Friday, November 6, 2009

കേന്ദ്രസഹായം തറവാട്ടുസ്വത്തോ?

ആന്റണി ഫെഡറലിസത്തെ വെല്ലുവിളിക്കുന്നു: ഐസക്

ആലപ്പുഴ: കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ കേരളം വീഴ്ച വരുത്തിയെന്നും സംസ്ഥാനത്തിനുള്ള സഹായം മറ്റ് ഏജന്‍സികള്‍ മുഖേന ചെലവഴിക്കും എന്നുമുള്ള കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അഭിപ്രായം ഫെഡറലിസത്തിനെതിരായ വെല്ലുവിളിയാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

"കേന്ദ്രസഹായം ആന്റണിയുടെ തറവാട്ടു സ്വത്തല്ല. തെരഞ്ഞെടുപ്പു നടത്തിപ്പിന് കേന്ദ്രസേനയെ അയയ്ക്കുന്നതു പോലെയല്ല ഇത്. കേരളത്തിന് അര്‍ഹമായതു മറ്റ് ഏജന്‍സികള്‍വഴി നല്‍കിയാല്‍ എങ്ങനെ നേരിടണമെന്ന് സംസ്ഥാന സര്‍ക്കാരിനു നന്നായി അറിയാം''-

ആലപ്പുഴ പ്രസ്ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ ഐസക് പറഞ്ഞു.

കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കേരളം നടത്തുന്നത്. അതേസമയം ആന്റണി മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച വരുത്തി. ഇതു മറച്ചുവച്ചാണ് ആന്റണി എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് ഐസക് പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം പൂര്‍ണമായും കേന്ദ്രവിഹിതം ചെലവഴിക്കേണ്ട പദ്ധതികള്‍ക്ക് കേന്ദ്രം 623 കോടിരൂപ തന്നു. എന്നാല്‍ കേരളം ചെലവഴിച്ചത് 849 കോടിയാണ്. 136 ശതമാനമാണ് കേരളം ചെലവിട്ടത്. മറ്റുരൂപത്തിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് കഴിഞ്ഞവര്‍ഷം തന്ന 299 കോടിയില്‍ 281 കോടിയും ചെലവിട്ടു. 97 ശതമാനം. അതേസമയം, വിവിധ ഏജന്‍സികള്‍ മുഖേന ലഭിച്ച 1,560 കോടി രൂപയില്‍ 738 കോടി മാത്രമെ ചെലവിട്ടുള്ളു. എസ്ജിആര്‍വൈ, ഐഎഎഫ് പദ്ധതിയില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 78 ശതമാനം ചെലവിട്ട സ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടം 88 ശതമാനമാണ്. മറ്റു കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ അഞ്ചുവര്‍ഷം യുഡിഎഫ് ചെലവിട്ടത് 36 ശതമാനമായിരുന്നെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 55 ശതമാനം ചെലവിട്ടു. തൊഴിലുറപ്പു പദ്ധതിയില്‍ യുഡിഎഫിന്റെ നേട്ടം പൂജ്യമാണ്. ആ സ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ 65 ശതമാനം ചെലവിട്ടു. കുട്ടനാട് പാക്കേജില്‍ കേന്ദ്രം ഇതുവരെ തന്നത് നാലരക്കോടി രൂപ മാത്രം. സംസ്ഥാന സര്‍ക്കാര്‍ ഇതിനകം 225 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. ഈ പാക്കേജനുസരിച്ച് സംസ്ഥാനം സ്കീമുകള്‍ സമര്‍പ്പിച്ചാല്‍ കേന്ദ്രം പത്തു ശതമാനം തുക മാത്രമാണ് നല്‍കുന്നത്. ബാക്കി 90 ശതമാനവും സംസ്ഥാനം വഹിക്കണം. യഥാര്‍ഥത്തില്‍ കുട്ടനാട് പാക്കേജ് യുഡിഎഫിന് കുറ്റപത്രമാകുകയാണ്. സുനാമി പുനരധിവാസ പദ്ധതികള്‍ക്ക് കേന്ദ്രം അനുവദിച്ച തുകയ്ക്കു പുറമെ എല്‍ഡിഎഫ് സര്‍ക്കാര്‍ 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 3,000 കോടി രൂപയുടെ സുനാമി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം ഈയിനത്തില്‍ സംസ്ഥാനത്തെ സഹായിച്ചില്ലെങ്കിലും കേരളത്തിന് ബജറ്റ് തുക ഉപയോഗിച്ച് സുനാമി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നും ഐസക് പറഞ്ഞു.

ദേശാഭിമാനി 06-11-2009

2 comments:

  1. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ കേരളം വീഴ്ച വരുത്തിയെന്നും സംസ്ഥാനത്തിനുള്ള സഹായം മറ്റ് ഏജന്‍സികള്‍ മുഖേന ചെലവഴിക്കും എന്നുമുള്ള കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അഭിപ്രായം ഫെഡറലിസത്തിനെതിരായ വെല്ലുവിളിയാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

    "കേന്ദ്രസഹായം ആന്റണിയുടെ തറവാട്ടു സ്വത്തല്ല. തെരഞ്ഞെടുപ്പു നടത്തിപ്പിന് കേന്ദ്രസേനയെ അയയ്ക്കുന്നതു പോലെയല്ല ഇത്. കേരളത്തിന് അര്‍ഹമായതു മറ്റ് ഏജന്‍സികള്‍വഴി നല്‍കിയാല്‍ എങ്ങനെ നേരിടണമെന്ന് സംസ്ഥാന സര്‍ക്കാരിനു നന്നായി അറിയാം''-

    ആലപ്പുഴ പ്രസ്ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ ഐസക് പറഞ്ഞു.

    ReplyDelete