ദുബായിലെ പുതിയ സാമ്പത്തികപ്രതിസന്ധി പ്രവാസികളെ ആശങ്കയിലാഴ്ത്തി. സാമ്പത്തികമാന്ദ്യത്തില്‍നിന്ന് മേഖല മോചിതമാകുന്നുവെന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴാണ് ദുബായ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദുബായ് വേള്‍ഡ് കടക്കെണിയിലായത്. 50 പ്രമുഖ കമ്പനികളുടെ ഉടമയായ ദുബായ് വേള്‍ഡിലെ പ്രതിസന്ധി പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നാല്‍പ്പതുലക്ഷത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. ദുബായ് ഉള്‍പ്പെടുന്ന യുഎഇയിലും സൌദിയിലുമാണ് ഇന്ത്യക്കാര്‍ കൂടുതല്‍. പത്തുലക്ഷത്തിനുമുകളില്‍ ഇന്ത്യക്കാര്‍ യുഎഇയിലുണ്ട്. അറബ് ലേബര്‍ ഓര്‍ഗനൈസേഷന്‍ കണക്കുപ്രകാരം യുഎഇയിലെ തൊഴില്‍മേഖലയില്‍ 82.26 ശതമാനം വിദേശ തൊഴിലാളികളാണ്. ഇതില്‍ 75 ശതമാനവും ഇന്ത്യക്കാരും അതില്‍ 90 ശതമാനം മലയാളികളുമാണ്. യുഎഇയിലെ സ്വകാര്യമേഖലയിലെ ജോലികളില്‍ പ്രവാസി തൊഴിലാളികള്‍ 99 ശതമാനംവരും.
ആഗോള സാമ്പത്തികമാന്ദ്യം ഗള്‍ഫ് മേഖലയിലേക്കും വ്യാപിച്ചത് കഴിഞ്ഞവര്‍ഷം നവംബറിലാണ്. ദുബായിയെയാണ് ഇത് കൂടുതല്‍ ബാധിച്ചത്. കെട്ടിടനിര്‍മാണമേഖലയിലും റിയല്‍ എസ്റേറ്റ് മേഖലയിലും ഇത് രൂക്ഷമായി അനുഭവപ്പെട്ടു. മാന്ദ്യം കാരണം ദുബായില്‍ കഴിഞ്ഞ മാര്‍ച്ചിനിടെമാത്രം ഒരുലക്ഷത്തിലേറെപേര്‍ക്ക് തൊഴില്‍ നഷ്ടമായി. ഇതില്‍ ഏറെയും മലയാളികളായിരുന്നു. അവിദഗ്ധ തൊഴിലാളികള്‍മുതല്‍ പ്രൊജക്ട് എന്‍ജിനിയര്‍മാര്‍വരെ ദുബായില്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍പ്പെടും. ദുബായ് വേള്‍ഡിലെ പ്രധാന കമ്പനിയായ നഖീല്‍ പ്രോപ്പര്‍ട്ടീസിനുകീഴില്‍ കരാര്‍ ഏറ്റെടുത്ത് നടത്തുന്നത് പ്രമുഖ കമ്പനികളായ അറബ്ടെക്, വെയ്ഡാഡംസ് തുടങ്ങിയവയാണ്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമെന്നു കരുതുന്ന ബുര്‍ജ് ദുബായിയുടെ നിര്‍മാണമടക്കം നടത്തുന്ന അറബ് ടെക്കില്‍ 45,000 തൊഴിലാളികളുണ്ട്. വെയ്ഡാഡംസില്‍ 29,000. ഇത്തരം കമ്പനികള്‍ വലിയ തോതില്‍ തൊഴിലാളികളെ ഇതിനകം നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. നഖീല്‍ 3500 കോടി ഡോളറോളം സാമ്പത്തികബാധ്യതയിലാണ്. ഇത് പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍. സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ദുബായ് മോചിതമാവുകയായിരുന്നു. ജോലി നഷ്ടപ്പെട്ട് മടങ്ങിയവര്‍ ദുബായിലേക്ക് തിരിച്ചുവരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. അതിനിടെ വീണ്ടും പ്രതിസന്ധി എത്തിയത്, പ്രവാസികളും കുടുംബങ്ങളും ആശങ്കയോടെയാണ് കാണുന്നത്. (പി എന്‍ അനസ്)
ബാധ്യതയായത് പടുത്തുയര്‍ത്തിയ സൌധങ്ങള്‍
ദുബായ് നഗരത്തെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റാനാണ് ഭരണകൂടം മോഹിച്ചത്. അമേരിക്കയിലെ ഫ്ളോറിഡയുടെ മാതൃകയില്‍. എന്നാല്‍, ഇതിനായി ദുബായ് വാങ്ങിക്കൂട്ടിയത് നാലുലക്ഷം കോടി രൂപയുടെ കടം. 'സൂര്യന്‍ അസ്തമിക്കാത്ത ദുബായ് വേള്‍ഡ്' എന്ന പരസ്യത്തിന്റെ പ്രഭ കെടുത്തുന്നത് ഈ ഭാരിച്ച കടബാധ്യതയാണ്. ദുബായ് വേള്‍ഡിന്റെമാത്രം കടം 2,80,000 കോടിയോളം രൂപയാണ്. ലോകത്തെ നൂറു നഗരങ്ങളില്‍ പ്രവര്‍ത്തനശൃംഖലയുള്ള ദുബായ് വേള്‍ഡ് കടത്തില്‍ മുങ്ങിയത് ആകസ്മികമല്ല. ആഗോള സാമ്പത്തികപ്രതിസന്ധിയുടെ ആഘാതംതന്നെയാണ് വൈകിയെങ്കിലും 'ദുബായ് വിസ്മയത്തെയും' പിടിച്ചുകുലുക്കുന്നത്.
സാമ്പത്തികപ്രതിസന്ധികള്‍ രൂപംകൊള്ളുന്നത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നാണ്. 1997ല്‍ ഇന്തോനേഷ്യയെയും ദക്ഷിണകൊറിയയെയും ഉലച്ച പ്രതിസന്ധിയുടെ ഉറവിടം തായ്ലാന്‍ഡായിരുന്നു. 2001ല്‍ പ്രതിസന്ധിയുടെ തുടക്കം അര്‍ജീന്റനയില്‍നിന്നായിരുന്നു. കഴിഞ്ഞവര്‍ഷം ആദ്യം കുമിളകള്‍ പൊട്ടിയത് ഐസ്ലന്റിലും അയര്‍ലണ്ടിലുമാണ്. ലണ്ടനും സിംഗപ്പൂരിനും ഇടയില്‍ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് പ്രിയങ്കരമായ ഇടം ദുബായ് ആയിരുന്നു. പ്രമുഖര്‍ ഇവിടെ ആഡംബരവസതികള്‍ കണ്ടെത്തി. എണ്ണയ്ക്കുബദലായി ഷോപ്പിങ്-വിനോദസഞ്ചാര മേഖലകളില്‍ പരമാവധി നിക്ഷേപവും വളര്‍ച്ചയും നേടാനാണ് ദുബായ് ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെ ദുബായ് വേള്‍ഡ് ശ്രമിച്ചത്. വന്‍സൌധങ്ങള്‍ പടുത്തുയര്‍ത്തിയും കൂറ്റന്‍ കച്ചവടകേന്ദ്രങ്ങള്‍ സ്ഥാപിച്ചും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് ആഗോളമാന്ദ്യം തിരിച്ചടിയായി. വരുമാനം ഇടിഞ്ഞപ്പോള്‍ നിക്ഷേപങ്ങള്‍ ബാധ്യതമായി. കടം വീട്ടാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയില്‍ തിരിച്ചടവിന് സമയം കൂടുതല്‍ ചോദിച്ചത് കൂടുതല്‍ കുഴപ്പമായി.
ആശങ്കയോടെ കേരളം
ദുബായിലെ സാമ്പത്തികപ്രതിസന്ധി നീണ്ടാല്‍ കേരളത്തിലെ സാമ്പത്തികമേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. ദുബായില്‍ ജോലിചെയ്യുന്ന നാലുലക്ഷത്തോളം മലയാളികളുടെ കുടുംബങ്ങളെയാണ് പ്രതിസന്ധി നേരിട്ടു ബാധിക്കുക. ദുബായ് സാമ്പത്തികത്തകര്‍ച്ച നേരിടുയാണെന്ന വാര്‍ത്ത ഏറെനാളായി പടരുകയായിരുന്നു. എന്നാല്‍, പ്രതിസന്ധി പരിഹരിക്കാന്‍ ദുബായ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഭൂരിപക്ഷം തൊഴിലാളികളെയും അവിടെത്തന്നെ തങ്ങാന്‍ പ്രേരിപ്പിച്ചു. ഗവമെന്റ്നിയന്ത്രണത്തിലുള്ള ആഗോള നിക്ഷേപ സംരംഭമായ 'ദുബായ് വേള്‍ഡ്' 5900 കോടി ഡോളറിന്റെ കടബാധ്യതയിലാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചതോടെ പ്രതിസന്ധി മറനീങ്ങി. ഇത് ദുബായിലെ നിര്‍മാണമേഖലയെയാകെ ബാധിക്കുമെന്നതിനാല്‍ തൊഴിലാളികളുടെ കേരളത്തിലേക്കുള്ള തിരിച്ചുവരവ് വര്‍ധിക്കും. എന്‍ജിനിയര്‍മാരും വാസ്തുശില്‍പ്പികളും മേസ്തിരിമാരും കരാറുകാരും നിര്‍മാണത്തൊഴിലാളികളും അടക്കം നിര്‍മാണരംഗത്ത് 80 ശതമാനവും മലയാളികളാണ്. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പല സ്ഥാപനങ്ങളും ജീവനക്കാരെ നിര്‍ബന്ധിത അവധി നല്‍കി തിരിച്ചയക്കുകയാണ്. പ്രതിസന്ധി സ്ഥിരീകരിക്കപ്പെട്ടതോടെ ഇതിന് ആക്കം കൂടും. കെട്ടിടനിര്‍മാണ മേഖലയുടെ തകര്‍ച്ച ദുബായിലെ ബാങ്കിങ് സ്ഥാപനങ്ങളെയും മറ്റു മേഖലകളെയും ബാധിക്കും. അവിടെയും തൊഴിലാളികളുടെ പിരിച്ചുവിടലിനും വന്‍തോതില്‍ വേതനം വെട്ടിക്കുറയ്ക്കലിനും ഇടയുണ്ട്. ഇവരുടെയെല്ലാം പുനരധിവാസം സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളിയാകും. കേരളത്തിന്റെ അഭിമാന പദ്ധതികളായ സ്മാര്‍ട്ട്സിറ്റി, വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ എന്നിവയുടെ പണി നടത്തേണ്ടത് ദുബായ് ആസ്ഥാനമായുള്ള കമ്പനികളായതിനാല്‍ ഗള്‍ഫിലെ പ്രതിസന്ധി രണ്ടു പദ്ധതികളെയും ബാധിച്ചേക്കും.
കേരളത്തില്‍നിന്ന് ഗള്‍ഫിലേക്ക് പ്രതിദിനം ശരാശരി 60 ടണ്ണിന്റെ പഴം-പച്ചക്കറി കയറ്റുമതിയാണ് നടക്കുന്നത്. ഇതില്‍ വലിയൊരു പങ്ക് ദുബായിലേക്കാണ്. സാമ്പത്തികപ്രതിസന്ധി മൂലം ഇപ്പോള്‍ത്തന്നെ കയറ്റുമതി 30 മുതല്‍ 35 ശതമാനം വരെ ഇടിഞ്ഞതായി അഗ്രികള്‍ച്ചര്‍ പ്രൊഡക്ട്സ് ആന്‍ഡ് പ്രോസസ്ഡ് ഗുഡ്സ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ദില്‍കോശിയും വൈസ് പ്രസിഡന്റ് എബ്രഹാം തോമസും ദേശാഭിമാനിയോട് പറഞ്ഞു. ദുബായിലെ ധനസ്ഥാപനങ്ങളിലെ നിക്ഷേപം ഇന്ത്യക്കാര്‍ നാട്ടിലെ ബാങ്കുകളിലേക്ക് മാറ്റുന്നതിനാല്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് തല്‍ക്കാലം വിദേശനിക്ഷേപം കുറയില്ലെന്ന് ആസൂത്രണ ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍ പറഞ്ഞു. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഇന്ത്യന്‍ ബാങ്കുകള്‍ക്കും വന്‍ തിരിച്ചടിയാകും. ആഗോളസാമ്പത്തിക പ്രതിസന്ധിയുടെ മധ്യത്തിലും കേരളത്തിലെ ബാങ്കുകളില്‍ പ്രവാസിനിക്ഷേപം ഉയരുകയായിരുന്നു. 2008 ജൂണില്‍ 31,365 കോടിയായിരുന്ന പ്രവാസി നിക്ഷേപം ഡിസംബറില്‍ 34,649 കോടിയിലെത്തി. ഈ വര്‍ഷം മാര്‍ച്ചില്‍ 37,019 കോടിയും ജു 30ന് 37,983 കോടിയുമായി നിക്ഷേപം ഉയര്‍ന്നു. സുരക്ഷിതനിക്ഷേപത്തിന് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ ഗള്‍ഫ് മലയാളികള്‍ ആശ്രയിച്ചതാണ് ഈ വര്‍ധനയ്ക്ക് കാരണം. എന്നാല്‍, ദുബായ് പ്രതിസന്ധി ഈ വളര്‍ച്ചാനിരക്കിനെ പിന്നോട്ടടിപ്പിച്ചേക്കും.(ആര്‍ സാംബന്‍)
ദുബായ് വേള്‍ഡ്: ഇന്ത്യന്‍ മുതല്‍മുടക്ക് 7000 കോടി
'ദുബായ് വേള്‍ഡ്' കമ്പനിയില്‍നിന്ന് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് തിരിച്ചുകിട്ടാനുള്ളത് 7000 കോടിയില്‍പ്പരം രൂപ. ബാങ്ക് ഓഫ് ബറോഡ 5000 കോടിയോളം രൂപ ദുബായ് കമ്പനിക്ക് നല്‍കിയിട്ടുണ്ട്. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1500 കോടിയും. ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്കും ഇവിടെ പങ്കാളിത്തമുണ്ട്. ഇന്ത്യന്‍ റിയല്‍ എസ്റേറ്റ്, കയറ്റുമതി കമ്പനികളും ദുബായ് വേള്‍ഡില്‍ പങ്കാളികളാണ്. ദുബായ് വേള്‍ഡിന്റെ മൊത്തം കടം 2,80,000 കോടിയോളം രൂപയാണ്.
കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: ഐസക്
ദുബായിലെ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് മടങ്ങിയെത്തുന്നവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അമേരിക്കന്‍ മാന്ദ്യത്തില്‍ ലേമാന്‍ കമ്പനിയെ ബാധിച്ചതിനു സമാനമായ പ്രതിസന്ധിയാണ് ദുബായ് വേള്‍ഡിനെ ബാധിച്ചിരിക്കുന്നത്. പ്രതിവര്‍ഷം ഗള്‍ഫിലേക്കു പോകുന്നതിലുമേറെ പേര്‍ ഇതുമൂലം മടങ്ങിയെത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശത്തുനിന്നു മടങ്ങിയെത്തുന്നവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കോട്രിബ്യൂട്ടറി സ്കീം അപര്യാപ്തമാണ്. അമേരിക്കന്‍ മാന്ദ്യം തുടങ്ങിയതുമുതല്‍ മടങ്ങിയെത്തുന്നവര്‍ക്കായുള്ള പാക്കേജിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നു. മാന്ദ്യം ഗള്‍ഫ് നാടുകളെ ബാധിക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ട് പുനരധിവാസ പാക്കേജും ഉപേക്ഷിച്ചു. ഗള്‍ഫ് പ്രതിസന്ധിയുടെ ആഴം ഇപ്പോഴും പൂര്‍ണമായി വ്യക്തമല്ല. അത് അമേരിക്കന്‍ പ്രതിസന്ധിയെക്കാള്‍ രൂക്ഷമായി ഇന്ത്യയെ ബാധിക്കുമെന്നുറപ്പാണ്. നിര്‍മാണരംഗത്തുണ്ടാകുന്ന തിരിച്ചടി രൂക്ഷമാകും. പ്രതിസന്ധിയിലായ ദുബായ് വേള്‍ഡ് വായ്പ നല്‍കിയ സ്ഥാപനങ്ങളെയും തകര്‍ച്ച ബാധിക്കും. മാന്ദ്യകാലത്ത് ചില വന്‍കിട ബാങ്കുകള്‍ക്ക് ദുബായ് വേള്‍ഡ് വായ്പ നല്‍കിയിരുന്നു. മൊറട്ടോറിയം പ്രഖ്യാപിച്ചത് ക്രെഡിറ്റ് ഫ്രീസിനു സമാനമായ സ്ഥിതി ഉണ്ടാക്കും. പ്രതിസന്ധി തങ്ങളെ ബാധിക്കില്ലെന്ന് വല്ലാര്‍പാടം കണ്ടെയ്നര്‍ പദ്ധതിക്ക് വന്‍ നിക്ഷേപം നടത്തുന്ന ദുബായ് പോര്‍ട്ട് വേള്‍ഡ് വ്യക്തമാക്കിയത് ആശാവഹമാണ്. എന്നാല്‍, ഹോള്‍ഡിങ് കമ്പനിയെ ബാധിച്ച പ്രശ്നത്തില്‍നിന്ന് ദുബായ് പോര്‍ട്ടിന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. ഇന്ത്യയിലെ കണ്ടെയ്നര്‍ കടത്തിന്റെ 40 ശതമാനവും ദുബായ് പോര്‍ട്ട് വഴിയാണെന്നതും ആശങ്കയുണര്‍ത്തുന്നു. ടീകോം ഇതിന്റെ ഭാഗമല്ലെങ്കിലും അവര്‍ക്കും വലിയ സാമ്പത്തികപ്രശ്നമുണ്ട്. ലോകത്തെ പല വന്‍കിട പദ്ധതികള്‍ക്കും ദീര്‍ഘകാല നിക്ഷേപം സമാഹരിച്ചിട്ടുള്ളത് ഗള്‍ഫില്‍നിന്നാണ്.
ദുബായ് വായ്പാപ്രതിസന്ധി: പരിഹാരശ്രമം തുടങ്ങി
ദുബായ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ കമ്പനിയായ ദുബായ് വേള്‍ഡ് നേരിടുന്ന വായ്പാപ്രതിസന്ധി പരിഹരിക്കാന്‍ നടപടി തുടങ്ങി. കൂടുതല്‍ കടപത്രം വഴിയും മറ്റു ധനസ്രോതസുകള്‍ ഉപയോഗപ്പെടുത്തിയും കടബാധ്യത തീര്‍ക്കാനാണ് നീക്കം. ഈദ് അവധി കഴിഞ്ഞ് ഞായറാഴ്ചയോ തിങ്കളാഴ്ചയോ ഇതിനായി ആസൂത്രണ വിദഗ്ധര്‍ യോഗംചേരുമെന്നാണ് സൂചന. പ്രതിസന്ധി പരിഹരിക്കാന്‍ യുഎഇ തലസ്ഥാനവും അയല്‍ എമിറേറ്റുമായ അബുദാബി ഇടപെടുമെന്നും പ്രതീക്ഷിക്കുന്നു. ദുബായ് വേള്‍ഡ് 5900 കോടി ഡോളറിന്റെ (2,80,000 കോടിയോളം രൂപ) കടം തിരിച്ചടയ്ക്കാന്‍ ആറു മാസം ചോദിച്ചതും സ്ഥാപനം പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചതുമാണ് ആഗോളസാമ്പത്തിക മാന്ദ്യം ഗള്‍ഫിനെയും പിടികൂടുകയാണെന്ന ധാരണ സൃഷ്ടിച്ചത്. ദുബായ് വേള്‍ഡിന്റെ റിയല്‍എസ്റ്റേറ്റ് വിഭാഗമായ നഖീല്‍, നിക്ഷേപകമ്പനിയായ ഇസ്തിത്മര്‍ വേള്‍ഡ് എന്നിവ വരുത്തിയ കടബാധ്യതയാണ് കമ്പനിയെ പ്രതിസന്ധിയില്‍ എത്തിച്ചത്. കടബാധ്യതയില്‍ 1200 കോടി ഡോളര്‍ (60,000 കോടിയോളം രൂപ) വിദേശ ധനസ്ഥാപനങ്ങളില്‍ നിന്നായതിനാല്‍ ആഗോള ഓഹരിവിപണിയില്‍ ഈ റിപ്പോര്‍ട്ട് വന്‍ പ്രതികരണമുണ്ടാക്കി. സ്ഥാപനം കടക്കെണിയിലാണെന്ന പ്രതീതി ഉണ്ടാകുകയും ഓഹരിവിപണികള്‍ ഇടിയുകയും ചെയ്തു. ആഗോളമാന്ദ്യത്തിന്റെ പ്രത്യാഘാതം പരിഹരിക്കുന്നതിന് ഈ വര്‍ഷാദ്യം ദുബായ് 2000 കോടി ഡോളറിന്റെ ദീര്‍ഘകാല കടപത്ര പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഇതിലേക്ക് 500 കോടി ഡോളര്‍ കൂടി കഴിഞ്ഞയാഴ്ച അനുവദിച്ചു. ഇത്തരം കൂടുതല്‍ നടപടിയിലൂടെ ദുബായ് വേള്‍ഡ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ് ഉണ്ടാകുകയെന്നാണ് കരുതുന്നത്.
യുഎഇയിലെ പ്രധാന എമിറേറ്റായ ദുബായിക്ക് ആകെയുള്ള 8,000 കോടി ഡോളറിന്റെ കടബാധ്യയില്‍ 5,900 കോടിയും ദുബായ് വേള്‍ഡിന്റേതാണ്. ഇതില്‍ 3,520 കോടിയും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ നഖീലിന്റെ ബാധ്യതയാണ്. തുറമുഖങ്ങളുടെ നടത്തിപ്പ്, റിയല്‍ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ആഡംബരവ്യവസായം, ധനപ്രവര്‍ത്തനങ്ങള്‍, വ്യോമയാനം തുടങ്ങിയ മേഖലയില്‍ നിക്ഷേപം നടത്തിയിട്ടുള്ള ദുബായ് വേള്‍ഡ് ഇന്ത്യയടക്കം 31 രാജ്യത്ത് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ലോകത്തെ 70 ധനസ്ഥാപനങ്ങളില്‍നിന്ന് ദുബായ് വേള്‍ഡ് വായ്പ എടുത്തിട്ടുണ്ട്. ഇവര്‍ക്ക് തിരിച്ചുനല്‍കാനുള്ള പണം ദുബായില്‍ തന്നെയുണ്ട്- കെട്ടിടങ്ങളും ഷോപ്പിങ് മാളുകളുമായി. എന്നാല്‍, റിയല്‍ എസ്റ്റേറ്റിന് ദുബായില്‍ 50 ശതമാനം ഇടിവുണ്ടായതിനെ തുടര്‍ന്ന് ഈ ആസ്തികളുടെ മൂല്യം കുറഞ്ഞത് പ്രതിസന്ധിപരിഹാര ശ്രമങ്ങള്‍ ദുഷ്കരമാക്കും. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ദുബായ് വേള്‍ഡില്‍ 7000 കോടി രൂപയോളം മുതല്‍മുടക്കുണ്ട്. ദുബായ് കമ്പനിക്ക് ഇന്ത്യയിലെ ബാങ്കുകള്‍ നല്‍കിയ വായ്പയുടെ വിശദാംശം അറിയിക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. അതേസമയം, ദുബായ് വേള്‍ഡിന്റെ ദീര്‍ഘകാല വാണിജ്യവിജയം ലക്ഷ്യമാക്കിയാണ് പുനഃസംഘടന നടത്തിയതെന്ന് ദുബായ് ധനകമ്മിറ്റി ചെയര്‍മാന്‍ ഷേഖ് അഹമ്മദ്ബിന്‍ സയ്യിദ് മഖ്ദൂം പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യം ദുബായിലും ബാധിച്ചു. എന്നാല്‍, ദുബായ് വേള്‍ഡില്‍ നിക്ഷേപം നടത്തിയവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ്: ദുബായില്‍ പുതിയ നിയമം വരുന്നു
റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് ദുബായ് അധികൃതര്‍. ദുബായ് വേള്‍ഡ് വായ്പപ്രതിസന്ധി ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി ഏജന്‍സിയും റവന്യു അധികൃതരും ഇക്കാര്യം വ്യക്തമാക്കിയത്. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് സംരംഭകരും നിക്ഷേപകരും തമ്മിലുള്ള ബന്ധം നിയന്ത്രിക്കാന്‍ വ്യക്തമായ മാര്‍ഗരേഖയും ചട്ടങ്ങളും കൊണ്ടുവരുമെന്ന് ലാന്‍ഡ് ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബിന്‍ മെജ്റനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടുചെയ്തു. കരടുനിയമം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. അടുത്തവര്‍ഷം ആരംഭത്തില്‍തന്നെ പുതിയ നിയമം നിലവില്‍വരുമെന്ന് മെജ്റന്‍ പറഞ്ഞു.
ദേശാഭിമാനി വാര്‍ത്ത 291109
ദുബായിലെ പുതിയ സാമ്പത്തികപ്രതിസന്ധി പ്രവാസികളെ ആശങ്കയിലാഴ്ത്തി. സാമ്പത്തികമാന്ദ്യത്തില്‍നിന്ന് മേഖല മോചിതമാകുന്നുവെന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴാണ് ദുബായ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദുബായ് വേള്‍ഡ് കടക്കെണിയിലായത്. 50 പ്രമുഖ കമ്പനികളുടെ ഉടമയായ ദുബായ് വേള്‍ഡിലെ പ്രതിസന്ധി പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നാല്‍പ്പതുലക്ഷത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. ദുബായ് ഉള്‍പ്പെടുന്ന യുഎഇയിലും സൌദിയിലുമാണ് ഇന്ത്യക്കാര്‍ കൂടുതല്‍. പത്തുലക്ഷത്തിനുമുകളില്‍ ഇന്ത്യക്കാര്‍ യുഎഇയിലുണ്ട്. അറബ് ലേബര്‍ ഓര്‍ഗനൈസേഷന്‍ കണക്കുപ്രകാരം യുഎഇയിലെ തൊഴില്‍മേഖലയില്‍ 82.26 ശതമാനം വിദേശ തൊഴിലാളികളാണ്. ഇതില്‍ 75 ശതമാനവും ഇന്ത്യക്കാരും അതില്‍ 90 ശതമാനം മലയാളികളുമാണ്. യുഎഇയിലെ സ്വകാര്യമേഖലയിലെ ജോലികളില്‍ പ്രവാസി തൊഴിലാളികള്‍ 99 ശതമാനംവരും.
ReplyDeleteഎല്ലാം ഉടനെതന്നെ ശരിയാകുമെന്ന് പ്രത്യാശിക്കാം.കേരളത്തില്‍ മാന്യമായി ജീവിക്കാനുതകുന്ന പ്രതിഫലം കിട്ടിവരുന്ന തൊഴിലാളികള്‍ കേരളം വിടേണ്ട ആവശ്യമില്ല.
ReplyDelete