Saturday, December 21, 2013

കൈവേലി: സമാധാനം നിലനിര്‍ത്തുക: സിപിഐ എം

കുറ്റ്യാടി: കൈവേലിയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ സിപിഐ എമ്മിന് പങ്കില്ലെന്നും കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കസ്തൂരിരംഗന്‍ ശുപാര്‍ശ നടപ്പാക്കുന്നതിന് തീരുമാനിക്കപ്പെട്ട തിനൂര്‍ വില്ലേജിന്റെ കേന്ദ്രമാണ് കൈവേലി. കസ്തൂരിരംഗന്‍ ശുപാര്‍ശക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഈ മേഖലയിലുള്ളത്. ഇതിനകം നിരവധി പ്രക്ഷോഭങ്ങള്‍ നടക്കുകയുമുണ്ടായി. നരിപ്പറ്റ പഞ്ചായത്ത് ഭരണസമിതിയും ഗ്രാമസഭകളും റിപ്പോര്‍ട്ടിനെതിരെ പ്രമേയങ്ങള്‍ പാസാക്കിവരികയാണ്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഹിന്ദു ഐക്യവേദിയുടെ പേരില്‍ ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൈവേലിയില്‍ സായാഹ്നധര്‍ണ നടത്തിയത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ ധര്‍ണക്ക് എത്തിച്ചേര്‍ന്നു. ധര്‍ണ ആരംഭിച്ച ഉടനെ ആര്‍എസ്എസുകാര്‍ വാഹനത്തില്‍ ആയുധങ്ങളുമായി ധര്‍ണവേദിയിലേക്ക് എത്തിയത് നാട്ടുകാരില്‍ പ്രതിഷേധമുയര്‍ത്തി. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമമെന്നും ആയുധങ്ങള്‍ പിടിച്ചെടുക്കണമെന്നും പ്രദേശവാസികള്‍ പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് ഇതിന് സന്നദ്ധമായില്ല. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

സിപിഐ എമ്മും ക്വാറി മാഫിയയും തമ്മിലുള്ള കൂട്ടുകെട്ടാണ് അക്രമം നടത്തിയതെന്ന പ്രചാരണം വാസ്തവവിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. സിപിഐ എമ്മിന് ക്വാറി മാഫിയയുമായി യാതൊരു കൂട്ടുകെട്ടുമില്ല. ഇത്തരം പ്രചാരണം യഥാര്‍ഥ സംഭവങ്ങളെ വഴിതിരിച്ചുവിടാനും സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ്. തിനൂര്‍ വില്ലേജിന്റെ മലയോരമേഖലയില്‍ ആരംഭിക്കുന്ന ചില ക്വാറികള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്ന് മനസ്സിലാക്കി ശക്തമായ സമരത്തിന് സിപിഐ എമ്മും ഡിവൈഎഫ്ഐയും നേതൃത്വം നല്‍കിവരികയാണ്. പാരിസ്ഥിതികപ്രശ്നം പഠിക്കുന്നതിന് സിപിഐ എം പഠനസംഘത്തെത്തന്നെ നിയോഗിച്ച് പഠനറിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ക്വാറികള്‍ക്കെതിരെ ബഹുജന കൂട്ടായ്മയും പ്രചാരണജാഥകളും പൊതുയോഗങ്ങളും നടത്തിയിരുന്നു. ഡിവൈഎഫ്ഐ നടത്തിയ സമരങ്ങളുടെ ഭാഗമായി ഹൈക്കോടതിയില്‍ ഉള്‍പ്പെടെ കേസുകള്‍ നിലവിലുണ്ട്. യാഥാര്‍ഥ്യം ഇതായിരിക്കെ നുണപ്രചാരണങ്ങളിലൂടെ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം തിരിച്ചറിയണമെന്നും മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നം സിപിഐ എം കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൊയിലാണ്ടിയില്‍ പരക്കെ അക്രമം

കൊയിലാണ്ടി: ഹിന്ദുസംരക്ഷണ സമിതിയും ബിജെപിയും ചേര്‍ന്ന് നടത്തിയ ഹര്‍ത്താല്‍ ഏരിയയില്‍ പല ഭാഗത്തും അക്രമാസക്തമായി. രാവിലെ ദീര്‍ഘദൂര വാഹനങ്ങളടക്കം പൂക്കാടും തിരുവങ്ങൂരുമെല്ലാം തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഇറക്കി. ഹര്‍ത്താല്‍വിവരം അറിയാതെ തുറന്ന ഹോട്ടലുകളും പച്ചക്കറിപ്പീടികകളടക്കം പുലര്‍ച്ചെതന്നെ അടപ്പിച്ചു. വിലാപയാത്രക്കുശേഷം കൊയിലാണ്ടിയിലെയും മറ്റിടങ്ങളിലെയും സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ബോര്‍ഡുകളും ബാനറുകളുമെല്ലാം നശിപ്പിച്ചു. ബസ്സ്റ്റാന്‍ഡിലെ ഡിവൈഎഫ്ഐ യുടെ പോസ്റ്ററുകള്‍ എല്ലാം കീറിക്കളഞ്ഞു. പരസ്യമായി അക്രമം അഴിച്ചുവിട്ടുകൊണ്ടിരുന്ന ക്രിമിനലുകളെ തടയാന്‍ചെന്ന കൊയിലാണ്ടി പൊലീസിനെ ആര്‍എസ്എസുകാര്‍ കൈയേറ്റം ചെയ്തു.

