Sunday, November 1, 2009

മാധ്യമക്കള്ളങ്ങളുടെ മറുവശം

മനോരമയുടെ കണക്കില്‍ വ്യാജവോട്ട് 300 മാത്രം

കണ്ണൂര്‍: പതിനായിരമില്ല, കണ്ണൂര്‍ മണ്ഡലത്തില്‍ വ്യാജ വോട്ടര്‍മാര്‍ വെറും മുന്നൂറാണെന്ന് യുഡിഎഫും മലയാള മനോരമ പത്രവും. മണ്ഡലത്തിലെ 1,33,3326 വോട്ടര്‍മാരില്‍ 300 പേര്‍ വ്യാജമാണെന്നാണ് ശനിയാഴ്ചത്തെ പത്രത്തില്‍ പറയുന്നത്. നാലു ദിവസം മുമ്പ് 600 വ്യാജ വോട്ടുണ്ടെന്ന് (വിശദവിവരം താഴെ) കൊടുത്ത വാര്‍ത്തയും വിഴുങ്ങിയാണ് മനോരമയുടെ പുതിയ വെളിപ്പെടുത്തല്‍. മുമ്പത്തേതുപോലെ, യുഡിഎഫ് പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്തയും. 300 വോട്ടര്‍മാര്‍ക്കും പത്ത് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തുവെന്നാണ് വാര്‍ത്തയിലുള്ളത്. എല്‍ഡിഎഫിനെതിരായ നുണപ്രചാരണത്തിനായി പടച്ചുവിട്ട 'വ്യാജ വോട്ടി'നെക്കുറിച്ചെഴുതിയത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാവുകയാണ്. യുഡിഎഫിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ മനോരമയടക്കമുള്ള ചില പത്രങ്ങള്‍ വ്യാജവോട്ടുമായി ബന്ധപ്പെട്ട് നല്‍കുന്ന വാര്‍ത്തകളുടെ കള്ളത്തരം വായനക്കാര്‍ക്ക് മനസ്സിലാക്കാനായി.

കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മനോരമ അവതരിപ്പിച്ചത് 10,000 കള്ളവോട്ടുണ്ടെന്നാണ്. ഇതേപ്പറ്റി യുഡിഎഫ് നല്‍കിയ പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും ഹൈക്കോടതിയുമെല്ലാം തള്ളി. കള്ളവോട്ടിനൊപ്പം ഇരട്ട വോട്ടും ഇറക്കുമതി വോട്ടുമുണ്ടെന്നായി പിന്നത്തെ പ്രചാരണം. യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്ളക്കുട്ടി, ചീഫ് ഏജന്റ് കെ സുധാകരന്‍ എംപി, ഡിസിസി ഭാരവാഹികള്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവരൊക്കെ ഇറക്കുമതിയാണെന്ന് വന്നതോടെ ആ പ്രചാരണം പാഴായി. വ്യാജ വോട്ട് സംബന്ധിച്ച യുഡിഎഫിന്റെ പരാതി അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ട് വോട്ടര്‍പട്ടികക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകാരം നല്‍കി. അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കുംമുമ്പ് 6,386 പേരെ ഒഴിവാക്കിയിരുന്നു. കൃത്യമായ ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു ഈ നടപടി. വര്‍ഷങ്ങളായി കണ്ണൂരില്‍ കള്ളവോട്ടര്‍മാരായി സ്ഥാനംപിടിച്ചവരായിരുന്നു ഇവര്‍. വോട്ടര്‍മാരെയും ജനാധിപത്യ സംവിധാനത്തെയും അപമാനിക്കുംവിധം വാര്‍ത്ത ചമയ്ക്കുന്ന മാധ്യമങ്ങളൊന്നും പട്ടികയില്‍നിന്ന് നീക്കിയവരുടെ ജാതകാന്വേഷണം നടത്തിയില്ല. കാരണം, വര്‍ഷങ്ങളായി കോണ്‍ഗ്രസ് സംരക്ഷണയില്‍ കയറിപ്പറ്റിയ കള്ളവോട്ടര്‍മാരായിരുന്നു ഇതെല്ലാം. ഈ യാഥാര്‍ഥ്യത്തിനുനേരെ കണ്ണടച്ചാണ് നിയമാനുസൃത പരിശോധനയ്ക്കുശേഷം പുതുതായി വോട്ടര്‍മാരായവരെ അപമാനിക്കുന്ന വാര്‍ത്താ പരമ്പരകള്‍. മനോരമ, മാതൃഭൂമി പത്രങ്ങള്‍ ചമച്ച വസ്തുതാവിരുദ്ധ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ അപമാനിക്കാന്‍ പലയിടത്തും ബോര്‍ഡുകള്‍ സ്ഥാപിച്ചു. ആദ്യം പത്രങ്ങളെ ഉപയോഗിച്ച് കള്ളവാര്‍ത്തകള്‍ നിരത്തുകയും പിന്നീട്, അതുവച്ച് പ്രചാരണംനടത്തുകയുമാണ് യുഡിഎഫ്.
(പി വി ജീജോ)

