Sunday, November 1, 2009

അഴിമതിയുടെ സ്പെക്ട്രം

സ്പെക്ട്രം അഴിമതി മുന്‍കൂട്ടി അറിഞ്ഞിട്ടും പ്രധാനമന്ത്രി തടഞ്ഞില്ല

ന്യൂഡല്‍ഹി: സ്പെക്ട്രം അഴിമതിയെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടപടിയെടുത്തില്ല. ബിഎസ്എന്‍എല്ലിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ് എംപി ധരംപാല്‍ സബര്‍വാള്‍, സിപിഐ എം നേതാവ് സീതാറാം യെച്ചൂരി എന്നിവര്‍ സ്പെക്ട്രം ലൈസന്‍സ് നല്‍കുന്നതില്‍ അഴിമതി നടക്കാന്‍ പോകുന്നെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇടപാടുകള്‍ നടന്നത് പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും അറിവോടെയാണെന്ന രാജയുടെ പ്രസ്താവനക്ക് പ്രധാനമന്ത്രി മറുപടി പറയാന്‍ മടിക്കുന്നത് ഇതുകൊണ്ടാണ്. ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ മകള്‍ കനിമൊഴിയോടൊപ്പമെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി സ്പെക്ട്രം ഇടപാടിന് അംഗീകാരം നല്‍കണമെന്ന് സോണിയയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ബിഎസ്എന്‍എല്ലിലെ ഉദ്യോഗസ്ഥരുടെ എതിര്‍പ്പുകളെ നിശ്ശബ്ദമാക്കിക്കൊണ്ടാണ് രാജ അഴിമതിക്ക് വഴിയൊരുക്കിയത്. ഒടുവില്‍ ബിഎസ്എന്‍എല്ലിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ വിവരം അറിയിക്കുകയായിരുന്നു. സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് വിശദമായ കത്തിലൂടെയാണ് മുന്നറിയിപ്പു നല്‍കിയത്. ഇതൊന്നും പ്രധാനമന്ത്രി പരിഗണിച്ചില്ല. കോണ്‍ഗ്രസിന് ഹാനികരമായ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന രാജയുടെ ഭീഷണിയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയെ നിശ്ശബ്ദനാക്കുന്നത്.

കേന്ദ്രമന്ത്രിസഭയുടെയോ സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടെയോ അനുമതിയില്ലാതെയാണ് സ്പെക്ട്രം ഇടപാട് നടന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെ സ്പെക്ട്രം അനുവദിക്കുന്നതിനെ ടെലികോം റഗുലേറ്ററി അതോറിറ്റിയും എതിര്‍ത്തിരുന്നു. 2001ല്‍ നിശ്ചയിച്ച വിലയ്ക്കാണ് 2008ല്‍ സ്പെക്ട്രം ലൈസന്‍സുകള്‍ നല്‍കിയത്. അതും ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന വിചിത്രമായ മാനദണ്ഡമനുസരിച്ച്. 40 ലക്ഷം മൊബൈല്‍ഫോണ്‍ ഉപഭോക്താക്കള്‍ മാത്രമാണ് 2001ല്‍ ഉണ്ടായിരുന്നത്. 2008ല്‍ അത് 30 കോടിയായി വര്‍ധിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ രംഗത്തുനിന്നുള്ള വരുമാനം പല ഇരട്ടിയായി വര്‍ധിച്ചുവെന്ന് സാരം. എന്നാല്‍ 2001ലെ വിപണി വച്ച് സ്പെക്ട്രം വിറ്റു. രാജയ്ക്കുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയ ബന്ധം ഉപയോഗിച്ചാണ് സ്പെക്ട്രം അഴിമതി നടത്തിയത്. നിസ്സാരവിലയ്ക്ക് സ്പെക്ട്രംനേടിയ കമ്പനികളായ സ്വാനും യൂണിടെകും റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ്. വനം-പരിസ്ഥിതി മന്ത്രിയായിരുന്നപ്പോള്‍ത്തന്നെ രാജയ്ക്കു ചുറ്റും റിയല്‍ എസ്റ്റേറ്റ് മാഫിയ കൂടുകൂട്ടിയിരുന്നു. തന്റെ അടുത്ത ബന്ധുക്കളുടെ പേരില്‍ പല റിയല്‍ എസ്റ്റേറ്റ് കമ്പനികളും രാജ തുടങ്ങി. അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ ഗ്രീന്‍ഹൌസ് പ്രൊമോട്ടേഴ്സ്, ഇക്വാസ് എസ്റ്റേറ്റ്സ്, കോവൈ ഷെല്‍ട്ടേഴ്സ് പ്രൊമോട്ടേഴ്സ് എന്നീ കമ്പനികള്‍ തുടങ്ങി. സഹോദരങ്ങളുടെ മക്കള്‍ ഈ കമ്പനികളില്‍ ഡയറക്ടര്‍മാരായി. ഭാര്യയെയും ഇതിലൊരു കമ്പനിയില്‍ ഡയറക്ടറാക്കി. ഇത് ക്യാബിനറ്റ് മന്ത്രിമാര്‍ക്കുള്ള പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. കോവൈ ഷെല്‍ട്ടേഴ്സില്‍ 15 ശതമാനം ഓഹരികളുള്ള അനന്തരവന്‍ ശ്രീധര്‍ പരിസ്ഥിതി മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനുമായിരുന്നു. 1537 കോടി രൂപയ്ക്ക് ലൈസന്‍സ് നേടിയ സ്വാന്‍ ടെലികോം മാസങ്ങള്‍ക്കുള്ളില്‍ 45 ശതമാനം ഓഹരി 4500 കോടി രൂപയ്ക്കാണ് യുഎഇയിലെ എറ്റിസലാറ്റ് കമ്പനിക്ക് വിറ്റത്. 1651 കോടിക്ക് ലൈസന്‍സ് സ്വന്തമാക്കിയ യൂണിടെക് 60 ശതമാനം ഓഹരി നോര്‍വീജിയന്‍ കമ്പനിയായ ടെലനറിന് വിറ്റത് 6120 കോടി രൂപയ്ക്കുമാണ്.
(വി ജയിന്‍)

നഷ്ടം 22,000 കോടിയെന്ന് എഫ്ഐആര്‍

ന്യൂഡല്‍ഹി: സ്പെക്ട്രം അഴിമതിയില്‍ കേന്ദ്രസര്‍ക്കാരിന് 22,000 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് സിബിഐ എഫ്ഐആര്‍. ഒക്ടോബര്‍ 21ന് ഫയല്‍ ചെയ്ത എഫ്ഐആറില്‍ ടെലികോം മന്ത്രി എ രാജയെ ഒഴിവാക്കി, ഉദ്യോഗസ്ഥരെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ടെലികോം ഡിപ്പാര്‍ട്മെന്റിലെ 'അജ്ഞാതരായ' ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയ്ക്കാണ് കേസ്. സിബിഐയെ സ്വാധീനിച്ച് മന്ത്രി എ രാജയെ രക്ഷിക്കാനുള്ള നീക്കമാണിതിനുപിന്നില്‍. ചില പ്രത്യേക കമ്പനികള്‍ക്ക് ആനുകൂല്യം നല്‍കിയതും അപേക്ഷകരുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചതും ആദ്യം വന്നവര്‍ക്ക് ആദ്യം ലൈസന്‍സ് നല്‍കിയതുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസിന്റെ അടിസ്ഥാനം. എന്നാല്‍, നയപരമായ ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത് വകുപ്പുമന്ത്രിയാണെന്ന് വ്യക്തമായിട്ടും അഴിമതിക്കുറ്റം ഉദ്യോഗസ്ഥരുടെ തലയിലിട്ട് മന്ത്രിയെ രക്ഷിക്കാനാണ് സിബിഐയുടെ ചുമതലകൂടിയുള്ള പ്രധാനമന്ത്രി ശ്രമിക്കുന്നത്.

2007 സെപ്തംബര്‍ 24നാണ് 2ജി സ്പെക്ട്രം ലൈസന്‍സിനുള്ള അപേക്ഷ ടെലികോം വകുപ്പ് ക്ഷണിച്ചത്. നിരവധി ഹര്‍ജികള്‍ ലഭിച്ചെങ്കിലും സെപ്തംബര്‍ 25ന് ലഭിച്ച ഒമ്പത് അപേക്ഷ മാത്രമാണ് സ്വീകരിച്ചത്. ആദ്യം വന്നവര്‍ക്ക് ആദ്യം ലൈസന്‍സ് എന്ന മാനദണ്ഡമനുസരിച്ചാണ് ഈ നടപടിയെന്നും പിന്നീട് വിശദീകരണമുണ്ടായി. തുടര്‍ന്ന് ആദ്യം ലൈസന്‍സ് ഫീസ് അടയ്ക്കുന്നവര്‍ക്ക് മാത്രം ലൈസന്‍സ് എന്ന വിചിത്രവാദവും ഉയര്‍ത്തിയതായി എഫ്ഐആറില്‍ പറയുന്നു. സ്വന്തക്കാര്‍ക്ക് മാത്രം ഈ വിവരം ചോര്‍ത്തിനല്‍കിയെന്നും എഫ്ഐആര്‍ വ്യക്തമാക്കുന്നു. ഇങ്ങനെ വിവരം ലഭിച്ചവര്‍ മാത്രമാണ് പണം അടച്ചത്. ഇവര്‍ക്ക് 2008 ജനുവരി 10ന് അനുമതിപത്രം നല്‍കി. വ്യക്തമായ ഒരു കാരണവുമില്ലാതെയാണ് സെപ്തംബര്‍ 25ന് ശേഷം ലഭിച്ച അപേക്ഷകള്‍ തള്ളിയതെന്നും എഫ്ഐആറില്‍ പറഞ്ഞു. 60,000 കോടിരൂപയുടെ അഴിമതിയാണ് നടന്നതെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് സിബിഐയുടെ ഈ നിഗമനം. യഥാര്‍ഥ കണക്കുകള്‍ പ്രതിപക്ഷ ആരോപണം ശരിയെന്നു തെളിയിക്കുന്നു.

സ്വാന്‍ എന്ന കമ്പനിക്ക് 13 സര്‍ക്കിളുകളില്‍ 1537 കോടി രൂപയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചത്. ഈ കടലാസു കമ്പനി അവരുടെ 45 ശതമാനം ഓഹരി യുഎഇയിലെ ടെലികോം കമ്പനിയായ എതിസലാത്തിനു 4200 കോടിക്കു മറിച്ചുവിറ്റു. സ്വാന്‍ ലൈസന്‍സിനായി നല്‍കിയ 1537 കോടിയില്‍നിന്ന് 4200 കോടി കുറച്ചപ്പേഴുള്ള തുകയായ 2663 കോടി സര്‍ക്കാരിനു നഷ്ടമെന്നാണ് സിബിഐ കണക്കാക്കിയത്. മറ്റ് ഒമ്പത് ലൈസന്‍സിന്റെ കാര്യത്തിലും ഇതേ രീതിയിലാണ് സിബിഐ നഷ്ടം കണക്കുകൂട്ടിയത്. എന്നാല്‍, സ്വാന്‍ 45 ശതമാനം ഓഹരിയാണ് 4200 കോടിക്കു വിറ്റത്. ആ നിലയ്ക്ക് 100 ശതമാനം ഓഹരിക്ക് 8800 കോടി വരുമെന്ന് എളുപ്പം കണക്കുകൂട്ടാം. അങ്ങനെ നോക്കിയാല്‍ 8800 ല്‍ നിന്നാണ് 1537 കുറയ്ക്കേണ്ടിയിരുന്നത്. ഈ വകയില്‍ തന്നെ നഷ്ടം 7200 കോടിയിലേറെ വരും. മറ്റ് ഒമ്പത് ലൈസന്‍സില്‍ നടന്ന കൃത്രിമം കൂടി പരിഗണിക്കുമ്പോള്‍ സര്‍ക്കാരിനു നഷ്ടം വന്ന തുക അറുപതിനായിരം കോടിയാണെന്നു വ്യക്തമാകും. ലൈസന്‍സ് നേടിയ ഓരോരുത്തരും എഴായിരം കോടിക്കടുത്ത് ലാഭവുമുണ്ടാക്കി.

മന്ത്രി രാജ പുറത്തുപോകണം

കേന്ദ്ര ടെലികോംവകുപ്പില്‍ സിബിഐ റെയ്ഡ് നടത്തേണ്ടിവന്നത് യുപിഎ സര്‍ക്കാരിന്റെ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത്. വ്യാഴാഴ്ചയാണ് ഇരുതുപതംഗ സിബിഐ സംഘം ടെലികോം ഓഫീസില്‍ റെയ്ഡ് നടത്തിയത്. സ്പെക്ട്രം ലൈസന്‍സ് വിതരണത്തില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ഉത്തരവിട്ടത് സെന്‍ട്രല്‍ വിജിലന്‍സ് കമീഷനാണ്. സ്പെക്ട്രം ലൈസന്‍സ് വിതരണം ചെയ്തതില്‍ കാണിച്ച ക്രമക്കേടു കാരണം സര്‍ക്കാര്‍ ഖജനാവിന് ഒരു ലക്ഷം കോടി രൂപ നഷ്ടം വന്നിട്ടുണ്ടെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ സിപിഐ എം ചൂണ്ടിക്കാട്ടിയിരുന്നു. 60,000 കോടി രൂപയുടെ അഴിമതി നടന്നതായി ബിജെപിയും ആരോപണം ഉന്നയിച്ചു. എന്നാല്‍,തെരഞ്ഞെടുപ്പുകാലത്ത് ഈ അഴിമതി ആരോപണം തമസ്കരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങള്‍ തയ്യാറായത്. ഇപ്പോള്‍ വലതുപക്ഷ മാധ്യമങ്ങളും സിബിഐ റെയ്ഡ് വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. സ്പെക്ട്രം ലൈസന്‍സ് നല്‍കുന്നതില്‍ സുതാര്യമല്ലാത്ത വഴികളാണ് സ്വീകരിച്ചതെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമീഷണര്‍തന്നെ കുറ്റപ്പെടുത്തി. ആഗോള കരാര്‍ വിളിക്കാതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന വിചിത്രമായ രീതി അവലംബിച്ചതെന്തിനാണെന്ന് ടെലികോംവകുപ്പിനോട് വിജിലന്‍സ് കമീഷണര്‍ ആരാഞ്ഞു. ക്രമക്കേട് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതുകൊണ്ടാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും കമീഷണര്‍ വെളിപ്പെടുത്തി.

1537 കോടി രൂപയ്ക്ക് നല്‍കിയ ലൈസന്‍സ് രണ്ടാഴ്ചയ്ക്കകം മറിച്ചുവിറ്റപ്പോള്‍ 4500 കോടി രൂപ കിട്ടി. 1653 കോടി രൂപയ്ക്ക് ലൈസന്‍സ് വാങ്ങിയ യൂണിടെക് എന്ന കമ്പനി ഒരു മാസത്തിനിടെ 60 ശതമാനം ഓഹരി 6120 കോടി രൂപയ്ക്കാണ് മറിച്ചുവിറ്റത്. ഇതുവഴി സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കേണ്ടതായ 60,000 കോടി രൂപ നഷ്ടപ്പെട്ടതായിട്ടാണ് പ്രതിപക്ഷം ആരോപണമുന്നയിച്ചത്. വിദഗ്ധരുടെ അഭിപ്രായത്തില്‍ 20,000 മുതല്‍ 25,000 വരെ കോടി രൂപ നഷ്ടം വന്നതായിട്ടാണ് കണ്ടത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്പെക്ട്രം ലൈസന്‍സ് വില്‍പ്പനയില്‍ നടന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി. എന്നാല്‍, കേന്ദ്ര ടെലികോംമന്ത്രി എ രാജ അഴിമതി സമ്മതിക്കുന്നില്ലെന്നു മാത്രമല്ല, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അറിവോടെയാണ് താന്‍ എല്ലാ ഇടപാടും നടത്തിയതെന്നും പറഞ്ഞിരിക്കുന്നു. ആരോപണവിധേയനായ മന്ത്രി എ രാജയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ യുപിഎക്കകത്ത് അഭിപ്രായവ്യത്യാസമുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡിഎംകെ നേതാവ് കരുണാനിധിയുടെ പിടിവാശിമൂലമാണ് രാജയെ മന്ത്രിസഭയില്‍ വീണ്ടും ഉള്‍ക്കൊള്ളിച്ചതെന്നാണ് മാധ്യമങ്ങള്‍ അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ യുപിഎയില്‍ രണ്ടാമത്തെ കക്ഷിയാണ് ഡിഎംകെ. ഭരണത്തില്‍ തുടരണമെങ്കില്‍ ഡിഎംകെയെ ഒഴിവാക്കാന്‍ കഴിയില്ലെന്നു വ്യക്തം. അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതാണ് ഉചിതമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അതിലപ്പുറം ആ പാര്‍ടിയില്‍നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. രാജയെ മന്ത്രിസഭയില്‍ എടുക്കുന്നതില്‍ പ്രധാനമന്ത്രിക്ക് എതിര്‍പ്പുണ്ടെന്ന് പ്രചരിപ്പിച്ചിരുന്നു. അതിലും വാസ്തവമില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞു. രാജയുടെ രക്ഷയ്ക്കായി രംഗത്തുവന്നത് പ്രധാനമന്ത്രിതന്നെയാണ്. സ്പെക്ട്രം ലൈസന്‍സ് നല്‍കിയതില്‍ അഴിമതി നടന്നിട്ടില്ലെന്ന് പരസ്യമായി പറഞ്ഞുകൊണ്ട് രാജയ്ക്ക് ക്ളിന്‍ ചിറ്റ് കൊടുക്കാന്‍ അദ്ദേഹം തയ്യാറായി.

സ്പെക്ട്രം അഴിമതിയില്‍ രാജയുടെ 'മന്‍മോഹന്‍ പരാമര്‍ശ'ത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുള്ളതായി കോണ്‍ഗ്രസിന്റെ രക്ഷകവേഷമണിയുന്ന മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തന്റെ പക്ഷം ന്യായീകരിക്കുന്നതിനൊപ്പം ടെലികോംമന്ത്രി എ രാജ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പേരും പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നാണ് മനോരമ വിലപിക്കുന്നത്. സ്പെക്ട്രം വിതരണത്തില്‍ ചെയ്തതെന്തായാലും പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണെന്നാണ് രാജയുടെ വാദം. മന്‍മോഹന്‍സിങ്ങാണെങ്കില്‍ തനിക്ക് അഴിമതിയില്‍ പങ്കില്ലെന്നു പറയുകയല്ല ചെയ്തത്. അഴിമതി നടന്നിട്ടില്ലെന്നു വാദിക്കുകയാണ്. ഇതോടെ സിബിഐ അന്വേഷണംതന്നെ ഫലത്തില്‍ പ്രഹസനമാക്കി മാറ്റിയിരിക്കുന്നു. അഴിമതി നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രിതന്നെ വാദിച്ചാല്‍ സിബിഐ അന്വേഷണത്തെ അത് ബാധിക്കുമെന്ന് തീര്‍ച്ച. പ്രധാനമന്ത്രിയുടെ വാദം സിബിഐക്കുള്ള സൂചനയായി മാത്രമേ കാണാന്‍ കഴിയൂ. കേന്ദ്ര വിജിലന്‍സ് കമീഷണര്‍ അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ അഴിമതി നടന്നതായി ബോധ്യപ്പെട്ടെന്നു പറയുമ്പോള്‍ കേന്ദ്രമന്ത്രി രാജയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അഴിമതി നടന്നിട്ടില്ലെന്ന് ആണയിട്ടു പറയുന്നത് വിചിത്രമായി തോന്നുക സ്വാഭാവികമാണ്. ഇതോടെ സ്പെക്ട്രം അഴിമതി പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കൂട്ടുകച്ചവടമാണെന്ന നിഗമനത്തില്‍ എത്താനേ കഴിയൂ. അഴിമതി മൂടിവയ്ക്കുന്നതിലും കുഴിച്ചുമൂടുന്നതിലും കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള വൈദഗ്ധ്യം ആരും അറിയാത്തതല്ല. ബൊഫോഴ്സ് ഇടപാടില്‍ ഒക്ടോവിയോ ക്വട്രോച്ചിക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയത് മറ്റൊരുദാഹരണമാണ്. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ക്കൊന്നേ പറയാനുള്ളൂ. 60,000 കോടിയില്‍പരം രൂപ കേന്ദ്ര ഖജനാവിന് നഷ്ടം വന്ന സ്പെക്ട്രം ഇടപാടിലെ ഗുരുതരമായ അഴിമതി പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി വ്യക്തമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനോ പ്രധാനമന്ത്രിക്കോ ഇനി ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
രാജയ്ക്കെതിരെയുള്ള സിബിഐ അന്വേഷണം ഒഴിവാക്കാന്‍ കരുണാനിധി സമ്മര്‍ദം ചെലുത്തിവരുന്നതായ വിവരവും പുറത്തുവന്നുകഴിഞ്ഞു. അന്വേഷണം കുഴിച്ചുമൂടാന്‍ ജനങ്ങള്‍ അനുവദിക്കില്ല. കേന്ദ്ര ടെലികോംമന്ത്രി എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണം. അല്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണം. അതല്ലാതെ രക്ഷപ്പെടാന്‍ കോണ്‍ഗ്രസിന് മറ്റു മാര്‍ഗമില്ല. (ദേശാഭിമാനി മുഖപ്രസംഗം)

2 comments:

  1. സ്പെക്ട്രം അഴിമതിയെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടപടിയെടുത്തില്ല. ബിഎസ്എന്‍എല്ലിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ് എംപി ധരംപാല്‍ സബര്‍വാള്‍, സിപിഐ എം നേതാവ് സീതാറാം യെച്ചൂരി എന്നിവര്‍ സ്പെക്ട്രം ലൈസന്‍സ് നല്‍കുന്നതില്‍ അഴിമതി നടക്കാന്‍ പോകുന്നെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇടപാടുകള്‍ നടന്നത് പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും അറിവോടെയാണെന്ന രാജയുടെ പ്രസ്താവനക്ക് പ്രധാനമന്ത്രി മറുപടി പറയാന്‍ മടിക്കുന്നത് ഇതുകൊണ്ടാണ്. ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ മകള്‍ കനിമൊഴിയോടൊപ്പമെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി സ്പെക്ട്രം ഇടപാടിന് അംഗീകാരം നല്‍കണമെന്ന് സോണിയയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ബിഎസ്എന്‍എല്ലിലെ ഉദ്യോഗസ്ഥരുടെ എതിര്‍പ്പുകളെ നിശ്ശബ്ദമാക്കിക്കൊണ്ടാണ് രാജ അഴിമതിക്ക് വഴിയൊരുക്കിയത്. ഒടുവില്‍ ബിഎസ്എന്‍എല്ലിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ വിവരം അറിയിക്കുകയായിരുന്നു. സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് വിശദമായ കത്തിലൂടെയാണ് മുന്നറിയിപ്പു നല്‍കിയത്. ഇതൊന്നും പ്രധാനമന്ത്രി പരിഗണിച്ചില്ല. കോണ്‍ഗ്രസിന് ഹാനികരമായ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന രാജയുടെ ഭീഷണിയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയെ നിശ്ശബ്ദനാക്കുന്നത്.

    ReplyDelete
  2. വളരെ നല്ല എഴുത്ത്...
    വളരെ നല്ല പോസ്റ്റ്...

    ReplyDelete