Saturday, November 7, 2020

കേന്ദ്ര ഏജൻസികൾ വില്ലൻ വേഷത്തിലോ

 ഫെഡറൽ തത്ത്വങ്ങളുടെ അടിസ്ഥാനങ്ങളെപ്പോലും ശ്വാസംമുട്ടിച്ച്‌ കരിമ്പിൻതോട്ടത്തിൽ കയറിയ കാട്ടാനക്കൂട്ടത്തെപ്പോലെ അതിശൗര്യം കാണിക്കുന്ന വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ കൂടുതൽ സംസ്ഥാനങ്ങൾ മുന്നോട്ടുവന്ന്‌ കാലുറച്ച്‌ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയിരിക്കുകയാണ്‌. രാഷ്ട്രീയ യജമാനന്മാരുടെ ഹീനവും മലിനവുമായ അന്ത്യമില്ലാത്ത അധികാരക്കൊതി സഫലമാക്കാനുള്ള  ഗൂഢാലോചനകൾക്ക്‌ വിടുപണിചെയ്യാൻ എല്ലാ പരിധിയും വിടുന്ന ധിക്കാരത്തിനെതിരെ കഴിഞ്ഞ ദിവസം അതിശക്തമായ നിലപാടെടുത്തിരിക്കുകയാണ്‌ ജാർഖണ്ഡ്‌ സർക്കാർ.

പ്രത്യേക അനുമതിയില്ലാതെ  കേസെടുത്ത്‌ അന്വേഷിക്കാൻ സിബിഐക്ക്‌ നൽകിവന്ന പൊതുസമ്മതം ആ  സർക്കാരും പിൻവലിച്ചു. 2019 ഡിസംബർ 29ന്‌ സ്ഥാനമേറ്റ ഹേമന്ത്‌ സോറന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ്‌ മുക്തിമോർച്ച–- കോൺഗ്രസ്‌– -രാഷ്ട്രീയ ജനതാദൾ ഗവൺമെന്റിനെതിരെ മോഡി ഭരണം രാഷ്ട്രീയപ്രേരിതമായും ധൃതിപിടിച്ചും അന്വേഷണ ഏജൻസികളെ കയറൂരിവിടുന്ന  പശ്‌ചാത്തലത്തിലാണ്‌ നടപടി. ആകെയുള്ള 82 സീറ്റിൽ 26 നേടിയിട്ടും രണ്ടു സീറ്റു മാത്രം അധികമുള്ള ജെഎംഎം നേതാവ്‌ മുഖ്യമന്ത്രിയായത്‌ ബിജെപിക്കും അമിത്‌ ഷായ്‌ക്കും തീരെ രസിച്ചിരുന്നില്ല. അന്നു മുതലേ തുടങ്ങിയതാണ്‌ അട്ടിമറി ശ്രമങ്ങൾ. ജെഎംഎമ്മിനെ പിളർത്താനും കോൺഗ്രസ്‌ സാമാജികരെ ചാക്കിലാക്കാനും പല കൗശലങ്ങളും പയറ്റുകയും ചെയ്‌തു. അവയൊന്നും കാറ്റുപിടിക്കാതായപ്പോഴാണ്‌ അന്വേഷണ ഏജൻസികളെ കാണിച്ച്‌ വിരട്ടാൻ നോക്കുന്നത്‌.

സിബിഐക്ക്‌ ചാടിക്കയറി മേയാനും ഏതുതരം കേസെടുക്കാനും അനിഷ്ടം തോന്നുന്നവരെ പീഡിപ്പിക്കാനും ജനമധ്യത്തിൽ അപമാനിക്കാനും പൊതുസമ്മതം നിലവിലില്ലാത്ത എട്ടാമത്തെ സംസ്ഥാനമായിരിക്കുന്നു ഇപ്പോൾ ജാർഖണ്ഡ്‌. ആന്ധ്രപ്രദേശ്‌, മിസോറം, പശ്‌ചിമ ബംഗാൾ, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്‌, മഹാരാഷ്ട്ര,  കേരളം എന്നീ സംസ്ഥാനങ്ങളാണ്‌  ആ പട്ടികയിൽ. കൂടുതൽ സംസ്ഥാനങ്ങൾ ഇതേ വഴി സ്വീകരിക്കാൻ നിർബന്ധിക്കപ്പെടുന്ന അവസ്ഥയാണെന്നും പറയാം.

സംഭവവികാസങ്ങളുടെ ദിശ സംശയരഹിതമായി ഉറപ്പിക്കുന്നത്‌ അതാണ്‌. 1946ലെ ഡൽഹി പൊലീസ്‌ സ്‌പെഷ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ ആക്ടിന്റെ പിൻബലത്തിൽ രൂപംകൊടുക്കപ്പെട്ട സിബിഐക്ക്‌ കേന്ദ്രഭരണ പ്രദേശങ്ങൾക്കു വെളിയിൽ കേസെടുക്കാനും അതുമായി മുന്നോട്ടുപോകാനും  അതത്‌ സംസ്ഥാന സർക്കാരുകളുടെ അനുമതി നിർബന്ധമായിരുന്നു. അതിനായി സംസ്ഥാനങ്ങൾ പൊതുസമ്മതം നൽകി ഇറക്കിയ വിജ്ഞാപനങ്ങളാണ്‌ പുതിയ സാഹചര്യത്തിൽ അസാധുവും നിർവീര്യവുമാകുന്നത്‌. പലവിധ സമ്മർദങ്ങൾക്ക്‌ അടിപ്പെട്ട്‌,  ഭരണഘടനാ തത്ത്വങ്ങളും  സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങളും  കേന്ദ്ര‐ സംസ്ഥാന ബന്ധങ്ങളും ഫെഡറൽ അവകാശങ്ങളും ചവുട്ടിമെതിച്ച്‌ ഏതുവിധ  കേസുകളിലും  സിബിഐ  തുടർച്ചയായി ഇടപെടുന്ന സാഹചര്യത്തിലാണ് കൂടുതൽ സംസ്ഥാനങ്ങൾ പൊതുസമ്മതം പിൻവലിച്ച്‌ പുതിയൊരു സമരമുഖം തുറക്കുന്നതെന്നതും പ്രധാനമാണ്‌. കേന്ദ്രത്തിന്റെ അമിതാധികാര പ്രവണതയും പ്രതികാരബുദ്ധിയുമാണ്‌ ഇത്തരമൊരു ‘ബലപ്രയോഗ’ത്തിലേക്ക്‌  കാര്യങ്ങൾ നീക്കിയതും.

പഞ്ചാബ്‌ മുഖ്യമന്ത്രിയും ദേശീയ  കോൺഗ്രസ്‌ നേതാക്കളിലൊരാളുമായ  ക്യാപ്‌റ്റൻ അമരീന്ദർ സിങ്ങിനും ഭാര്യക്കും ചില പ്രധാന കുടുംബാംഗങ്ങൾക്കും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും(ഇഡി)   ആദായനികുതി വകുപ്പും  നോട്ടീസ്‌ അയച്ചത്‌ വലിയ വിവാദമുയർത്തിയിരിക്കുകയാണ്‌.  മുഖ്യമന്ത്രിക്കും  2009‐ 14 കാലയളവിൽ വിദേശ സഹമന്ത്രിയായിരുന്ന  ഭാര്യ പ്രണീത്‌ കൗറിനും അവരുടെ മൂന്നു‌ പേരക്കിടാങ്ങൾക്കും ആദായനികുതി വകുപ്പാണ്‌  നോട്ടീസ്‌ അയച്ചത്‌. ചോദ്യംചെയ്യലിന്‌ ഉടൻ ഹാജരാകണമെന്ന്‌ ‌അമരീന്ദറിന്റെ രണ്ടാമത്തെ മകൻ രണീന്ദർ സിങ്ങിനോട്‌  ഭീഷണി സ്വരത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്‌.  കേന്ദ്ര കാർഷികനിയമങ്ങൾക്കെതിരെ നിയമസഭ ബില്ലുകൾ പാസാക്കിയതാണ്‌ പ്രകോപനമെന്നാണ്‌ അമരീന്ദർ വ്യക്തമായി അഭിപ്രായപ്പെട്ടത്‌. കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ആ പ്രതികരണത്തോട് യോജിക്കാനിടയില്ല.

ത്രില്ലർ സിനിമാക്കഥകളെ വെല്ലുന്ന അതിനാടകീയ നീക്കങ്ങളും ഭയപ്പെടുത്തലും വ്യക്തിഹത്യയും മനുഷ്യാവകാശ ലംഘനവുമെല്ലാം കേന്ദ്ര അന്വേഷണ ഏജൻസികളുടെ മുഖമുദ്രയായിരിക്കുന്നു. അനാവശ്യ മാധ്യമവിചാരണയ്‌ക്ക്‌ അവസരമൊരുക്കലും വിവരങ്ങൾ ചോർത്തിനൽകലുമാണ്‌ മറ്റൊരു രീതി. തിരുവനന്തപുരത്ത്‌ ബിനീഷിന്റെ വീട്ടിൽ ഇഡി നടത്തിയ മാരത്തൺ ‘അന്വേഷണ’ത്തിൽ രണ്ടരവയസ്സു മാത്രമുള്ള  മകളെയടക്കം 26 മണിക്കൂർ പൂട്ടിയിട്ട്‌ ഭീഷണിപ്പെടുത്തിയതായി ഭാര്യ‌ പറഞ്ഞത്‌ നിസ്സാരമല്ല.   അവരുടെ  പരാതിയിൽ ബാലാവകാശ കമീഷൻ കേസെടുക്കുകയും ഇഡിയോട്‌ പൊലീസ്‌ വിശദീകരണം തേടുകയും ചെയ്‌തു. ഏതായാലും കേന്ദ്ര അന്വേഷണ ഏജൻസികൾ വില്ലൻ വേഷം ഉപേക്ഷിച്ചേ മതിയാകൂ. അവയെ നിയന്ത്രിക്കുന്നവരിൽനിന്ന്‌ വിവേകം  പ്രതീക്ഷിക്കാമോ?

deshabhimani editorial 061120

No comments:

Post a Comment