Tuesday, November 24, 2009

വാജ്പേയി, അദ്വാനി കുറ്റക്കാര്‍ - ലിബര്‍ഹാന്‍ കമീഷന്‍

ബാബറി മസ്ജിദ് തകര്‍ത്തതിന് പ്രധാന ഉത്തരവാദികള്‍ ബിജെപി നേതാക്കളായ എ ബി വാജ്പേയി, എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവരാണെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമീഷന്‍ കണ്ടെത്തി. സൂക്ഷ്മമായി ആസൂത്രണം ചെയ്താണ് മസ്ജിദ് തകര്‍ത്തതെന്നും കമീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. കമീഷന്‍ ഗവമെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് ചോര്‍ത്തി പുറത്തുവിട്ടത്. ആഭ്യന്തരപ്രശ്നങ്ങളില്‍ ആടിയുലയുന്ന ബിജെപിയെ കമീഷന്റെ കണ്ടെത്തല്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി. റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവം പാര്‍ലമെന്റിന്റെ ഇരു സഭയെയും സ്തംഭിപ്പിച്ചു. പെട്ടെന്നുണ്ടായ വികാരക്ഷോഭത്താല്‍ ജനങ്ങള്‍ മസ്ജിദ് തകര്‍ത്തതാണെന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും വാദം കമീഷന്‍ തള്ളി. അയോധ്യയിലേക്കും ഫൈസാബാദിലേക്കും വന്‍തോതില്‍ ഫണ്ട് ശേഖരിച്ച് എത്തിച്ചതും രാജ്യത്തുനിന്നാകെ കര്‍സേവകരെ സംഘടിപ്പിച്ചതും ആസൂത്രണത്തിന്റെ വ്യക്തമായ തെളിവാണ്. രാമക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപ ഈ നേതാക്കള്‍ പിരിച്ചു. ഇതില്‍നിന്ന് നല്ലൊരു ഭാഗം കര്‍സേവകര്‍ക്കുവേണ്ടി ചെലവഴിച്ചു. ബാക്കി തുക നേതാക്കളുടെ പേരില്‍ ബാങ്കിലിട്ടിരിക്കയാണ്.

അയോധ്യയില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് ബിജെപി നേതാക്കള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ഇതേക്കുറിച്ച് അവര്‍ അജ്ഞത നടിക്കുകയാണ്. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി, ഓള്‍ ഇന്ത്യ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി എന്നിവയുടെ നേതാക്കളെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്. കോടതിയിലും പുറത്തും മസ്ജിദ് പ്രശ്നം ശരിയായി കൈകാര്യം ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടു. പൊതുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെന്ന നിലയില്‍ വാജ്പേയി, അദ്വാനി, ജോഷി എന്നിവരെ സംഘപരിവാര്‍ ഉപയോഗിച്ചിട്ടുണ്ടാകാം. ആര്‍എസ്എസിന്റെ കൈയിലെ ഉപകരണങ്ങളായിരുന്നു ഇവര്‍. ഈ നേതാക്കള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാനാവില്ല. വോട്ടര്‍മാര്‍ക്ക് നല്‍കിയ പ്രതിജ്ഞ ഇവര്‍ ലംഘിച്ചു. ജനങ്ങളെ വൈകാരികമായി ഉത്തേജിതരാക്കി അയോധ്യ പ്രസ്ഥാനത്തില്‍ ചേര്‍ക്കാനാണ് അദ്വാനിയും ജോഷിയും രഥയാത്ര നടത്തിയത്. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തത്. ബിജെപി നേതാവ് കല്യാസിങ്ങായിരുന്നു യു പി മുഖ്യമന്ത്രി. അന്ന് കേന്ദ്രത്തില്‍ അധികാരത്തിലിരുന്നത് നരസിംഹറാവു സര്‍ക്കാര്‍. മസ്ജിദ് തകര്‍ക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിട്ടും റാവു സര്‍ക്കാര്‍ നോക്കുകുത്തിയായിരുന്നത് എറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മസ്ജിദ് തകര്‍ത്ത് 10 ദിവസം കഴിഞ്ഞാണ് ലിബര്‍ഹാന്‍ കമീഷനെ നിയമിച്ചത്. 48 തവണ കാലാവധി നീട്ടിക്കൊടുത്തശേഷം ഇക്കൊല്ലം ജൂ 30നാണ് കമീഷന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച അന്വേഷണ കമീഷനാണ് ലിബര്‍ഹാന്‍ കമീഷന്‍.
(വി ജയിന്‍)

ജനവിരുദ്ധത മറയ്ക്കാന്‍ രാഷ്ട്രീയനാടകം

ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുംമുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി ഗൂഢലക്ഷ്യത്തോടെ. വിലക്കയറ്റം, കരിമ്പുവില പ്രശ്നം, മന്ത്രിമാരുടെ അഴിമതി തുടങ്ങിയ ജനകീയപ്രശ്നങ്ങളില്‍നിന്നും വിവാദങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നാണ്് സൂചന. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചതുമുതല്‍ ഇരുസഭയും പ്രക്ഷുബ്ധമാണ്. കരിമ്പുവില നിര്‍ണയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ പേരില്‍ ആദ്യ രണ്ടു ദിവസം സഭ സ്തംഭിച്ചു. ആദ്യ ദിവസംതന്നെ ഉത്തരേന്ത്യയിലെ കരിമ്പുകര്‍ഷകര്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞിരുന്നു. പതിനായിരക്കണക്കിനു കര്‍ഷകര്‍ അണിനിരന്ന സമരത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ടി നേതാക്കളും പങ്കെടുത്തു. കര്‍ഷകരുടെ പ്രതിഷേധം കോണ്‍ഗ്രസിനെ ഞെട്ടിച്ചു. പ്രതിരോധത്തിലായ സര്‍ക്കാരിന് ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്തുമെന്ന് ഉറപ്പുനല്‍കേണ്ടിവന്നു. രാജ്യമെങ്ങും കുതിച്ചുകയറുന്ന വിലക്കയറ്റമാണ് കേന്ദ്രത്തിന് അസ്വസ്ഥത സൃഷ്ടിക്കുന്ന മറ്റൊരു വിഷയം. ഇക്കാര്യത്തിലും പ്രതിപക്ഷം കൂട്ടായി ആക്രമിക്കുമെന്ന് സര്‍ക്കാരിന് തീര്‍ച്ചയായിരുന്നു.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെയടക്കം ഓഹരിവില്‍പ്പന, സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായുള്ള ബില്ലുകള്‍, മന്ത്രി എ രാജയുടെ സ്പെക്ട്രം അഴിമതി, പാര്‍ലമെന്റില്‍പോലും ചര്‍ച്ചചെയ്യാതെ പ്രധാനമന്ത്രി അമേരിക്കയിലെത്തി ഒപ്പിടാന്‍പോകുന്ന ഭീകരത തടയാനുള്ള കരാറിലെയും ആണവ സഹകരണ കരാറിലെയും ദുരൂഹത, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോടികള്‍ വെട്ടിച്ച കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നയാളുമായ മധുകോഡയ്ക്ക് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളും പാര്‍ലമെന്റില്‍ ഉയരുമെന്ന് വന്നതോടെയാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ആയുധമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. പ്രതിപക്ഷം ഒരിക്കലും യോജിച്ച് നില്‍ക്കില്ലെന്ന് തീര്‍ച്ചയുള്ള അയോധ്യപ്രശ്നം ചര്‍ച്ചയാക്കി ജനകീയപ്രശ്നങ്ങളെ വഴിതിരിച്ചു വിടാനാണ് കോണ്‍ഗ്രസ് ശ്രമം. അതിന് സ്വീകരിച്ചതാകട്ടെ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയുള്ള തരംതാണ രാഷ്ട്രീയകരുനീക്കവും.

കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലാണ് ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ വിശദാംശം വന്നത്. ലേഖകന്‍ ആഭ്യന്തരമന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ചിട്ടുമുണ്ട്. റിപ്പോര്‍ട്ടിന് രണ്ടു പകര്‍പ്പ് മാത്രമാണുള്ളത്. ഒന്ന്, കമീഷന്റെയും മറ്റൊന്ന് ആഭ്യന്തമന്ത്രിയുടെയും പക്കല്‍. അതുകൊണ്ടുതന്നെ ആഭ്യന്തരമന്ത്രാലയവൃത്തങ്ങളെ പത്രം ഉദ്ധരിക്കുമ്പോള്‍ അത് ആഭ്യന്തരമന്ത്രിതന്നെയെന്ന കാര്യത്തില്‍ സംശയമില്ല. റിപ്പോര്‍ട്ട് ഉടന്‍ പാര്‍ലമെന്റില്‍ വയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. മറ്റു പാര്‍ടികളും ഇക്കാര്യം ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ട് വയ്ക്കുംവരെ സഭ നടത്തിക്കൊണ്ടുപോകാന്‍ ബിജെപി അനുവദിക്കില്ല. കോണ്‍ഗ്രസാകട്ടെ റിപ്പോര്‍ട്ട് ഉടന്‍ സഭയില്‍ വയ്ക്കാന്‍ സാധ്യതയുമില്ല. അങ്ങനെയെങ്കില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം പൂര്‍ണമായും ബഹളത്തില്‍ മുങ്ങും. ജനകീയപ്രശ്നങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യും.
(എം പ്രശാന്ത്)

കേന്ദ്രത്തോട് ചോദിക്ക്: ജസ്റ്റിസ് ലിബര്‍ഹാന്‍

റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ പങ്കില്ലെന്ന് ജസ്റ്റിസ് എം എസ് ലിബര്‍ഹാന്‍. താങ്കളുടെ ഭാഗത്തുനിന്നാണോ ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് 'പോയ് തുലയ്' എന്നാണ് ജസ്റിസ് പ്രതികരിച്ചത്. റിപ്പോര്‍ട്ട് ചോര്‍ത്തിക്കൊടുക്കാന്‍മാത്രം തരംതാഴ്ന്നവനല്ല താനെന്ന് ചണ്ഡീഗഢിലെ സെക്ടര്‍ ഒമ്പതിലുള്ള വസതിയില്‍വച്ച് അദ്ദേഹം പറഞ്ഞു. ഏറെ ക്ഷുഭിതനായാണ് അദ്ദേഹം സംസാരിച്ചത്. റിപ്പോര്‍ട്ട് ചോര്‍ത്താന്‍ തക്കവിധം വ്യക്തിത്വമില്ലാത്തവനല്ല താന്‍. റിപ്പോര്‍ട്ട് സര്‍ക്കാരിനാണ് നല്‍കിയത്. എങ്ങനെയാണ് ചോര്‍ന്നതെന്ന് അവരോട് ചോദിക്കണം. ആരാണ് ചോര്‍ത്തിയതെന്ന് മാധ്യമങ്ങളാണ് കണ്ടുപിടിക്കേണ്ടതെന്നും ജസ്റിസ് ലിബര്‍ഹാന്‍ പറഞ്ഞു.

ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ചോര്‍ച്ച പാര്‍ലമെന്റ് സ്തംഭിച്ചു

ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവം പാര്‍ലമെന്റിന്റെ ഇരു സഭയെയും സ്തംഭിപ്പിച്ചു. പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് റിപ്പോര്‍ട്ട് ചോര്‍ന്നതിനെച്ചൊല്ലി ബിജെപിയും മറ്റ് പ്രതിപക്ഷ പാര്‍ടികളും ഇരു സഭയിലും പ്രതിഷേധമുയര്‍ത്തി. സഭ നിര്‍ത്തിവച്ച് പ്രശ്നം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് എല്‍ കെ അദ്വാനി സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. ലോക്സഭ പകല്‍ 11ന് സമ്മേളിച്ചപ്പോള്‍ അദ്വാനിയെ ഇക്കാര്യം ഉന്നയിക്കാന്‍ സ്പീക്കര്‍ അനുവദിച്ചു. ആറു മാസമായിട്ടും പാര്‍ലമെന്റില്‍ വയ്ക്കാത്ത റിപ്പോര്‍ട്ട് പത്രങ്ങള്‍ക്ക് ചോര്‍ത്തിയതിന് ഉത്തരവാദിത്തം ആഭ്യന്തരമന്ത്രാലയത്തിനാണെന്ന് അദ്വാനി ആരോപിച്ചു. ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ റിപ്പോര്‍ട്ട് കണ്ട് ഞെട്ടിയെന്ന് അദ്വാനി പറഞ്ഞു. അയോധ്യ പ്രസ്ഥാനത്തിന്റെ മുന്നിലുണ്ടായിരുന്നതില്‍ അഭിമാനമുണ്ട്. അവിടെ രാമക്ഷേത്രം നിര്‍മിക്കുകയെന്നത് ജീവിതാഭിലാഷമാണ്. റിപ്പോര്‍ട്ട് ചോര്‍ന്നത് പാര്‍ലമെന്റിനോടുള്ള അവഹേളനമാണെന്നും അദ്വാനി പറഞ്ഞു.

കമീഷന്‍ റിപ്പോര്‍ട്ട്, നടപടി റിപ്പോര്‍ട്ട് സഹിതം തിങ്കളാഴ്ചതന്നെ മേശപ്പുറത്ത് വയ്ക്കണമെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നുവെന്നകാര്യം അന്വേഷിക്കണമെന്ന് സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവും ആവശ്യപ്പെട്ടു. രാജ്യസഭയിലും പ്രതിപക്ഷാംഗങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. പാര്‍ലമെന്റില്‍ വയ്ക്കുംമുമ്പ് റിപ്പോര്‍ട്ട് ചോര്‍ന്നത് സഭയോടുള്ള അനാദരവാണെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. സര്‍ക്കാരിന്റെ അനാസ്ഥ കാരണമാണ് ഇങ്ങനെ സംഭവിച്ചത്. നടപടി റിപ്പോര്‍ട്ടടക്കം ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ഉടന്‍ മേശപ്പുറത്തുവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി അംഗം അരു ജയ്റ്റ്ലി, സമാജ്വാദി പാര്‍ടി അംഗം അമര്‍സിങ് എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചു. നടപടി റിപ്പോര്‍ട്ടടക്കം ശീതകാലസമ്മേളനത്തില്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം ഇരു സഭയിലും പറഞ്ഞു. ജൂണ്‍ 30നാണ് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പുറത്തുവന്ന വിവരങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ല. റിപ്പോര്‍ട്ടിന്റെ ഒരു കോപ്പിമാത്രമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കൈവശമുള്ളത്. അത് ചോര്‍ന്നിട്ടില്ലെന്നും സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതു സംബന്ധിച്ച് പത്രവാര്‍ത്ത വന്നത് ദൌര്‍ഭാഗ്യകരമാണെന്ന് ചിദംബരം പറഞ്ഞു. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ ഇരു സഭയിലും ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. മറ്റ് പ്രതിപക്ഷ പാര്‍ടി അംഗങ്ങള്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ത്തന്നെ സഭയില്‍ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് സഭകള്‍ നടത്താനാകാതെ 12 വരെ നിര്‍ത്തിവച്ചു. 12ന് വീണ്ടും ചേര്‍ന്നിട്ടും സഭ നടത്താന്‍ കഴിഞ്ഞില്ല. രണ്ടിന് ഇരു സഭയും വീണ്ടും സമ്മേളിച്ചു. പ്രതിഷേധത്തില്‍ നടപടികള്‍ തുടരാന്‍ കഴിയാതെ ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു.
(വി ജയിന്‍)

പരിഭാഷയുടെ പേരില്‍ റിപ്പോര്‍ട്ട് വൈകിക്കേണ്ട

ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ഹിന്ദി പരിഭാഷ കൂടാതെ പാര്‍ലമെന്റില്‍ വയ്ക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് ബിജെപി. ഹിന്ദി പരിഭാഷ തയ്യാറാക്കുന്നതുകൊണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പണം വൈകുന്നതെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. പരിഭാഷയുടെ പേരില്‍ റിപ്പോര്‍ട്ട് വൈകിക്കേണ്ട കാര്യമില്ലെന്ന് ബിജെപി നേതാവ് സുഷമ സ്വരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുന്നതിനുമുമ്പ് മാധ്യമങ്ങളില്‍ വന്നത് ആഭ്യന്തരമന്ത്രാലയത്തിന്റെ അറിവോടെയാണ്. ദൌര്‍ഭാഗ്യകരമെന്നു പറഞ്ഞ് ആഭ്യന്തരമന്ത്രിക്ക് ഒഴിഞ്ഞുനില്‍ക്കാനാകില്ല. റിപ്പോര്‍ട്ട് ചോര്‍ന്നത് വളരെ ആസൂത്രിതമാണ്. പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം- സുഷമ പറഞ്ഞു. റിപ്പോര്‍ട്ട് ചോര്‍ന്നത് ദൌര്‍ഭാഗ്യകരമാണെന്ന് കോഗ്രസ് പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ മിടുക്കാണിതിനു പിന്നില്‍. സര്‍ക്കാരിനെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. പ്രതിപക്ഷം അനാവശ്യമായി ബഹളം വയ്ക്കുകയാണ്. റിപ്പോര്‍ട്ട് വയ്ക്കാന്‍ ഡിസംബര്‍ 30 വരെ കാലാവധിയുണ്ടെന്നും കോഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