കൊയിലാണ്ടിയില്‍ സിപിഐ എം ഏരിയാകമ്മിറ്റി ഓഫീസിനു നേരെ ആക്രമണം

കൊയിലാണ്ടി: സിപിഐ എം കൊയിലാണ്ടി ഏരിയാകമ്മിറ്റി ഓഫീസായ നായനാര്‍ മന്ദിരത്തിനുനേരെ ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ശക്തമായ കല്ലേറില്‍ നാലോളം ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു, ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞ് പോകുകയായിരുന്നെന്ന് കരുതുന്നു. പുലര്‍ച്ചെ കുറുവങ്ങാട്, പെരുവട്ടൂര്‍, പൊയില്‍ക്കാവ് സ്വദേശികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഈ ഭാഗത്തുനിന്ന് പോകുന്നതുകണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇതിനു മുമ്പ് 2008ലും 2011ലും 2013 ഫെബ്രുവരിയിലും ഓഫീസിനു നേരെ ആക്രമണം നടന്നിരുന്നു. മൂന്ന് ആക്രമണകാലത്തും ഏരിയയിലെ പല ഭാഗങ്ങളിലും സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പതാകകളും കൊടിമരങ്ങളും സ്തൂപങ്ങളുമെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കൊല്ലത്തും വിയ്യൂരിലുമെല്ലാം സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിമരങ്ങളും സ്തൂപങ്ങളുമെല്ലാം ആക്രമിക്കപ്പെട്ടിട്ടുണ്ട്. കൊയിലാണ്ടി പൊലീസിന് പരാതി നല്‍കി. മുന്‍ കേസുകളിലൊന്നും ഒരാളെപ്പോലും കസ്റ്റഡിയിലെടുക്കാന്‍ കൊയിലാണ്ടി പൊലീസിന് കഴിഞ്ഞിട്ടില്ല.

ആര്‍എസ്എസ് വിലാപയാത്രയില്‍ വ്യാപക അക്രമം; നിട്ടൂരില്‍ അഞ്ച് വീടുകള്‍ തകര്‍ത്തു

കുറ്റ്യാടി: കല്ലേറില്‍ പരിക്കേറ്റ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരണപ്പെട്ട ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനായ വെള്ളോലിപ്പില്‍ അനൂപിന്റെ വിലാപയാത്രക്കിടയില്‍ വ്യാപക അക്രമം. വെള്ളിയാഴ്ച വൈകിട്ട് ബിജെപി-സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന വിലാപയാത്രക്കിടിയിലാണ് നിട്ടൂരിലെ അഞ്ചു വീടുകള്‍ക്കുനേരെ അക്രമം നടന്നത്. വൈകിട്ട് 6.30ന് അനൂപിന്റെ മൃതദേഹം വീട്ടില്‍ എത്തിയശേഷമായിരുന്നു സമീപത്തെ വെള്ളലോപ്പില്‍മീത്തല്‍ വി എം മനോജന്റെയും വെള്ളൊലിപ്പില്‍മീത്തല്‍ നാരായണി, ചരിഞ്ഞപറമ്പത്ത് സി പി സുരേഷ്, ചരിഞ്ഞപറമ്പത്ത് പവിത്രന്‍, നടുപറമ്പത്ത് കുഞ്ഞിരാമന്‍ എന്നിവരുടെ വീടുകള്‍ }ഒരുസംഘം ആളുകള്‍ അടിച്ചുതകര്‍ത്തത്. അക്രമത്തില്‍ പരിക്ക പറ്റിയ വെള്ളൊലപ്പില്‍മീത്തല്‍ മനോജിന്റെ ഭാര്യ ലിജിന (26), അമ്മ നാരായണി (60), നടുപറമ്പത്ത് സുരേഷിന്റെ ഭാര്യ മോളി(26), ചെരിഞ്ഞപറമ്പത്ത് സുരേഷിന്റെ ഭാര്യ ബിജിന (24) എന്നിവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. മനോജന്റെ വീടിന്റെ ജനലുകളും വാതിലുകളും കുത്തിയെടുത്തതിനുശേഷം വീടിനുനേരെ ബോംബ് എറിഞ്ഞതായും പറയുന്നു. വീട് പൂര്‍ണമായും തകര്‍ന്നു. പൊന്നേലായി, നിട്ടൂര്‍ എന്നിവിടങ്ങളിലെ ഡിവൈഎഫ്ഐ സ്തൂപങ്ങള്‍ തകര്‍ത്തു. ഏരത്ത് ബാലന്‍, സി പി ജയരാജന്‍, കെ എം സുജിത്ത് എന്നിവരുടെ മൂന്നുവര്‍ഷം പ്രായമായ 200-ഓളം റബ്ബര്‍മരങ്ങള്‍ വെട്ടിനശിപ്പിച്ചു. അമ്പലകുളങ്ങരയിലെ സുരേഷിെന്‍റ തീരം മത്സ്യബൂത്ത് പൂര്‍ണമായും അടിച്ചുതകര്‍ത്തു. കുനിയില്‍ രാജന്‍, കുനിയില്‍ സുരേന്ദ്രന്‍ എന്നിവരുടെ 400-ഓളം നേന്ത്രവാഴ വെട്ടി നശിപ്പിച്ചു. സംസ്കാരത്തിനിടയില്‍ പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറായ ജെ എസ് സിദ്ധാര്‍ഥിന്് (23) മര്‍ദനമേറ്റു. ടീം വിഷന്‍ ചാനല്‍ റിപ്പോര്‍ട്ടറായ ഇയാള്‍ സംസ്കാരച്ചടങ്ങുകള്‍ പകര്‍ത്തുമ്പോഴാണ് ഒരു സംഘം മര്‍ദിച്ചത്. മര്‍ദനമേറ്റ ഇയാളെ കുറ്റ്യാടി താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

deshabhimani

No comments:

Post a Comment