Sunday, November 15, 2009

അമേരിക്കന്‍ വിരുന്ന് ആയുധക്കച്ചവടത്തിന്

അമേരിക്കന്‍ വിരുന്ന് ആയുധക്കച്ചവടത്തിന്

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നവംബര്‍ അവസാനം വൈറ്റ്ഹൌസില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ ഒരുക്കുന്ന വിരുന്ന് 1,35,000 കോടി രൂപയുടെ ആയുധക്കച്ചവടം മുന്നില്‍ക്കണ്ട്. ആണവകരാറോടെ അമേരിക്കയോട് കൂടുതല്‍ അടുത്ത ഇന്ത്യന്‍ ഭരണനേതൃത്വത്തെ പൂര്‍ണ്ണമായും വരുതിയിലാക്കാനുള്ള കെണിയൊരുക്കലാകും 24ന് നടക്കുന്ന ഒബാമയുടെ അതിഥിസല്‍ക്കാരം. 2012നകം ഇന്ത്യ വാങ്ങാന്‍ ഉദ്ദേശിക്കുന്ന 1,35,000 കോടി രൂപയുടെ ആയുധങ്ങളില്‍ ഭൂരിഭാഗവും സപ്ളൈ ചെയ്യാനുള്ള കരാര്‍ നേടുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം. ഇതില്‍ ഏറ്റവും പ്രധാനം 45,000 കോടി രൂപയുടെ 126 അത്യാധുനിക യുദ്ധവിമാന ഇടപാടാണ്. ഇതിനായി ലോക്ക്ഹീഡ് മാര്‍ടിനും ബോയിങ്ങും മറ്റും ടെന്‍ഡറില്‍ പങ്കെടുത്തു. കരാര്‍ അവര്‍ക്കുതന്നെ ലഭിക്കണമെന്നത് സാമ്പത്തികമാന്ദ്യത്തില്‍നിന്ന് രക്ഷനേടാനുള്ള അമേരിക്കയുടെ പ്രധാന ആവശ്യമാണ്.

മന്‍മോഹന്‍സിങ്ങിന്റെ സന്ദര്‍ശനം ആയുധക്കച്ചവടത്തിന് പുറമെ രാജ്യത്തെ തീറെഴുതാനുള്ള തീരുമാനങ്ങള്‍ക്കും വേദിയാകും. ഒബാമ വിരുന്ന് നല്‍കുന്ന ആദ്യത്തെ അതിഥിയാണ് മന്‍മോഹന്‍സിങ് എന്ന് യുപിഎ സര്‍ക്കാര്‍ അഹങ്കരിക്കുമ്പോള്‍ പിന്നാമ്പുറത്ത് നടക്കുന്നത് രാജ്യത്തെ അമേരിക്കയ്ക്ക് പണയപ്പെടുത്തുന്ന വന്‍ ഇടപാടുകളാണ്. ആണവകരാറിലൂടെ ഊട്ടിയുറപ്പിച്ച തന്ത്രപ്രധാന ബന്ധം ഇന്ത്യയിലെ എല്ലാ മേഖലയിലും കടന്നുവരാന്‍ അവസരമൊരുക്കുന്നു. പ്രതിരോധവിദഗ്ധന്‍ രാഹുല്‍ ബേഡിയുടെ ഭാഷയില്‍ 'കൊള്ളയ്ക്ക് മുമ്പുള്ള വിരുന്നാണ്' 24ന് വൈറ്റ്ഹൌസില്‍ നടക്കാന്‍ പോകുന്നത്. അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഇന്ത്യന്‍ താവളങ്ങളില്‍ വരാനും ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണിനടത്താനും അനുവദിക്കുന്ന സൈനികസഹായ കരാര്‍(എല്‍എസ്എ), അമേരിക്കന്‍നിക്ഷേപം തടസ്സമില്ലാതെ കടന്നുവരാന്‍ വഴിയൊരുക്കുന്ന നിക്ഷേപ ചട്ടക്കൂട് കരാര്‍, കാര്‍ഷികവ്യാപാരം പ്രോത്സാഹിപ്പിക്കുന്ന കരാര്‍, ഇന്ത്യ-അമേരിക്ക വിദ്യാഭ്യാസ കൌസിലിന്റെ രൂപീകരണം, രഹസ്യാന്വേഷണരംഗത്ത് സഹകരണം വര്‍ധിപ്പിക്കല്‍ എന്നിവയാണ് അമേരിക്ക ആവശ്യപ്പെടുന്ന പ്രധാന കാര്യങ്ങള്‍. അതോടൊപ്പം ആണവനിര്‍വ്യാപന കരാറിലും (എന്‍പിടി) സമഗ്ര ആണവപരീക്ഷണ നിരോധനക്കരാറിലും(സിടിബിടി) ഒപ്പുവയ്ക്കാനുള്ള സമ്മര്‍ദവും തുടരുകയാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ കാര്യത്തിലും ഇന്ത്യയെ അമേരിക്കയ്ക്കൊപ്പം നിര്‍ത്താനുള്ള നീക്കമുണ്ട്. അമേരിക്കന്‍ മേല്‍ക്കോയ്മയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ചൈനയെ തളയ്ക്കുകയും ഒബാമയുടെ ലക്ഷ്യമാണ്. അടുത്തയിടെ ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചൈനാവിരുദ്ധ വാര്‍ത്തകളുടെ പ്രളയത്തിന് കാരണവും ഇതുതന്നെ.

മന്‍മോഹന്‍സിങ്ങിന്റെ സന്ദര്‍ശനത്തിന്റെ മുന്നോടിയായി അമേരിക്കയില്‍നിന്നുള്ള മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും ഒഴുക്കാണ് ഇന്ത്യയിലേക്ക്. വ്യാപാര സെക്രട്ടറി റോകിര്‍ക്ക്, ഊര്‍ജ സെക്രട്ടറി സ്റ്റീവന്‍ ചു, ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി വില്യം ജെ ലിന്‍, യുഎസ് അണ്ടര്‍ സെക്രട്ടറി വില്യം ബര്‍ണി, ജനാധിപത്യ-ആഗോളകാര്യങ്ങള്‍ക്കായുള്ള അമേരിക്കന്‍ സെക്രട്ടറി മരിയ ഒട്ടേറോ, അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ്് ബോബ് മില്ലിഗന്‍, വാര്‍മാര്‍ട് ഉടമ എസ് റോബ്സ വാള്‍ട്ട എന്നിവരാണ് ഇന്ത്യയിലെത്തിയ പ്രമുഖര്‍. സിഐഐ തലവന്‍ ലിയോ പനേറ്റ, എഫ്ബിഐ മേധാവി റോബര്‍ട്ട് മുളളര്‍, ഉയര്‍ന്ന അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ മൈക്കിള്‍ മുള്ളേന്‍, നിര്‍വ്യാപനത്തിനുള്ള അണ്ടര്‍ സെക്രട്ടറി എലന്‍ ടൌഷേര്‍ എന്നിവര്‍ പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നതിനുമുമ്പ് ഇന്ത്യയില്‍ എത്തും.
(വി ബി പരമേശ്വരന്‍‍)

കൊള്ളയ്ക്കുമുമ്പുള്ള വിരുന്ന് അമേരിക്കന്‍ സമ്മര്‍ദം ഇങ്ങനെ

അമേരിക്കന്‍ താല്‍പര്യം അടിച്ചേല്‍പ്പിക്കാനും വിവിധ കരാറുകളില്‍ ഏര്‍പ്പെടാനും ഇന്ത്യക്ക്മേല്‍ കനത്ത സമ്മര്‍ദമാണ് ഒബാമ ഭരണകൂടം നടത്തിയത്. നവമ്പര്‍ 26 ന് നടക്കുന്ന മന്‍മോഹന്‍സിങ്- ഒബാമ കൂടിക്കാഴ്ച്ചക്ക് മുന്നോടിയായി അമേരിക്കയിലെ വിവിധ ഏജന്‍സി തലവന്‍മാന്‍ നടത്തിയ സന്ദര്‍ശനത്തിന്റെ നാള്‍വഴി ചുവടെ:

2009 ഒക്ടോബര്‍ 14: അമേരിക്കന്‍ അംബാസഡര്‍ തിമോത്തി റോമര്‍ കൊല്‍ക്കത്തയിലെ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ ആസ്ഥാനത്തെത്തി എര്‍ത്ത് മൂവിങ് ഉപകരണങ്ങള്‍ അമേരിക്കയില്‍നിന്ന് വാങ്ങണമെന്ന് ആവശ്യപ്പെട്ടു.

2009 ഒക്ടോ. 15: അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി വില്യം ബെറി ഡല്‍ഹിയിലെത്തി കേന്ദ്ര മാനവശേഷിമന്ത്രി കപില്‍ സിബലുമായി ചര്‍ച്ച നടത്തിയശേഷം ഇന്ത്യ-യുഎസ് വിദ്യാഭ്യാസ കൌസില്‍ ഉടന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

2009 ഒക്ടോ. 19
: ആഗ്രയില്‍ ഇന്ത്യ-അമേരിക്ക സംയുക്ത വ്യോമാഭ്യാസം ആരംഭിച്ചു. ക്യോട്ടോ പ്രഖ്യാപനത്തില്‍നിന്ന് പിന്മാറണമെന്ന് പരിസ്ഥിതി-വനം മന്ത്രി ജയ്റാം രമേഷ് പ്രധാനമന്ത്രിക്ക് കത്തുനല്‍കി.

2009 ഒക്ടോ. 25: വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുമായി അമേരിക്കന്‍ വ്യാപാര സെക്രട്ടറി റോ കിര്‍ക് കൂടിക്കാഴ്ച നടത്തി. ഇരുരാഷ്ട്രവും വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാനുള്ള ചട്ടക്കൂട് കരാറില്‍ ഒപ്പുവയ്ക്കണമെന്ന് കിര്‍ക് ഇന്ത്യയോട് ആവശ്യപ്പെട്ടു. കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കാമെന്ന് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ഉറപ്പുനല്‍കി.

2009 ഒക്ടോ. 30: അമേരിക്കന്‍ ഭക്ഷ്യ സംസ്കരണ വസ്തുക്കളുടെ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ നയങ്ങളിലും സാങ്കേതികവിദ്യയിലും ഏകോപനം വേണമെന്ന് അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ ബോബ് മില്ലിഗ ആവശ്യപ്പെട്ടു.

2009 നവംബര്‍ 4: അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ മന്ത്രി കപില്‍ സിബല്‍ ഇന്ത്യ-യുഎസ് വിദ്യാഭ്യാസ കൌസില്‍ ഉടന്‍ രൂപീകരിക്കുമെന്ന് വെളിപ്പെടുത്തി.

2009 നവംബര്‍ 5: ചില്ലറ വില്‍പ്പനമേഖലയിലെ ഭീമനായ വാള്‍ മാര്‍ട്ട് കമ്പനി ഉടമ എസ് റോബ്സ വാള്‍ട്ട പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ട് മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

2009 നവംബര്‍ 6: ഇന്ത്യ സൈനികസഹായ കരാറില്‍ (ലോജിസ്റ്റിക്കല്‍ സപ്പോര്‍ട്ട് എഗ്രിമെന്റ്) ഒപ്പിടണമെന്ന് അമേരിക്കന്‍ ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി വില്യം ജെ ലിന്‍ ആവശ്യപ്പെട്ടു. ദലൈ ലാമയ്ക്ക് ഇന്ത്യക്ക് എവിടെയും സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ജനാധിപത്യ ആഗോളകാര്യങ്ങളുടെ അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി മരിയം ഒട്ടേറോ പറഞ്ഞു.

2009 നവംബര്‍ 11
: ഇന്ത്യ സന്ദര്‍ശിച്ചുവരുന്ന അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി സ്റ്റീവന്‍ ചു കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച് അമേരിക്കയുമായി ധാരണാപത്രത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഒപ്പിടുമെന്ന് അറിയിച്ചു.

