നാടിന്റെ കുതിപ്പിനായുള്ള പദ്ധതികളെ തുരങ്കംവച്ചും അപവാദം പറഞ്ഞും നാടുകടത്തിയും ഹീനമായ രാഷ്ട്രീയമാണ് ചിലർ കളിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണം ചില നിക്ഷിപ്ത താൽപ്പര്യക്കാർ ഏറ്റെടുത്ത് പൊതുസമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ചുവടുപറ്റി കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ കഴിയുമോ എന്നും ശ്രമിക്കുന്നു. നാടിന്റെ വികസനം ഈ സർക്കാരിനെ ജനങ്ങൾ ഏൽപ്പിച്ചതാണ്. അതിനാൽ, ഒരു ശക്തിക്കും അതിൽനിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. വിവാദങ്ങൾക്ക് പിറകെ ഞങ്ങളില്ല. ചുമതല നിറവേറ്റുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ താൽപ്പര്യങ്ങൾക്ക് അനുകൂലമായ നിക്ഷേപം ആകർഷിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്തത്. അതിന്റെ ഫലമായാണ് നിസ്സാൻ, എയർ ബസ്, ടെക് മഹീന്ദ്ര തുടങ്ങിയ വൻകിട സംരംഭങ്ങൾ കേരളത്തിലെത്തിയത്. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായാണ് ഓരോ വീട്ടിലും ഹൈസ്പീഡ് ഇന്റർനെറ്റ് എത്തിക്കുന്ന കെ- ഫോൺ പദ്ധതി വിഭാവനം ചെയ്തത്. ഇ- മൊബിലിറ്റിയും സുപ്രധാന പദ്ധതിയാണ്.
ടെക്നോപാർക്ക് ടോറസ് ഡൗൺ ടൗൺ പദ്ധതി ഐടി മേഖലയ്ക്ക് പുതുജീവൻ നൽകുന്നതാണ്. ഇതിലൂടെ 1500 കോടി രൂപയുടെ നിക്ഷേപമാണ് എത്തുന്നത്. ഇത്തരം സുപ്രധാന പദ്ധതികൾ പൂർത്തീകരിക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് ഒരു കൂട്ടർ തുരങ്കംവയ്‌ക്കുന്നത്. കെ -ഫോൺ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമായാണ്.
മാവോയിസ്റ്റുകൾ മരിച്ചുവീഴേണ്ടവരാണ് എന്ന ചിന്ത സംസ്ഥാന സർക്കാരിനില്ല : മുഖ്യമന്ത്രി
മാവോയിസ്റ്റുകൾ മരിച്ചുവീഴേണ്ടവരാണ് എന്ന ചിന്ത സംസ്ഥാന സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകളാണ്. ആത്മരക്ഷാർഥമാണ് പൊലീസ് തിരിച്ച് വെടിവച്ചത്.
മുൻകരുതൽ സ്വീകരിച്ചിരുന്നതിനാലാണ് പൊലീസിന്റെ ഭാഗത്ത് പരിക്ക് ഉണ്ടാകാത്തതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വടക്കൻ ജില്ലകളിൽ പൊലീസിന്റെ റോന്ത് ചുറ്റൽ ശക്തമാക്കിയത്.
വയനാട് മീൻമുട്ടിയിൽ തെരച്ചിൽ നടത്തിയ തണ്ടർബോൾട്ട് സംഘത്തെ മാവോയിസ്റ്റുകൾ ആക്രമിച്ചു. ഏറ്റുമുട്ടലിനുശേഷം പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുമ്പോഴാണ് യൂണിഫോംധാരിയായ ഒരാൾ മരിച്ചുകിടക്കുന്നത് കണ്ടത്. മരിച്ച വേൽമുരുകൻ ഒഡിഷയിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ പ്രതിയാണ്.
തേനിയിൽ ആയുധപരിശീലനം നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്. ഒളിവിൽപോയ ഇയാളെ അഞ്ചുവർഷംമുമ്പ് തമിഴ്നാട് സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിടികൂടുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
No comments:
Post a Comment