Saturday, November 21, 2009

പ്രചാരണങ്ങള്‍ക്കു പിന്നിലെ വര്‍ഗീയ അജന്‍ഡ

പ്രചാരണങ്ങള്‍ക്കു പിന്നിലെ വര്‍ഗീയ അജന്‍ഡ

ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മതതീവ്രവാദ-ഭീകരവാദസംഘങ്ങള്‍ക്ക് മതദര്‍ശനങ്ങളുമായോ സംഘടിത മതനേതൃത്വവുമായോ നേരിട്ടു ബന്ധമില്ലെന്ന യാഥാര്‍ഥ്യം ഏവര്‍ക്കും അറിയുന്നതാണ്. മതദര്‍ശനങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് അടിപ്പെട്ട മതഭ്രാന്തന്മാരായി മാറിയവരുടെ ചെറുസംഘങ്ങളാണ് മതഭീകരത സൃഷ്ടിക്കുന്നത്. സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമായി മതഭീകരസംഘങ്ങളെ കാണുന്നതാണ് കൂടുതല്‍ യുക്തിസഹം. മാഫിയസംഘങ്ങള്‍, മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങള്‍, ആയുധക്കടത്തുകാര്‍, വംശീയവാദികള്‍, രാഷ്ട്രീയ ക്രിമിനല്‍ സംഘങ്ങള്‍, മതഭീകരസംഘങ്ങള്‍ ഇവയെല്ലാം ചേര്‍ന്ന 'സംഘടിത കുറ്റകൃത്യങ്ങളുടെ ലോകം' ആഗോളാടിസ്ഥാനത്തില്‍ അതിശക്തമായ ഒരു സമാന്തരലോകം സൃഷ്ടിച്ചിരിക്കുന്നു. എല്‍ടിടിഇ, മാവോയിസ്റ്റ് തീവ്രവാദികള്‍, കശ്മീരിലെ ജീഹാദി ഭീകരന്മാര്‍, താലിബാന്‍ എന്നിവയ്ക്കെല്ലാം ആയുധങ്ങള്‍ ലഭിക്കുന്നത് ഒരേ സ്രോതസ്സില്‍നിന്നാണ്. ഇവര്‍ ഉപയോഗിക്കുന്ന ആയുധങ്ങളില്‍ 80 ശതമാനത്തിലധികം അമേരിക്കയില്‍ നിര്‍മിച്ചവയാണ്. ഈ ആയുധങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ വിതരണംചെയ്യുന്ന ശൃംഖലയുടെ നിയന്ത്രണം ഇസ്രയേലി ചാരസംഘടനയായ 'മൊസദി' നാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം അമേരിക്കന്‍ ആയുധങ്ങള്‍ ലഭിക്കാന്‍ 'മൊസദി'ന്റെ സേവനം ഇന്ത്യ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന വസ്തുത പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ചുരുക്കത്തില്‍ പരസ്പരം കൊമ്പുകോര്‍ത്തുനില്‍ക്കുന്ന സയണിസ്റ്റുകള്‍ക്കും താലിബാനികള്‍ക്കും ഒരേ സ്രോതസ്സില്‍നിന്ന് ആയുധങ്ങളും പരിശീലനവും ലഭിക്കുന്നുവെന്നത് അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യമാണ്.

ലോകത്തില്‍ ഏറ്റവുമധികം കറുപ്പ് ഉല്‍പ്പാദിപ്പിച്ചിരുന്ന രാഷ്ട്രം താലിബാന്‍ -അഫ്ഗാനിസ്ഥാന്‍ ആയിരുന്നു. 1999ലെ യുഎന്‍ ഡ്രഗ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ കണക്കുപ്രകാരം 46,000 മെട്രിക് ടണ്‍ കറുപ്പാണ് അഫ്ഗാനിസ്ഥാനില്‍ ഒരുവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്തിന്റെ മറ്റെല്ലാപ്രദേശങ്ങളിലും ഉണ്ടാക്കുന്നതിന്റെ മൂന്നിരട്ടി വരുമിത്. താലിബാനികള്‍ ഉണ്ടാക്കുന്ന കറുപ്പും കഞ്ചാവും വാങ്ങി യൂറോപ്പിലും അമേരിക്കയിലും വിതരണംചെയ്യുന്നത് റഷ്യന്‍-ഇറ്റാലിയന്‍ മാഫിയകളാണ്. ഇവരാണ് താലിബാനികള്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് കുറ്റകൃത്യങ്ങളുടെ ലോകം തികച്ചും മതേതരമാണെന്നാണ്.

സാമ്രാജ്യത്വം കമ്യൂണിസ്റ്റ് പാര്‍ടികളെയും പുരോഗമന ജനാധിപത്യപ്രസ്ഥാനങ്ങളെയും തകര്‍ക്കാന്‍ പരിശീലനവും ആയുധവും നല്‍കി വളര്‍ത്തിയെടുത്തവരാണ് താലിബാന്‍ അടക്കമുള്ള മതഭീകരസംഘങ്ങള്‍. ഇറ്റാലിയന്‍ മാഫിയയുടെ ഉത്ഭവംതന്നെ കമ്യൂണിസ്റ്റുകാരെ നശിപ്പിക്കാനായിരുന്നു. സമീപകാലത്ത് കള്ളനോട്ട്-കുഴല്‍പ്പണ മാഫിയയും മതതീവ്രവാദസംഘങ്ങളും ചേര്‍ന്ന് കോടിക്കണക്കിനു കള്ളപ്പണം ഇന്ത്യയിലേക്ക് ഒഴുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സാമ്പത്തികപരിഷ്കാരത്തിന്റെ ഭാഗമായി വിദേശനാണയവിനിമയ ചട്ടത്തില്‍ വരുത്തിയ മാറ്റം ഇത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് മറയായിത്തീരുന്നു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അനധികൃതമായി പ്രവഹിക്കുന്ന 'കള്ളപ്പണം' സംഘടിത കുറ്റകൃത്യങ്ങളുടെ മേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ വിനിയോഗിക്കുന്നുണ്ട്. യുവത്വത്തിന്റെ ചിഹ്നവും ആവേശവുമായ ഹൈപവര്‍ ബൈക്കുകളും മള്‍ട്ടിപര്‍പസ് മൊബൈല്‍ ഫോണുകളും നല്‍കി ചെറുപ്പക്കാരെ തീവ്രവാദത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു. കായികപരിശീലനം നല്‍കി യുവാക്കളെ എന്തുംചെയ്യാന്‍ മടിയില്ലാത്തവരായി മാറ്റുന്നു.

ഈ സാഹചര്യത്തില്‍ വേണം 'ലവ് ജിഹാദ്' സംബന്ധിച്ച വിവാദങ്ങളെ നോക്കിക്കാണാന്‍. ക്ളിനിക്കല്‍ ജിഹാദ്, ടെക്നോ-ജിഹാദ്, സൈബര്‍ ജിഹാദ് തുടങ്ങിയ പദങ്ങളും ലവ് ജിഹാദിനോടൊപ്പം ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിച്ചുവരുന്നുണ്ട്. തെറ്റിദ്ധാരണ പരത്തുന്നതും മുസ്ളിം സമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതുമായ ഇത്തരം പദപ്രയോഗങ്ങളും വിവാദങ്ങളും മതനിരപേക്ഷസംസ്കാരത്തിന് കടുത്ത ഭീഷണിയാണ്. മുസ്ളിം സമുദായത്തിലെ ഒരു അതിസൂക്ഷ്മന്യൂനപക്ഷം മതതീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും നീങ്ങി എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഫാസിസ്റ്റ് സ്വഭാവം കൈവരിച്ച ഹിന്ദുത്വ പരിവാരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധുത നല്‍കാന്‍ എന്‍ഡി എഫ് അടക്കമുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാകുന്നു. പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നതാണ് 'ലവ് ജിഹാദി'കളുടെ പ്രവര്‍ത്തനരീതിയെന്ന് മാധ്യമങ്ങള്‍ പറയുന്നു. യുവാക്കളെ തീവ്രവാദത്തിലേക്കും അതുവഴി സംഘടിതകുറ്റകൃത്യങ്ങളുടെ ലോകത്തേക്കും നയിക്കാന്‍ മതവിശ്വാസം, പണം തുടങ്ങി സാധ്യമായ സകലതിനെയും ഭീകരവാദികള്‍ ഉപയോഗിക്കുന്നുണ്ട്. 'ലവ് ജിഹാദ്' എന്ന പ്രചാരണം നിഷ്കളങ്കരായ ഒരു വിഭാഗത്തിന്റെയെങ്കിലും ഇടയില്‍ സജീവചര്‍ച്ചയാക്കി മാറ്റുന്നതില്‍ ചിലര്‍ വിജയിക്കുന്നതിന്റെ പശ്ചാത്തലമിതാണ്. പ്രണയത്തെ മതപരിവര്‍ത്തനത്തിനും തീവ്രവാദത്തിനും ഉള്ള ഉപാധിയാക്കി ഉപയോഗിക്കുന്നെന്ന് സംഘപരിവാറും മുസ്ളിം തീവ്രവാദികളും പരസ്പരം ആരോപിക്കുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുസ്ളിം വിദ്യാര്‍ഥിനികള്‍ക്കുമാത്രം രഹസ്യമായി വിതരണംചെയ്ത നോട്ടീസില്‍ ഇപ്രകാരം പറയുന്നു:
"ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഹിന്ദുഫാസിസ്റ്റുകള്‍ സാധ്യമായത്ര മുസ്ളിം പെണ്‍കുട്ടികളെ നശിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു. മുസ്ളിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഹിന്ദുയുവാക്കള്‍ക്ക് ആര്‍എസ്എസുകാര്‍ സഹായം നല്‍കുന്നു''.

മുസ്ളിം യുവതികളുടെ ഗര്‍ഭപാത്രത്തില്‍ ഹിന്ദുബീജം നിക്ഷേപിക്കണമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് തൊഗാഡിയമാര്‍ ഇറക്കിയ തീട്ടൂരവും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. മുസ്ളിം പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹംകഴിച്ചെന്നാരോപിച്ച് കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവായ ബാലകൃഷ്ണനെ വെട്ടിക്കൊന്നതും ഇതരമതസ്ഥര്‍ക്കൊപ്പം യാത്രചെയ്യുന്നത് ഇസ്ളാമികവിരുദ്ധമാണെന്ന് ആക്രോശിച്ച് കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്കൂളിലെ പഠനയാത്ര മുടക്കിയതും ഉള്‍പ്പെടെ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ വിഷലിപ്തമാക്കാന്‍ എന്‍ഡിഎഫ് നടത്തുന്ന ശ്രമങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങളുണ്ട്.

ഇരുപക്ഷവും പെണ്‍കുട്ടികളെയും പ്രണയത്തെയും മുന്‍നിര്‍ത്തി അതിനീചമായ ഒരു പ്രചാരണയുദ്ധമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്തമതങ്ങളില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് പരസ്പരം സംസാരിക്കാന്‍പോലും കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് കേരളത്തെ കൊണ്ടുപോകാനുള്ള നിന്ദ്യമായ നീക്കം അത്യന്തം അപകടകരമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ കലാലയങ്ങളിലേക്ക് കയറിക്കൂടാന്‍ ശ്രമിക്കുന്ന മതതീവ്രവാദസംഘങ്ങളെക്കുറിച്ചും അവരുടെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം നടത്തണം. മതനിരപേക്ഷതയെയും രാഷ്ട്രത്തിന്റെ ഐക്യത്തെയും അപകടപ്പെടുത്തുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കരുത്.

സാമ്രാജ്യത്വശക്തികളും വലതുപക്ഷമാധ്യമങ്ങളും ചേര്‍ന്ന് ക്യാമ്പസുകളില്‍ സൃഷ്ടിച്ച അരാഷ്ട്രീയവാദത്തിന്റെ നിഴലിലാണ് ഇത്തരം മതതീവ്രവാദസംഘടനങ്ങള്‍ പൊട്ടിമുളച്ചത്. ക്യാമ്പസുകളില്‍ വര്‍ഗീയസംഘങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത് ഉയര്‍ന്ന ബൌദ്ധികശേഷിയും ചലനാത്മകതയും കൈമുതലായ വിദ്യാര്‍ഥികളെയാണ്. പുരോഗമന-മതേതര രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ഥി-യുവജനസംഘടനകള്‍ക്കുമാത്രമേ ഇത്തരം വര്‍ഗീയ വൈറസുകളെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കൂ എന്ന വസ്തുത ഈ വൈകിയ വേളയിലെങ്കിലും തിരിച്ചറിയണം.

ടി വി രാജേഷ് ദേശാഭിമാനി 211109

1 comment:

  1. ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മതതീവ്രവാദ-ഭീകരവാദസംഘങ്ങള്‍ക്ക് മതദര്‍ശനങ്ങളുമായോ സംഘടിത മതനേതൃത്വവുമായോ നേരിട്ടു ബന്ധമില്ലെന്ന യാഥാര്‍ഥ്യം ഏവര്‍ക്കും അറിയുന്നതാണ്. മതദര്‍ശനങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് അടിപ്പെട്ട മതഭ്രാന്തന്മാരായി മാറിയവരുടെ ചെറുസംഘങ്ങളാണ് മതഭീകരത സൃഷ്ടിക്കുന്നത്. സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമായി മതഭീകരസംഘങ്ങളെ കാണുന്നതാണ് കൂടുതല്‍ യുക്തിസഹം. മാഫിയസംഘങ്ങള്‍, മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങള്‍, ആയുധക്കടത്തുകാര്‍, വംശീയവാദികള്‍, രാഷ്ട്രീയ ക്രിമിനല്‍ സംഘങ്ങള്‍, മതഭീകരസംഘങ്ങള്‍ ഇവയെല്ലാം ചേര്‍ന്ന 'സംഘടിത കുറ്റകൃത്യങ്ങളുടെ ലോകം' ആഗോളാടിസ്ഥാനത്തില്‍ അതിശക്തമായ ഒരു സമാന്തരലോകം സൃഷ്ടിച്ചിരിക്കുന്നു. എല്‍ടിടിഇ, മാവോയിസ്റ്റ് തീവ്രവാദികള്‍, കശ്മീരിലെ ജീഹാദി ഭീകരന്മാര്‍, താലിബാന്‍ എന്നിവയ്ക്കെല്ലാം ആയുധങ്ങള്‍ ലഭിക്കുന്നത് ഒരേ സ്രോതസ്സില്‍നിന്നാണ്. ഇവര്‍ ഉപയോഗിക്കുന്ന ആയുധങ്ങളില്‍ 80 ശതമാനത്തിലധികം അമേരിക്കയില്‍ നിര്‍മിച്ചവയാണ്. ഈ ആയുധങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ വിതരണംചെയ്യുന്ന ശൃംഖലയുടെ നിയന്ത്രണം ഇസ്രയേലി ചാരസംഘടനയായ 'മൊസദി' നാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം അമേരിക്കന്‍ ആയുധങ്ങള്‍ ലഭിക്കാന്‍ 'മൊസദി'ന്റെ സേവനം ഇന്ത്യ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന വസ്തുത പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ചുരുക്കത്തില്‍ പരസ്പരം കൊമ്പുകോര്‍ത്തുനില്‍ക്കുന്ന സയണിസ്റ്റുകള്‍ക്കും താലിബാനികള്‍ക്കും ഒരേ സ്രോതസ്സില്‍നിന്ന് ആയുധങ്ങളും പരിശീലനവും ലഭിക്കുന്നുവെന്നത് അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യമാണ്.

    ReplyDelete