ദേശാഭിമാനി 15 നവംബര്‍ 2009

4 comments:

  1. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നവംബര്‍ അവസാനം വൈറ്റ്ഹൌസില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ ഒരുക്കുന്ന വിരുന്ന് 1,35,000 കോടി രൂപയുടെ ആയുധക്കച്ചവടം മുന്നില്‍ക്കണ്ട്. ആണവകരാറോടെ അമേരിക്കയോട് കൂടുതല്‍ അടുത്ത ഇന്ത്യന്‍ ഭരണനേതൃത്വത്തെ പൂര്‍ണ്ണമായും വരുതിയിലാക്കാനുള്ള കെണിയൊരുക്കലാകും 24ന് നടക്കുന്ന ഒബാമയുടെ അതിഥിസല്‍ക്കാരം. 2012നകം ഇന്ത്യ വാങ്ങാന്‍ ഉദ്ദേശിക്കുന്ന 1,35,000 കോടി രൂപയുടെ ആയുധങ്ങളില്‍ ഭൂരിഭാഗവും സപ്ളൈ ചെയ്യാനുള്ള കരാര്‍ നേടുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം. ഇതില്‍ ഏറ്റവും പ്രധാനം 45,000 കോടി രൂപയുടെ 126 അത്യാധുനിക യുദ്ധവിമാന ഇടപാടാണ്. ഇതിനായി ലോക്ക്ഹീഡ് മാര്‍ടിനും ബോയിങ്ങും മറ്റും ടെന്‍ഡറില്‍ പങ്കെടുത്തു. കരാര്‍ അവര്‍ക്കുതന്നെ ലഭിക്കണമെന്നത് സാമ്പത്തികമാന്ദ്യത്തില്‍നിന്ന് രക്ഷനേടാനുള്ള അമേരിക്കയുടെ പ്രധാന ആവശ്യമാണ്.

    ReplyDelete
  2. So do we have to give the tender to China? What's wrong with a tender given to America (if at all they deserve it)?

    ReplyDelete
  3. ആത്മബോധമുള്ളത് അതിജീവിക്കും. അതില്ലാത്തവര്‍ അടിമത്വം അഭിമാനകരമായ അംഗീകാരമായി ഓച്ഛാനിച്ചു നടക്കും.

    ReplyDelete
  4. റഷ്യയില്‍ നിന്ന് ഒരു വിമാനവാഹിനി കപ്പല്‍ വാങ്ങിയതിന്റെ കഥ നമ്മള്‍ കണ്ടില്ലേ! പറഞ്ഞതിലും ഇരട്ടി കാശു കൊടുത്താല്‍ പോലും പറഞ്ഞ സമയത്ത് ആ കപ്പല്‍ നമുക്ക് കിട്ടും എന്ന് ഒരു ഉറപ്പും ഇല്ല! Admiral Gorshkov എന്ന് ഗൂഗിള്‍ സെര്‍ച്ച്‌ നടത്തി നോക്ക്, കൂടുതല്‍ വിവരങ്ങള്‍ക്ക്...
    ഇനി എന്ത് വേണം? നമ്മള്‍ ചൈനയുടെ കയ്യില്‍ നിന്ന് വാങ്ങണോ ആയുധങ്ങളും കപ്പലുകളും? തൊട്ടതിനും പിടിച്ചതിനും അമേരിക്കയെ കുറ്റം പറയുമ്പോള്‍ ഇതും ആലോചിക്കുന്നത് നന്നാവും. പിന്നെ അമേരിക്ക സല്കാരം നടത്തുന്നത്. നമ്മള്‍ അഷ്ടിക്കു വകയില്ലാത്ത വല്ല ആഫ്രിക്കന്‍ രാജ്യം ആയിരുന്നെങ്കില്‍ നമ്മളെ തിരിഞ്ഞു നോക്കില്ലായിരുന്നു. ഇന്ന് ചൈനയ്ക്കു സൈനികമായും സാമ്പത്തികമായും ഒരു ബദല്‍ ശക്തിയാവാന്‍ ഇന്ത്യക്ക് കഴിയും എന്നുള്ളത് കൊണ്ടാണ് അമേരിക്ക ഇന്ത്യയെ lobby ചെയ്യുന്നത്.

    ReplyDelete