Thursday, November 26, 2009

26/11 കവിതയുടെ ചോദ്യങ്ങള്‍ ബാക്കി

ജന്‍പഥിലെ പത്താംനമ്പര്‍ വസതിയില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിറങ്ങുമ്പോഴും നിരാശ നിഴലിട്ട മുഖഭാവമായിരുന്നു കവിത കാര്‍ക്കറെയുടേത്. മുംബൈയില്‍ ഭീകരരുടെ വെടിയേറ്റ് ഭര്‍ത്താവ് ഹേമന്ത് കാര്‍ക്കറെ മരണമടഞ്ഞ് ഒരു വര്‍ഷം തികഞ്ഞിട്ടും മരണത്തിനു പിന്നിലെ ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് കവിത. ഇതുവരെയായിട്ടും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍മാത്രമാണ് ഇവരുടെ മുന്നില്‍ ബാക്കിയാവുന്നത്.

മുംബൈയിലെ കാമ ആശുപത്രിക്കു മുന്നില്‍വച്ചാണ് മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കാര്‍ക്കറെയും പൊലീസ് അഡീഷണല്‍ കമീഷണര്‍ അശോക് കാംതെയും ഇന്‍സ്പെക്ടര്‍ വിജയ് സാലസ്കറും ഭീകരരുടെ വെടിയേറ്റു വീണത്. ആശുപത്രിക്കുള്ളില്‍ കയറിയ ഭീകരരെ കുടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മൂന്നുപേരും കൊല്ലപ്പെട്ടത്. ഹേമന്ത് കാര്‍ക്കറെ അശ്രദ്ധമായി നടത്തിയ നീക്കമാണ് മൂന്നുപേരുടെയും മരണത്തില്‍ കലാശിച്ചതെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം.

എന്നാല്‍, കവിതയ്ക്ക് മറ്റുചില കാര്യങ്ങള്‍ പറയാനുണ്ട്.

ഭീകരര്‍ കയറിയ കാമ ആശുപത്രിക്കു മുന്നില്‍ 40 മിനിറ്റോളം ഹേമന്തും സഹപ്രവര്‍ത്തകരുമുണ്ടായിരുന്നു. ഈ സമയം കൂടുതല്‍ പൊലീസിനെ അയക്കാന്‍ കാര്‍ക്കറെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് എത്തിയില്ല. ഭീകരരുടെ വെടിയേറ്റു വീണ് 40 മിനിറ്റോളം കഴിഞ്ഞുമാത്രമാണ് കാര്‍ക്കറെയെയും കൂട്ടരെയും ആശുപത്രിയിലെത്തിച്ചത്. മാത്രമല്ല ഏറ്റുമുട്ടല്‍സമയത്ത് കാര്‍ക്കറെ ധരിച്ചിരുന്ന ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. വിവരാവകാശ നിയമപ്രകാരം കവിത നല്‍കിയ അപേക്ഷയ്ക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടി ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് കാണാനില്ലെന്നാണ്. എങ്ങനെ കാണാതായി എന്ന് വിശദീകരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നുമില്ല.

പൊലീസിന് നല്‍കുന്ന ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് തീരെ നിലവാരം കുറഞ്ഞതാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കാര്‍ക്കറെയുടെ ജാക്കറ്റ് അപ്രത്യക്ഷമായത് ഈ സാഹചര്യത്തിലാണെന്നു കരുതപ്പെടുന്നു. പൊലീസിന് നിലവാരമുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍, ആധുനിക ആയുധങ്ങള്‍ തുടങ്ങിയ ആവശ്യങ്ങളാണ് കവിതയും കൊല്ലപ്പെട്ട മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ വിധവകളും മുന്നോട്ടുവയ്ക്കുന്നത്. ഈ ആവശ്യം നേടുന്നതുവരെ തന്റെ പോരാട്ടം തുടരുമെന്ന് കവിത പറയുന്നു. ഹേമന്തിന്റെ മരണത്തില്‍ ദുരൂഹതകള്‍ പിന്നെയുമുണ്ട്. മലേഗാവ് സ്ഫോടനം ആസൂത്രണംചെയ്ത ഹൈന്ദവ ഭീകരസംഘടനകളുടെ പ്രവര്‍ത്തകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നത് ഹേമന്തായിരുന്നു. സംഘപരിവാറുമായി അടുപ്പമുള്ള പലരെയും ജയിലിലടച്ചതിന്റെ പേരില്‍ ഹേമന്തിന് ശത്രുക്കള്‍ ഏറെയായിരുന്നു. ഹേമന്ത് കൊല്ലപ്പെട്ടതിനു പിന്നിലെ ദുരൂഹതകള്‍ നീക്കാനുള്ള കവിതയുടെ ശ്രമങ്ങള്‍ക്ക് പിന്നില്‍ ഈ പശ്ചാത്തലവും കൂടിയുണ്ട്.

നടുക്കം മാറാതെ മുംബൈ; സുരക്ഷ ഇനിയും അകലെ

മുംബൈയിലേതുപോലെ ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ ചെറുക്കാന്‍ ഇന്ത്യക്കാവുമോ?

മുംബൈ നഗരത്തെയും രാജ്യത്തെയും നടുക്കിയ ഭീകരാക്രമണമുണ്ടായി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യമാണിത്. 2008 നവംബര്‍ 26ന് കടല്‍മാര്‍ഗം മുംബൈ തീരത്തെത്തി ആറോളം കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയ ഭീകരര്‍ നാലു ദിവസമാണ് രാജ്യത്തെ മുന്‍നിര കമാന്‍ഡോകളുമായി ഏറ്റുമുട്ടിയത്. ഭാവിയില്‍ ഇത്തരം ആക്രമണങ്ങളുണ്ടാകാത്ത വിധം സുരക്ഷ ശക്തിപ്പെടുത്തുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും സുരക്ഷയുടെ കാര്യത്തില്‍ നേരിയ പുരോഗതിപോലും കൈവന്നിട്ടില്ല. കടല്‍, കര, ആകാശ മാര്‍ഗങ്ങളിലൂടെയെല്ലാം ഭീകരര്‍ക്ക് അനായാസം വന്നുപോകാവുന്ന സാഹചര്യമാണ് ഇപ്പോഴും.

ഭീകരരുടെ യന്ത്രത്തോക്കുകള്‍ തീ തുപ്പിയ നാലു ദിവസംകൊണ്ട് പൊലിഞ്ഞത് 173 ജീവന്‍. കോടികളുടെ നാശനഷ്ടം. ആക്രമണത്തിന്റെ ഓര്‍മകളില്‍ മുംബൈ ഇപ്പോഴും നടുങ്ങുന്നു. ഇത്തരം ദുരന്തം ഒരിക്കലും ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുമ്പോഴും ജനങ്ങളുടെ ഭീതി അകലുന്നില്ല. സുരക്ഷയെചൊല്ലിയുള്ള ആശങ്കകള്‍ വര്‍ധിക്കുക തന്നെയാണ്. ലഷ്കര്‍ ഇ തോയ്ബ ഭീകരര്‍ തഹാവൂര്‍ ഹുസൈന്‍ റാണയും ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമൊക്കെ തടസ്സമില്ലാതെ രാജ്യത്ത് വന്നുപോയിട്ടും ഇന്ത്യന്‍ ഇന്റലിജന്‍സ് അറിഞ്ഞില്ല. അമേരിക്കയിലെ ഇന്ത്യയുടെ നയതന്ത്ര കാര്യാലയം തന്നെയാണ് ഇവര്‍ക്ക് വിസ അനുവദിച്ചത്. പൊലീസില്‍ അറിയിക്കണമെന്ന വ്യവസ്ഥപോലും ഒഴിവാക്കിയാണ് വിസ അനുവദിച്ചതും.