വോട്ടര്‍മാര്‍ക്കെതിരെ കേസെടുത്തെന്ന് മനോരമയുടെ വ്യാജവാര്‍ത്ത

കണ്ണൂര്‍: വ്യാജവോട്ടിന്റെ പേരില്‍ പൊലീസ് കേസെടുത്തെന്ന വാര്‍ത്ത അടിസ്ഥാനരഹിതം. അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചാല്‍ ജനപ്രാതിനിധ്യനിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷനാണ് പരാതികളില്‍ തീര്‍പ്പാക്കേണ്ടത്. പൊലീസിന് ഇടപെടാന്‍ അധികാരമില്ല. യുഡിഎഫ് നല്‍കിയ പരാതിപ്രകാരം 300 വോട്ടര്‍മാര്‍ക്കും 10 ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തെന്നാണ് മലയാളമനോരമയും മറ്റും വാര്‍ത്തകൊടുത്തത്. വോട്ടര്‍പട്ടികയെക്കുറിച്ചുള്ള പരാതിയില്‍ പൊലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്ന് ജില്ലാ മുഖ്യവരണാധികാരികൂടിയായ കലക്ടര്‍ ഡോ. പി ബി സലീം പറഞ്ഞു. വോട്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് അഡീഷണല്‍ ഡിജിപി മഹേഷ്കുമാര്‍ സിംഗ്ളയും അറിയിച്ചു. വോട്ടര്‍പട്ടികയിലെ പരാതി പരിഗണിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെന്ന് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 80-ാം വകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്്. ഇതുപ്രകാരം വോട്ടര്‍മാര്‍ക്കെതിരെ കേസെടുക്കരുതെന്ന് കണ്ണൂര്‍ മേഖലാ ഐജി ടോമിന്‍ ജെ തച്ചങ്കരിക്ക് അയച്ച സര്‍ക്കുലറില്‍ എഡിജിപി അറിയിച്ചു. ലഭിച്ച പരാതി പൊലീസ് ജില്ലാ മുഖ്യവരണാധികാരിക്ക് കൈമാറി. വിഷയം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടറും അറിയിച്ചു. വ്യാജ റസിഡന്‍സി സര്‍ട്ടിഫിക്കറ്റുണ്ടാക്കി വോട്ടര്‍പട്ടികയില്‍ കടന്നുകൂടിയെന്നാണ് പരാതി. കമീഷന്റെ നിര്‍ദേശാനുസൃതം തുടര്‍നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തതിനെക്കുറിച്ചുള്ള പരാതിയില്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അഞ്ചാംവട്ടമാണ് ഇത്തരമൊരന്വേഷണം. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തെരഞ്ഞെടുപ്പ് കമീഷന് കൈമാറും. അന്വേഷണ ഉദ്യോഗസ്ഥരെ എവിടെയെങ്കിലും തടഞ്ഞതായി പരാതി കിട്ടിയിട്ടില്ല. കമീഷന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതായി കഴിഞ്ഞ ദിവസം ചില പത്രങ്ങളില്‍വന്ന വാര്‍ത്തയും അടിസ്ഥാനരഹിതമാണെന്ന് ഇതോടെ വ്യക്തമായി.

ഡിസിസി ഓഫീസിലും കള്ളവോട്ട്

കണ്ണൂര്‍: ഡിസിസി ഓഫീസിലും കള്ളവോട്ട് ചേര്‍ത്തു. ദേശാഭിമാനി ജീവനക്കാര്‍ താമസസ്ഥലത്ത് വോട്ട് ചേര്‍ത്തതിനെ അധിക്ഷേപിച്ച പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസുകാര്‍ ചേര്‍ത്ത കള്ളവോട്ട് കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണൂര്‍ മുനിസിപ്പാലിയിറ്റിയില്‍ നാലാംവാര്‍ഡില്‍ ഭാഗം നമ്പര്‍ അഞ്ചിലാണ് നാല് വോട്ട് ചേര്‍ത്തത്. ക്രമനമ്പര്‍ 548- കെ കെ മോഹനന്‍, 549-എം എം ദാമോദരന്‍, 550- വിജയകുമാര്‍ എം പി, 551- ലക്ഷ്മണന്‍ എന്നീ വോട്ട് ഡിസിസി ഓഫീസ്, കോണ്‍ഗ്രസ് ഓഫീസ് എന്നീ വീട്ടുപേരുകളിലാണ്. കോണ്‍ഗ്രസ് ഓഫീസുകളിലെവിടെയും വോട്ട് ചേര്‍ത്തിട്ടില്ലെന്ന പല്ലവി യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണിത്. ഇത്തരത്തില്‍ നിരവധി വോട്ട് കോണ്‍ഗ്രസുകാര്‍ പലയിടത്തും ചേര്‍ത്തിട്ടുണ്ട്. സ്ഥലത്തില്ലാത്തവരുടെ വോട്ട് വ്യാജരേഖ ഹാജരാക്കി യുഡിഎഫ് ചേര്‍ത്തതായി കണ്ടെത്തിയിട്ടുണ്ട്. പാര്‍ടി ഓഫീസുകളില്‍ എവിടെയെങ്കിലും വോട്ട് ചേര്‍ത്തതായി തെളിയിക്കാന്‍ കഴിയില്ലെന്ന് യുഡിഎഫ് നേതാക്കള്‍ കഴിഞ്ഞ ദിവസം വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

