Thursday, December 19, 2013

സമരങ്ങളെ പുച്ഛിച്ച് മാധ്യമങ്ങള്‍ അധ:പധിക്കരുത്: പിണറായി


തിരു: നെറികേടിനെതിരായ സമരങ്ങളെ പുച്ഛിക്കുന്ന മാധ്യമങ്ങളോടൊപ്പമല്ല ജനമെന്ന് തിരിച്ചറിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വലതുപക്ഷ മാധ്യമങ്ങള്‍ നിക്ഷിപ്ത താല്‍പര്യത്തോടൊപ്പമാണ് നില്‍ക്കുന്നത്. എന്നാല്‍ അവര്‍ അപഹസിക്കുന്നതുപോലെയല്ല; ജനം മാറ്റത്തിനൊപ്പമാണ് നില്‍ക്കുന്നത്. വലതുപക്ഷത്തെ പ്രീണിപ്പിക്കുതിനായി ജനകീയ സമരങ്ങളെ അപഹസിച്ച് മാധ്യമങ്ങള്‍ ഇത്രമാത്രം അധ:പതിക്കരുതെന്നും പിണറായി പറഞ്ഞു. സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ വീട്ടമ്മമാരുടെ ക്ലിഫ്ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കേരളം അനവധി സമരങ്ങളെ കണ്ടിട്ടുണ്ട്. ഇന്ന് നാം അനുഭവിക്കുന്ന നേട്ടങ്ങളൊന്നും സ്വയംഭൂവായി ഉണ്ടായതല്ല. ഉജജ്വലമായ സമരങ്ങളിലൂടെ നേടിയെടുത്തതാണ്. അതിനായി എന്തെല്ലാം പീഡനങ്ങള്‍ സഹിച്ചു. എത്ര തല്ലുകൊണ്ടു, ജയില്‍ വാസം അനുഭവിച്ചു. അന്നും വലത്മാധ്യമങ്ങള്‍ സമരത്തെ കണ്ടില്ല.വഴി നാടക്കാനുള്ള അവകാശത്തിനായി നടത്തിയ പാലിയം സമരത്തെ കുറിച്ച് ഒരു വലിയ പത്രം അക്കാലത്തൊരു മുഖപ്രസംഗം എഴുതി. പാലിയം മന്ത്രിമാരുടെ ഭാര്യമാര്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കാനാണ് ഈ സമരമെന്ന്. ആ പത്രത്തിന്റെ വഴിയെ സഞ്ചരിച്ച് പുതിയ മാധ്യമങ്ങളും അധ:പതിക്കുന്നതില്‍ വലിയ ഖേദമുണ്ട്. മാധ്യമങ്ങള്‍ ഒന്നോര്‍ക്കണം. ഈ പറഞ്ഞ മാധ്യമങ്ങള്‍ക്കൊപ്പമല്ല നാട് നിന്നത്. അതുപോലെ ഉമ്മന്‍ചാണ്ടിക്കും രാജിവെച്ച് ഒഴിഞ്ഞ് പോകേണ്ടിവരും.

എല്‍ഡിഎഫിന് നാടിനോടും ജനങ്ങളോടുമാണ് ബാധ്യതയുള്ളത്. നാടിന്റെ വികാരമാണ് എല്‍ഡിഎഫ് പറയുന്നത്. എല്ലാ സമരം നടക്കുമ്പോഴും ചില ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. എന്നാല്‍ അതിനെക്കാള്‍ ഏറെ പരിഗണിക്കേണ്ടത് ആ സമരം ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്നാണ്. അ താണ് മാധ്യമങ്ങള്‍ ചെയ്യേണ്ടതും. മാറുമറയ്ക്കാനായി സ്ത്രികള്‍ സമരം ചെയ്തിട്ടുള്ള നാടാണ് നമ്മുടേത്. ഇന്ന് നിങ്ങളെ ഇവിടെ എത്തിച്ചതും നീതികേടിനെതിരെ പ്രതിഷേധിക്കാനാണ്. തെറ്റുകാരനായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഉപരോധിക്കാനാണ് നാം വന്നത്. എന്നാല്‍ പൊലീസ് തടഞ്ഞു. അതിനാല്‍ ഇവിടെയിരുന്നു.

എന്നാല്‍ ഒരു വീട്ടമ്മക്കുണ്ടായ ബുദ്ധിമുട്ടാണല്ലോ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. പക്ഷേ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിങ്ങള്‍ വീട്ടമ്മമാര്‍ മുഴുവന്‍ ഇവിടെയെത്തി. ഈ സമരം കാണാന്‍ മാധ്യമങ്ങള്‍ക്കാകുമോ. കുടംബശ്രീ സംരക്ഷണത്തിനായി നിങ്ങള്‍ നടത്തിയ സമരത്തേയും മാധ്യമങ്ങള്‍ അപഹസിച്ചു. എന്നാല്‍ സമരത്തിന്റെ ചൂടറിഞ്ഞ് അവസാനം മന്ത്രിമാര്‍ തന്നെ ചര്‍ച്ചക്കെത്തി. ഉറപ്പു തന്നു. എന്നിട്ടം മാധ്യമങ്ങളുടെ പഴി സമരത്തിന്, മിച്ചഭൂമി സമരത്തില്‍ മിച്ചഭൂമിയില്ലെന്ന് പറഞ്ഞ സര്‍ക്കാരിന് നമ്മള്‍ മിച്ചഭൂമി കാണിച്ചുകൊടുത്തു. അത് ഏറ്റെടുത്ത് വിതരണം ചെയ്യാമെന്ന് പറഞ്ഞ സര്‍ക്കാര്‍ എന്നാല്‍ പിന്നീട് വാഗ്ദാനങ്ങള്‍ പാലിച്ചില്ല. അപ്പോള്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാരിനേയല്ലേ മാധ്യമങ്ങള്‍ വിമര്‍ശിക്കേണ്ടത്. എന്ത് നേടി, എന്ത് നേടി എന്ന് ചോദിച്ച് സമരത്തെ പുച്ഛിക്കുകയാണ് അവര്‍ ചെയ്യുന്നത്.

സോളാര്‍ സമരത്തിലും സെക്രട്ടറിയറ്റ് ഉപരോധം നടത്തി. അന്ന് കഴുകന്‍ കണ്ണുകളുമായാണ് മാധ്യമങ്ങള്‍ തമ്പടിച്ചത്. അതുവരെ കൂസലില്ലാതെ നിന്ന ഉമ്മന്‍ചാണ്ടി അവസാനം ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ടേംസ് ഓഫ് റഫറന്‍സ് എല്‍ഡിഎഫുമായി ചര്‍ച്ചചെയ്യാമെന്നും സിറ്റിങ് ജഡ്ജി അന്വേഷിക്കുമെന്നെല്ലാം തന്ന ഉറപ്പെല്ലാം പിന്നീട് മാറ്റി. അത് കൊണ്ടാണ് വീണ്ടും സമരം ശക്തമാക്കിയത്. ഉമ്മന്‍ചാണ്ടി രാജിവെച്ചൊഴിയും വരെ സമരം കൂടുതല്‍ ശക്തമായി തന്നെ തുടരുമെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment