Tuesday, November 10, 2009

ബംഗാള്‍ ചോര ചിന്തുന്നു

ലാല്‍ഗഢ് കലാപത്തിന് ഒഴുകിയത് കോടികള്‍

ബംഗാളില്‍ സിപിഐഎം പ്രവര്‍ത്തകരെ കൂട്ടക്കൊല നടത്തുകയും പാര്‍ടി നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കുകയുമെന്ന ലക്ഷ്യത്തോടെ ലാല്‍ഗഢ് പ്രദേശത്ത് തൃണമൂല്‍ കോണ്‍ഗ്രസ് - മാവോയിസ്റ്റ് ജനകീയ പ്രതിരോധ കമ്മറ്റി കൂട്ടുകെട്ട് നടത്തിയ സംയുക്ത കലാപത്തെ സഹായിക്കാനായി വന്‍ തോതിലാണ് പണം ഒഴുക്കിയത്. ലക്ഷക്കണക്കിന് തുകയാണ് അതിനായി പലരും നല്‍കിയത്. കൊല്‍ക്കത്തയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നിന്നു മാത്രമല്ല വിദേശത്തു നിന്നും വന്‍ തുക കലാപകാരികള്‍ക്ക് ലഭിച്ചു. ഇവ കൂടാതെ ലക്ഷക്കണക്കിന് രൂപ ജനങ്ങളെ ഭയപ്പെടുത്തി ബലാല്‍ക്കാരമായും ശേഖരിച്ചു. കലാപത്തിന് നേതൃത്വം നല്‍കിയ, അറസ്റ്റിലായ ജനകീയ പ്രതിരോധ കമ്മറ്റി കണ്‍വീനര്‍ ഛത്രധര്‍ മഹതൊ, കമ്മറ്റിയുടെ ട്രഷററായ സുശക്ത ബക്സി, മാവോയിസ്റ്റ് ഏരിയാ കമാന്‍ഡര്‍ ചന്ദ്രശേഖര്‍ യാദവ് തുടങ്ങി പ്രമുഖ നേതാക്കളെ ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെടുത്തിയതാണ് ഞെട്ടിക്കുന്ന ഈ വിവരം. ജനകീയ കമ്മറ്റിക്കാര്‍ പിരിച്ച പണത്തില്‍ വലിയ പങ്ക് മാവോയിസ്റ്റുകള്‍ക്ക് നല്‍കി. അവര്‍ അത് ഉപയോഗിച്ച് അത്യാധുനിക ആയുധങ്ങളും ലാപ്ടോപ്പുകള്‍, ക്യാമറകള്‍ എന്നിവയുള്‍പ്പടെ ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങിക്കൂട്ടി. കൊല്‍ക്കത്തയില്‍ നിന്ന് വ്യവസായികളുള്‍പ്പെടെ നിരവധിപേര്‍ ഒന്നു മുതല്‍ അഞ്ചുലക്ഷം രൂപവരെ സ്ഥിരമായി കമ്മറ്റിക്ക് നല്‍കിയിരുന്നു. പണം നല്‍കിയവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുശക്ത ബക്സിയില്‍ നിന്നും പിടിച്ചെടുത്ത കണക്ക് പുസ്തകത്തില്‍ പണം നല്‍കിയ പലരുടേയും പേരുകള്‍ പോലീസ് കണ്ടെടുത്തു. എന്നാല്‍, അവ മിക്കതും വ്യാജ പേരുകളാണ്. കമ്മറ്റിയുടേയും അവരുടെ നേതാക്കളുടേയും പേരില്‍ നിരവധി ബാങ്ക് അക്കൌണ്ടുകളും പോലീസ് കണ്ടെടുത്തു.