'ഇറക്കുമതി വോട്ടുവേട്ട' ആവിയായി ആയിരങ്ങളുടെ കണക്ക് അറുനൂറിലൊതുങ്ങി

കണ്ണൂര്‍: കണ്ണൂരില്‍ യുഡിഎഫിന്റെ 'ഇറക്കുമതി വോട്ടുവേട്ട'യ്ക്ക് ദയനീയ പരിണാമം. ആയിരക്കണക്കിന് കള്ളവോട്ടുകള്‍ കണ്ണൂരിലുണ്ടെന്ന് കൂകിവിളിച്ച യുഡിഎഫും ചില മാധ്യമങ്ങളും വോട്ടര്‍പട്ടികയില്‍ മുങ്ങിത്തപ്പി കണ്ടെത്തിയത് അറുനൂറ് വ്യാജവോട്ടുകള്‍ മാത്രം. ഒരാഴ്ച മുമ്പ് പ്രസിദ്ധീകരിച്ച പട്ടിക അരിച്ചുപെറുക്കി യുഡിഎഫ് നേതാക്കള്‍ 'കണ്ടെത്തിയ' കണക്ക് മനോരമ ഒന്നാംപേജില്‍ പടച്ചുവിടുകയുംചെയ്തു. 1,33,326 വോട്ടര്‍മാരില്‍ 600 കള്ളവോട്ട് കണ്ടെത്തിയെന്ന 'മഹാസംഭവ'മായാണ് അവതരിപ്പിച്ചത്. ആയിരക്കണക്കിന് ഇറക്കുമതിവോട്ട് ചേര്‍ത്തുവെന്ന് കണ്ണൂര്‍ മുതല്‍ ഡല്‍ഹിവരെ വിലപിച്ചുനടന്നവര്‍ ഇപ്പോള്‍ പറയുന്ന അറുനൂറിന്റെ കണക്കും ഉറപ്പില്ലാത്ത ആരോപണം. വോട്ടര്‍പട്ടിക പരിശോധനയാണ് ഇനിയുള്ള ജോലിയെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് യുഡിഎഫ് അരിച്ചുപെറുക്കല്‍ തുടങ്ങിയത്. ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളിലുള്ളവര്‍ വന്ന് താമസിക്കുക സ്വാഭാവികം. താമസിക്കുന്നിടത്ത് വോട്ട് ചേര്‍ക്കാന്‍ അവകാശമുണ്ട്. അത്തരം വോട്ടര്‍മാരെല്ലാം വ്യാജന്മാരാണെന്നാണ് യുഡിഎഫ് പ്രചാരണം. കണ്ണൂര്‍ മണ്ഡലത്തിന് പുറത്തുള്ളവര്‍ വീടുവെച്ചോ വാങ്ങിയോ വാടകയ്ക്കെടുത്തോ താമസം മാറ്റാന്‍ പാടില്ല; താമസിച്ചാലും വോട്ടുചേര്‍ക്കാന്‍ പാടില്ല എന്നാണ് യുഡിഎഫും ചില മാധ്യമങ്ങളും പറയുന്നത്. വോട്ടര്‍പട്ടികയില്‍ വന്ന അക്ഷരത്തെറ്റും അച്ചടിപ്പിശകുമാണ് ചില മാധ്യമങ്ങള്‍ പരമ്പരയാക്കുന്നത്. പട്ടികയില്‍ പിശകുകള്‍ അസ്വാഭാവികമല്ല. കന്യാസ്ത്രീ മഠം ഇല്ലാത്ത ബൂത്തിലെ വീട്ടില്‍ അഞ്ചു കന്യാസ്ത്രീകളെ വോട്ടര്‍മാരായുള്ള പട്ടികയാണ് കണ്ണൂരിലേത്. അതൊക്കെ കള്ളവോട്ടാണെന്ന് ആരോപിച്ചും അതിന്റെ ഉത്തരവാദിത്തം എല്‍ഡിഎഫിനുമേല്‍ കെട്ടിവെച്ചുമാണ് യുഡിഎഫ്-മാധ്യമ പ്രചാരണം. യുഡിഎഫ് സ്ഥാനാര്‍ഥിയുള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇങ്ങോട്ട് വോട്ട് മാറ്റിയത് പ്രചാരണക്കാര്‍ മിണ്ടുന്നില്ല. സിഎംപി നേതാവ് അജീറിന്റെ വീട് പാപ്പിനിശേരിയിലാണ്. എന്നാല്‍, വോട്ട് കണ്ണൂരിലെ പാര്‍ടി ഓഫീസിലേക്ക് മാറ്റി. കൂത്തുപറമ്പ് കിണവക്കല്‍ ബൂത്തില്‍ വോട്ടുള്ള നഗരസഭാ ചെയര്‍മാന്റെ ഭാര്യക്ക് കണ്ണൂര്‍ നഗരസഭയിലും വോട്ട് ചേര്‍ത്തിട്ടുണ്ട്. ഡിസിസി സെക്രട്ടറിക്ക് രണ്ട് വോട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറിയുടെ ഗമാനെയും ഭാര്യയെയും ഇല്ലാത്ത ക്വാര്‍ട്ടേഴ്സില്‍ കള്ളവോട്ടര്‍മാരായി ചേര്‍ത്തതും മാധ്യമങ്ങള്‍ കാണുന്നില്ല.

നുണ പെരുംനുണ!

കൊച്ചി: ഇല്ലാത്ത ടോളിന്റെ പേരില്‍ യുഡിഎഫിന് വോട്ടുകൂട്ടാന്‍ മനോരമയും. വാര്‍ത്തകണ്ട് നിജസ്ഥിതിപോലും അന്വേഷിക്കാതെ യൂത്ത് കോണ്‍ഗ്രസ് വോട്ട് ഒന്നെങ്കില്‍ ഒന്ന് പോരട്ടെയെന്ന ചിന്തയില്‍ സമരവും പ്രഖ്യാപിച്ചു. വടുതല-ചിറ്റൂര്‍, ചിറ്റൂര്‍-കോതാട് പാലങ്ങളടക്കം ജില്ലയിലെ ആറു പാലങ്ങള്‍ക്ക് ടോള്‍ വരുന്നു എന്നായിരുന്നു മനോരമയുടെ വാര്‍ത്ത. എന്നാല്‍ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്റെ വിശദീകരണം പത്രത്തില്‍ കൊടുക്കാനുള്ള മാധ്യമധര്‍മംപോലും പത്രമുത്തശ്ശിയില്‍നിന്നു ഉണ്ടായില്ല. ഇത്തരത്തില്‍ ഒരു നിര്‍ദേശം റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ സര്‍ക്കാരിന് നല്‍കിയിട്ടില്ലെന്ന് എംഡി ടി കെ ജോസ് വ്യക്തമാക്കി. സര്‍ക്കാരില്‍നിന്ന് ഇത്തരത്തില്‍ ഉത്തരവുമുണ്ടായിട്ടില്ല. പണി പൂര്‍ത്തീകരിച്ച പാലങ്ങള്‍ക്ക് ടോള്‍ ചുമത്താനുള്ള ആലോചന നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം നിയമസഭ ഉപതെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ 24നുതന്നെമനോരമയില്‍ ഈ വാര്‍ത്ത വന്നത് യാദൃച്ഛികമല്ലെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സി എം ദിനേശ്മണി എംഎല്‍എ പറഞ്ഞു. പി എന്‍ സീനുലാലിന്റെ സ്ഥാനാര്‍ഥിത്വം അദ്ദേഹത്തിന്റെ ജന്മനാടായ വടുതലയില്‍ കക്ഷിരാഷ്ട്രീയത്തിന് ഉപരിയായ സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ യുഡിഎഫിന് സ്വാഭാവികമായും ഉല്‍ക്കണ്ഠയുണ്ടാകും. ഈ പിറകോട്ടടി മറികടക്കാന്‍ വളരെ ആസൂത്രിതമായി ചമച്ചതാണീ വാര്‍ത്തയെന്നുംഅദ്ദേഹം പറഞ്ഞു. വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഏതു വകുപ്പെന്നോ, ഏത് അധികൃതരെന്നോ വാര്‍ത്തയില്‍ പറയുന്നില്ല. ഇതില്‍ വടുതല-ചിറ്റൂര്‍ പാലം പൂര്‍ത്തിയായിട്ട് നാലു വര്‍ഷവും ചിറ്റൂര്‍-കോതാട് പാലം പൂര്‍ത്തിയായിട്ട് അഞ്ചിലേറെ വര്‍ഷവുമായി. പൂര്‍ത്തീകരിച്ച ഉടനെയല്ലാതെ ഒരു പാലത്തിലും ഇതുവരെ ടോള്‍ പിരിക്കാന്‍ സര്‍ക്കാരോ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനോ തീരുമാനിച്ചിട്ടില്ല. കോര്‍പറേഷന്‍ വായ്പയെടുത്ത് പണിത പാലത്തിനുപോലും ടോള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്തപ്പോഴാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് പൂര്‍ത്തീകരിച്ച പാലങ്ങള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്നുവെന്ന കണ്ടുപിടുത്തവുമായി മനോരമ രംഗത്തെത്തിയത്.

അവര്‍ക്ക് നാടിനെ അപമാനിക്കണം

കണ്ണൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിജയിപ്പിച്ചുവിട്ടവര്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടാന്‍ രാജിവച്ചതിനെ തുടര്‍ന്ന് കേരളത്തിലുണ്ടായ മൂന്ന് ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യയാകെ ശ്രദ്ധിക്കപ്പെടുന്നത് കണ്ണൂരാണ്. പതിവുപോലെ, യുഡിഎഫ് നേതാക്കളും ചില മാധ്യമങ്ങളും ചേര്‍ന്ന് കണ്ണൂരിനെ ലോകത്തിനുമുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമമാണ് ഇതിനു കാരണമായത്. ഏതു തെരഞ്ഞെടുപ്പ് നടന്നാലും കണ്ണൂരിനെക്കുറിച്ച് യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോഴും മുഴങ്ങുന്നത്. യുഡിഎഫ് ആവശ്യപ്രകാരം കലക്ടറെ മാറ്റുന്നു, കേന്ദ്രസേനയെ ഇറക്കുന്നു, പോളിങ്ങിന് ജില്ലക്ക് പുറത്തുള്ള ഉദ്യോഗസ്ഥരെ കൊണ്ടുവരുന്നു, വോട്ടര്‍മാരുടെ ഫോട്ടോയും വിരലടയാളവും എടുക്കുന്നു തുടങ്ങിയ നടപടികളിലൂടെ കണ്ണൂരിലെന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന തോന്നലാണുണ്ടാക്കുന്നത്. കണ്ണൂരില്‍ എല്‍ഡിഎഫ് തെറ്റായ മാര്‍ഗത്തിലൂടെ ജയംനേടാന്‍ ശ്രമിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് സത്യാവസ്ഥ പുറത്തുവരുമ്പോള്‍ മിണ്ടാറില്ല. എ കെ ജി മോഡല്‍, പരിയാരം മോഡല്‍ എന്നൊക്കെ ആക്രോശിച്ച് നടക്കുന്നവര്‍ നിയമയുദ്ധത്തിനുവരെ പോയി.

കണ്ണൂരിനെ താറടിക്കാന്‍ ഇപ്പോള്‍ യുഡിഎഫ് ഉപയോഗിക്കുന്ന പ്രധാന സംഭവം പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ഭരണസമിതി തെരഞ്ഞെടുപ്പാണ്. യുഡിഎഫ് നേതാക്കള്‍ നല്‍കിയ കേസ് ഹൈക്കോടതി സിങ്കിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും ഒടുവില്‍, സുപ്രീംകോടതിയും തള്ളി. പരിയാരത്ത് വലിയ തോതിലുള്ള ബൂത്ത് പിടിത്തമാണ് അരങ്ങേറിയതെന്നാണ് അന്ന് യുഡിഎഫ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. വോട്ട് ചെയ്യാന്‍ നിന്ന ക്യൂവിലേക്ക് അഞ്ഞൂറോളം ആളുകള്‍ ഇടച്ചുകയറി ബൂത്ത് പിടിക്കാന്‍ ശ്രമിച്ചത് യുഡിഎഫാണെങ്കിലും അക്കാര്യം ആരും മിണ്ടിയില്ല. ചെറിയൊരക്രമംപോലും കാണിക്കാത്ത എല്‍ഡിഎഫ് അക്രമകാരികളായി ചിത്രീകരിക്കപ്പെട്ടു. തികച്ചും നിയമപരമായി, തിരിച്ചറിയല്‍ കാര്‍ഡ് മാത്രമുള്ളവര്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ് പരിയാരം മോഡലുമായി. ഇരിക്കൂര്‍, കണ്ണൂര്‍ മണ്ഡലങ്ങളില്‍ എല്ലാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വോട്ടുകളില്‍ ഗണ്യമായി കുറവുണ്ടാകാറുണ്ടെങ്കിലും അവര്‍ ജയിച്ചിട്ടുണ്ട്. കള്ളവോട്ടും ബൂത്തുപിടിത്തവുമാണ് കണ്ണൂരില്‍ അരങ്ങേറുന്നതെങ്കില്‍ എന്തുകൊണ്ട് ഈ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥരിമായി വിജയിക്കുന്നു. മാത്രമല്ല, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതും യുഡിഎഫാണ്. പത്തു വര്‍ഷം മുമ്പുവരെ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തുടച്ചയായി 25 വര്‍ഷം വിജയിച്ചത് കോണ്‍ഗ്രസുകാരനായ മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് ഓര്‍ക്കണം.

സ്ഥിരമായി കള്ളവോട്ട് ആക്ഷേപം ഉന്നയിക്കുന്നവര്‍ ഭരിച്ചിരുന്നപ്പോഴും ഇവിടെ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അന്നൊന്നും കള്ളവോട്ട് കണ്ടുപിടിക്കാന്‍ ഇവര്‍ക്കായില്ല. കണ്ണൂരില്‍ ഇത്തവണ വര്‍ധിച്ചത് 7987 വോട്ടാണ്. എറണാകുളത്ത് അയ്യായിരത്തിലധികവും ആലപ്പുഴയില്‍ ആറായിരത്തിലധികവും വോട്ട് വര്‍ധിച്ചത് എവിടെയും ചര്‍ച്ചയാകുന്നില്ല. കണ്ണൂരില്‍ വര്‍ധിച്ചതുമാത്രം വ്യാജവോട്ടായി. കണ്ണൂരിനെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തു നെറികെട്ട പ്രചാരണവും യുഡിഎഫും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും നടത്തുമെന്നതിന്റെ തെളിവാണ് ഇപ്പോള്‍ ഉണ്ടാക്കിയ വിവാദവും.

യുഡിഎഫ്, ബിജെപി അക്രമം

കണ്ണൂര്‍: അക്രമകാരികളുടെ ജില്ലയെന്ന് പ്രചരിപ്പിച്ച് കണ്ണൂര്‍ ജനതയെ അപമാനിക്കുന്ന യുഡിഎഫിനും മാധ്യമങ്ങള്‍ക്കുമെതിരെ ജനവികാരം ശക്തമാകുന്നു. കണ്ണൂരിനെ അപമാനിക്കുന്നതിനെതിരെ സുകുമാര്‍ അഴീക്കോടിനെപോലുള്ള പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. കണ്ണൂരിന്റെ വികസന പദ്ധതികളെയാകെ തുരങ്കംവയ്ക്കാന്‍ യുഡിഎഫ് വളരെക്കാലമായി തുടരുന്ന പ്രചാരണമാണ് അക്രമവും കള്ളവോട്ടും. സത്യത്തില്‍ കണ്ണൂരിലുണ്ടായ തെരഞ്ഞെടുപ്പ് അക്രമങ്ങളുടെ കണക്കെടുത്താല്‍ അതിലെല്ലാം യുഡിഎഫും ബിജെപിയുമാണ് പ്രതിസ്ഥാനത്ത്. യുഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലാണ് സ്ഥിരമായി ബൂത്ത് പിടിത്തവും അക്രമവും അരങ്ങേറുന്നത്. യുഡിഎഫ്, ബിജെപി ബൂത്ത് പിടിത്തത്തിനുള്ള ശ്രമത്തിനിടയിലാണ് ചെറുവാഞ്ചേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞ് അഞ്ചു വയസുകാരി അഷ്നയുടെ കാല്‍ തകര്‍ത്തത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ജില്ലയില്‍ നടത്തിയ അക്രമങ്ങള്‍ മറക്കാറായിട്ടില്ല. ഒളവിലത്ത് ഗ്രനേഡ് എറിഞ്ഞും ലാത്തിച്ചാര്‍ജ് നടത്തിയും വോട്ടര്‍മാരെ ഓടിച്ചത് പൊലീസുകാരായിരുന്നു. രാമന്തളിയില്‍ എല്‍ഡിഎഫ് വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതും യുഡിഎഫാണ്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് വ്യാപക അക്രമമെന്നാണ് മറ്റൊരു പ്രചാരണം. അക്രമങ്ങള്‍ക്ക് യുഡിഎഫ് ആസൂത്രണം ചെയ്യും. പിന്നീട് അതെല്ലാം സിപിഐ എമ്മിനുമേല്‍ ചാരും.

മുമ്പ് തളിപ്പറമ്പ് കാര്‍ഷിക ബാങ്ക് തെരഞ്ഞെടുപ്പ് ആലക്കോട് സ്കൂളില്‍ നടന്നപ്പോള്‍ യുഡിഎഫ് ബോംബെറിഞ്ഞ് കലക്കിയത് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു. അവരുടെ ബോംബേറില്‍ അന്ന് തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന വിജയന് ഗുരുതരമായി പരിക്കേറ്റിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സക്കുശേഷമാണ് അദ്ദേഹത്തിന് നടക്കാനായത്. പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തെ നടുക്കിയ അക്രമം ചീമേനിയിലാണുണ്ടാത്. സിപിഐ എം ഓഫീസ് പുറത്തുനിന്ന് പൂട്ടി തീയിടുകയായിരുന്നു. അഞ്ചാളുകളെയാണ് കോണ്‍ഗ്രസുകാര്‍ ചുട്ടും വെട്ടിയും കൊന്നത്. എന്നിട്ടും മാധ്യമങ്ങളുടെ പഴി എല്‍ഡിഎഫിനാണ്. ഏത് അക്രമമുണ്ടായാലും അതെല്ലാം സിപിഐ എമ്മാണെന്ന് പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസിന് സത്യം പുറത്തുവന്നപ്പോള്‍ പരസ്യമായി മാപ്പ് പറയേണ്ട സ്ഥിതിപോലും കണ്ണൂരില്‍ നിരവധി തവണ ഉണ്ടായി. അടുത്തകാലത്ത്, വാരത്ത് കോണ്‍ഗ്രസ് നേതാവ് കെ പി മുരളിയുടെ സ്മാരക സ്തൂപം തകര്‍ത്തത് സിപിഐ എമ്മാണെന്ന് പ്രചരിപ്പിച്ചവര്‍ പ്രതികളെ പിടിച്ചപ്പോള്‍ പരസ്യമായി മാപ്പ് പറഞ്ഞു. കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെയും സംസ്ഥാന സെക്രട്ടറിയെയും രാത്രി വീട്ടില്‍കയറി ആക്രമിച്ച സംഭവത്തിലും പഴി സിപിഐ എമ്മിനായിരുന്നു. ഉമ്മന്‍ചാണ്ടിവരെ കണ്ണൂരിലെത്തി സിപിഐ എം അക്രമത്തിനെതിരെ പ്രസ്താവനയിറക്കി. എന്നാല്‍, ബ്ളേഡ് കമ്പനിക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. കണ്ണൂര്‍സിറ്റിയില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളുമായിരുന്നു അവര്‍. പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഉമ്മന്‍ചാണ്ടി പ്രസ്താവന തിരുത്താന്‍ തയ്യാറായില്ല. കണ്ണൂരിലെ അക്രമങ്ങളുടെ ചില ഉദാഹരണമാണിത്.
(എം ഒ വര്‍ഗീസ്)

കണ്ണൂര്‍ ജനതയെ യുഡിഎഫ് അപമാനിക്കുന്നു: വൈക്കം വിശ്വന്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റണമെന്ന് ആവശ്യപ്പെടുന്ന യുഡിഎഫ് നേതാക്കള്‍ ഇനി കണ്ണൂരിലെ മുഴുവന്‍ വോട്ടര്‍മാരെയും മാറ്റാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ്ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്യ്രസമരത്തില്‍ കര്‍ഷകരുടെ അത്യുജ്വല പോരാട്ടത്തിന് നേതൃത്വം നല്‍കിയ ജില്ലയാണ് കണ്ണൂര്‍. ഈ ജനതയെയാണ് യുഡിഎഫുകാര്‍ ലോകത്തിന് മുന്നില്‍ അവഹേളിക്കുന്നത്. കള്ളവോട്ടും വ്യാജവോട്ടും കണ്ണൂരില്‍ നടക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് എന്നും പ്രചരിപ്പിക്കാറ്. എന്നാല്‍ തെരഞ്ഞെടുപ്പിനുശേഷം അതു കേള്‍ക്കാറില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കലക്ടറെ മാറ്റണമെന്നായിരുന്നു യുഡിഎഫിന്റെ ആദ്യ ആവശ്യം. ഇപ്പോള്‍ തഹസില്‍ദാറെയും ഡെപ്യൂട്ടി തഹസില്‍ദാറെയും മാറ്റണമെന്നായി. ഇനി കണ്ണൂരിലെ ജനങ്ങളെയാകെയും തെരഞ്ഞെടുപ്പ് തന്നെയും മാറ്റിവയ്ക്കണമെന്നും പറഞ്ഞേക്കും. കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് കാലങ്ങളായി ചെയ്തു പോന്ന ആറായിരത്തോളം വ്യാജവോട്ട് തള്ളിയതാണ് യുഡിഎഫിനെ കള്ളപ്രചാരണങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം അഞ്ചു തവണയെങ്കിലും ഉദ്യോഗസ്ഥര്‍ പരിശോധിച്ചശേഷമാണ് കണ്ണൂരില്‍ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. കരടുരേഖയില്‍ പതിവായ നിസ്സാരതെറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ടര്‍മാര്‍ മുഴുവന്‍ വ്യാജന്മാരാണെന്ന് പ്രചരിപ്പിക്കുന്നത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി ആര്‍ജവത്തോടെ ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങളെ സമീപിക്കാന്‍ ഇടതുപക്ഷത്തിന് കഴിയും. അതിനു സാധിക്കാത്ത ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയടക്കം യുഡിഎഫ് നേതാക്കള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഒപ്പുവച്ച ആസിയന്‍കരാറില്‍ സംരക്ഷിതപട്ടികയില്ലെന്നാണ് പുറത്തുവന്ന വിവരം. നാണ്യവിള ഉല്‍പാദിപ്പിക്കുന്ന നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയാകെ ആസിയന്‍ കരാര്‍ തകര്‍ക്കും- വൈക്കം വിശ്വന്‍ പറഞ്ഞു

തെരഞ്ഞെടുപ്പ് കമീഷനും വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങുന്നു

കണ്ണൂര്‍: കള്ളപ്രചാരണങ്ങളില്‍ കുടുങ്ങി ഇലക്ഷന്‍ കമീഷന്‍ മുമ്പും കണ്ണൂരില്‍ അസാധാരണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എപ്പോഴൊക്കെ കടുത്ത നടപടികളുമായി കണ്ണൂരില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടോ അപ്പോഴൊക്കെ എല്‍ഡിഎഫ് തിളക്കമാര്‍ന്ന വിജയമാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍് മുഴുവന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും ഇന്‍ഷുര്‍ ചെയ്യാനാണ് കമീഷന്‍ തീരുമാനിച്ചത്. ലക്ഷക്കണക്കിന് രൂപയാണ് ഇതിന് ചെലവഴിച്ചത്. കനത്ത പൊലീസ് സംവിധാനം ഏര്‍പ്പെടുത്താത്ത തെരഞ്ഞെടുപ്പുകള്‍ കണ്ണൂരില്‍ നടക്കാറില്ല. എന്നാലെവിടെയും യുഡിഎഫും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായില്ല. ജില്ലയിലെ പഞ്ചായത്തുകളില്‍ മഹാഭൂരിപക്ഷവും എല്‍ഡിഎഫ് നേടിയ തെരഞ്ഞെടുപ്പായിരുന്നു അത്. ബാരിക്കേടുകള്‍ തീര്‍ത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ബൂത്തുകളില്‍ ഏര്‍പ്പെടുത്താറ്. കേന്ദ്രസേനയെയും ദ്രുതകര്‍മസേനയെയും ഇറക്കിയാണ് മുമ്പും തെരഞ്ഞെടുപ്പ് നടത്തുന്നത്. കൂത്തുപറമ്പ്, അഴീക്കോട് ഉപതെരഞ്ഞെടുപ്പുകളാണ് ഏറ്റവും വലിയ സന്നാഹത്തോടെ നടത്തിയ തെരഞ്ഞെടുപ്പ്. അതിന്റെ ഫലമെന്തായിരുന്നുവെന്ന് നാം കണ്ടു. ഈ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണങ്ങളില്‍ കുടുങ്ങി ഇലക്ഷന്‍ കമീഷന്‍ വിപുല സംവിധാനമാണ് ഒരുക്കുന്നത്.വോട്ടര്‍മാരുടെ ഫോട്ടോയും വിരലടയാളവും എടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നവര്‍, മുമ്പും കണ്ണൂരില്‍ ഇത് ഏര്‍പ്പെടുത്തിയിരുന്നതാണെന്ന് മറന്നുപോകരുത്. ജില്ലക്ക് പുറത്തുള്ള ഉദ്യോഗസ്ഥരെ കൊണ്ടുവരുന്നതുമൂലം ജീവനക്കാരെ അവഹേളിക്കാമെന്നല്ലാതെ പ്രത്യേകിച്ച് എന്തെങ്കിലും പ്രയോജനം ഉണ്ടാകുന്നില്ല. ബൂത്തില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ ഏതു ജില്ലക്കാരാണെന്ന് നോക്കിയല്ല വോട്ടര്‍മാര്‍ ബൂത്തില്‍ എത്തുന്നത്. മുമ്പ് പോളിങ് നടന്നപ്പോള്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഏത് ഉദ്യോഗസ്ഥനായാലും വോട്ടര്‍മാര്‍ ബൂത്തിലെത്തി വോട്ട് ചെയ്യും.

