തമിഴ്നാട് അയിത്ത നിര്‍മാര്‍ജന മുന്നണിയുടെ രൂപീകരണത്തെ തുടര്‍ന്ന് ആ സംസ്ഥാനത്ത് അയിത്തത്തിനും ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങള്‍ പലമടങ്ങ് ശക്തിപ്രാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 6ന് വിരുദു നഗറില്‍ ചേര്‍ന്ന ഈ മുന്നണിയുടെ സംസ്ഥാനകമ്മിറ്റിയോഗം അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യുകയും പട്ടികജാതി-പട്ടികവര്‍ഗ സംവരണ വിഹിതത്തിനുള്ളില്‍നിന്ന് അരുന്ധതിയാര്‍ സമുദായത്തിന് ഉപവിഹിതം മധുര ജില്ലയില്‍ ദളിതര്‍ക്കുനേരെ ഉയര്‍ത്തിയിരുന്ന ഉത്തപുരം അയിത്തഭിത്തി യുടെ ഒരു ഭാഗം തകര്‍ക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നടന്ന വിജയകരമായ പോരാട്ടങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുകയും ചെയ്തു. പല ജില്ലകളിലും ദളിതര്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് സര്‍വെ സംഘടിപ്പിക്കുന്നതിനും അയിത്തത്തിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുന്നതിനും ഉള്‍പ്പെടെ നിരവധി തീരുമാനങ്ങള്‍ ആ യോഗം കൈക്കൊണ്ടു.
കിഴക്കന്‍ തഞ്ചാവൂരില്‍ കര്‍ഷകത്തൊഴിലാളികളായ ദളിതരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി നിരവധി ത്യാഗോജ്വലമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കിയ കമ്യൂണിസ്റ്റ് നേതാവ് ബി ശ്രീനിവാസറാവുവിന്റെ ചരമവാര്‍ഷികദിനമായ സെപ്റ്റംബര്‍ 30ന് തമിഴ്നാട്ടിലെ 8 ജില്ലകളില്‍ അയിത്തത്തിനെതിരെ മുന്നണി പ്രത്യക്ഷസമരപരിപാടികള്‍ നടത്തണമെന്നും തീരുമാനിച്ചു. തിരുവണ്ണാമല, വില്ലുപുരം, നാഗപട്ടണം എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ ക്ഷേത്രപ്രവേശന പ്രസ്ഥാനം ആരംഭിക്കാനും അയിത്തനിര്‍മാര്‍ജന മുന്നണി പരിപാടികള്‍ തയ്യാറാക്കി. മറ്റ് അഞ്ച് കേന്ദ്രങ്ങളില്‍ ദളിതര്‍ക്കെതിരെ പലവിധത്തില്‍ നടപ്പാക്കുന്ന സാമൂഹിക ഒറ്റപ്പെടുത്തലുകള്‍ക്കെതിരെ പ്രസ്ഥാനം കെട്ടിപ്പടുക്കാനും തീരുമാനിച്ചു. ബാര്‍ബര്‍ ഷോപ്പില്‍ മറ്റുള്ളവര്‍ക്കൊപ്പം മുടിവെട്ടാന്‍ തയ്യാറാകാത്തത്, ചായക്കടകളില്‍ ദളിതര്‍ക്ക് പ്രത്യേക കപ്പ്, ഗ്രാമങ്ങളിലെ പൊതു ശ്മശാനങ്ങളില്‍ ദളിതരുടെ ശവസംസ്കാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം, പൊതു കക്കൂസ് ദളിതര്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടങ്ങിയവയാണ് സാമൂഹിക ഒറ്റപ്പെടുത്തലുകള്‍. പെരമ്പലൂര്‍, അരിയല്ലൂര്‍, ദിണ്ഡിഗല്‍, കോയമ്പത്തൂര്‍, വിരുദുനഗര്‍ ജില്ലകളിലെ പല പ്രദേശങ്ങളിലും ഇത്തരം ഹീനമായ നടപടികള്‍ നിലനില്‍ക്കുന്നുണ്ട്.
പൊലീസിന്റെ കിരാതമായ ആക്രമണങ്ങള്‍
തിരുവണ്ണാമല ജില്ലയിലെ വേദാന്തവാഡി ഗ്രാമത്തിലുള്ള കൂത്താണ്ടവര്‍ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം ലഭ്യമാക്കാനുള്ള പ്രസ്ഥാനം വിജയിച്ചു. സിപിഐ (എം) സംസ്ഥാനകമ്മിറ്റി അംഗവും തമിഴ്നാട് ഗോത്ര ജനവിഭാഗ ക്ഷേമസമിതിയുടെ ജനറല്‍സെക്രട്ടറിയുമായ പി ഷണ്‍മുഖവും പി ദല്ലിബാബു എംഎല്‍എയുമാണ് ഈ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഇതാദ്യമായാണ് ദളിതര്‍ക്ക് കടക്കാന്‍ അനുവാദം നല്‍കിയത്. ക്ഷേത്രപ്രവേശനത്തിന് അനുമതി ലഭിച്ചതില്‍ ദളിതരാകെ ആഹ്ളാദഭരിതരായി. ആവേശപൂര്‍വം ആനന്ദനൃത്തമാടിയ അവര്‍ തങ്ങളുടെ ചിരകാല അഭിലാഷം സാധിത പ്രായമാകാന്‍ സഹായിച്ചതിന് സിപിഐ (എം)നോടും ടി എന്‍യുഇഎഫിനോടും നന്ദിപറഞ്ഞു.
വില്ലുപുരം ജില്ലയിലെ കാംഗിയന്നൂര്‍ ഗ്രാമത്തിലുള്ള ദ്രൌപതി അമ്മന്‍ക്ഷേത്രത്തിലേക്ക് തമിഴ്നാട് കിസാന്‍സഭ ജനറല്‍സെക്രട്ടറിയും സിപിഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ കെ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ദളിതര്‍ മാര്‍ച്ച്ചെയ്തു. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസുകാര്‍ പ്രകടനക്കാരെ വഴിയില്‍ തടഞ്ഞു. പ്രകടനം മുന്നോട്ടുപോകാന്‍ എസ് പി അനുവദിച്ചില്ല. പ്രകടനക്കാരും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ക്ഷേത്രത്തിലേക്ക് ദളിതരെ കടത്താന്‍ പറ്റില്ലെന്ന വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ചര്‍ച്ചനടന്നുകൊണ്ടിരിക്കവെതന്നെ പെട്ടെന്ന് പൊലീസ് പ്രകടനക്കാരെ ലാത്തിച്ചാര്‍ജു നടത്തുകയും നിഷ്ഠുരമായി തല്ലിച്ചതയ്ക്കുകയും ചെയ്തു. ഗുഡിയാട്ടം പൊതു നിയോജകമണ്ഡലത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട സിപിഐ (എം) എംഎല്‍എ ജി ലത (ഇവര്‍ ദളിത് വിഭാഗത്തില്‍പ്പെടുന്നു)യെ പൊലീസ് ഓര്‍ക്കാപ്പുറത്ത് തട്ടി താഴെയിട്ട് വലിച്ചിഴച്ചു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ബൂട്ടിട്ടുകൊണ്ട് അവരുടെ വയറ്റില്‍ ആഞ്ഞുചവിട്ടി. ഇത് കടുത്ത രക്തസ്രാവത്തിനിടയാക്കി. അടിയന്തിര ചികില്‍സയ്ക്കായി അവരെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്ങളുടെ മൌലികാവകാശം സംരക്ഷിക്കുന്നതിനായി അവിടെ തടിച്ചുകൂടിയ ദളിതരെയും മറ്റുള്ളവരെയും ഭീകരമായി മര്‍ദ്ദിച്ചതിനൊപ്പം അവരില്‍ 104 പേര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ്ചെയ്ത് ഗൂഡല്ലൂര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു. കെ ബാലകൃഷ്ണനെയും സിപിഐ എം വില്ലുപുരം ജില്ലാ സെക്രട്ടറി ജി ആനന്ദനെയും പോലുള്ള നേതാക്കളെയും ജയിലില്‍ അടച്ചു.
ദളിതര്‍ക്കുനേരെ പൊലീസ് നടത്തിയ കിരാതമായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പലേടത്തും പ്രകടനങ്ങള്‍ നടത്തി. സെപ്റ്റംബര്‍ 21ന് വില്ലുപുരം കളക്ടറേറ്റിനുമുന്നല്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത കൂറ്റന്‍ പ്രകടനം നടത്തി.
സെപ്റ്റംബര്‍ 22ന് സിപിഐ (എം) നിയമസഭാ കക്ഷി നേതാവ് കെ ബാലഭാരതിയുടെ നേതൃത്വത്തില്‍ ജി ലതയും മറ്റു സിപിഐ (എം) എംഎല്‍എമാരും മനുഷ്യത്വരഹിതമായ പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ നിരാഹാര സമരം നടത്തി. സിപിഐ (എം), സിപിഐ നേതാക്കള്‍ ഈ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു.
ഈ സംഭവത്തെ തുടര്‍ന്ന് ഒക്ടോബര്‍ 7ന് വില്ലുപുരം ജില്ലയിലെ കാംഗിയന്നൂരിലുള്ള ദ്രൌപതി അമ്മന്‍ ക്ഷേത്രത്തിലേക്ക് റവന്യു ഡിവിഷണല്‍ ഓഫീസര്‍ ഒരു സംഘം ദളിതരെ കൊണ്ടുപോയി.
സിപിഐ (എം)ന്റെയും ടിഎന്‍യുഇഎഫിന്റെയും ധീരമായ നടപടിയെ കാംഗിയന്നൂരിലും പരിസരഗ്രാമങ്ങളിലുമുള്ള ദളിതര്‍ ആവേശപൂര്‍വം വാഴ്ത്തുകയാണ്. മുമ്പ് പലവട്ടവും ദളിതര്‍ ക്ഷേത്രപ്രവേശനത്തിന് നീക്കം നത്തിയിരുന്നു. എന്നാല്‍ അന്നൊന്നും അത് ഫലപ്രാപ്തിയില്‍ എത്തിയില്ല. പൊലീസും സവര്‍ണരുംകൂടി അവരെ അടിച്ചോടിക്കുമായിരുന്നു; ദളിത് സ്ത്രീകളെ അപമാനിക്കുമായിരുന്നു. ഇപ്പോള്‍ സിപിഐ (എം) നേതൃത്വത്തില്‍ ആ അടിച്ചമര്‍ത്തലുകളെ അതിജീവിച്ച് അവര്‍ക്ക് ലക്ഷ്യം നേടാനായി.
വേറിട്ടൊരു അനുഭവം
കാംഗിയന്നൂരില്‍ കണ്ടതില്‍നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു നാഗപട്ടണം ജില്ലയിലെ ചെട്ടിപുളത്തുണ്ടായത്. ടിഎന്‍യുഇഎഫിന്റെ സംസ്ഥാന കണ്‍വീനര്‍ പി സമ്പത്തിന്റെയും വി മാരിമുത്തു എംഎല്‍എയുടെയും നേതൃത്വത്തില്‍ അവിടെ നൂറുകണക്കിന് ദളിതര്‍ ശിവന്‍കോവിലിലേക്ക് മാര്‍ച്ച്ചെയ്തു. എന്നാല്‍ ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഒരു കിലോമീറ്റര്‍ മുന്‍പുവച്ച് പൊലീസ് പ്രകടനത്തെ തടഞ്ഞു. പ്രകടനക്കാര്‍ പൊലീസ്നിര ഭേദിച്ച് മുന്നോട്ടുനീങ്ങി. എന്നാല്‍ ദളിതര്‍ ക്ഷേത്രത്തിലേക്ക് കടക്കുംമുമ്പ് കൂടുതല്‍ പൊലീസെത്തി വീണ്ടും ക്ഷേത്രനടയില്‍ അവരെ തടഞ്ഞു. അതിനും പുറമെ, ദളിതര്‍ ക്ഷേത്രത്തിനുള്ളില്‍ കടക്കാതിരിക്കാനായി സവര്‍ണ ഹിന്ദുക്കള്‍ നിയമവിരുദ്ധമായി ക്ഷേത്രം അടച്ചിട്ടു. എന്നാല്‍, പൂട്ടുതകര്‍ത്ത് തങ്ങളെ ക്ഷേത്രത്തിനുള്ളിലേക്ക് കടക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദളിര്‍ പൊലീസുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. പക്ഷേ, പൊലീസ് ആ ആവശ്യം നിരാകരിച്ചു. സ്ഥലത്തുണ്ടായിരുന്ന റവന്യു ഡിവിഷണല്‍ ഓഫീസര്‍ പെട്ടെന്ന് ക്ഷേത്ര കവാടം സീല്‍ചെയ്യുകയും ആരും ക്ഷേത്രത്തിലേക്ക് കടക്കാതെ പൂര്‍ണമായി തടയുകയും ചെയ്തു. സമാധാന ചര്‍ച്ചകളെത്തുടര്‍ന്ന്, അധികം വൈകാതെ ദളിതരെ ക്ഷേത്രത്തിലേക്ക് കടക്കാന്‍ അനുവദിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. സമരത്തില്‍ പങ്കെടുത്തവരെയെല്ലാം അറസ്റ്റുചെയ്ത് അടുത്തുള്ള കല്യാണമണ്ഡപത്തില്‍ വൈകുന്നേരംവരെ തടഞ്ഞുവെച്ചശേഷം വിട്ടയച്ചു.
പിറ്റേദിവസംതന്നെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സവര്‍ണര്‍ സീല് പൊട്ടിച്ച് ക്ഷേത്രത്തിനുള്ളില്‍ കടന്നു. ദളിതര്‍ ക്ഷേത്രത്തില്‍ കടക്കുന്നതിനെ എന്തുവിലകൊടുത്തും തങ്ങള്‍ തടയുമെന്ന് അവര്‍ പ്രഖ്യാപനവും നടത്തി. സിപിഐ (എം)ന്റെയും ടിഎന്‍യുഇഎഫിന്റെയും നേതാക്കള്‍ തുടര്‍ന്ന് ജില്ലാ കളക്ടറെയും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കണ്ട് ഇക്കാര്യത്തില്‍ അടിയന്തിരമായും ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഉടന്‍ രമ്യമായി പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ തങ്ങള്‍ വീണ്ടും ബലംപ്രയോഗിച്ച് ദളിതരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കും എന്ന് താക്കീത് നല്‍കുകയുംചെയ്തു. ഇതിനെത്തുടര്‍ന്ന് ജില്ലാ അധികാരികള്‍ പ്രശ്നത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതരായി. റവന്യു ഡിവിഷണല്‍ ഓഫീസറുടെയും ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും നേതൃത്വത്തില്‍ രണ്ട് പൊലീസ് വാനുകളില്‍ ഒരു കൂട്ടം ദളിതരെ കൊണ്ടുപോയി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിച്ചു.
സവര്‍ണ ഹിന്ദുക്കളും അവരുടെ ഗുണ്ടകളും സംഘം ചേര്‍ന്ന് ദളിതര്‍ ക്ഷേത്രത്തിലേക്ക് കടക്കുന്നതിനെ തടയാന്‍ ശ്രമിച്ചു. അവര്‍ പൊലീസിനും വാഹനങ്ങള്‍ക്കുംനേരെ കല്ലും ഇരുമ്പ് തുണ്ടുകളും വലിച്ചെറിഞ്ഞു. ഡിഎസ്പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഡിവിഷണല്‍ റവന്യു ഓഫീസറുടെ വാഹനം അടിച്ചുതകര്‍ത്തു. അങ്ങനെ ലാത്തിച്ചാര്‍ജ് നടത്താന്‍ പൊലീസ് നിര്‍ബന്ധിതരായി. അക്രമാസക്തരായ സവര്‍ണസംഘത്തെയും ഗുണ്ടകളെയും തുരത്തുന്നതിന് ആകാശത്തേക്ക് വെടിവെയ്ക്കാനും പൊലീസ് നിര്‍ബന്ധിക്കപ്പെട്ടു. എന്നാല്‍ പൊലീസ് വാനിലെത്തിയ ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനാവാതെ മടങ്ങേണ്ടതായി വന്നു. നിയമവിരുദ്ധമായ സംഘംചേരലിന് പൊലീസ് 250 ആളുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും 25 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആ പ്രദേശത്ത് സംഘര്‍ഷാത്മകമായ സ്ഥിതി തുടരുകയാണ്.
