Saturday, December 21, 2013

ബംഗാളില്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വമാകണം

ബംഗാളില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നേതാക്കള്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെ കണ്ടു. ഭൂരിഭാഗം സ്ഥലങ്ങളിലും തൃണമൂല്‍ തേര്‍വാഴ്ചയാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെടുന്നില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ വി എസ് സമ്പത്തിനോട് നേതാക്കള്‍ പറഞ്ഞു. ഭരണത്തിലെത്തിയതു മുതലുള്ള തൃണമൂല്‍ അതിക്രമങ്ങളും ജനാധിപത്യ ധ്വംസനങ്ങളും വിശദമാക്കുന്ന നിവേദനവും കമീഷന് കൈമാറി. സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവ് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ബംഗാള്‍ ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബസു, ബരുണ്‍ മുഖര്‍ജി (ഫോര്‍വേര്‍ഡ് ബ്ലോക്ക്), ക്ഷിതി ഗോസ്വാമി (ആര്‍എസ്പി), സ്വപന്‍ ബാനര്‍ജി (സിപിഐ), സിപിഐ എം ലോക്സഭാ നേതാവ് ബസുദേബ് ആചാര്യ എന്നിവരാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെ കണ്ടത്. കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടും ഇടതുമുന്നണി നേതാക്കള്‍ ബംഗാളിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചിരുന്നു.

പഞ്ചായത്ത്- മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ ബൂത്ത് പിടിക്കല്‍ ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടന്നു. ഒരു പാര്‍ടിമാത്രം മതിയെന്ന നിലയിലാണ് തൃണമൂല്‍ പ്രവര്‍ത്തനം. ഇടതുപക്ഷ ത്തിനും മറ്റ് പാര്‍ടികള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ഗുണ്ടാസംഘത്തെ നിയോഗിച്ചിരിക്കയാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ പിടിച്ചെടുത്ത് വോട്ടുകള്‍ തൃണമൂല്‍ ചിഹ്നത്തില്‍ കുത്തുന്നു. ഉദ്യോഗസ്ഥരും പൊലീസും ഗുണ്ടകള്‍ക്ക് കൂട്ടാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ഇവ കണ്ടില്ലെന്ന് നടിക്കുന്നു. പ്രതിപക്ഷത്തുനിന്ന് ജയിച്ചവരെ നിര്‍ബന്ധിപ്പിച്ച് രാജിവയ്പിക്കുകയോ ഭരണകക്ഷിയില്‍ ചേരാന്‍ പ്രേരിപ്പിക്കുകയോ ആണ്. ജയിച്ച അഞ്ചു ഇടതുമുന്നണി അംഗങ്ങളെ കൊന്നു. 2011 മേയില്‍ തൃണമൂല്‍ അധികാരത്തില്‍ വന്നശേഷം 142 ഇടതുമുന്നണി നേതാക്കളെയും പ്രവര്‍ത്തകരെയും കൊലപ്പെടുത്തി. ഇവരില്‍ രണ്ട് മുന്‍ എംഎല്‍എമാരും ഉള്‍പ്പെടും. 4237 കള്ളകേസെടുത്തു. ഇടതുമുന്നണി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വിതരണംചെയ്ത എണ്ണായിരം ഏക്കറോളം ഭൂമി ഭൂവുടമകള്‍ പിടിച്ചെടുത്തു. ഫോര്‍വേര്‍ഡ് ബ്ലോക്ക് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ നരെന്‍ ദേയെ ക്രൂരമായി മര്‍ദിച്ചു. ലോക്്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി സംസ്ഥാന വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണ് തൃണമൂല്‍. ഈ സാഹചര്യത്തില്‍ ബംഗാളില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment