"ആന്ധ്രാപ്രദേശിലെ പ്രളയബാധിത ജില്ലകളിലെ ജനങ്ങള്‍ കിടപ്പാടവും ഭക്ഷണവുമില്ലാതെ വലയുമ്പോള്‍, ഭരണകക്ഷി നേതാക്കള്‍ രാഷ്ട്രീയം കളിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോണ്‍ഗ്രസ് സര്‍ക്കാര്‍ അനിശ്ചിതാവസ്ഥയിലാണ്''. ബിജെപി നേതാവ് വെങ്കയ്യ നായിഡുവിന്റേതാണ് ഈ വാക്കുകള്‍. നവംബര്‍ 1ന് ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ വച്ച് പത്ര ലേഖകരുമായി നടത്തിയ സംസാരത്തിനിടയിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
പറഞ്ഞത് വെങ്കയ്യയാണെങ്കിലും സംഗതി ശരിയാണ്. മെയ്മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലേക്ക് എത്തിക്കുന്നതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ദാരുണമായ അന്ത്യത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശത്തെ ബാധിച്ച രാഷ്ട്രീയ പ്രതിസന്ധി ഇതേവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, അത് മൂര്‍ച്ഛിക്കുകയുമാണ്. വനിതാ വികസന - ശിശുക്ഷേമ വകുപ്പ് മന്ത്രി കൊണ്ഡ സുരേഖ രാജിവെച്ചതാണ് ആന്ധ്രാപ്രദേശില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകത്തിലെ ഒടുവില്‍ കണ്ട രംഗം. വൈ എസ് ആറിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ "മാനസിക വ്യഥ''യാണ് സുരേഖയുടെ രാജിക്ക് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്ലി. വൈ എസ് ആര്‍ ഇല്ലാത്ത മന്ത്രിസഭയില്‍ തനിക്ക് ഇനിയും തുടരാനാവില്ല എന്ന് സുരേഖ മൊഴിയുമ്പോള്‍ "വ്യഥ''യുടെ ആഴം നമുക്ക് അളക്കാം. വൈ എസ് ആറിന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ പുത്രന്‍ കടപ്പ എംപി ജഗന്‍മോഹന്‍ റെഡ്ഡിയെ പ്രതിഷ്ഠിച്ചാല്‍ "വ്യഥ''മാറുമത്രെ! ഈ രാഷ്ട്രീയ പൊറാട്ടു നാടകത്തിനിടയില്‍ പ്രളയജലത്തില്‍ മുങ്ങി നരക യാതന അനുഭവിക്കുന്ന ആന്ധ്രയിലെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കാനുള്ള ഭരണരംഗം നാഥനില്ലാക്കളരിയാണ്. മുഖ്യമന്ത്രിക്കസേരയില്‍ തല്‍ക്കാലത്തേക്കിരുത്തിയ റോസയ്യയെ ഹൈക്കമാന്റ് സ്ഥിരപ്പെടുത്തിയെങ്കിലും ജഗന്‍ ക്യാമ്പ് അത് അംഗീകരിച്ചു കൊടുക്കാന്‍ തയ്യാറല്ല. ജഗനു പിന്നിലുള്ളതാകട്ടെ ശക്തരായ കോര്‍പ്പറേറ്റ് ലോബിയും. അതാണല്ലോ വൈ എസ് ആറിന്റെ മരണത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആന്ധ്രാപ്രദേശില്‍ നടന്ന മരണമത്രയും അദ്ദേഹത്തിന്റെ വിയോഗം കാരണമുണ്ടായ "വ്യഥ''യായും ആത്മഹത്യകളത്രയും ജഗന്‍മോഹന്‍ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാനുള്ള "ആത്മാഹൂതി''കളായും ചിത്രീകരിക്കപ്പെട്ടത് - കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍. എന്തായാലും സംഗതി വെങ്കയ്യ പറഞ്ഞതുപോലെ തന്നെ - ജനം പ്രളയജലത്തില്‍, ഭരണം സ്തംഭനത്തില്‍!
പക്ഷേ, ഇതിനിടയില്‍ വെങ്കയ്യ ഒന്നു മറന്നു. കടപ്പയില്‍നിന്നും ഏറെ ദൂരെയല്ല ബെല്ലാരി - കര്‍ണാടകത്തിലെ ബെല്ലാരി. വിന്ധ്യനു തെക്ക്, നെടുനാളത്തെ കാത്തിരിപ്പിനും പല അടവുകളും പയറ്റിയതിനുംശേഷം, സംഘപരിവാറിന് താമര വിരിയിക്കാന്‍ കഴിഞ്ഞ ഏക സംസ്ഥാനമാണ് കര്‍ണാടക. കോണ്‍ഗ്രസ്സിന്റെയും ജനതാദളിന്റെയും അധികാരത്തിനുള്ള അത്യാര്‍ത്തിയും കൊള്ളരുതായ്മയുമാണ് അതിന് അവരെ സഹായിച്ചത് - ഒപ്പം ഖനി മാഫിയയുടെ പണക്കൊഴുപ്പും. രാഷ്ട്രീയമായി പൊതുരംഗത്ത് കര്‍ണാടകത്തില്‍ ബിജെപിയെ വിജയത്തിലേക്ക് നയിച്ചത് യെദ്യൂരപ്പയാണെങ്കില്‍ ആളും അര്‍ത്ഥവും നല്‍കി കൈമെയ് മറന്ന് സഹായിച്ചത് ബെല്ലാരി സഹോദരന്മാര്‍ എന്നറിയപ്പെടുന്ന ഖനി മാഫിയാ തലവന്മാരാണ് - ജി ജനാര്‍ദ്ദന റെഡ്ഡിയും ജി കരുണാകര റെഡ്ഡിയും.
ബെല്ലാരി കര്‍ണ്ണാടകത്തിലെ ഖനി മേഖലയാണ് - ഇരുമ്പ് ഖനികള്‍. ആന്ധ്രാപ്രദേശിനോട് തൊട്ടുരുമ്മിക്കിടക്കുന്ന കര്‍ണാടകത്തിന്റെ വടക്കന്‍ മേഖല. ഈ പ്രദേശത്തിന്റെ രാഷ്ട്രീയ - സാമൂഹ്യ ചലനങ്ങളെ നിയന്ത്രിക്കുന്നത് തന്നെ ഖനി മാഫിയയാണ്; അവരുടെ പണക്കൊഴുപ്പും കൈക്കരുത്തും. ഒരു വര്‍ഷത്തിനുമുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമല്ല, ഇതിനുമുമ്പ് ബിജെപിയുടെ ദേശീയ നേതാവ് സുഷമ സ്വരാജും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും തമ്മില്‍ ബെല്ലാരിയില്‍നിന്ന് ലോക്സഭയിലേക്ക് മല്‍സരിച്ചപ്പോഴും മറ്റു നിര്‍ണായക സന്ദര്‍ഭങ്ങളിലുമെല്ലാം ബിജെപിയെ അകമഴിഞ്ഞ് സഹായിച്ച പാരമ്പര്യമാണ് ബെല്ലാരി സഹോദരന്മാരുടേത്. അതുകൊണ്ടുതന്നെ കര്‍ണാടകത്തില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ജനാര്‍ദ്ദന റെഡ്ഡിയെ വിനോദ സഞ്ചാര വകുപ്പിന്റെയും കരുണാകര റെഡ്ഡിയെ റവന്യൂ വകുപ്പിന്റെയും മന്ത്രിമാരാക്കി. അവരുടെ സ്വന്തം ആളായ ബി ശ്രീരാമുലുവിനെ ആരോഗ്യമന്ത്രിയുമാക്കി.
പക്ഷേ, ഖനികളുടെ നാടായ ബെല്ലാരിയെന്ന അക്ഷയപാത്രം റെഡ്ഡിമാര്‍ തനിച്ച് വെച്ചനുഭവിക്കുന്നത് രുചിക്കാത്ത മുഖ്യമന്ത്രി യെദ്യൂരപ്പ ചെറുതായിട്ട് അങ്ങോട്ട് കൈകടത്താന്‍ നോക്കിയതോടെയാണ് കര്‍ണാടകത്തിലെ ബിജെപി രാഷ്ട്രീയം കലങ്ങിമറിഞ്ഞത്. സ്വന്തം ശിങ്കിടിയായ സംസ്ഥാന ഗ്രാമ വികസന മന്ത്രി ശോഭ കരന്ധലജെയെ യെദ്യൂരപ്പ തനിക്കുവേണ്ടി ബെല്ലാരിയിലേക്കു കൂടി പ്രവര്‍ത്തനം വികസിപ്പിക്കാന്‍ ചട്ടം കെട്ടിയതാണ് പ്രശ്നത്തിന് തുടക്കമായത്. എരിതീയില്‍ എണ്ണ ഒഴിക്കുംപോലെ മുഖ്യമന്ത്രി തന്റെ അധികാരം ഉപയോഗിച്ച് ബെല്ലാരിയിലും സമീപ പ്രദേശങ്ങളിലുമുള്ള 18 ജില്ലാതല ഉദ്യോഗസ്ഥരെ - കളക്ടറും ഡെപ്യൂട്ടി കമ്മീഷണര്‍മാരും പോലീസ് മേധാവികളും ഉള്‍പ്പെടെയുള്ളവരെ - സ്ഥലംമാറ്റി തനിക്കു വേണ്ടപ്പെട്ടവരെ നിയമിക്കുകയും കൂടി ചെയ്തതോടെ പ്രശ്നം വഷളായി. തങ്ങളറിയാതെ ബെല്ലാരി മേഖലയില്‍നിന്നും ഗ്രാമവികസന മന്ത്രി ശോഭ വഴി യെദ്യൂരപ്പ വന്‍തോതില്‍ പണപ്പിരിവ് നടത്തുന്നതായാണ് മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെടുന്ന ബെല്ലാരി സഹോദരന്മാര്‍ ഉന്നയിക്കുന്ന ആരോപണം. എന്തു വില കൊടുത്തും യെദ്യൂരപ്പയെ താഴെ ഇറക്കും എന്ന വാശിയിലാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും ടൂറിസം മന്ത്രിയും ആരോഗ്യമന്ത്രിയും. ഇവര്‍ക്ക് മുഖ്യമന്ത്രി ആകണമെന്ന മോഹമല്ല, മറിച്ച് തങ്ങളുടെ സാമ്രാജ്യത്തിലേക്ക് കൈകടത്തിയ മുഖ്യമന്ത്രിയെ മൂലക്കിരുത്തുക, അങ്ങനെ തങ്ങളുടെ കരുത്തു തെളിയിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. അതിന് ആളെ കൂട്ടാന്‍ സംസ്ഥാന നിയമസഭാ സ്പീക്കര്‍ ജഗദീഷ് ഷെട്ടറെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാണ് കളി തുടങ്ങിയത്. കക്ഷി രാഷ്ട്രീയത്തിനതീതനായി നിഷ്പക്ഷനായിരിക്കണമെന്ന് സങ്കല്‍പിക്കപ്പെടുന്ന സ്പീക്കര്‍ തന്നെ കര്‍ണാടകത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് - മുഖ്യമന്ത്രിക്കസേര ലക്ഷ്യംവെച്ച്. യെദ്യൂരപ്പയുടെ ചേരിയാകട്ടെ സ്പീക്കര്‍ക്ക് ഉപമുഖ്യമന്ത്രിക്കസേര വരെ വാഗ്ദാനം ചെയ്തും കഴിഞ്ഞു.
ആന്ധ്രാപ്രദേശിനെപ്പോലെ തന്നെ പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനമാണ് കര്‍ണാടകയും - പ്രത്യേകിച്ചും ബെല്ലാരി ഉള്‍പ്പെടെയുള്ള ഉത്തര കര്‍ണാടക. ഇരുന്നൂറിലേറെ ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരാവുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്ത സംസ്ഥാനമാണ് കര്‍ണാടക. അവിടെ ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഭരണമില്ലാത്ത അവസ്ഥയാണ്. വെങ്കയ്യാ നായിഡു ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുനേരെ വിരല്‍ചൂണ്ടിയ അതേ ദിവസം തന്നെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട തന്റെ മന്ത്രിസഭാംഗങ്ങളെയും എംഎല്‍എമാരെയും കാണാനില്ലെന്ന് വിലപിക്കുകയുണ്ടായി. അതിനോട് പ്രതികരിച്ച റവന്യൂമന്ത്രി കരുണാകര റെഡ്ഡി പറഞ്ഞത്, ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തേണ്ടത് എംഎല്‍എമാരല്ല, ഫലപ്രദമായ സര്‍ക്കാര്‍ സംവിധാനമാണെന്നാണ്. അതിന്റെ അഭാവം ഉണ്ടെന്ന് വ്യംഗ്യം. കര്‍ണാടകത്തിലെ 17 എംഎല്‍എമാരെ ഗോവയിലും മുംബൈയിലുമുള്ള സുഖവാസ കേന്ദ്രങ്ങളിലും മറ്റു കുറേപ്പേരെ ഹൈദരാബാദിലും ബെല്ലാരി സഹോദരന്മാര്‍ ഒളിപ്പിച്ച് താമസിപ്പിച്ചിരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ കൂടെയുള്ളവരെ ബാംഗ്ളൂരില്‍ മറുപക്ഷം തട്ടിക്കൊണ്ടുപോകാതെ സൂക്ഷ്മ നിരീക്ഷണത്തില്‍ ചെല്ലും ചെലവും കൊടുത്ത് സുഖിപ്പിച്ച് പാര്‍പ്പിച്ചിരിക്കുകയുമാണ്. ബെല്ലാരി സഹോദരന്മാരുടെ ചേരിയില്‍ ഗോവയില്‍ കഴിയുന്നവരില്‍ ആനന്ദ അസ്നോതികര്‍, ശിവനഗൌഡ നായിക് എന്നിങ്ങനെ രണ്ട് മന്ത്രി പുംഗവന്മാരുമുണ്ടത്രെ. നവംബര്‍ ഒന്നിന്റെ കര്‍ണാടകപ്പിറവി ദിനാഘോഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടശേഷം ഇവരെല്ലാം പഴയ താവളങ്ങളിലേക്ക് മുങ്ങിയതായാണ് വാര്‍ത്ത. എന്ത് ജനം, എന്ത് ദുരിതാശ്വാസം! ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും എന്നും എല്ലാം ആഘോഷം തന്നെ.
ഇപ്പോള്‍ കര്‍ണാടകത്തിലെ രാഷ്ട്രീയക്കളികളുടെ അരങ്ങ് ഡല്‍ഹിയിലേക്ക് മാറിയിരിക്കുകയാണ്. അവിടെയാണെങ്കിലോ പട പേടിച്ച് പന്തളത്തെത്തിയപ്പോള്‍ ചൂട്ടുംകെട്ടി പടയെന്ന അവസ്ഥയും. ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന്റെയും പ്രതിപക്ഷ നേതാവ് അദ്വാനിയുടെയും കസേരകള്‍ ഇളകി പുറത്തേക്കുള്ള നാളുകള്‍ എണ്ണിക്കഴിയുമ്പോള്‍ ആ കസേരകളില്‍ മറ്റാരും തള്ളിക്കയറാതെ അരുണ്‍ ജെയ്റ്റ്ലിയും സുഷമാ സ്വരാജും കാവലിരിപ്പുമാണ്. കേന്ദ്ര കാര്യാലയത്തിലെ മറ്റൊരു ഉന്നതന്‍ കര്‍ണാടകക്കാരനായ എച്ച് ആനന്ദകുമാര്‍ യെദ്യൂരപ്പയ്ക്ക് പാര പണിയാന്‍ ബെല്ലാരിക്കാരോടൊപ്പം അണിയറയില്‍ ഉണ്ടെന്നത് അങ്ങാടിപ്പാട്ടും. എന്തായാലും കേന്ദ്ര നേതൃത്വം ഒറ്റക്കെട്ടായി യെദ്യൂരപ്പയെ തുണയ്ക്കാന്‍ തീരുമാനിച്ചു. എന്നാല്‍, തീരുമാനം എടുത്തവര്‍ക്കുപോലും അത് നടപ്പാവുമെന്നും യെദ്യൂരപ്പയുടെ കസേര രക്ഷിക്കാമെന്നും ഉറപ്പില്ല. ഒരു കേന്ദ്ര നേതാവ് തന്നെ പറഞ്ഞത്, ബെല്ലാരി സഹോദരന്മാരുടെ പണക്കൊഴുപ്പിനും കൈക്കരുത്തിനും മുന്നില്‍ ഭൂരിപക്ഷം ബിജെപി എംഎല്‍എമാരും വീണുപോകാന്‍ സാധ്യതയുണ്ടെന്നാണ്. 117 എംഎല്‍എമാരില്‍ 85 പേരുടെ പിന്തുണ യെദ്യൂരപ്പ അവകാശപ്പെടുമ്പോള്‍ അതില്‍ 35 പേരും തങ്ങളുടെ കീശയിലാണെന്നും മൊത്തം 71 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും റവന്യൂമന്ത്രി കരുണാകര റെഡ്ഡി പറയുന്നു. ജനവിധിയില്‍ ഒറ്റയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്ന ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കാന്‍ സ്വതന്ത്ര എംഎല്‍എമാരെയും മറ്റു പാര്‍ടികളില്‍നിന്നുള്ളവരെയും വിലയ്ക്കെടുത്തു കൊടുത്ത ബെല്ലാരി സഹോദരന്മാര്‍ക്ക് ഭൂരിപക്ഷം ബിജെപി എംഎല്‍എമാരെ കൂടെ നിര്‍ത്താനും വലിയ പ്രയാസമുണ്ടാവില്ലെന്ന് കേന്ദ്ര നേതൃത്വത്തിനറിയാം. പക്ഷേ അവര്‍ക്ക് യെദ്യൂരപ്പയെ കൈവെടിയാനുമാവില്ല.
കര്‍ണാടകത്തിലെ ചേരിപ്പോരിനുപിന്നില്‍ രാഷ്ട്രീയ പ്രശ്നങ്ങളല്ല, പണവും ബിസിനസും ആണെന്ന് ബിജെപി കേന്ദ്ര നേതൃത്വം തന്നെ സമ്മതിക്കുന്നു. അപ്പോള്‍ നേതൃമാറ്റം കൂടാതെ കച്ചവടം ഉറപ്പിക്കാം എന്ന് വ്യംഗ്യം. തെരഞ്ഞെടുപ്പുരംഗത്തെ അമിതമായ പണപ്രവാഹമാണ് യാതൊരു മറയുമില്ലാതെ ബിസിനസ് താല്‍പര്യങ്ങള്‍ അരങ്ങത്ത് പ്രത്യക്ഷപ്പെടുന്നതിനു പിന്നിലെ കാരണങ്ങളില്‍ പ്രധാനം. കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ പണപ്രവാഹത്തെക്കുറിച്ച് പേരു വെളിപ്പെടുത്താത്ത ഒരു ബിജെപി നേതാവ് പറയുന്നത് ഇങ്ങനെ - "വടക്കും തെക്കുമുള്ള പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പില്‍ ഞാന്‍ പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ, കര്‍ണാടകത്തിലെ രംഗം തികച്ചും വ്യത്യസ്തം തന്നെ. അവിടെ ഒഴുക്കിയതുപോലെ പണം മറ്റെവിടെയും ഒഴുക്കിയതായി ഞാന്‍ ഇതേവരെ കണ്ടിട്ടേയില്ല''. (ദ ഹിന്ദു, നവംബര്‍ 3).
ബെല്ലാരി റെഡ്ഡിമാരുടെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പ്രശ്നം പരിഹരിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്. ഗ്രാമവികസന മന്ത്രി ശോഭയെ ബെല്ലാരിയിലും പരിസരപ്രദേശത്തും അടുപ്പിക്കാന്‍ പാടില്ലെന്നാണ് റെഡ്ഡിമാരുടെ മുഖ്യ ആവശ്യം. പണം തങ്ങള്‍ പിരിക്കും, പാര്‍ടിക്കു വേണ്ടതു നല്‍കും എന്നര്‍ത്ഥം. ബെല്ലാരിയിലും ചുറ്റുവട്ടത്തും തങ്ങള്‍ പറയുന്നവരെ മാത്രം ഉദ്യോഗസ്ഥരായി മാറ്റി നിയമിക്കണം, തങ്ങളുടെ സില്‍ബന്ധികള്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണം, തങ്ങളുടെ ബിസിനസ് പങ്കാളിയായ ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാവും കടപ്പ എംപിയുമായ വൈ എസ് ജഗന്‍ മോഹന റെഡ്ഡിയുടെ സാക്ഷി ടിവി ചാനലിന് യഥേഷ്ടം സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കണം തുടങ്ങിയവയുമാണ് ബെല്ലാരി സഹോദരന്മാരുടെ ചുരുങ്ങിയ ആവശ്യങ്ങള്‍. തങ്ങളുടെ സാമ്രാജ്യത്തിലേക്ക് കാലുകുത്താന്‍ പോയിട്ട് എത്തിനോക്കാന്‍ പോലും മുഖ്യമന്ത്രിയെന്നല്ല ആരെയും അനുവദിക്കില്ലെന്ന വാശിയില്‍ തന്നെയാണ് റെഡ്ഡിമാര്‍. അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി ഭരണം സംരക്ഷിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. അതിന് യെദ്യൂരപ്പയും വഴങ്ങിയേക്കാം.
ബെല്ലാരി റെഡ്ഡിമാരും കടപ്പ റെഡ്ഡിയും തമ്മിലുള്ള കച്ചവടബന്ധമാണ് കര്‍ണാടകത്തിലെ രാഷ്ട്രീയ ചതുരംഗക്കളിയില്‍ ഇറങ്ങിക്കളിക്കാന്‍ പറ്റാത്തവിധം കോണ്‍ഗ്രസിനെ വൈതരണിയില്‍ ആക്കിയിരിക്കുന്നത്. കര്‍ണാടകത്തിലെപ്പോലെ തന്നെ ആന്ധ്രാപ്രദേശിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പണം പച്ചവെള്ളം പോലെ ഒഴുക്കിയതായാണ് റിപ്പോര്‍ട്ട്. മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ നയം അനുകൂലമാക്കാന്‍ മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലോക്സഭ, നിയമസഭാ സ്ഥാനാര്‍ത്ഥികള്‍ 400 കോടിയോളം രൂപ ചെലവഴിച്ചതായാണ് ആന്ധ്രപ്രദേശിലെ വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്‍ നടത്തിയ പഠനം വെളിപ്പെടുത്തിയത്. ആന്ധ്രയില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ശതകോടീശ്വരന്മാരും കടപ്പ റെഡ്ഡിമാര്‍ക്കുപിന്നില്‍ നിന്നെങ്കില്‍, കര്‍ണാടകത്തില്‍ ഖനി ഉടമകളായ ബെല്ലാരി റെഡ്ഡിമാര്‍ തന്നെ നേരിട്ട് അരങ്ങത്തെത്തുകയായിരുന്നു.
തെരഞ്ഞെടുപ്പിലെ പണപ്രവാഹത്തോടൊപ്പം ശ്രദ്ധേയമായ പ്രതിഭാസമാണ് ശതകോടീശ്വരന്മാര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും അധികാര കേന്ദ്രങ്ങളിലും നേരിട്ട് കടന്നുവരുന്നത്. 15-ാം ലോക്സഭയിലെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ബിഎസ്പിയുടെയും എസ്പിയുടെയും എന്‍സിപിയുടെയും ഡിഎംകെയുടെയും മറ്റും അംഗങ്ങളില്‍ പകുതിയില്‍ ഏറേപ്പേരും ശതകോടീശ്വരന്മാരാണ് എന്നാണ് നാഷണല്‍ ഇലക്ഷന്‍ വാച്ച് എന്ന സംഘടനയുടെ പഠനം വെളിപ്പെടുത്തിയത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെക്കുറിച്ച് 'ദ ഹിന്ദു'വിന്റെ റൂറല്‍ എഡിറ്റര്‍ പി സായ്നാഥ് നടത്തിയ പഠനവും ഈ സത്യത്തിലേക്ക് വെളിച്ചം വീശുന്നതാണ്. കോണ്‍ഗ്രസ് - എന്‍സിപി സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചിട്ടും മന്ത്രിസഭ ഉണ്ടാക്കാനാകാതെ പ്രതിസന്ധിയില്‍ പെട്ടിരിക്കുന്നതിനു പിന്നിലും ഈ കച്ചവട താല്‍പര്യം പതിയിരിക്കുന്നുണ്ടെന്ന് കാണാവുന്നതാണ്.
കൂറുമാറ്റ രാഷ്ട്രീയത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന ഹരിയാനയിലും കോണ്‍ഗ്രസ് ഭൂരിപക്ഷമുറപ്പിച്ചതിനുപിന്നിലും ഈ കച്ചവട രാഷ്ട്രീയം തന്നെയാണ്. ഭൂരിപക്ഷത്തിന് 6 എംഎല്‍എമാര്‍ കൂടി ആവശ്യമായിടത്ത് ഏഴുപേരെ നേരിട്ട് അണിനിരത്തിയും 5 പേരെ വോട്ടെടുപ്പില്‍നിന്ന് മാറ്റി നിര്‍ത്തിയുമാണ് കോണ്‍ഗ്രസ് നേതാവ് ഭൂപിന്ദര്‍ സിങ് ഹുഡ അധികാരമുറപ്പിച്ചത്. അഞ്ചുവര്‍ഷം അധികാരത്തില്‍ തുടരാന്‍ ഇതേ വിദ്യ ഇനിയും പലവട്ടം അദ്ദേഹത്തിന് പയറ്റേണ്ടതായും വരും. കോടികള്‍ ഉണ്ടെങ്കില്‍ 'ആയാ രാമ'ന്മാരുടെയും 'ഗയാ രാമ'ന്മാരുടെയും ഈ നാട്ടില്‍ അതിന് അല്‍പവും ക്ളേശിക്കേണ്ടതില്ല. 1967ല്‍ ഒരു ദിവസം സൂര്യന്‍ ഉദിച്ച് അസ്തമിക്കുന്നതിനകം ഒരു 'രാമന്‍' മൂന്നുവട്ടം കൂറുമാറി ചരിത്രം സൃഷ്ടിച്ച നാടാണല്ലോ അത്. ജനാധിപത്യമോ പണാധിപത്യമോ എന്ന സംശയംപോലും ഇന്ന് അസ്ഥാനത്താവുകയാണ്.
ഹരിയാനയിലെ നാലില്‍ മൂന്ന് ഭാഗം എംഎല്‍എമാരും കോടീശ്വരന്മാരാണ്. മുന്‍ കേന്ദ്രമന്ത്രിയും അംബാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയുമായ വിനോദ്കുമാര്‍ ശര്‍മ്മയുടെ ആസ്തി 87 കോടി രൂപയാണ്. ഹിസാറില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാകട്ടെ ജിണ്ടാല്‍ സ്റ്റീല്‍ ഗ്രൂപ്പിന്റെ സാവിത്രി ജിണ്ടാല്‍ ആണ.് അവരുടെ സ്വകാര്യ ആസ്തി 43 കോടി രൂപയും. 90 അംഗ നിയമസഭയിലേക്ക് മത്സരിച്ച കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളില്‍ 80 ശതമാനവും കോടീശ്വരന്മാരായിരുന്നു. 2009ലെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എമാരില്‍ 42 പേരുടെ ആസ്തി 2005ല്‍നിന്ന് 2009ല്‍ എത്തിയപ്പോള്‍ 388 ശതമാനം വര്‍ദ്ധിച്ചതായാണ് - ഓരോരുത്തര്‍ക്കും ശരാശരി 4.8 കോടി രൂപയുടെ വീതം വര്‍ദ്ധന - ഇലക്ഷന്‍ വാച്ച് വെളിപ്പെടുത്തിയത്. മറ്റൊരു വരുമാനമാര്‍ഗവും ഇല്ലാത്ത ഇവര്‍ ഈ പണമത്രയും ഖജനാവ് കൊള്ളയടിച്ചുണ്ടാക്കിയതായിരിക്കാനാണ് സാധ്യത.
കര്‍ണാടകത്തിലെയും ആന്ധ്രപ്രദേശിലെയും ബിജെപിക്കാരും കോണ്‍ഗ്രസുകാരുമായ റെഡ്ഡിമാര്‍ തമ്മിലുള്ളതുപോലെ തന്നെ ഹരിയാനയിലായാലും മഹാരാഷ്ട്രയിലായാലും ഈ ശതകോടീശ്വരന്മാര്‍ക്ക് കച്ചവടതാല്‍പര്യത്തിനനുസരിച്ച് കൂറുമാറാനോ സ്വയം വില്‍ക്കപ്പെടാനോ ഒരു മടിയുമുണ്ടാകില്ല. ഡിഎംകെക്കാരനായ ടെലികമ്യൂണിക്കേഷന്‍ മന്ത്രി എ രാജയുടെ 2 ജി സ്പെക്ട്രം അഴിമതിയില്‍ മൂകസാക്ഷിയും കൂട്ടുകക്ഷിയുമായി കോണ്‍ഗ്രസ് നില്‍ക്കുന്നതും ഈ കച്ചവട രാഷ്ട്രീയം കാരണമാണ്.
ഈ കച്ചവട രാഷ്ട്രീയത്തിന്റെ വികൃതവും ബീഭല്‍സവുമായ മറ്റൊരു മുഖമാണ് ഇപ്പോള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി മധുഖോഡയുടെ അവിഹിത സാമ്പത്തിക ഇടപാടുകള്‍. 400ഓളം ഉദ്യോഗസ്ഥര്‍ 70 സംഘങ്ങളായി തിരിഞ്ഞ് ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ 2000 കോടി രൂപയുടെ അവിഹിത സമ്പാദ്യവും 500 കോടിയില്‍ അധികം രൂപയുടെ വിദേശ ഹവാല ഇടപാടുകളുമാണ് ഇതിനകം കണ്ടെത്തിയത്. ബിജെപിയോടൊപ്പവും കോണ്‍ഗ്രസിനൊപ്പവും മാറി മാറി കൂട്ടുകൂടി ഒരിക്കല്‍ ബിജെപി എംഎല്‍എയും പിന്നീട് സ്വതന്ത്ര എംഎല്‍എയുമായി, മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന 'മാന്യ'നാണ് മധുഖോഡ. 1990കളില്‍ നരസിംഹറാവു സര്‍ക്കാരിന് പണം വാങ്ങിയിട്ടാണെങ്കിലും ജീവശ്വാസം നല്‍കിയ, മന്‍മോഹന്‍ സര്‍ക്കാരിന് പിന്തുണ നല്‍കിക്കൊണ്ടിരുന്ന ഷിബു സൊറനെ ബലമായി മുഖ്യമന്ത്രിക്കസേരയില്‍നിന്നും പിടിച്ചിറക്കിയിട്ടാണ് കോണ്‍ഗ്രസ് മധുഖോഡയെ മുഖ്യമന്ത്രിയാക്കിയത്. ഖോഡ കൊള്ളയടിച്ച കോടികളില്‍ കോണ്‍ഗ്രസില്‍ ആര്‍ക്കെല്ലാം വിഹിതമെത്തിയിട്ടുണ്ടാവുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.
ഈ രാഷ്ട്രീയ പൊറാട്ടു നാടകങ്ങളിലും കൂട്ടുകച്ചവടങ്ങളിലുമെല്ലാം ബൂര്‍ഷ്വാ മാധ്യമങ്ങളും കൂട്ടിക്കൊടുപ്പുകാരായോ സ്വയം വില്‍ക്കപ്പെടുന്നവരായോ അണിഞ്ഞൊരുങ്ങി ഇളിച്ചു നില്‍ക്കുന്നതും കാണാവുന്നതാണ്. മധുഖോഡയുടെ സില്‍ബന്ധിമാരിലും രണ്ട് മാധ്യമ പ്രവര്‍ത്തകരുണ്ട്. അതില്‍ ഒരാള്‍ സ്വന്തമായി അടുത്ത കാലത്ത് ചാനല്‍ തുടങ്ങിയെന്നതും മറ്റൊരു വാര്‍ത്ത.
ഇവര്‍ക്കൊന്നും ജനങ്ങളും ജനങ്ങളുടെ ദുരിതങ്ങളും വിഷയമേയല്ല. എല്ലാം കച്ചവടം മാത്രം. അതിനു വിഘാതമായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ കരിയൊഴിച്ച് അപഹസിക്കാനും തെല്ലും മടിക്കില്ല. വേണ്ടി വന്നാല്‍ ഉന്മൂലനവും. ഇന്ത്യയിലെ ബൂര്‍ഷ്വാ രാഷ്ട്രീയം ഇവിടെയാണ് നില്‍ക്കുന്നത്.
ജി വിജയകുമാര്‍ ചിന്ത വാരിക
തെരഞ്ഞെടുപ്പിലെ പണപ്രവാഹത്തോടൊപ്പം ശ്രദ്ധേയമായ പ്രതിഭാസമാണ് ശതകോടീശ്വരന്മാര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും അധികാര കേന്ദ്രങ്ങളിലും നേരിട്ട് കടന്നുവരുന്നത്. 15-ാം ലോക്സഭയിലെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ബിഎസ്പിയുടെയും എസ്പിയുടെയും എന്‍സിപിയുടെയും ഡിഎംകെയുടെയും മറ്റും അംഗങ്ങളില്‍ പകുതിയില്‍ ഏറേപ്പേരും ശതകോടീശ്വരന്മാരാണ് എന്നാണ് നാഷണല്‍ ഇലക്ഷന്‍ വാച്ച് എന്ന സംഘടനയുടെ പഠനം വെളിപ്പെടുത്തിയത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെക്കുറിച്ച് 'ദ ഹിന്ദു'വിന്റെ റൂറല്‍ എഡിറ്റര്‍ പി സായ്നാഥ് നടത്തിയ പഠനവും ഈ സത്യത്തിലേക്ക് വെളിച്ചം വീശുന്നതാണ്. കോണ്‍ഗ്രസ് - എന്‍സിപി സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചിട്ടും മന്ത്രിസഭ ഉണ്ടാക്കാനാകാതെ പ്രതിസന്ധിയില്‍ പെട്ടിരിക്കുന്നതിനു പിന്നിലും ഈ കച്ചവട താല്‍പര്യം പതിയിരിക്കുന്നുണ്ടെന്ന് കാണാവുന്നതാണ്.
ReplyDelete