ലാല്‍ഗഢ്, ബിണ്‍പൂര്‍ , സാല്‍ബണി, കാന്താപഹാഡി തുടങ്ങി ജനകീയ കമ്മറ്റിയും മാവോയിസ്റ്റുകളും ആധിപത്യം സ്ഥാപിച്ച സ്ഥലങ്ങളിലെല്ലാം ബലാല്‍ക്കാരമായി വന്‍ തുക ഓരോ മാസവും ശേഖരിച്ചു. 80 ലക്ഷത്തിനും ഒരു കോടിക്കുമിടയിലാണ് ഓരോ മാസവും പിഴയായി പിരിച്ചത്. അധ്യാപകര്‍, ബാങ്ക് ജീവനക്കാര്‍, കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പഞ്ചായത്തുതല ജോലിക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ തലങ്ങളിലും സ്ഥിര വരുമാനത്തില്‍പെട്ടവര്‍ കൃത്യമായി എല്ലാ മാസവും തങ്ങളുടെ വരുമാനത്തിന്റ വലിയൊരു പങ്ക് കപ്പമായി കമ്മറ്റിക്ക് നല്‍കാന്‍ നിര്‍ബന്ധിതരായി. കഴിഞ്ഞ പത്തുമാസമായി ഈ പിരിവ് തുടര്‍ന്നു. പണം നല്‍കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ വധശിക്ഷവരെ ചുമത്തി. ഓരോ മേഖലയായി തിരിച്ചാണ് പിരിവ് ഉര്‍ജിതമായി നടത്തിയത്. ഓരോ സ്ഥാപനത്തിന്റെയും വലിപ്പമനുസരിച്ച് ഇരുപതിനായിരത്തിനും അഞ്ചു ലക്ഷത്തിനും ഇടയിലാണ് പിരിവ് നടന്നത്. പാവപ്പെട്ട കൃഷിക്കാരേയും കൂലിവേലക്കാരേയും വരെ പിരിവില്‍ നിന്ന് ഒഴിവാക്കിയില്ല. ഭൂമിയുടെ അളവനുസരിച്ചാണ് കൃഷിക്കാരില്‍ നിന്നും പണം പിരിച്ചത്. ആ ഭാഗങ്ങളിലെ വിദ്യാലയങ്ങളിലെ അധ്യാപകരില്‍നിന്നും ജോലിക്കാരില്‍ നിന്നുമായി 15 ലക്ഷം രൂപയാണ് ഭീഷണി ഉപയോഗിച്ച് ജനകീയ കമ്മറ്റി ഓരോ മാസവും ശേഖരിച്ചത്. പോസ്റ്റാഫീസുകള്‍, ബാങ്കുകള്‍, പഞ്ചായത്ത്, സംസ്ഥാന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരില്‍ നിന്ന് 5 ലക്ഷം വീതമാണ് പിരിച്ചത്.

ജനകീയ പ്രതിരോധ കമ്മറ്റി കണ്‍വീനര്‍ ഛത്രധര്‍ മഹതോയ്ക്ക് ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയുണ്ട്. പന്ത്രണ്ടാം ക്ളാസ് വരെ മാത്രം പഠിച്ച ഇയാള്‍ക്ക് സാല്‍ മരത്തിന്റെ ഇല ശേഖരിച്ച് വില്‍ക്കുന്ന തൊഴിലാണ് ഉണ്ടായിരുന്നത്. ലാല്‍ഗഢില്‍ അംലിയ ഗ്രാമത്തില്‍ കൂടുംബ സ്വത്തായി 15 ബിഗ (ഏകദേശം 6 ഏക്കര്‍) ഭൂമിയും ഉണ്ട്. അതില്‍ നിന്നെല്ലാം കൂടി വര്‍ഷത്തില്‍ ശരാശരി രണ്ടു ലക്ഷം രൂപയാണ് വരുമാനം. കുറഞ്ഞത് അഞ്ചു ലക്ഷം രൂപയെങ്കിലും വാര്‍ഷിക പ്രീമിയം അടക്കേണ്ട ഭീമമായ പോളിസിക്ക് പണം എവിടെ നിന്നു ലഭിക്കുന്നുയെന്ന് ഉത്തരം നല്‍കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ഇയാള്‍ അടുത്ത കാലത്ത് ഒറീസ്സയില്‍ മയൂര്‍ഗഞ്ച് എന്ന സ്ഥലത്ത് വലിയൊരു വീടും സ്വന്തമായി വാങ്ങി.

മാവോയിസ്റ്റുകള്‍ക്കു വേണ്ടി പണം പിരിക്കുകയും മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത രണ്ടു പേരെ ദക്ഷിണ കൊല്‍ക്കത്തയിലെ ജാദവപൂരില്‍ നിന്നും അറസ്റ്റു ചെയ്തു. ജനാധിപത്യ സംരക്ഷണ വേദിയുടെ പേരില്‍ പ്രവര്‍ത്തിച്ച പ്രസൂന്‍ ചാറ്റര്‍ജി, രാജാ ഷര്‍ക്കല്‍ എന്നിവരാണ് പിടിക്കപ്പെട്ടത്. ലാല്‍ഗഢ് കലാപത്തിനു വേണ്ടി പണം പിരിച്ചതു കുടാതെ പിന്തുണയ്ക്കായി യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് അവരെ അറസ്റ്റു ചെയ്തത്. ലാല്‍ഗഢ് ശാന്തി മഞ്ച് അംഗങ്ങളായ ഇവര്‍ തൃണമൂല്‍കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ കൂടിയാണ്. തൃണമൂല്‍കോണ്‍ഗ്രസ് നടത്തിയ നന്ദിഗ്രാം, സിംഗൂര്‍ പ്രക്ഷോഭ സമയത്ത് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. മാവോയിസ്റ്റുകള്‍ക്കുവേണ്ടി പ്രസിദ്ധീകരണങ്ങള്‍ നടത്തിയ ഇവര്‍ കിഷന്‍ജി ഉള്‍പ്പടെയുള്ള ഉന്നത നേതാക്കളുടെ അഭിമുഖങ്ങളും കലാപ ആഹ്വാനങ്ങളും പ്രചരിപ്പിച്ചു.

സംസ്ഥാനത്തു നിന്നു മാത്രമല്ല വിദേശത്തു നിന്നും മാവോയിസ്റ്റു കലാപത്തിനായി വന്‍ തുക ലഭിച്ചതിന്റെ തെളിവുകള്‍ പലതും പുറത്തുവന്നു തുടങ്ങി. മാവോയിസ്റ്റുകളെ സഹായിക്കാനായി വിദേശികള്‍ അവിടെ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചു. അതില്‍ രണ്ടു പേരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു. അലന്‍ ഡുരന്റ്, ടിന്‍ സ്മിത്ത് എന്നീ പേരുകാരായ വിദേശികള്‍ ഈ വര്‍ഷം ഏപ്രില്‍ 22നാണ് ലാല്‍ഗഢ് പ്രദേശത്ത് എത്തിയത്. ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിദേശ ഗവണ്മെന്റിതര സംഘടന (എന്‍ ജി ഒ)യുടെ ലയ്സണ്‍ ഓഫീസര്‍മാരായി പരിചയപ്പെടുത്തി അവിടെ കടന്നു കൂടിയ അവര്‍ പല പ്രവര്‍ത്തനങ്ങളിലും അവിടെ ഏര്‍പ്പെട്ടു. വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുമായി അവര്‍ രഹസ്യബന്ധം പുലര്‍ത്തുകയും അവരുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്തു. മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോയംഗമായ അമിതാഭ് ബക്സി മുഖാന്തിരമാണ് ഈ ബന്ധം സ്ഥാപിച്ചത്. ബക്സി കഴിഞ്ഞ മാസം ജാര്‍ഖണ്ഡ് പോലീസിന്റെ പിടിയിലായി. ഇന്ത്യയിലെ മാവോയിസ്റ്റുകളും വിദേശത്ത് അവരുമായി അനുഭാവമുള്ള സംഘടനകളും തമ്മില്‍ സമ്പര്‍ക്കം നിലനിര്‍ത്താനും സാമ്പത്തിക മുള്‍പ്പടെ കലാപത്തിന് സഹായം ലഭ്യമാക്കാനും ഇവരുടെ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തി. ലാല്‍ഗഢ് വനമേഖലകളില്‍ ക്യാമ്പ് ചെയ്ത ഈ വിദേശികള്‍ അവിടെ കടക്കുന്നതിനു മുമ്പ് ജാര്‍ഖണ്ഡിന്റെ പല ഭാഗങ്ങളിലും താമസിച്ചിരുന്നു. ലാല്‍ഗഢ് ഭാഗത്ത് നിന്ന് നിരവധി രേഖകളും ഫോട്ടോകളും വീഡിയോകളും ശേഖരിച്ച ഇവര്‍ അവിടെ മാവോയിസ്റ്റ് ജനകീയ പ്രതിരോധ കമ്മറ്റി കലാപം തുടങ്ങി ഏതാനും ദിവസങ്ങങ്ങള്‍ക്കുള്ളില്‍ സ്ഥലം വിട്ടു. സാമൂഹ്യ സേവന പ്രവര്‍ത്തനത്തിന്റെ പേരില്‍ അവിടെ ക്യാമ്പു ചെയ്ത അവര്‍ക്ക് പ്രത്യേക ലക്ഷ്യം ഉണ്ടായിരുന്നതായി പോലീസ് അനുമാനിക്കുന്നു. മാവോയിസ്റ്റുകള്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളില്‍ വിദേശ ചാരസംഘടനകളും നുഴഞ്ഞു കയറിയിട്ടുണ്ടാകാമെന്നും വിവിധ പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സംശയിക്കുന്നു.

മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ബക്സിയുടെ നേതൃത്വത്തില്‍ വിദേശത്തു നിന്ന് ധാരാളം പണം ശേഖരിച്ചിരുന്നു. ഇന്ത്യയിലെ ആദിവാസി വിഭാഗത്തിന്റെ കഷ്ടതകള്‍ നിരത്തി അവരുടെ ഉന്നമനത്തിന്റെ പേരു പറഞ്ഞ് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ എന്‍ജിഒ കളില്‍ നിന്ന് വന്‍ തുകകളാണ് മാവോയിസ്റ്റുകള്‍ ശേഖരിച്ചത്. മനുഷ്യാവകശ സംരക്ഷണത്തിന്റേയും സാമൂഹ്യക്ഷേമത്തിന്റേയും പേരിലാണ് പിരിവ് നടത്തിയത്. അവ കലാപത്തിനും കൊലപാതകത്തിനും വേണ്ടി വിനിയോഗിച്ചു.

ലാല്‍ഗഢില്‍ മാവോയിസ്റ്റുകള്‍ കൊലപാതകത്തിനും അക്രമത്തിനുമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയാണ് അധികവും ഉപയോഗിക്കുന്നത്. 13നും 16നും ഇടയില്‍ പ്രായമായ കുട്ടികളെ ഭീഷണിപ്പെടുത്തി ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയി ക്യാമ്പുകളില്‍ പാര്‍പ്പിച്ച് ആയുധ പരിശീലനം നല്‍കിയ ശേഷം അവരെ അക്രമത്തിന് അയയ്ക്കുകയാണ്. സംയുക്ത സേനയുടെ നടപടിയെത്തുടര്‍ന്ന് നിരവധി കുട്ടികള്‍ മാവോയിസ്റ്റു വലയത്തില്‍ നിന്നും രക്ഷപ്പെട്ടു.

കലാപത്തിന് മാവോയിസ്റ്റുകള്‍ മാത്രമല്ല തൃണമൂല്‍കോണ്‍ഗ്രസും എല്ലാ പിന്തുണയും സഹായവും നല്‍കിയതായി ഛത്രധര്‍ മഹതൊ വെളിപ്പെടുത്തി. പ്രക്ഷോഭത്തിന്റെ എല്ലാ ഘട്ടങ്ങളിലും തൃണമൂല്‍കോണ്‍ഗ്രസ് നേതാക്കളുമായും മാവോയിസ്റ്റ് നേതാക്കളുമായും താന്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നെന്നും അവരുടെ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും അയാള്‍ പോലീസിനോട് പറഞ്ഞു. തൃണമൂല്‍കോണ്‍ഗ്രസ് ലാല്‍ഗഢ് ബ്ളോക്ക് പ്രസിഡന്റ് ബന്‍ ബിഹാരി റായ്, പശ്ചിമ മിഡ്നാപൂര്‍ ജില്ലാ പ്രസിഡന്റ് മൃഗന്‍ മൊയ്തി എന്നിവര്‍ മുഖാന്തിരം സംസ്ഥാന നേതൃത്വവുമായി തുടര്‍ച്ചയായി ബന്ധം പുലര്‍ത്തിയിരുന്നു. അതേപോലെ ഉന്നത മാവോയിസ്റ്റ് നേതാക്കളുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. അവരുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഓരോ പരിപാടിയും ആസൂത്രണം ചെയ്തത്. മാവോയിസ്റ്റുകളുടെ നിര്‍ദ്ദേശമനുസരിച്ചാണ് ജനകീയ പ്രതിരോധ കമ്മറ്റി രൂപീകരിച്ചത്. അതുമൂലം മാവോയിസ്റ്റുകള്‍ക്ക് പരസ്യമായി രംഗത്തുവരാന്‍ കഴിഞ്ഞു. അവരുടെ അനുമതിയോടെയാണ് തൃണമൂല്‍കോണ്‍ഗ്രസിന്റെ സഹായവും തേടിയത്. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില ഗവണ്മെന്റിതര സാമൂഹ്യ സംഘടന(എന്‍ജിഒ)കളും വ്യക്തികളും അവരെ സജീവമായി സഹായിച്ചു. പ്രക്ഷോഭവും കലാപവും കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് ഇവരില്‍ നിന്നെല്ലാം ലഭിച്ചത്. ദക്ഷിണ കൊല്‍ക്കത്തയില്‍ താമസിക്കുന്ന ഒരു പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചിലരും തുടര്‍ച്ചയായി അവരുമായി ബന്ധം പുലര്‍ത്തി. ഛത്രധര്‍ തൃണമൂലിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

ലാല്‍ഗഢില്‍ സംയുക്ത സേനയുടെ പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം ജൂലൈ 28ന് തൃണമൂല്‍കോണ്‍ഗ്രസിന്റെ കേന്ദ്ര മന്ത്രിമാരായ മുകുള്‍ റോയ്, ശിശിര്‍ അധികാരി, സംസ്ഥാന പ്രതിപക്ഷ നേതാവ് പാര്‍ത്ഥാ ചാറ്റര്‍ജി, ജില്ലാ പ്രസിഡന്റ് മൃഗന്‍ മൊയ്തി എന്നിവര്‍ നിരോധനം ലംഘിച്ചു അവിടം സന്ദര്‍ശിച്ചു. അന്ന് ബന്‍ ബിഹാരി റായിയുടെ വീട്ടില്‍ അവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നക്സലൈറ്റ് നേതാവ് പൂര്‍ണേന്ദു ബസുരാ, ജനകീയ കമ്മറ്റി നേതാക്കളായ ബനമാലി മഹതൊ, ഹിരണ്‍മയ് മഹതൊ എന്നിവര്‍ പങ്കെടുത്തു. കൊല്‍ക്കത്തയിലും ഇത്തരം മീറ്റിംഗുകള്‍ പല തവണ നടന്നതായി ഛത്രധര്‍ മഹതോ പോലീസിനോട് പറഞ്ഞു. ഇടതുമുന്നണി വിരുദ്ധരായ പല പ്രമുഖരും ഈ യോഗങ്ങളില്‍ പങ്കെടുത്തു.

