Saturday, December 21, 2013

ഗുജറാത്ത് വ്യവസായിയും തിരുവഞ്ചൂരിന്റെ മകനും ബിസിനസ് പങ്കാളികള്‍

ഗുജറാത്തിലെ വിവാദ വ്യവസായി അഭിലാഷ് മുരളീധരനും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനും പങ്കുകച്ചവടക്കാര്‍. ഗാന്ധിനഗര്‍ കേന്ദ്രമായി അഭിലാഷ് തുടങ്ങിയ "പാം ഇന്‍ഫ്രാടെക് ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്" എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെയും "ടെക്നോമീറ്റ്" എന്ന ഐടി കമ്പനിയുടെയും ഡയറക്ടര്‍ബോര്‍ഡ് അംഗമാണ് അര്‍ജുന്‍. ഇരുസ്ഥാപനങ്ങളിലും അഡീഷണല്‍ ഡയറക്ടര്‍ പദവിയും അര്‍ജുന്‍ വഹിക്കുന്നു.

2008 സെപ്തംബര്‍ 17നാണ് പാം ഇന്‍ഫ്രാടെക് നിലവില്‍ വന്നതെന്ന് കേന്ദ്ര കോര്‍പറേറ്റുകാര്യ മന്ത്രാലയത്തിലെ രേഖകള്‍ വ്യക്തമാക്കുന്നു. അഭിലാഷാണ് പ്രഥമ ഡയറക്ടര്‍. ഷിബു എസ് പിള്ള, ഗുജറാത്ത് സ്വദേശി ദാന്‍ജിഭായ് മധുര്‍ഭായ് പര്‍മാര്‍, പ്രതീഷ് മുരളീധരന്‍ എന്നിവരും ഡയറക്ടര്‍മാരാണ്. 2011 ജൂലൈ ഒന്നിനാണ് അര്‍ജുന്‍ ഡയറക്ടറാകുന്നത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തിരുവഞ്ചൂര്‍ മന്ത്രിയായി ചുമതലയേറ്റ് ഒന്നരമാസത്തിനുള്ളിലാണ് അര്‍ജുന്‍ പദവിയില്‍ എത്തിയത്. ടെക്നോമീറ്റ് പ്രൈവറ്റ് ലിമിറ്റഡിലെ ഡയറക്ടര്‍ബോര്‍ഡില്‍ അര്‍ജുന്‍ എത്തിയത് 2012 ഏപ്രില്‍ 15നാണ്. അഭിലാഷാണ് ഈ കമ്പനിയുടെയും സ്ഥാപക ഡയറക്ടര്‍. ഷിബു എസ് പിള്ള, പ്രതീഷ് മുരളീധരന്‍, ശ്രീജ എസ് നായര്‍ എന്നിവരാണ് മറ്റു ഡയറക്ടര്‍മാര്‍. പ്ലോട്ട് നമ്പര്‍ 280, സെക്ടര്‍ ഒന്ന്- സി, ഗാന്ധിനഗര്‍, ഗുജറാത്ത് എന്ന വിലാസത്തിലാണ് രണ്ടു സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന്‍.

റിയല്‍ എസ്റ്റേറ്റ്, ഐടി, കുപ്പിവെള്ളം, പാരമ്പര്യേതര ഊര്‍ജം, സമുദ്രോല്‍പ്പന്ന കയറ്റുമതി, ക്വാറി- ഖനനം, വ്യവസായം, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളില്‍ വ്യാപരിച്ചതാണ് അഭിലാഷിന്റെ പാം ഗ്രൂപ്പ് ബിസിനസ് സാമ്രാജ്യം. പൊടുന്നനെയാണ് വിവിധ മേഖലകളില്‍ ബിസിനസ് വിപുലമായത്. പാം ഗ്രൂപ്പിന് കേരളത്തില്‍ തെങ്ങമത്ത് ക്വാറിയും 100 ഏക്കര്‍ റബര്‍ എസ്റ്റേറ്റുമുണ്ട്. യുണീക് അക്വാമാനേജ്മെന്റ് എന്ന കുപ്പിവെള്ളക്കമ്പനി ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളും ഗാന്ധിനഗര്‍ വിലാസത്തിലാണ് രജിസ്റ്റര്‍ചെയ്തത്.

വാപിയിലെ കുപ്പിവെള്ളക്കമ്പനിയില്‍ 2008ലാണ് അഭിലാഷ് ഡയറക്ടറായത്. 2009ന് ശേഷം കമ്പനി വിറ്റുവരവ് കണക്കും മറ്റും നല്‍കിയിട്ടില്ല. പാം പവര്‍ പ്രൈവറ്റ് ലിമിറ്റഡ് തമിഴ്നാട്ടിലെ തിരുനല്‍വേലി ജില്ലയില്‍ അച്ചന്‍പുദൂരില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കുമെന്ന് അവകാശപ്പെട്ടിട്ടുണ്ട്. 10 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനമാണ് ലക്ഷ്യമെന്നും പാം പവര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തില്‍നിന്നുള്ള മന്ത്രിസംഘത്തോടൊപ്പം തിരുവനന്തപുരത്തെത്തിയ അഭിലാഷ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും ചര്‍ച്ച നടത്തിയിരുന്നു. സര്‍ദാര്‍ പട്ടേല്‍ പ്രതിമാ നിര്‍മാണത്തിന് പിന്തുണ തേടിയെത്തിയ ഗുജറാത്ത് മന്ത്രിസംഘത്തിന് യുഡിഎഫ് സര്‍ക്കാര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. പ്രതിമാ നിര്‍മാണത്തിനു പുറമെ ഇരുസംസ്ഥാനങ്ങളിലും അഭിലാഷിന്റെ ബിസിനസുകള്‍ വിപുലമാക്കുന്നതും ചര്‍ച്ചചെയ്തു.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment