Saturday, December 21, 2013

പശ്ചിമഘട്ട നശീകരണം: കാലവര്‍ഷം 20 ശതമാനം കുറഞ്ഞു

കേരളത്തില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ ലഭിച്ച കാലവര്‍ഷത്തിന്റെ അളവ് 20 ശതമാനം കുറഞ്ഞതായി ഡോ. പി വി ജോസഫ്. പശ്ചിമഘട്ടത്തിന്റെ നശീകരണം മണ്‍സൂണിന്റെ അളവ് കുറയാന്‍ കാരണമായതായും അദ്ദേഹം പറഞ്ഞു. 2013 ലെ ശാസ്ത്രസാങ്കേതിക നയരേഖയുടെ കരട് ചര്‍ച്ചയിലാണ് അഭിപ്രായം ഉയര്‍ന്നത്. വരുന്ന 100 വര്‍ഷത്തിനിടയില്‍ മഴയുടെ ലഭ്യത ഇനിയും കുറയും. ആഗോളതാപനത്തിന്റെ തോത് ഉയരുന്നത് ആശങ്കാജനകമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ താപനം വര്‍ധിച്ചു. ഇത് ഇന്ത്യയുടെ തെക്കുഭാഗത്തെ കാലാവസ്ഥയെയും സമുദ്രസമ്പത്തിനെയും ബാധിക്കുന്നു. കേരളതീരത്തുള്ള മത്സ്യസമ്പത്തിന്റെ നശീകരണം, ജലദൗര്‍ലഭ്യം, ഭക്ഷ്യസുരക്ഷിതത്വമില്ലായ്മ എന്നിവ ഇതിന്റെ ഫലമാണ്. പശ്ചിമഘട്ട മലനിരകളുടെ നാശവും ആഗോളതാപനവും തടയാനായി സാധാരണക്കാരന് ശാസ്ത്രത്തിന്റെ അടിസ്ഥാന അറിവ് നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

സര്‍വകലാശാലകള്‍വഴി ശാസ്ത്ര-സാങ്കേതികവിദ്യ വളര്‍ത്താനാവശ്യമായ സാമ്പത്തികസഹായം നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗമായ ജിജു പി അലക്സ് പറഞ്ഞു. സര്‍വകലാശാലകളുടെ പദ്ധതിയിതര ചെലവുകള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. സാധാരണക്കാര്‍ക്കുവേണ്ടിയുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതായി കുസാറ്റ് ശാസ്ത്രസമൂഹ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. കെ ജി നായര്‍ പറഞ്ഞു. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കശുവണ്ടി, പരമ്പരാഗത ചികിത്സാരീതികള്‍ എന്നിവ സംരക്ഷിക്കാനുള്ള ഇടപെടല്‍ ശാസ്ത്രസാങ്കേതിക കൗണ്‍സിലിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു. ശാസ്ത്രസാങ്കേതിക വിദ്യകളെക്കുറിച്ച് പൊതുജനങ്ങളോട് സംവദിക്കാന്‍ കഴിയുന്ന ശാസ്ത്രജ്ഞന്‍മാരെ കണ്ടെത്തണം. പൊതുപണം മുടക്കുന്ന എല്ലാ പദ്ധതികളുടെയും വിശദാംശങ്ങള്‍ സാങ്കേതികവിദ്യയുടെ പൊതു ഇടങ്ങളില്‍ ലഭ്യമാക്കണം. ഇതിനായി സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ പ്രോത്സാഹിപ്പിക്കണം. മലയാളഭാഷയുടെ ആധുനികവല്‍ക്കരണവും വികസനവും പരിഗണിക്കേണ്ടതുണ്ടെന്നും നിര്‍ദേശമുയര്‍ന്നു. ഡോ. വി എന്‍ രാജശേഖരന്‍പിള്ള, കെ വിജയചന്ദ്രന്‍ എന്നിവരടക്കം 39ഓളം വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment