Thursday, November 12, 2009

മഹാരാഷ്ട്രയിലെ അരാജകത്വം

മഹാരാഷ്ട്ര നിയമസഭയില്‍ അരങ്ങേറിയ അരാജകപ്രവണതകളും അതിനെ തുടര്‍ന്ന് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകളും രാജ്യത്തിന്റെ ഗൌരവമായ ഇടപെടല്‍ ആവശ്യപ്പെടുന്നതാണ്. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിനാണ് സമാജ്‌വാദി പാര്‍ടി നേതാവ് അബു ആസ്മിയെ മഹാരാഷ്ട്ര നവനിര്‍മാ സേനയുടെ നിയമസഭാംഗങ്ങള്‍ ആക്രമിച്ചത്. മഹാരാഷ്ട്രയില്‍ മറാത്തി മാത്രം മതിയെന്നാണ് ഇവരുടെ നിലപാട്. കോണ്‍ഗ്രസ് സാമാജികയായ മലയാളി ആനി പോലും വളരെ കഷ്ടപ്പെട്ട് മറാത്തിയിലാണ് പ്രതിജ്ഞയെടുത്തതത്രേ. മറ്റു ഭാഷകളില്‍ സത്യപ്രതിജ്ഞ ചെയ്യുന്നവരെ കൈകാര്യം ചെയ്യുമെന്ന് എംഎന്‍എസിന്റെ തലവന്‍ രാജ്‌താക്കറേ മുന്‍കൂട്ടി ഭീഷണിപ്പെടുത്തിയിരുന്നു. അതില്‍ ഭയന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാരുള്‍പ്പെടെ ചിലര്‍ മറാത്തിയില്‍ പ്രതിജ്ഞയെടുത്തത്. ഒരു തരത്തിലുള്ള പാര്‍ലമെന്ററി മര്യാദകളും പാലിക്കാതെയുള്ള പെരുമാറ്റമാണ് എംഎന്‍എസിന്റെ ഭാഗത്തുനിന്നുണ്ടായത്. സമാധാനശ്രമത്തിനായി ചെന്ന വനിതാ എംഎല്‍എയെ പോലും ഈ സംഘം വെറുതെവിട്ടില്ല. പ്രശ്നത്തിന്റെ ഗൌരവം തിരിച്ചറിഞ്ഞ് സഭ അസാധാരണമായ നടപടി സ്വീകരിച്ച് ഉയര്‍ന്ന ഉത്തരവാദിത്തബോധം പ്രകടിപ്പിച്ചു. നാലുവര്‍ഷത്തേക്ക് പ്രശ്നക്കാരായ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത നടപടി അതാണ് കാണിക്കുന്നത്.

ഭാഷാവിരുദ്ധവികാരം ഇളക്കിവിട്ട് തങ്ങളുടെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്തുന്നതിനാണ് എംഎന്‍എസ് ശ്രമിക്കുന്നത്. ഒരുകാലത്ത് ശിവസേന കാണിച്ചുകൊടുത്ത വഴിയിലൂടെയാണ് അവരുടെ പുതിയ രൂപവും സഞ്ചരിക്കുന്നത്. ശിവസേന തെക്കേ ഇന്ത്യക്കാര്‍ക്കെതിരായാണ് കലാപം അഴിച്ചുവിട്ടതെങ്കില്‍ എംഎന്‍എസ് മറാത്തികളല്ലാത്ത ആരെയും വിടുന്നില്ല. മഹാരാഷ്ട്ര മറാത്തികള്‍ക്കുള്ളതാണെന്നതാണ് അവരുടെ മുദ്രാവാക്യം. എംഎന്‍എസിന്റെ നടപടികളെ ന്യായീകരിച്ച് ശിവസേനാതലവന്‍ ബാല്‍ താക്കറെ രംഗത്തുവന്നത് തങ്ങളുടെ രാഷ്ട്രീയ അടിത്തറയില്‍ വിള്ളല്‍ സംഭവിച്ചെന്ന് മനസ്സിലാക്കിയാണ്. തന്റെ പാര്‍ടിക്കാരുടെ കൈയിലാണ് പെട്ടിരുന്നെങ്കില്‍ അസ്മിയെ തന്തൂരിയാക്കുമായിരുന്നെന്നാണ് താക്കറെ ശിവസേനയുടെ മുഖപത്രത്തിന്റെ എഡിറ്റോറിയലില്‍ എഴുതിയത്. അസ്മിയെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും ശിവസേന മുഴക്കിയിട്ടുണ്ട്. ഇന്ത്യയുടെ വ്യവസായതലസ്ഥാനത്തിന്റെ ഈ അരാജകാവസ്ഥ ഭീതിജനകമാണ്. എന്നാല്‍, ഇതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കി കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ശക്തമാണ്. ബിജെപി ശിവസേന സഖ്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന എംഎന്‍എസ് ശക്തിപ്പെടുന്നെങ്കില്‍ ആയിക്കോട്ടെയെന്ന ഒരു പരോക്ഷ പിന്തുണ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുണ്ടെന്നതാണ് യാഥാര്‍ഥ്യം. കുഴപ്പക്കാരായ സേനാംഗങ്ങള്‍ക്കെതിരെ നിയമനടപടികള്‍ എടുക്കുന്നതിന് സര്‍ക്കാര്‍ മടികാണിക്കുന്നു. നാനാത്വത്തില്‍ ഏകത്വം എന്നത് സവിശേഷതയായ രാജ്യത്ത് ഇത്തരം നടപടികള്‍ ഒരുതരത്തിലും അനുവദിക്കാന്‍ കഴിയുന്നതല്ല.

ജാതീയ, വംശീയ, ഭാഷാവികാരങ്ങള്‍ ഇളക്കിവിട്ട് ജനത്തെ ഭിന്നിപ്പിക്കുകയും അതുപയോഗിച്ച് വര്‍ഗീയമായി ഒന്നിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ബിജെപി കുറെക്കാലമായി പ്രയോഗിച്ചുവരുന്നത്. ആ രാഷ്ട്രീയനീക്കം തിരിച്ചടി നേരിടുന്ന കാലത്താണ് കുടുതല്‍ പ്രാകൃതമായ രീതിയില്‍ എംഎന്‍എസും മറ്റും രംഗത്തുവരുന്നത്. താല്‍ക്കാലികമായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രശ്നത്തെ കാണാതെ രാജ്യതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് രാഷ്ട്രീയസമൂഹവും പൌരസമൂഹവും ഇടപെടേണ്ടതുണ്ട്. ഒരു ഭാഷയും ആരുടെയുംമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും കുതിച്ചുചാട്ടം അതിരുകളെ കുറച്ചുകൊണ്ടുവരുന്ന ഒരു കാലത്ത് ഇത്തരം അരാജകപ്രവണതകള്‍ വച്ചുപൊറുപ്പിക്കാന്‍ പാടില്ല. ഈ കാഴ്ചപ്പാടോടെ പ്രശ്നം കൈകാര്യംചെയ്യുന്നതിന് മഹാരാഷ്ട്ര സര്‍ക്കാരിനു കഴിയണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 121109

1 comment:

  1. ജാതീയ, വംശീയ, ഭാഷാവികാരങ്ങള്‍ ഇളക്കിവിട്ട് ജനത്തെ ഭിന്നിപ്പിക്കുകയും അതുപയോഗിച്ച് വര്‍ഗീയമായി ഒന്നിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ബിജെപി കുറെക്കാലമായി പ്രയോഗിച്ചുവരുന്നത്. ആ രാഷ്ട്രീയനീക്കം തിരിച്ചടി നേരിടുന്ന കാലത്താണ് കുടുതല്‍ പ്രാകൃതമായ രീതിയില്‍ എംഎന്‍എസും മറ്റും രംഗത്തുവരുന്നത്. താല്‍ക്കാലികമായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രശ്നത്തെ കാണാതെ രാജ്യതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് രാഷ്ട്രീയസമൂഹവും പൌരസമൂഹവും ഇടപെടേണ്ടതുണ്ട്. ഒരു ഭാഷയും ആരുടെയുംമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും കുതിച്ചുചാട്ടം അതിരുകളെ കുറച്ചുകൊണ്ടുവരുന്ന ഒരു കാലത്ത് ഇത്തരം അരാജകപ്രവണതകള്‍ വച്ചുപൊറുപ്പിക്കാന്‍ പാടില്ല. ഈ കാഴ്ചപ്പാടോടെ പ്രശ്നം കൈകാര്യംചെയ്യുന്നതിന് മഹാരാഷ്ട്ര സര്‍ക്കാരിനു കഴിയണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്.

    ReplyDelete