Thursday, November 19, 2009

റഫറല്‍ സംവിധാനത്തെപ്പറ്റി അല്പം കൂടി

റഫറല്‍ സംവിധാനം പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താന്‍

സംസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തിയതും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടീസ് നിര്‍ത്തലാക്കിയതും ധൃതിപിടിച്ച് എടുത്ത തീരുമാനങ്ങളല്ല. റഫറല്‍ സമ്പ്രദായം 1982ല്‍ തന്നെ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ നിലവില്‍ വന്നതാണ്. 1996 മാര്‍ച്ചിലാണ് ഈ വിഷയങ്ങള്‍ സംബന്ധിച്ച ടി എന്‍ ജയചന്ദ്രന്‍ കമീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. 1995 ജൂലൈ അഞ്ചിന് അന്നത്തെ ആരോഗ്യമന്ത്രി വി എം സുധീരന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ കമീഷനെ നിയോഗിക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചു. അങ്ങനെ നിയോഗിച്ചതാണ് ജയചന്ദ്രന്‍ കമീഷനെ. ഈ കമീഷന്‍ എടുത്തുപറഞ്ഞ രണ്ട് കാര്യങ്ങളിലൊന്ന് ഘട്ടംഘട്ടമായി സ്വകാര്യ പ്രാക്ടീസ് നിരോധിക്കണമെന്നും ഇതിന്റെ ആദ്യഘട്ടമായി മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കണമെന്നുമാണ്. രണ്ടാമത്തേത് മെഡിക്കല്‍ കോളേജുകളില്‍ റഫറല്‍ സംവിധാനം കര്‍ശനമാക്കണമെന്ന്. 1998-2000ത്തില്‍ പി രാജു എംഎല്‍എ അധ്യക്ഷനായ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെപ്പറ്റി വിശദമായ പഠനം നടത്തി. ഈ സമിതി ഏകകണ്ഠമായി നല്‍കിയ ശുപാര്‍ശകളില്‍ രണ്ടെണ്ണം മേല്‍പറഞ്ഞവതന്നെ. മെഡിക്കല്‍ കോളേജുകളില്‍ നിയമസഭാ സമിതി ഒമ്പത് വര്‍ഷം മുമ്പ് ചൂണ്ടിക്കാട്ടിയതിനേക്കാള്‍ തിരക്ക് ഇന്നും അനുഭവപ്പെടുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം ഇപ്പോള്‍ 1650 ആണെങ്കിലും ശരാശരി രോഗികളുടെ എണ്ണം 2000 ആണ്. എസ്എടി ആശുപത്രിയില്‍ ഇത് യഥാക്രമം 850 ഉം 1200 ഉം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1550 കിടക്ക ആയപ്പോള്‍ ശരാശരി രോഗികളുടെ എണ്ണം 2200. കോട്ടയം മെഡിക്കല്‍ കോളേജില്‍ 1110 കിടക്കയും 1500-1600 രോഗികളും ആലപ്പുഴയില്‍ 1031 കിടക്കയും 1100-1200 രോഗികളും തൃശൂരില്‍ 1050 കിടക്കയും 1100-1200 രോഗികളുമാണ്. അതേസമയം മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന അഞ്ച് ജില്ലാ ആസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ജില്ല-ജനറല്‍ ആശുപത്രികളില്‍ കിടക്കകളുടെ എണ്ണത്തേക്കാള്‍ കുറവാണ് രോഗികള്‍. കോട്ടയം ജില്ലാ ആശുപത്രിയില്‍ കിടക്കയുടെ എണ്ണം 374 -അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍ 250-260. തൃശൂരില്‍ 240 ഉം 180ഉം കോഴിക്കോട് 550ഉം 350ഉം തിരുവനന്തപുരത്ത് 747ഉം 550ഉം ആലപ്പുഴയില്‍ 173ഉം 120ഉം. മെഡിക്കല്‍ കോളേജ് ഇല്ലാത്ത ജില്ലകളില്‍ തിരക്ക് കൂടുതലാണ്. ഇത് സൂചിപ്പിക്കുന്നത് നിയമസഭാ സമിതികളും മറ്റ് കമീഷനുകളും ചൂണ്ടിക്കാട്ടിയതുപോലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലോ താലൂക്ക്-ജില്ലാ ആശുപത്രികളിലോ ചികിത്സിക്കേണ്ടുന്ന കുറെയധികം കേസുകള്‍കൂടി മെഡിക്കല്‍ കോളേജുകളില്‍ എത്തുന്നുവെന്നും തന്മൂലം യഥാര്‍ഥത്തില്‍ വിദഗ്ധ ചികിത്സ ആവശ്യമായിവരുന്ന രോഗികള്‍ക്ക് വേണ്ടത്ര ശ്രദ്ധയും പരിചരണവും നല്‍കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്നുമാണ്.

അടിസ്ഥാന സൌകര്യങ്ങള്‍ വന്‍തോതില്‍ വികസിപ്പിച്ചും കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയുമാണ് സര്‍ക്കാര്‍ റഫറല്‍ സംവിധാനം കാര്യക്ഷമമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. വിപുലമായ മുന്നൊരുക്കം നടത്തി. സംസ്ഥാന-മെഡിക്കല്‍കോളേജ് തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. കുടുംബ ഡോക്ടര്‍ സാധാരണ നിലയിലുള്ള അസുഖങ്ങള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സ മതിയാകും. അടുത്ത ഘട്ടത്തില്‍ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ജില്ല-ജനറല്‍ ആശുപത്രികളിലും മെച്ചപ്പെട്ട ചികിത്സ ലഭിക്കും. എന്നാല്‍, അടിയന്തര വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന് ഇടത്തട്ടിലുള്ള ഡോക്ടര്‍മാര്‍ക്ക് ഏതെങ്കിലും ഘട്ടത്തില്‍ തോന്നുകയാണെങ്കില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് റഫര്‍ചെയ്യാം.

സാധാരണ രോഗങ്ങള്‍ക്കുപോലും സ്പെഷ്യലിസ്റ്റിനെ, കഴിയുമെങ്കില്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറെത്തന്നെ കാണിക്കാനാണ് പലര്‍ക്കും താല്‍പ്പര്യം. ടി എന്‍ ജയചന്ദ്രന്‍ കമീഷന്‍ കുടുംബ ഡോക്ടര്‍’ സമ്പ്രദായം നടപ്പില്‍വരുത്താന്‍ ശുപാര്‍ശചെയ്യുന്നു. ക്യൂബന്‍ മാതൃകയില്‍ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് പഞ്ചായത്തില്‍ ഒരു പദ്ധതി നടപ്പാക്കിത്തുടങ്ങി. പിഎച്ച്സിയിലെ ഡോക്ടര്‍ക്ക് ഗ്രാമത്തിലെ എല്ലാവരുടെയും കുടുംബ ഡോക്ടര്‍ ആവാനും വിദഗ്ധചികിത്സ വേണ്ടി വരുന്ന രോഗികളെ റഫര്‍ ചെയ്യാനും സാധിക്കും. ഈ മാതൃക വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.

ചികിത്സ നിഷേധിക്കില്ല

അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ക്കും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗങ്ങള്‍ക്കും മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ചികിത്സ തേടുന്നതിന് ഒരു നിയന്ത്രണവുമുണ്ടാകില്ല. അത്യാവശ്യക്കാര്‍ക്ക് ഏത് സമയത്തും മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ ലഭിക്കും. അവിടെ നിന്നും ബന്ധപ്പെട്ട സ്പെഷ്യാലിറ്റികളിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രി അധികൃതര്‍ റഫര്‍ചെയ്യുന്ന നിലവിലുള്ള രീതിയില്‍ ഒരു മാറ്റവും വരുത്തില്ല. മറ്റ് ഒപി വിഭാഗങ്ങളില്‍ പെരിഫറല്‍ ആശുപത്രികളില്‍നിന്ന് റഫര്‍ചെയ്യുന്ന രോഗികള്‍ക്ക് ആയിരിക്കും മുന്‍ഗണന. ജില്ലാ താലൂക്ക് ആശുപത്രികളില്‍നിന്നു മാത്രമേ റഫര്‍ ചെയ്യാവൂ എന്ന നിബന്ധനയില്ല.

ബദല്‍ സംവിധാനം ശക്തമാണ്

റഫറല്‍ സംവിധാനം കര്‍ശനമായി നടപ്പാക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പിനു കീഴിലുളള മറ്റ് ആശുപത്രികളില്‍ മതിയായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാ ജില്ല-ജനറല്‍ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരുണ്ട്. ഇതിനു പുറമെ സ്പെഷ്യാലിറ്റി കേഡര്‍ നടപ്പാക്കുന്നതോടെ കൂടുതല്‍ സ്പെഷ്യലിസ്റ്റുകളുടെ സേവനവും ലഭ്യമാക്കും. സംസ്ഥാനത്താകെ 44.81 കോടി രൂപയ്ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. 115 സിഎച്ച്സികളുടെ അടിസ്ഥാന സൌകര്യം ദേശീയ പൊതുജനാരോഗ്യ മാനദണ്ഡമനുസരിച്ചുള്ള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് 97 ആശുപത്രികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 19 ആശുപത്രികളില്‍ ദേശീയ നിലവാരത്തില്‍ അക്രഡിറ്റേഷന്‍ നേടുന്നതിനുള്ള തയ്യാറെടുപ്പിലാണ്. മൂന്നു വര്‍ഷം മുമ്പുവരെ ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമമായിരുന്നു. ഏതാണ്ട് 40 ശതമാനത്തിലേറെ ഡോക്ടര്‍മാര്‍ കുറവ്. അനധികൃതമായി അവധിയെടുത്ത ഡോക്ടര്‍മാരുടെ കൃത്യമായ കണക്കുണ്ടായിരുന്നില്ല. ഡോക്ടര്‍മാരുടെ പ്രൊമോഷന്‍ മുടങ്ങിക്കിടന്നു. ഈ അവസ്ഥ മാറ്റി. അനധികൃതമായി മുങ്ങുന്നവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചു. പകരം ഡോക്ടര്‍മാരെ നിയമിച്ചു. പിഎസ്സി നിയമനം ത്വരിതപ്പെടുത്തി. ഇപ്പോള്‍ തസ്തികകളില്‍ 95 ശതമാനത്തിലും ഡോക്ടര്‍മാരുണ്ട്. കൂടാതെ നിര്‍ബന്ധിത ഗ്രാമീണ സേവനത്തിലൂടെ ഓരോ വര്‍ഷവും ആയിരത്തോളം ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി. നേഴ്സുമാരുടെ ഒഴിവുകള്‍ നികത്തിയതിനു പുറമെ 1245 നേഴ്സുമാരെ ബോണ്ട് വ്യവസ്ഥയിലും 640 നേഴ്സുമാരെ കരാര്‍വ്യവസ്ഥയിലും നിയമിച്ചു.

യുഡിഎഫ് തുടങ്ങിയത്

1982ല്‍ തുടങ്ങിയ റഫറല്‍ സംവിധാനം പിന്നീട് നിലച്ചുപോയതിനെത്തുടര്‍ന്ന് ഇത് ശക്തിപ്പെടുത്താന്‍ 2004ല്‍ തന്നെ യുഡിഎഫ് ഭരണകാലത്ത് ഡോ. ബലരാമന്‍നായര്‍ ചെയര്‍മാനായി നിയോഗിച്ച കമീഷനും റഫറല്‍ സംവിധാനം കര്‍ശനമായും നടപ്പാക്കണമെന്നും അതിനായി പെരിഫറല്‍ ആശുപത്രികള്‍ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഒന്നും നടന്നില്ല. ഈ സര്‍ക്കാര്‍ ചെയ്തത് കഴിഞ്ഞ മൂന്നു വര്‍ഷത്തെ നിരന്തരമായ ഇടപെടലുകളിലൂടെയും ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ പിഎച്ച്സി മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളെ ഈ സര്‍ക്കാര്‍ പൂര്‍ണതോതില്‍ സജ്ജമാക്കി. സ്പെഷ്യാലിറ്റി കേഡര്‍ നടപ്പാക്കാന്‍ 1995ല്‍ തീരുമാനമെടുത്തതാണെങ്കിലും പ്രാവര്‍ത്തികമാക്കിയില്ല. സ്പെഷ്യാലിറ്റി-അഡ്മിനിസ്ട്രേറ്റീവ് കാഡര്‍ നടപ്പാക്കുന്നതിന് ഈ സര്‍ക്കാര്‍ 66 തസ്തിക പുതുതായി സൃഷ്ടിച്ചു. ഈ ഡിസംബറില്‍ ജില്ല-ജനറല്‍-താലൂക്ക് ആശുപത്രികളില്‍ പൂര്‍ണതോതില്‍ സ്പെഷ്യാലിറ്റി-അഡ്മിനിസ്ട്രേറ്റീവ് കാഡര്‍ നടപ്പാക്കും. അഞ്ച് മെഡിക്കല്‍ കോളേജും മികവിന്റെ കേന്ദ്രങ്ങളാവുകയാണ്. അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലായാലും അത്യാധുനിക ഉപകരണങ്ങളുടെ കാര്യത്തിലായാലും ഏറെ പിറകിലായിരുന്നെന്ന പഴയ സ്ഥിതി മാറിവരികയാണ്. കോഴിക്കോട്ടും തൃശൂരിലും എംആര്‍ഐ സ്കാനിങ് മെഷീന്‍ സ്ഥാപിച്ചു. മറ്റ് മൂന്ന് മെഡിക്കല്‍ കോളേജിലും ഡിസംബറിനകം സ്ഥാപിക്കും. അഞ്ച് മെഡിക്കല്‍ കോളേജിലുമായി ഏതാണ്ട് 70 കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങളാണ് മൂന്ന് വര്‍ഷത്തിനകം വാങ്ങിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 120 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട്ട് ഐഎംസിഎച്ചില്‍ 50 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

അധ്യാപകക്ഷാമം മിക്കവാറും പരിഹരിച്ചു. എന്‍ട്രി കാഡറുകളിലെ ഒഴിവുകള്‍ യഥാസമയം പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുന്നു. മൂന്ന് വര്‍ഷത്തിനിടയില്‍ 680 പേര്‍ക്ക് പ്രൊമോഷന്‍ നല്‍കി. മെഡിക്കല്‍ കൌസിലിന്റെ മാനദണ്ഡങ്ങളനുസരിച്ച് 450 ജൂനിയര്‍ റസിഡന്റുമാരുടെ 24 മണിക്കൂര്‍ സേവനം ഉറപ്പുവരുത്തി. കൂടാതെ സീനിയര്‍ റസിഡന്റുമാരുടെ 241 തസ്തിക സൃഷ്ടിച്ചു. അക്കാദമിക് നിലവാരം ഉയര്‍ത്തുകയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആരോഗ്യ സര്‍വകലാശാല സ്ഥാപിക്കുകയാണ്. ആരോഗ്യ-ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള ഈ പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും പിന്തുണ അഭ്യര്‍ഥിക്കുകയാണ്. പ്രായോഗികമായി വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ഏത് ഭാഗത്തുനിന്നു വന്നാലും സ്വീകരിക്കാന്‍ സദാ സന്നദ്ധമാണ്. ഭാവികേരളത്തിന്റെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുന്ന ഈ മാറ്റങ്ങളെ എല്ലാവിഭാഗം ജനങ്ങളും ഏക മനസ്സോടെ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസവും എനിക്കുണ്ട്.

പി കെ ശ്രീമതി ദേശാഭിമാനി 191109

2 comments:

  1. സംസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തിയതും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടീസ് നിര്‍ത്തലാക്കിയതും ധൃതിപിടിച്ച് എടുത്ത തീരുമാനങ്ങളല്ല. റഫറല്‍ സമ്പ്രദായം 1982ല്‍ തന്നെ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ നിലവില്‍ വന്നതാണ്. 1996 മാര്‍ച്ചിലാണ് ഈ വിഷയങ്ങള്‍ സംബന്ധിച്ച ടി എന്‍ ജയചന്ദ്രന്‍ കമീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. 1995 ജൂലൈ അഞ്ചിന് അന്നത്തെ ആരോഗ്യമന്ത്രി വി എം സുധീരന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ കമീഷനെ നിയോഗിക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചു. അങ്ങനെ നിയോഗിച്ചതാണ് ജയചന്ദ്രന്‍ കമീഷനെ. ഈ കമീഷന്‍ എടുത്തുപറഞ്ഞ രണ്ട് കാര്യങ്ങളിലൊന്ന് ഘട്ടംഘട്ടമായി സ്വകാര്യ പ്രാക്ടീസ് നിരോധിക്കണമെന്നും ഇതിന്റെ ആദ്യഘട്ടമായി മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കണമെന്നുമാണ്. രണ്ടാമത്തേത് മെഡിക്കല്‍ കോളേജുകളില്‍ റഫറല്‍ സംവിധാനം കര്‍ശനമാക്കണമെന്ന്. 1998-2000ത്തില്‍ പി രാജു എംഎല്‍എ അധ്യക്ഷനായ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെപ്പറ്റി വിശദമായ പഠനം നടത്തി. ഈ സമിതി ഏകകണ്ഠമായി നല്‍കിയ ശുപാര്‍ശകളില്‍ രണ്ടെണ്ണം മേല്‍പറഞ്ഞവതന്നെ. മെഡിക്കല്‍ കോളേജുകളില്‍ നിയമസഭാ സമിതി ഒമ്പത് വര്‍ഷം മുമ്പ് ചൂണ്ടിക്കാട്ടിയതിനേക്കാള്‍ തിരക്ക് ഇന്നും അനുഭവപ്പെടുന്നു.

    ReplyDelete
  2. തീര്‍ച്ചയായും റഫറല്‍ സംവിധാനം അനുപേക്ഷണീയമാണ്. എന്നാല്‍ ഇതിനോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ഗ്രാമീണ ആശുപത്രികള്‍ കെട്ടിപ്പടുക്കുകയും അവിടെ ആധുനിക ചികിത്സാ സൌകര്യങ്ങള്‍ എര്‍പ്പെടുത്തുകയും വേണം. ഇപ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ വന്‍തിരക്ക് അനുഭവപെടുന്നുണ്ട്. ഇപ്പോഴത്തെ പരിഷ്ക്കാരം സ്വകാര്യ ആശുപത്രികള്‍ക്ക് പണം വാരാന്‍ അവസരമുണ്ടാക്കാനുള്ള ഗൂഢാലോചനയാണെന്ന് എതിര്‍ ചേരിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അത് വാസ്തവമല്ലെന്നു തെളിയിക്കണമെങ്കില്‍ ഗ്രാമീണാ‍ശുപത്രികളിലെ വിദഗ്ദ്ധഡോക്ടറന്മാരുടെ എണ്ണവും സൌകര്യങ്ങളും വര്‍ദ്ധിപ്പിക്കുകയും അത്യാവശ്യ സമയത്തും കാലത്തും ചികിത്സ ലഭിക്കത്തക്കവണ്ണം ചികിത്സാ സമയം ദീര്‍ഘിപ്പിക്കുകയും വേണം.

    ReplyDelete