Monday, November 2, 2009

ഉളുപ്പില്ലാത്തവര്‍

ഉളുപ്പില്ലാതെ നുണപ്പോസ്റ്ററും
കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്ക് എന്ന പേരില്‍ ഉത്തരേന്ത്യന്‍ നഗരത്തിലെ കുരുക്ക് പോസ്റ്ററില്‍ ചിത്രീകരിച്ച് യുഡിഎഫിന്റെ 'ചിത്ര'വധം. ഡൊമിനിക്ക് പ്രസന്റേഷന് വോട്ട് അഭ്യര്‍ഥിക്കുന്ന പോസ്റ്ററിലാണ് കൊച്ചിക്ക് പകരം ഏതോ ഉത്തരേന്ത്യന്‍ നഗരത്തിന്റെ ചിത്രം ഉപയോഗിച്ചിട്ടുള്ളത്. നഗരത്തില്‍ ഒരു സൈക്കിള്‍ റിക്ഷപോലും ഇപ്പോഴില്ല എന്നിരിക്കെ പോസ്റ്ററില്‍ നിരവധി സൈക്കിള്‍ റിക്ഷകളും കാണാം. മലയാളിത്തം തീരെയില്ലാത്ത പോസ്റ്ററില്‍ കോഗ്രസ് ഭരിക്കുന്ന ഏതോ സംസ്ഥാനത്തെ ഗതാഗതക്കുരുക്കാണെന്നാണ് ജനസംസാരം.

കണ്ണൂര്‍ ഡിസിസി ഓഫീസിലെ കള്ളവോട്ടില്‍ പെരുമ്പാവൂരുകാരനും
കാലടി: കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ വിലാസത്തില്‍ കോണ്‍ഗ്രസുകാര്‍ ചേര്‍ത്ത കള്ളവോട്ടുകളിലൊന്ന് പെരുമ്പാവൂര്‍ മണ്ഡലത്തിലെ വോട്ടറുടേത്. പല കേസുകളിലും പ്രതിയായ കോഗ്രസ് പ്രവര്‍ത്തകനെ പേരില്‍ ചില്ലറ മാറ്റംവരുത്തിയാണ് കണ്ണൂരിലെ വോട്ടര്‍ പട്ടികയില്‍ വ്യാജമായി ചേര്‍ത്തിരിക്കുന്നത്. പെരുമ്പാവൂരിലെ വാസുദേവന്‍ കണ്ണൂരില്‍ ദാമോദരനായാണ് അവതരിച്ചിരിക്കുന്നത്. രണ്ട് മണ്ഡലത്തിലെയും വോട്ടര്‍ പട്ടികയിലെ ചിത്രം ഒരാളുടേതുതന്നെയാണ്. രണ്ടിലും പ്രായം 50 വയസ്സ്. കണ്ണൂര്‍ മുനിസിപ്പാലിറ്റി നാലാം വാര്‍ഡില്‍ ഭാഗം നമ്പര്‍ അഞ്ചില്‍ ചേര്‍ത്ത നാല് വോട്ടുകളില്‍ ക്രമനമ്പര്‍ 549 ആയ എ എം ദാമോദരന്‍ യഥാര്‍ഥത്തില്‍ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ വോട്ടുള്ള വാസുദേവനാണ്. കണ്ണൂര്‍ ഡിസിസി ഓഫീസ് വിലാസത്തില്‍ വാസുവിന്റെ മകന്‍ എ എം ദാമോദരന്‍ എന്നാണ് പേര് ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ പെരുമ്പാവൂരില്‍ ശ്രീമൂലനഗരം വെള്ളാരപ്പള്ളി അമ്പലത്തറ വീട്ടില്‍ ഗോപാലപിള്ളയുടെ മകന്‍ വാസുദേവന്‍ എന്ന പേരിലാണ് യഥാര്‍ഥ വോട്ട്്. പെരുമ്പാവൂര്‍ മണ്ഡലത്തില്‍പ്പെട്ട പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി രണ്ടാം വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ 37-ാമത്തെ പേരുകാരനാണ് ഇയാള്‍.

കണ്ണൂരിലെയും പെരുമ്പാവൂരിലെയും വോട്ടര്‍ പട്ടികയിലെ ചിത്രങ്ങള്‍ തന്റേതുതന്നെയാണെന്ന് വാസുദേവന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. എന്നാല്‍ കണ്ണൂരില്‍ തന്റെ പേരില്‍ വ്യാജവോട്ട് ചേര്‍ത്തതില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും വാസുദേവന്‍ പറഞ്ഞു. പെരുമ്പാവൂര്‍ റയോസിലെ ഡ്രൈവറായിരുന്ന വാസുദേവന്‍ 'കാര്‍വാസു' എന്നാണ് നാട്ടില്‍ അറിയപ്പെടുന്നത്. കോഗ്രസ് നേതാക്കള്‍ക്ക് ആവശ്യമായതൊക്കെ എത്തിച്ചുകൊടുത്ത് അവരുമായി അടുത്ത ചങ്ങാത്തംപുലര്‍ത്തി കറങ്ങിനടക്കുന്ന ഇയാള്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്റെ ശിങ്കിടികളില്‍ ഒരാളുമാണ്. ആ നിലയില്‍ കണ്ണൂരിലും പോകാറുണ്ട്. ഡ്രൈവറായിരിക്കുമ്പോള്‍ റയോസിനോടു ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്സ് കൈയേറി സ്വന്തമാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കമ്പനി ഇയാള്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. കമ്പനി എംഡിയുടെ കാര്‍ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചതിന് പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരു ചെക്ക് കേസടക്കം അഞ്ച് കേസ് ഇയാളുടെ പേരില്‍ പെരുമ്പാവൂര്‍ കോടതിയിലുണ്ട്.
(കബീര്‍ മേത്തര്‍)

വ്യാജ വോട്ടര്‍പട്ടിക: കെ.എസ്.യു തെരഞ്ഞെടുപ്പ് മാറ്റി


തിരു: വ്യാജ വോട്ടര്‍പട്ടികയെ ചൊല്ലി ഗ്രൂപ്പ് തിരിഞ്ഞുള്ള തര്‍ക്കത്തെയും കൈയാങ്കളിയെയും തുടര്‍ന്ന് കെ.എസ്.യു സംഘടനാതെരഞ്ഞെടുപ്പ് മാറ്റി. 18 വര്‍ഷത്തിനുശേഷമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. സംഘടന പിടിച്ചെടുക്കാന്‍ ഉമ്മന്‍ചാണ്ടി- രമേശ് ചെന്നിത്തല ഗ്രൂപ്പുകള്‍ മത്സരിച്ച് വ്യാജഅംഗങ്ങളെ ഉള്‍പ്പെടുത്തിയതാണ് കലാപത്തിന് കാരണം. എന്‍എസ്യുവിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മീനാക്ഷി നടരാജന്‍ എംപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം നേരിട്ടെത്തിയാണ് തെരഞ്ഞെടുപ്പ് മാറ്റാന്‍ തീരുമാനിച്ചത്. ക്രമക്കേടുകള്‍ പരിഹരിച്ചശേഷമേ തെരഞ്ഞെടുപ്പ് നടത്തൂവെന്ന് മീനാക്ഷി നടരാജന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലടിച്ചിരുന്നു. മറ്റ് ജില്ലകളിലേക്കും ഇത് വ്യാപിച്ചു. വ്യാജ വോട്ടര്‍പട്ടിക അനുസരിച്ച് പല കോളേജിലെയും 95 ശതമാനം വിദ്യാര്‍ഥികളും കെ.എസ്.യു അംഗങ്ങളാണ്്. വിദ്യാര്‍ഥികളുടെ അറിവോ സമ്മതമോ ഇല്ലാതെ അംഗങ്ങളായി ഉള്‍പ്പെടുത്തുകയായിരുന്നു. സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങളിലും നേഴ്സിങ് കോളേജുകളിലും വ്യാജ യൂണിറ്റും വോട്ടര്‍പട്ടികയും തയ്യാറാക്കി. ജില്ലാ-സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യൂണിറ്റ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്.

വ്യാജ വോട്ടര്‍പട്ടികകളിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് കെ.എസ്.യുവിന് ഒരുലക്ഷത്തിലേറെയാണ് അംഗങ്ങള്‍. ചില ജില്ലകളില്‍ അംഗബലം പതിനായിരം കവിഞ്ഞു. രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന കോഴിക്കോട് ഫറൂക്ക് കോളേജില്‍ 1904 പേരും പട്ടിക പ്രകാരം കെ.എസ്.യുക്കാരാണ്. ലോ കോളേജില്‍ എഴുനൂറില്‍ 480 പേരും അംഗങ്ങള്‍. ദേവഗിരി കോളേജില്‍ അംഗത്വം 961 കവിഞ്ഞു. കോഴിക്കോട് ജില്ലയില്‍ 12000 അംഗങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. തലസ്ഥാനജില്ലയില്‍ 10,643 കള്ള മെമ്പര്‍ഷിപ്പുണ്ട്. വിദ്യാര്‍ഥിരാഷ്ട്രീയം അനുവദിക്കാത്ത മാര്‍ ഇവാനിയോസില്‍ 980 പേരുണ്ട്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു ദയനീയമായി തോറ്റ പെരിങ്ങമ്മല ഇക്ബാല്‍ കോളേജില്‍ 342 പേരാണ് പട്ടികയില്‍. കാര്യവട്ടം സര്‍വകലാശാലാ ക്യാമ്പസില്‍ 160, നെടുമങ്ങാട് ഗവ. കോളേജ് 288, ഓള്‍ സെയിന്റ്സ് 119, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ 219, ഗവ. ലോ കോളേജില്‍ 182, ലോ അക്കാദമി 351, മെഡിക്കല്‍ കോളേജ് 124 എന്നീ ക്രമത്തിലാണ് പട്ടിക. കോട്ടയത്ത് യൂണിറ്റില്ലാത്ത ബിസിഎം വനിതാകോളേജിലുമുണ്ട് വ്യാജ അംഗങ്ങള്‍. ഈ പട്ടികയുമായി തെരഞ്ഞെടുപ്പ് നടത്താന്‍ എത്തിയ കേന്ദ്രനിരീക്ഷകനായ ഇഫ്തിക്കര്‍ അഹമ്മദ് ആരെയും കാണാതെ സ്ഥലംവിട്ടു. യൂണിറ്റ് തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിലും വ്യാജ പട്ടിക ഉപയോഗിച്ച് ജില്ലാ-സംസ്ഥാന ഭാരവാഹികളെ കൈക്കലാക്കാനാണ് ചെന്നിത്തല-ഉമ്മന്‍ചാണ്ടി വിഭാഗക്കാരുടെ നോട്ടം. പത്ത് രൂപയാണ് അംഗത്വഫീസ്. ഇതിനായി ലക്ഷക്കണക്കിന് രൂപ അനുയായികള്‍ക്കിടയില്‍ വിതരണം ചെയ്തു. മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതും തെരഞ്ഞെടുപ്പ് നടത്തുന്നതും അടക്കമുള്ള ചുമതല മുന്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ ജെ എം ലിങ്ദോ നയിക്കുന്ന എസ്എഎംഇ എന്ന ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനാണ്. രാഹുല്‍ ഗാന്ധി നേരിട്ടാണ് ഈ കരാര്‍ നല്‍കിയത്. സംഘടനാതെരഞ്ഞെടുപ്പിന് ഊര്‍ജം പകരാന്‍ രാഹുല്‍ ഗാന്ധി തന്നെ രംഗത്തിറങ്ങി. ചില കോളേജുകളില്‍ രാഹുല്‍ നേരിട്ട് എത്തിയാണ് കെ.എസ്.യുവില്‍ ചേരാന്‍ ആഹ്വാനം ചെയ്തത്. കോടികള്‍ മുടക്കിയ രാഹുലിന്റെ സന്ദര്‍ശനം വിവാദമായിരുന്നു. ജോസഫ് വാഴയ്ക്കനും മുന്‍ കെ.എസ്.യു ജനറല്‍ സെക്രട്ടറി എം എം നസീറുമാണ് ചെന്നിത്തലയ്ക്കു വേണ്ടി രംഗത്ത്. ഇവര്‍ക്കെതിരെ എ വിഭാഗവും മൂന്നാം ഗ്രൂപ്പും ഒന്നിച്ചിട്ടുണ്ട്.

എല്‍ഡിഎഫിനെതിരെ മനോരമയുടെ കൊതുകും

കൊതുകിനെ ഇളക്കിവിട്ടും യുഡിഎഫിന് വോട്ടുപിടിക്കാന്‍ മനോരമയുടെ ശ്രമം. കാലാവസ്ഥയില്‍ പ്രകടമായ മാറ്റമുണ്ടാകുന്ന നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കൊതുകിന്റെ സാന്നിധ്യം പതിവിലും കൂടുതല്‍ അനുഭവപ്പെടുന്നത് സ്വാഭാവികം. നഗരസഭയുടെ കൊതുകുനിര്‍മാര്‍ജന പരിപാടികളൊന്നും ഉപേക്ഷിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളില്‍ രോഗഭീതി വിതച്ച് യുഡിഎഫിന് പത്തു വോട്ടുപിടിക്കാനുള്ള പതിവ് അഭ്യാസമാണ് ശനിയാഴ്ചത്തെ 'മെട്രോ' വാര്‍ത്തയിലും തെളിയുന്നത്. പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച ആറുപാലങ്ങളില്‍ പുതുതായി ടോള്‍ ഏര്‍പ്പെടുത്തുന്നു എന്ന കള്ളവാര്‍ത്ത രണ്ടുദിവസംമുമ്പ് പ്രസിദ്ധീകരിച്ചു. എല്‍ഡിഎഫ് നേട്ടംകൊയ്ത തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പു ഫലം എറണാകുളത്ത് തമസ്കരിച്ചും മനോരമ യുഡിഎഫിനെ സഹായിച്ചു. തൊട്ടുപിന്നാലെയാണ് കൊതുകിനെ ഇറക്കിയുള്ള വോട്ടുപിടിത്തം.

