Thursday, November 5, 2009

കേന്ദ്രസേനയുടെ വരവും വിവാദ വ്യവസായവും

രാജ്യവും ജനങ്ങളും നേരിടുന്ന ഗുരുതരമായ വിപത്തായി മാവോയിസ്റ്റ് ആക്രമണങ്ങള്‍ മാറിയിരിക്കുന്നു. ഭീകരമായ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോക്കും കൊലപാതകങ്ങളും പതിവാക്കിയ മാവോയിസ്റ്റ് ഭീകരത തീവണ്ടിയാത്രക്കാരെയടക്കം തട്ടിക്കൊണ്ടുപോകുന്നത്ര വളര്‍ന്നിരിക്കുന്നു. ആ മാവോയിസ്റ്റുകളെ നേരിടാന്‍ കേന്ദ്രസേനയെ അയക്കണമോ എന്ന കാര്യത്തില്‍ പരസ്പരം തര്‍ക്കിക്കുന്നവരാണ് ഇവിടെ മൂന്നു മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിടാന്‍ സേനയെ കൊണ്ടുവരാന്‍ ഉത്സാഹിക്കുന്നതും സേനയുടെ വരവിനെച്ചൊല്ലി വിവാദം നട്ടുവളര്‍ത്തുന്നതും. നക്സല്‍ഭീഷണിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കരസേനയും വ്യോമസേനയും ഇറങ്ങണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ആവശ്യപ്പെട്ടത്. പ്രതിരോധമന്ത്രി എ കെ ആന്റണിയും സൈനികമേധാവികളും ആ ആവശ്യം നിരാകരിച്ചു. നക്സല്‍വിരുദ്ധനീക്കംതന്നെ വേണ്ടതില്ലെന്ന് മന്‍മോഹന്‍ മന്ത്രിസഭയിലെ മറ്റൊരംഗം മമത ബാനര്‍ജി പറയുന്നു. ഇങ്ങനെ രാജ്യത്തിന്റെ സുപ്രധാന പ്രശ്നത്തില്‍ നിരപരാധികളുടെ ജീവന്‍ രക്ഷിക്കാനായി സേനയെ അയക്കാന്‍ വിസമ്മതിക്കുന്നവരാണ്, കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സേന വന്നേതീരൂ എന്ന് ശഠിക്കുന്നത് എന്നതിലെ വിരോധാഭാസം മതി കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനങ്ങളിലെ പരിഹാസ്യത ബോധ്യപ്പെടാന്‍.

കേരളം സാരമായ തെരഞ്ഞെടുപ്പതിക്രമങ്ങളോ ബൂത്തുപിടിത്തമോ ഉണ്ടായിട്ടുള്ള സംസ്ഥാനമല്ല. കണ്ണൂര്‍ മണ്ഡലമാണല്ലോ ചര്‍ച്ചകളില്‍ ഏറെ കടന്നുവരുന്നത്. കണ്ണൂരില്‍ ഇന്നുവരെ ഒരിടത്തും ബൂത്തുപിടിത്തം നടന്നതായി ആര്‍ക്കും പറയാനാകില്ല. വോട്ടെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളും അത്യസാധാരണമാണ്. എന്നിട്ടും, ഒരു തരത്തിലുള്ള ന്യായീകരണവുമില്ലാതെ കോണ്‍ഗ്രസ് നടത്തിയ കുപ്രചാരണത്തിന്റെ ഫലമായാണ് കേന്ദ്രസേനയെ നിയോഗിക്കാനുള്ള തീരുമാനത്തിലേക്ക് തെരഞ്ഞെടുപ്പു കമീഷന്‍ എത്തിയത്. കേരളത്തില്‍ പൊലീസ് ഇല്ലാത്തതുകൊണ്ടല്ല കേന്ദ്രസേന വരുന്നത്. കോണ്‍ഗ്രസ് ആരോപിക്കുന്നത് ഇവിടത്തെ പൊലീസ് ഭരണപക്ഷത്തെ സഹായിക്കുമെന്നാണ്. തിരിച്ചും അങ്ങനെ പറഞ്ഞുകൂടേ? കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരവും പ്രതിരോധമന്ത്രി ആന്റണിയും കോണ്‍ഗ്രസുകാരല്ലേ? അവരുടെ രാഷ്ട്രീയ ആവശ്യം നിറവേറ്റാനാണ് കേന്ദ്രസേനയെ കൊണ്ടുവരുന്നതെന്ന് ആരോപിച്ചാല്‍ എന്ത് മറുപടിയാണ് കോണ്‍ഗ്രസിന് പറയാനാവുക? അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധിയുടെ വിശ്വസ്ത ഉദ്യോഗസ്ഥ അനുയായിയായിരുന്ന നവീന്‍ ചൌള എന്ന ഇപ്പോഴത്തെ മുഖ്യതെരഞ്ഞെടുപ്പു കമീഷണറുടെ പ്രവൃത്തികള്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണെന്ന് ആരോപിച്ചുകൂടെ?

കേന്ദ്രസേനയല്ല, മൂന്നു സേനാവിഭാഗങ്ങളും വന്നാലും വോട്ടര്‍മാരെ തടയാനോ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് എന്തെങ്കിലും വിലക്കേര്‍പ്പെടുത്താനോ കഴിയില്ല. ക്രമസമാധാനച്ചുമതലയുള്ള സംസ്ഥാന പൊലീസിനാകട്ടെ, ഈ മൂന്നു മണ്ഡലത്തിലെയും ഏതു പ്രശ്നത്തെയും നേരിടാനുള്ള സന്നാഹങ്ങളുമുണ്ട്. സമ്മതിദായകര്‍ക്ക് നിര്‍ഭയം തടസ്സമില്ലാതെ വോട്ടുചെയ്യാനുള്ള അവസരമൊരുക്കുകയാണ് തെരഞ്ഞെടുപ്പുകാലത്തെ സുപ്രധാന കര്‍ത്തവ്യം. പൊലീസായാലും പട്ടാളമായാലും ആ ജോലിയാണ് നിര്‍വഹിക്കേണ്ടത്. അതിനപ്പുറമുള്ള ഒന്നും നടക്കില്ല. മുമ്പ് പലതെരഞ്ഞെടുപ്പിലും ഇതേപോലെ വ്യാജപ്രചാരണങ്ങളുയര്‍ത്തി കേന്ദ്രസേനയെ ഇറക്കിയിരുന്നു. അതിനെല്ലാം മുന്‍കൈയെടുത്തത് കോണ്‍ഗ്രസാണ്. എന്നാല്‍, ജനവിധി അട്ടിമറിക്കാനോ അതിനെ സ്വാധീനിക്കാനോ അത്തരം പടപ്പുറപ്പാടുകള്‍കൊണ്ട് ഒരിക്കലും കഴിഞ്ഞിട്ടില്ല- 2005ല്‍ കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പും അതില്‍ എല്‍ഡിഎഫ് നേടിയ അത്യുജ്വല വിജയവും അതിനുദാഹരണം.

കേന്ദ്രസേന എന്ന ആശയം കോണ്‍ഗ്രസ് എടുത്തിട്ടത്, ഇവിടത്തെ ക്രമസമാധാനസംവിധാനത്തെ അധിക്ഷേപിക്കുന്നതാണെന്നത് ഒരുവശം. ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയുമൊക്കെ മുഖ്യമന്ത്രിമാരായി നയിച്ച പൊലീസ് സേന തന്നെയാണ് ഇന്നും കേരളത്തിലുള്ളത്. ആ പൊലീസിന് മൂന്നു നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുമോ? അങ്ങനെ പറയുന്നില്ലെങ്കില്‍, വോട്ടര്‍മാരില്‍ ഭീതിജനിപ്പിച്ച് ബൂത്തുകളില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള ഒന്നാണ് കേന്ദ്രസേനയോടുള്ള പ്രണയമെന്നും അത് എല്‍ഡിഎഫിനെതിരായ രാഷ്ട്രീയതന്ത്രമാണെന്നുമാണ് വ്യക്തമാകുന്നത്. അതുകൊണ്ടാണ്, കേന്ദ്രസേന വന്നതുകൊണ്ട് ഇവിടെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. അങ്ങനെ പറയുന്നതിലെ പൊട്ടുംപൊടിയും ഉയര്‍ത്തി വിവാദമുണ്ടാക്കുന്നവരുടെ ഉദ്ദേശ്യവും രാഷ്ട്രീയംതന്നെ. സംസ്ഥാനസര്‍ക്കാരിന്റെ പരാജയമാണ് കേന്ദ്രസേനയെ അയക്കേണ്ടിവന്നതിനു കാരണമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞുകേട്ടു. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിന്റെ പരാജയഭീതിയാണ് കേന്ദ്രസേനയെ കൊണ്ടുവരാന്‍ പ്രേരണയായത്. ത്രിപുരയില്‍ പട്ടാളത്തെ ഇറക്കി തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണംപിടിച്ച പാരമ്പര്യമുള്ളവരാണ് കോണ്‍ഗ്രസ്. അവരുടെ മനസ്സില്‍ അത്തരം പല ചിന്തകളുമുണ്ടാകും. അത് നടപ്പാക്കാനുള്ള വിവാദ വ്യവസായത്തെ ജനങ്ങള്‍ പരമപുച്ഛത്തോടെയാണ് കാണുന്നതെന്ന് ഓര്‍ത്താല്‍ നന്ന്.

ദേശാഭിമാനി മുഖപ്രസംഗം 05-11-2009

1 comment:

  1. കേരളം സാരമായ തെരഞ്ഞെടുപ്പതിക്രമങ്ങളോ ബൂത്തുപിടിത്തമോ ഉണ്ടായിട്ടുള്ള സംസ്ഥാനമല്ല. കണ്ണൂര്‍ മണ്ഡലമാണല്ലോ ചര്‍ച്ചകളില്‍ ഏറെ കടന്നുവരുന്നത്. കണ്ണൂരില്‍ ഇന്നുവരെ ഒരിടത്തും ബൂത്തുപിടിത്തം നടന്നതായി ആര്‍ക്കും പറയാനാകില്ല. വോട്ടെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളും അത്യസാധാരണമാണ്. എന്നിട്ടും, ഒരു തരത്തിലുള്ള ന്യായീകരണവുമില്ലാതെ കോണ്‍ഗ്രസ് നടത്തിയ കുപ്രചാരണത്തിന്റെ ഫലമായാണ് കേന്ദ്രസേനയെ നിയോഗിക്കാനുള്ള തീരുമാനത്തിലേക്ക് തെരഞ്ഞെടുപ്പു കമീഷന്‍ എത്തിയത്. കേരളത്തില്‍ പൊലീസ് ഇല്ലാത്തതുകൊണ്ടല്ല കേന്ദ്രസേന വരുന്നത്. കോണ്‍ഗ്രസ് ആരോപിക്കുന്നത് ഇവിടത്തെ പൊലീസ് ഭരണപക്ഷത്തെ സഹായിക്കുമെന്നാണ്. തിരിച്ചും അങ്ങനെ പറഞ്ഞുകൂടേ? കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരവും പ്രതിരോധമന്ത്രി ആന്റണിയും കോണ്‍ഗ്രസുകാരല്ലേ? അവരുടെ രാഷ്ട്രീയ ആവശ്യം നിറവേറ്റാനാണ് കേന്ദ്രസേനയെ കൊണ്ടുവരുന്നതെന്ന് ആരോപിച്ചാല്‍ എന്ത് മറുപടിയാണ് കോണ്‍ഗ്രസിന് പറയാനാവുക? അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധിയുടെ വിശ്വസ്ത ഉദ്യോഗസ്ഥ അനുയായിയായിരുന്ന നവീന്‍ ചൌള എന്ന ഇപ്പോഴത്തെ മുഖ്യതെരഞ്ഞെടുപ്പു കമീഷണറുടെ പ്രവൃത്തികള്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണെന്ന് ആരോപിച്ചുകൂടെ?

    ReplyDelete