മുംബൈ ആക്രമണത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ചു രൂപീകരിച്ചതാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഹെഡ്ലി- റാണ കേസിന്റെ അന്വേഷണത്തിലാണ് എന്‍ഐഎ ഇപ്പോള്‍. അതാകട്ടെ എഫ്ബിഐയുടെ നേരിട്ടുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലും. ഇന്റലിജന്‍സ് കാര്യങ്ങളില്‍ അമേരിക്ക പറയുന്നതിന് പിറകെയാണ് ആഭ്യന്തരമന്ത്രാലയം. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സ് എന്നറിയപ്പെടുന്ന രാജ്യത്തെ മുന്‍നിര കമാന്‍ഡോസേനയുടെ ശേഷി വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഡല്‍ഹിക്കു പുറമെ നാലിടങ്ങളില്‍ എന്‍എസ്ജി കേന്ദ്രം തുറന്നിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും 250 കമാന്‍ഡോകളാണുള്ളത്. എന്‍എസ്ജിക്ക് വന്ന മാറ്റം ഇത്രമാത്രം. സേനാംഗങ്ങള്‍ക്ക് അത്യാധുനിക ആയുധങ്ങളും രാത്രികാഴ്ച സാധ്യമാക്കുന്ന ഉപകരണങ്ങളും ലഭ്യമാക്കണമെന്ന ആവശ്യമെല്ലാം കടലാസിലൊതുങ്ങി. ഭാരക്കുറവുള്ള ആധൂനിക ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ സൈന്യത്തിന് നല്‍കണമെന്ന നിര്‍ദേശവും ഫയലില്‍ ഉറങ്ങുകയാണ്.

രഹസ്യാന്വേഷണ വിവരങ്ങള്‍ കേന്ദ്രവും സംസ്ഥാനങ്ങളും വേഗത്തില്‍ കൈമാറുന്നതിന് മള്‍ട്ടി ഏജന്‍സികേന്ദ്രത്തിന് തുടക്കമിട്ടിരുന്നു. ഇതിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമായിട്ടില്ല. ഇന്റലിജന്‍സിലെ അംഗബലവും പരിമിതമാണ്. കടല്‍മാര്‍ഗം മറ്റൊരു അപ്രതീക്ഷിത ആക്രമണമുണ്ടായാല്‍ മുംബൈ ദുരന്തം ആവര്‍ത്തിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. തീരസംരക്ഷണ സേനയുടെ അവസ്ഥ പരിതാപകരമായി തുടരുകയാണ്. ആവശ്യത്തിന് യാനങ്ങളോ ആയുധങ്ങളോ ഇല്ല. തീരദേശത്ത് കൂടുതല്‍ പൊലീസ് സ്റ്റേഷനുകള്‍ എന്ന ആശയവും നടപ്പായിട്ടില്ല. വിവരശേഖരണത്തില്‍ മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിക്കാനുള്ള കേന്ദ്രനിര്‍ദേശം കേരളംപോലെ ചുരുക്കം സംസ്ഥാനങ്ങള്‍ മാത്രമാണ് നടപ്പാക്കിയത്.
(എം പ്രശാന്ത്)

ദേശാഭിമാനി 261109

2 comments:

  1. ജന്‍പഥിലെ പത്താംനമ്പര്‍ വസതിയില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിറങ്ങുമ്പോഴും നിരാശ നിഴലിട്ട മുഖഭാവമായിരുന്നു കവിത കാര്‍ക്കറെയുടേത്. മുംബൈയില്‍ ഭീകരരുടെ വെടിയേറ്റ് ഭര്‍ത്താവ് ഹേമന്ത് കാര്‍ക്കറെ മരണമടഞ്ഞ് ഒരു വര്‍ഷം തികഞ്ഞിട്ടും മരണത്തിനു പിന്നിലെ ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് കവിത. ഇതുവരെയായിട്ടും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍മാത്രമാണ് ഇവരുടെ മുന്നില്‍ ബാക്കിയാവുന്നത്.

    ReplyDelete
  2. എന്റെ ഭര്‍ത്താവും അശോക് കാംതെയും വിജയ് സലക്‌സറും കൊല്ലപ്പെട്ടു. പക്ഷെ 40 മിനിട്ടുകള്‍ അവരുടെ മൃതദേഹങ്ങള്‍ റോഡരികില്‍ കിടന്നു. ആ സമയത്ത് വെടിയേറ്റ ഭീകരരുടെ മൃതദേഹങ്ങളുമായി വാഹനങ്ങള്‍ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. ഒമ്പത് ഭീകരരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ രാജ്യം 22 കോടി ചെലവഴിച്ചു. പക്ഷെ എന്റെ ഭര്‍ത്താവിന്റെ ശരീരത്തിലുണ്ടായിരുന്ന ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് സൂക്ഷിക്കാന്‍ കഴിഞ്ഞില്ല.’- കാര്‍ക്കരെയുടെ ബുള്ളറ്റ്പ്രൂഫ് കാണാതായതിനെക്കുറിച്ച് കവിതാ കാര്‍ക്കരെയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു.

    ReplyDelete