ഈ സംഭവത്തെ അപലപിച്ച സിപിഐ എമ്മും ടിഎന്‍യുഇഎഫും ദളിത് ജനവിഭാഗങ്ങളെ ആക്രമിച്ചവരെ പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരവും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരവും അറസ്റ്റ്ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ദളിതരുടെ ക്ഷേത്രപ്രവേശനം ഉറപ്പാക്കണമെന്നും സിപിഐ (എം) ആവശ്യപ്പെട്ടു. ദളിതരുടെ ക്ഷേത്രപ്രവേശനം തടയുന്നതിന് സവര്‍ണജാതി മേധാവികള്‍ അഴിച്ചുവിടുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 20ന് നാഗപട്ടണം ജില്ലയിലെ വേദാരണ്യത്ത് സിപിഐ (എം) നേതൃത്വത്തില്‍ അതിശക്തമായ പ്രകടനം നടത്തി.
ശിവന്‍കോവിലില്‍ ചെട്ടിപുളത്തെ ദളിതരെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പാടുണ്ടാക്കുമെന്ന് പിന്നീട് നാഗപട്ടണം ജില്ലാ കളക്ടര്‍ പ്രസ്താവിച്ചു. ഈ പ്രഖ്യാപനം ദളിതരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ഒട്ടേറെ സ്ഥലങ്ങളില്‍ സമരങ്ങള്‍ സംഘടിപ്പിച്ചു. ദിണ്ഡിഗല്‍ ജില്ലയിലെ ഇരുളക്കുടുംബന്‍പട്ടിയിലെയും പെരമ്പലൂര്‍ ജില്ലയിലെ ഉദയനാതം ഗ്രാമത്തിലെയും അരിയല്ലൂര്‍ ജില്ലയിലെ പെരിയ കൃഷ്ണപുരത്തും കോയമ്പത്തൂര്‍ ജില്ലയിലെ നഞ്ചുണ്ടപുരം, വരപ്പാളയം എന്നിവിടങ്ങളിലും വിരുദുനഗര്‍ ജില്ലയിലെ കാട്ടാള പട്ടിയിലുമെല്ലാമുള്ള ദളിത് ജനത തങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും തങ്ങളുടെ ചിരകാലാഭിലാഷം സാധിതപ്രായമാക്കുകയും ചെയ്യുന്ന സിപിഐ (എം)നെയും ടിഎന്‍യുഇഎഫിനെയും അനുമോദിച്ചു. ഇപ്പോഴും പോരാട്ടം തുടരുന്ന, പ്രസ്ഥാനം ഇനിയും വിജയം വരിക്കാനുള്ള, പല പ്രദേശങ്ങളിലേയും ദളിത് ജനതയും ഇതേ വികാരമാണ് പ്രകടിപ്പിക്കുന്നത്.
സിപിഐ (എം) എംഎല്‍എമാരായ നന്മാരനും ബാലഭാരതിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ ലാസറും ജില്ലാ സെക്രട്ടറിമാരായ പോണ്ടി, ടി മുരുകേശന്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവരും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി തിരുനാവുക്കര ശും ഈ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നു. നൂറുകണക്കിന് ദളിതരും ഒപ്പം മറ്റു ജനവിഭാഗങ്ങളുമാണ് ഓരോ സ്ഥലത്തും ഈ പോരാട്ടത്തില്‍ അണിനിരക്കുന്നത്.
ഒക്ടോബര്‍ 27ന് ചെന്നൈയില്‍ സെക്രട്ടേറിയറ്റിലേക്ക് ദളിതരുടെയും ജനാധിപത്യ വിശ്വാസികളായ മറ്റാളുകളുടെയും വമ്പിച്ച പ്രകടനം നടത്താന്‍ ടിഎന്‍യുഇഎഫ് തീരുമാനിച്ചു. ദളിതരുടെയും ഗിരിവര്‍ഗക്കാരുടെയും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായാണ് ഈ പ്രകടനം സംഘടിപ്പിക്കുന്നത്. അഴുക്കുചാലുകളിലെയും ഡ്രൈനേജ് പൈപ്പുകളിലെയും ടാങ്കുകളിലേയും ബ്ളോക്കുകള്‍ കൈകൊണ്ട് നീക്കംചെയ്യുക, മലമൂത്രാദി വിസര്‍ജ്ജനങ്ങള്‍ കൈകൊണ്ട് വാരി മാറ്റുക തുടങ്ങിയ അടിമ സമാനമായ ജോലികള്‍ അവരെക്കൊണ്ട് ചെയ്യിക്കുന്നത് അവസാനിപ്പിക്കണം എന്നതാണ് പ്രധാനമായ ആവശ്യം. പട്ടികജാതിക്കാര്‍ക്ക് 19 ശതമാനം സംവരണം ഉറപ്പാക്കുക, എല്ലാ ഒഴിവുകളും നികത്തുക; ദളിതര്‍ക്ക് കിടപ്പാടവും കൃഷിഭൂമിയും വിതരണംചെയ്യുകയും പട്ടയം നല്‍കുകയും ചെയ്യുക; പഞ്ചമി ഭൂമി വീണ്ടെടുക്കുക; സര്‍ക്കാര്‍ മുമ്പ് അംഗീകരിച്ചതനുസരിച്ച് ഓണ്ടി വീരന് (അരുന്ധതിയാര്‍ സമുദായത്തിന്റെ നേതാവ്) സ്മാരകം പണിയുക; സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്ക്വാട്ടയില്‍ എല്ലാ അരുന്ധതിയാര്‍ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുക; ജനസംഖ്യാനുപാതികമായി അതിന്റെ ശതമാനം വര്‍ദ്ധിപ്പിക്കുക എന്നിവയാണ്.
പി സമ്പത്ത് (തമിഴ്നാട് അയിത്ത നിര്‍മാര്‍ജന സമിതി സംസ്ഥാന കണ്‍വീനര്‍). ചിന്ത വാരിക
തമിഴ്നാട് അയിത്ത നിര്‍മാര്‍ജന മുന്നണിയുടെ രൂപീകരണത്തെ തുടര്‍ന്ന് ആ സംസ്ഥാനത്ത് അയിത്തത്തിനും ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങള്‍ പലമടങ്ങ് ശക്തിപ്രാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 6ന് വിരുദു നഗറില്‍ ചേര്‍ന്ന ഈ മുന്നണിയുടെ സംസ്ഥാനകമ്മിറ്റിയോഗം അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യുകയും പട്ടികജാതി-പട്ടികവര്‍ഗ സംവരണ വിഹിതത്തിനുള്ളില്‍നിന്ന് അരുന്ധതിയാര്‍ സമുദായത്തിന് ഉപവിഹിതം (ടൌയൂൌീമേ) മധുര ജില്ലയില്‍ ദളിതര്‍ക്കുനേരെ ഉയര്‍ത്തിയിരുന്ന ഉത്തപുരം അയിത്തഭിത്തി യുടെ ഒരു ഭാഗം തകര്‍ക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നടന്ന വിജയകരമായ പോരാട്ടങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുകയും ചെയ്തു. പല ജില്ലകളിലും ദളിതര്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് സര്‍വെ സംഘടിപ്പിക്കുന്നതിനും അയിത്തത്തിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുന്നതിനും ഉള്‍പ്പെടെ നിരവധി തീരുമാനങ്ങള്‍ ആ യോഗം കൈക്കൊണ്ടു.
ReplyDeleteആവേശകരവും മാതൃകാപരവുമായ മുന്നേറ്റം നാടത്തുന്നു എന്നതില്‍ അതിയായി സന്തോഷിക്കുന്നു. അഭിവാദ്യങ്ങള്‍ സുഹൃത്തെ..!!!
ReplyDeleteപ്രത്യഭിവാദ്യം ചിത്രകാരാ..ഇത്തരം മുന്നേറ്റങ്ങള്‍ വിജയത്തിലെത്തട്ടെ..
ReplyDeleteഎന്റെ പോസ്റ്റ് കണ്ടില്ലായിരുന്നോ..?
ReplyDeleteഇത്രയും വിശദമായി എഴുതിയില്ല എന്നേയുള്ളൂ.
തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ ദളിതരെ സവര്‍ണജാതിക്കാര്‍ ആക്രമിച്ചതായി ആരോപണം. താമരൈക്കുളം പ്രദേശത്താണ് ദളിതര്‍ക്കുനേരെ ആക്രമണമുണ്ടായത്. ഇവരുടെ വീടുകള്‍ കൊള്ളയടിച്ചതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണത്തില്‍ 10 ദളിതര്‍ക്ക് പരിക്കേറ്റു. 46 പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് സംഭവം. തിരുച്ചുഴിയില്‍ ദളിത് രാഷ്ട്രീയസംഘടനയായ വിടുതലൈ ചിരുതൈകള്‍ കച്ചിയുടെ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
ReplyDelete