ആലപ്പുഴയിലും യുഡിഎഫ് കള്ളവോട്ട് ചേര്‍ത്തു

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ അനര്‍ഹരെ തിരുകിക്കയറ്റി യുഡിഎഫ് കൃത്രിമം കാട്ടി. മുനിസിപ്പല്‍ കൌസിലറുടെ വീടും എംപിയുടെ സ്റ്റാഫ് അംഗവും യുഡിഎഫ് ഘടകകക്ഷി നേതാവും കൃത്രിമത്തില്‍ ഇടംനേടി. നിയോജക മണ്ഡലത്തിനു വെളിയില്‍ സ്ഥിരതാമസമാക്കിയവരെ പട്ടികയില്‍ ചേര്‍ത്താണ് കൃത്രിമം കാട്ടിയത്. കോണ്‍ഗ്രസുകാരനായ മുനിസിപ്പല്‍ കൌസിലര്‍ സഞ്ജീവ് ഭട്ടിന്റെ വീട്ടില്‍ മൂന്ന് വോട്ടര്‍മാരെയാണ് ഇപ്രകാരം ഉള്‍പ്പെടുത്തിയത്. 74-ാം നമ്പര്‍ ബൂത്തിന്റെ പട്ടികയില്‍ 591, 602, 603 ക്രമനമ്പരുകളില്‍പ്പെട്ട രത്നകലാഭായി, രേഷ്മ, അഞ്ജു എന്നിവര്‍ വോട്ടര്‍മാരാണ്. ഇവര്‍ ഈ വീട്ടിലെ താമസക്കാരല്ല. മണ്ഡലത്തിനു പുറത്താണ് സ്ഥിരതാമസം. കെ സി വേണുഗോപാല്‍ എംപിയുടെ സ്റ്റാഫ് അംഗം ലാജിയും ഭാര്യ സബീനയും താമസം മാറിയതിനാല്‍ വോട്ടര്‍പട്ടികയില്‍നിന്ന് ഇവരുടെ പേരുകള്‍ നീക്കിയിരുന്നു. പക്ഷെ, ചുങ്കം വാര്‍ഡുകാരല്ലാത്ത ഇവര്‍ ഇവിടത്തെ പട്ടികയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. 81-ാം നമ്പര്‍ ബൂത്തില്‍ താമസക്കാരനല്ലാത്ത യുഡിഎഫ് ഘടകകക്ഷി നേതാവ് ചുങ്കം നിസാമും പട്ടികയില്‍ ഇടം നേടി. ഇദ്ദേഹത്തിനും ഭാര്യയ്ക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുള്ളതായാണ് വോട്ടര്‍ പട്ടികയില്‍ കാണുന്നത്. പട്ടികയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവരുടെ നിരയിലാണ് ഇവര്‍. എല്‍ഡിഎഫ് വോട്ടര്‍പട്ടികയില്‍ കൃത്രിമം കാട്ടുന്നതായി ആക്ഷേപം ഉന്നയിച്ച് പുകമറ സൃഷ്ടിച്ചാണ് യുഡിഎഫ് ആസൂത്രിതമായി കള്ളവോട്ടുകള്‍ പട്ടികയില്‍ ചേര്‍ത്തത്. നേതാക്കള്‍ ഉള്‍പ്പെടെ ഈ ഗൂഢനീക്കത്തില്‍ പങ്കാളികളായെന്ന് വോട്ടര്‍ പട്ടിക സാക്ഷ്യപ്പെടുത്തുന്നു. ഇതിനെതിരെ എല്‍ഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എ ശിവരാജന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കലക്ടര്‍ക്ക് പരാതി നല്‍കി.

അവലംബം: കഴിഞ്ഞ ദിവസങ്ങളിലെ ദേശാഭിമാനി വാര്‍ത്തകള്‍

2 comments:

  1. കണ്ണൂര്‍: പതിനായിരമില്ല, കണ്ണൂര്‍ മണ്ഡലത്തില്‍ വ്യാജ വോട്ടര്‍മാര്‍ വെറും മുന്നൂറാണെന്ന് യുഡിഎഫും മലയാള മനോരമ പത്രവും. മണ്ഡലത്തിലെ 1,33,3326 വോട്ടര്‍മാരില്‍ 300 പേര്‍ വ്യാജമാണെന്നാണ് ശനിയാഴ്ചത്തെ പത്രത്തില്‍ പറയുന്നത്. നാലു ദിവസം മുമ്പ് 600 വ്യാജ വോട്ടുണ്ടെന്ന് (വിശദവിവരം താഴെ) കൊടുത്ത വാര്‍ത്തയും വിഴുങ്ങിയാണ് മനോരമയുടെ പുതിയ വെളിപ്പെടുത്തല്‍. മുമ്പത്തേതുപോലെ, യുഡിഎഫ് പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്തയും. 300 വോട്ടര്‍മാര്‍ക്കും പത്ത് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തുവെന്നാണ് വാര്‍ത്തയിലുള്ളത്. എല്‍ഡിഎഫിനെതിരായ നുണപ്രചാരണത്തിനായി പടച്ചുവിട്ട 'വ്യാജ വോട്ടി'നെക്കുറിച്ചെഴുതിയത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാവുകയാണ്. യുഡിഎഫിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ മനോരമയടക്കമുള്ള ചില പത്രങ്ങള്‍ വ്യാജവോട്ടുമായി ബന്ധപ്പെട്ട് നല്‍കുന്ന വാര്‍ത്തകളുടെ കള്ളത്തരം വായനക്കാര്‍ക്ക് മനസ്സിലാക്കാനായി.

    ReplyDelete
  2. 2004ലെ അഴീക്കോട്, കൂത്തുപറമ്പ് ഉപതെരെഞ്ഞെടുപ്പുകള്‍, 2006ലെ നിയമസഭാ തെരെഞ്ഞെടുപ്പ് എന്നിവ യുദ്ധസമാനമായ സന്നാഹങ്ങളോടെയാണ് കണ്ണൂരില്‍ നടന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഭരണനാളുകളില്‍. കള്ളവോട്ടില്ലാതെ തെരെഞ്ഞെടുപ്പ് നടന്നു എന്ന് സണ്ണി ജോസഫിന്റെ സാക്ഷ്യപത്രം ഇടതുമുന്നണിക്ക് കിട്ടിയ തെരെഞ്ഞെടുപ്പുകള്‍. ഫലം വന്നപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലീയ വിജയം ഇടതിന്.
    ഇത്തിരിയെങ്കിലും നാണമുള്ളവര്‍ പിന്നെ ഇമ്മാതിരി പ്രചാരണം നടത്തുകയില്ല.

    എന്നാല്‍ ഇക്കഴിഞ്ഞ പാര്‍. തെരെഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ടും ബൂത്തുപിടുത്തവും നടന്നു എന്ന് വീണ്ടും സണ്ണി ജോസഫിന്റെയും സുധാകരന്റെയും ആരോപണമുണ്ടായി. ഫലം വന്നപ്പോള്‍ അമ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെ സുധാകരനു ജയം. പൊരുത്തക്കേടുകളല്ലാതെ മറ്റെന്താണ് കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞിട്ടുള്ളത്? ചെയ്തിട്ടുള്ളത്?

    ReplyDelete