അയോധ്യയില്‍ ജാഗ്രതാ നിര്‍ദേശം

ലിബര്‍ഹാന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അയോധ്യയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രശ്നസാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രതപാലിക്കാന്‍ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായി എഡിജിപി ബ്രിജ് ലാല്‍ അറിയിച്ചു. കാശി വിശ്വനാഥ്, വാരാണസി, മഥുര തുടങ്ങി പ്രധാന ക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കി.

ദേശാഭിമാനി 241109

2 comments:

  1. ബാബറി മസ്ജിദ് തകര്‍ത്തതിന് പ്രധാന ഉത്തരവാദികള്‍ ബിജെപി നേതാക്കളായ എ ബി വാജ്പേയി, എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവരാണെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമീഷന്‍ കണ്ടെത്തി. സൂക്ഷ്മമായി ആസൂത്രണം ചെയ്താണ് മസ്ജിദ് തകര്‍ത്തതെന്നും കമീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. കമീഷന്‍ ഗവമെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് ചോര്‍ത്തി പുറത്തുവിട്ടത്. ആഭ്യന്തരപ്രശ്നങ്ങളില്‍ ആടിയുലയുന്ന ബിജെപിയെ കമീഷന്റെ കണ്ടെത്തല്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി. റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവം പാര്‍ലമെന്റിന്റെ ഇരു സഭയെയും സ്തംഭിപ്പിച്ചു. പെട്ടെന്നുണ്ടായ വികാരക്ഷോഭത്താല്‍ ജനങ്ങള്‍ മസ്ജിദ് തകര്‍ത്തതാണെന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും വാദം കമീഷന്‍ തള്ളി. അയോധ്യയിലേക്കും ഫൈസാബാദിലേക്കും വന്‍തോതില്‍ ഫണ്ട് ശേഖരിച്ച് എത്തിച്ചതും രാജ്യത്തുനിന്നാകെ കര്‍സേവകരെ സംഘടിപ്പിച്ചതും ആസൂത്രണത്തിന്റെ വ്യക്തമായ തെളിവാണ്. രാമക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപ ഈ നേതാക്കള്‍ പിരിച്ചു. ഇതില്‍നിന്ന് നല്ലൊരു ഭാഗം കര്‍സേവകര്‍ക്കുവേണ്ടി ചെലവഴിച്ചു. ബാക്കി തുക നേതാക്കളുടെ പേരില്‍ ബാങ്കിലിട്ടിരിക്കയാണ്.

    ReplyDelete
  2. ലിബര്‍ഹാന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടും നിക്ഷ്പക്ഷമാണോ , അതൊ കോണ്‍ഗ്രസ്സിന്റെ രാഷ്ടീയ നാടകത്തിന്റെ തിരക്കഥയാണോ എന്നും ബലമായി സംശയമുണ്ടാകുന്നു. റിപ്പോര്‍ട്ടില്‍ വാജ്പേയ് , അദ്വാനി തുടങ്ങിയ ബി.ജെ.പി നേതക്കളേയും കല്യാണ്‍ സിങ്ങിന്റെ യു.പി.സര്‍ക്കാരിനേയും കുറ്റക്കാരായി ചിത്രീകരിച്ചിരിക്കുന്നു. എന്നാല്‍ അന്നത്തെ നരസിംഹ റാവു മന്ത്രി സഭക്ക് ഇതില്‍ യാതൊരു പങ്കുമില്ലത്രെ. അതെന്താ യു.പിയില്‍ കോണ്‍ഗ്രസ്സിനും റാവുവിനും അയിത്തം കല്പ്പിച്ചിരുന്നോ?

    read more here ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിലെ രാഷ്ട്രീയം

    ReplyDelete