്ദ്രത്തിന്റെ സഹായം തേടുന്നതും അതിനനുസരിച്ച് കേന്ദ്രം ഇടപെടുന്നതും അനുവദനീയമാണ്.
രാജ്യം ഇന്നു നേരിടുന്ന ഏറ്റവും ഗുരുതരമായ സുരക്ഷാഭീഷണിയായ മാവോയിസ്റ്റുകളെ നേരിടുന്നതിനു കേന്ദ്രവും സംസ്ഥാനവും സംയുക്തമായി പ്രവര്‍ത്തിക്കുന്നതിനുള്ള തീരുമാനം സമീപകാലത്ത് എടുക്കുകയുണ്ടായി. എന്നാല്‍, ഇപ്പോഴുണ്ടായത് തീര്‍ത്തും വ്യത്യസ്തമായ സംഗതിയാണ്. ഭരണഘടനയുടെ 356-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാനസര്‍ക്കാരുകളെ പിരിച്ചുവിടുമ്പോള്‍ കേന്ദ്രം യഥാര്‍ഥത്തില്‍ ഏകാധിപത്യ നിലപാടാണ് സ്വീകരിക്കുന്നത്. അതിനു മുന്നോടിയായി പ്രത്യേകസംഘത്തെ അയക്കുന്നതും കേന്ദ്രസര്‍ക്കാരിനു അനുകൂലമായി റിപ്പോര്‍ട്ട് ഉണ്ടാക്കിയെടുക്കുന്നതും പല തവണ രാജ്യം നേരില്‍ കണ്ടറിഞ്ഞിട്ടുള്ള സംഗതിയാണ്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ജനാധിപത്യക്കുരുതിക്ക് വിധേയമായത് ഇ എം എസ് നയിച്ച 57ലെ കേരള സര്‍ക്കാരായിരുന്നു. അതിനുശേഷം തങ്ങളുടെ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി പലതവണ കോണ്‍ഗ്രസ് ഈ വകുപ്പ് ദുര്‍വിനിയോഗം ചെയ്തിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ മാത്രമല്ല കോണ്‍ഗ്രസിതര പാര്‍ടികള്‍ നയിക്കുന്ന സര്‍ക്കാരുകള്‍ക്കെല്ലാം എതിരായി ഈ ആയുധം അവര്‍ പ്രയോഗിച്ചിട്ടുണ്ട്. ബംഗാളില്‍ അതിനുള്ള മുന്നൊരുക്കമാണ് ഇപ്പോള്‍ നടത്തുന്നത്.
കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിനുശേഷം കേന്ദസര്‍ക്കാരിലെ ഘടകകക്ഷിയായ തൃണമൂല്‍ കോഗ്രസ് പല മാര്‍ഗങ്ങളിലൂടെയും ബംഗാള്‍ സര്‍ക്കാരിനെ താഴെയിറക്കുന്നതിന്ശ്രമിക്കുകയാണ്. രാജ്യസുരക്ഷയ്ക്ക് കനത്ത ഭീഷണിയാണെന്ന് കേന്ദ്രംതന്നെ വിലയിരുത്തിയ മാവോയിസ്റ്റുകളുമായി അതേ മന്ത്രിസഭയിലെ അംഗം നയിക്കുന്ന പാര്‍ടി രഹസ്യധാരണയുണ്ടാക്കിയിരിക്കുന്നത് പരസ്യമായ കാര്യമാണ്. ഇപ്പോള്‍ മമതയുടെ സമ്മര്‍ദത്തിന്റെ ഭാഗമായാണ് കേന്ദ്രസംഘത്തെ അയക്കുന്നത്.
ഇന്ന് ബംഗാളിനെതിരെയാണെങ്കില്‍ നാളെ ഏതു സംസ്ഥാനത്തിനെതിരെയും ഈ രീതി ഉപയോഗിക്കപ്പെടാം. ഇതു തിരിച്ചറിഞ്ഞാണ് പാര്‍ലമെന്റിന്റെ ഇരുസഭയിലും രാഷ്ട്രീയപാര്‍ടികള്‍ നിലപാട് സ്വീകരിച്ചത്. സഭയ്ക്കകത്ത് ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് സംഭവത്തെ സംബന്ധിച്ച് പ്രസ്താവന നടത്തുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി നിര്‍ബന്ധിതനായി. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചുമാത്രമേ ഏതു നിലപാടും സ്വീകരിക്കുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കുകയുണ്ടായി. തൃണമൂലിന്റെ നിലപാടില്‍നിന്ന് വ്യത്യസ്തമായി ഉദ്യോഗസ്ഥരില്‍ നിന്നുമാത്രമേ കാര്യങ്ങള്‍ ചോദിച്ച് അറിയുകയുള്ളെന്നും സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു സ്ഥലവും സന്ദര്‍ശിക്കില്ലെന്നും ചിദംബരം ഉറപ്പുനല്‍കി. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവരെ പോലെതന്നെ സംസ്ഥാനസര്‍ക്കാരും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടതാണ്. അതിനെ മറികടക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രം തല്‍ക്കാലം പിന്‍വാങ്ങിയത് നന്നായി. പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പിന് അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പാക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്.
ദേശാഭിമാനി മുഖപ്രസംഗം 011209
ബംഗാളിലേക്ക് കേന്ദ്രസംഘത്തെ അയച്ച യുപിഎ-രണ്ട് സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ തത്വങ്ങളുടെ പരസ്യലംഘനമാണ്. ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് പ്രതിജ്ഞ ചെയ്തവരാണ് മന്ത്രിമാരായി അധികാരത്തിലിരിക്കുന്നത്. ഇന്ത്യയുടേത് ഫെഡറല്‍ ഭരണഘടനയാണ്. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും അധികാരപരിധികള്‍ പ്രത്യേകം നിര്‍വചിച്ചിട്ടുണ്ട്. രണ്ടു കൂട്ടരുടെയും പൊതുനിയന്ത്രണത്തില്‍ വരുന്ന മേഖലകളും കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന രീതി എക്കാലത്തും കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരുകള്‍ സ്വീകരിക്കാറുണ്ട്. ക്രമസമാധാനപരിപാലനം സംസ്ഥാനത്തിന്റെ അധികാരത്തില്‍പ്പെടുന്ന വിഷയമാണ്.
ReplyDelete