ഛത്രധറില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ജനകീയ പ്രതിരോധ കമ്മിറ്റിക്കാരും മാവോയിസ്റ്റുകളുമായ പലരേയും പോലീസ് വലയത്തില്‍ പെടുത്താന്‍ കഴിഞ്ഞു

ലാല്‍ഗഢില്‍ ജനകീയ കമ്മിറ്റിയും മാവോയിസ്റ്റുകളും തൃണമൂല്‍കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ അക്രമ- കൊലപാതക പരമ്പരയില്‍ 114 സിപിഐ എം പ്രവര്‍ത്തകരാണ് കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ കൊലചെയ്യപ്പെട്ടത്. തൃണമൂലിന്റെ വാടകക്കൊലയാളികളായിട്ടാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് ഭരണം നേടാന്‍ മമതാ ബാനര്‍ജിക്ക് തങ്ങള്‍ എല്ലാ സഹായവും നല്‍കുമെന്ന് മാവോയിസ്റ്റുകള്‍ പരസ്യമായി പ്രഖ്യാപിച്ചു.

ബംഗാള്‍ ചോര ചിന്തുകയാണ്. മഹത്തായ ഒരു നാടിന്റെ നെഞ്ചിലേക്ക് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കുത്തിക്കയറ്റുന്നവരെ തിരിച്ചറിയുന്നില്ല എന്ന നാട്യവുമായി സിപിഐ എം വിരോധം കൊണ്ടുനടക്കുന്നവര്‍ക്ക് എത്രകാലം ഈ കാപട്യത്തിന്റെ മൌനം തുടരാനാകും?

ഗോപി,കൊല്‍ക്കത്ത ചിന്ത/ദേശാഭിമാനി

6 comments:

  1. ബംഗാള്‍ ചോര ചിന്തുകയാണ്. മഹത്തായ ഒരു നാടിന്റെ നെഞ്ചിലേക്ക് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കുത്തിക്കയറ്റുന്നവരെ തിരിച്ചറിയുന്നില്ല എന്ന നാട്യവുമായി സിപിഐ എം വിരോധം കൊണ്ടുനടക്കുന്നവര്‍ക്ക് എത്രകാലം ഈ കാപട്യത്തിന്റെ മൌനം തുടരാനാകും?

    ReplyDelete
  2. ഇനിയെങ്കിലും തോൽ‌വി സമ്മതിക്ക് മാഷേ... ചുമ്മാ കിടന്ന് ഉരുളാതെ...

    ReplyDelete
  3. അടുത്ത പോസ്റ്റില്‍ വിശദവിവരം ഉണ്ട്. വായിക്കൂ ഉസ്മാനിക്കാ.

    ReplyDelete
  4. മാവോയിസ്റ്റുകള്‍ ഏതാനും തൃണമൂല്‍ കോണ്‍ഗ്രസുകാരെയും കൊന്നു എന്നാണല്ലോ വായിച്ചത്.. തൃണമൂല്‍ ഇതോടെ മാവോയിസ്റ്റുകളോടുള്ള മൃദുനയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാവുന്നു എന്നും.

    ReplyDelete
  5. 114 സി.പി.എം കാരെ കൊന്നത് വാര്‍ത്ത അല്ല അല്ലേ സിമി? ‘മാവോയിസ്റ്റുകളോടുള്ള മൃദുസമീപനം‘ എന്ന യൂഫിമിസം കൊള്ളാം. എന്തായാലും കൂടുതല്‍ പേര്‍ തിരിച്ചറിയുന്നുവെങ്കില്‍ നല്ലതല്ലേ?

    ReplyDelete
  6. ഈ മാവോയിസ്റ്റുകള്‍ എങ്ങനെ പിടിമുറുക്കി? ബംഗാളിലെ ജനങ്ങളുടെ ദാരിദ്ര്യം അല്ലെ അതിനു കാരണം. അപ്പോ യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരാണു സഗാവെ?

    ReplyDelete