കാലാവസ്ഥയില്‍ പ്രകടമായ മാറ്റമുണ്ടാകുന്ന സമയമാണ് നവംബര്‍-ഡിസംബര്‍ മാസം. അന്തരീക്ഷത്തില്‍ കാണപ്പെടുന്ന പതിവില്‍ക്കവിഞ്ഞ ഈര്‍പ്പവും മൂടല്‍മഞ്ഞും കൊതുകിന് സഹായകമാണ്. ചെറിയ വെള്ളക്കെട്ടുകള്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടുപോലെ ശ്രദ്ധയില്‍പ്പെടില്ല. ഇവയില്‍കൊതുകുലാര്‍വ പെരുകുന്നു. വീടുകളിലെയും തൊടികളിലെയും ചെറിയ ചെടികളില്‍പ്പോലും കൊതുക് പറ്റിപ്പിടിക്കും. കൊതുക് ശല്യം പതിവില്‍ക്കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. ഇതിതിെരെ നടക്കുന്ന നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കൊതുകുപട ഒതുങ്ങുകയും ചെയ്യും. മഹാരോഗങ്ങള്‍ പരത്തുന്ന കൊതുകുപട കൊച്ചി നിവാസികളെ ആക്രമിക്കാന്‍ വരുന്നു എന്ന മട്ടിലാണ് മെട്രോ വാര്‍ത്ത.

നവംബര്‍-ഫെബ്രുവരി മാസത്തില്‍ നടക്കുന്ന കടല്‍വെള്ളം പമ്പിങ് ഇക്കുറി നടന്നിട്ടില്ലെന്നാണ് ഒരു ആക്ഷേപം. ഫോഗിങും മരുന്നുതളിക്കലും നടക്കുന്നില്ലെന്നും കാനകള്‍ വൃത്തിയാക്കുന്നില്ലെന്നും വാര്‍ത്തയില്‍ പറയുന്നു. നഗരത്തില്‍മാത്രം രണ്ടുവാഹനങ്ങള്‍ ഫോഗിങ് നടത്തുന്നുണ്ടെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ മണി പറഞ്ഞു. രാവിലെയും വൈകിട്ടും ഫോഗിങ് നടക്കുന്നുമുണ്ട്. കൂത്താടി വളരുന്ന കാനകളില്‍ പതിവുപോലെ ഉപ്പുവെള്ളം പമ്പുചെയ്യാനുള്ള കരാര്‍ നല്‍കിക്കഴിഞ്ഞു. മനോരമ വാര്‍ത്തയില്‍ പറയുന്നതുപോലെ നവംബര്‍ മാസം മുതലാണ് ഇത് ആരംഭിക്കുക എന്നുമാത്രം. കാനകള്‍ വൃത്തിയാക്കാന്‍ ഡിവിഷന്‍ ഒന്നിന് ഒരു ലക്ഷം വീതം നല്‍കി. ജോലി രണ്ടാഴ്ചമുമ്പ് തുടങ്ങി. മരുന്നുതളിക്കലിന് ഓരോ ഡിവിഷനിലും അഞ്ചുവീതം ജോലിക്കാര്‍ പ്രവര്‍ത്തിക്കുന്നു. ഒരു മുടക്കവുമില്ലാതെ ഈ ജോലി തുടരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മരുന്നാണ് തളിക്കുന്നത്. ഇതിനുപുറമെയാണ് ഫൈലേറിയ നിയന്ത്രണ യൂണിറ്റിന്റെ പ്രവര്‍ത്തനം. ജനറല്‍ ആശുപത്രിയിലും ഫോര്‍ട്ട്കൊച്ചിയിലും മറ്റും യൂണിറ്റ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു.

ദേശാഭിമാനി

2 comments:

  1. നഗരത്തിലെ ഗതാഗതക്കുരുക്ക് എന്ന പേരില്‍ ഉത്തരേന്ത്യന്‍ നഗരത്തിലെ കുരുക്ക് പോസ്റ്ററില്‍ ചിത്രീകരിച്ച് യുഡിഎഫിന്റെ 'ചിത്ര'വധം. ഡൊമിനിക്ക് പ്രസന്റേഷന് വോട്ട് അഭ്യര്‍ഥിക്കുന്ന പോസ്റ്ററിലാണ് കൊച്ചിക്ക് പകരം ഏതോ ഉത്തരേന്ത്യന്‍ നഗരത്തിന്റെ ചിത്രം ഉപയോഗിച്ചിട്ടുള്ളത്. നഗരത്തില്‍ ഒരു സൈക്കിള്‍ റിക്ഷപോലും ഇപ്പോഴില്ല എന്നിരിക്കെ പോസ്റ്ററില്‍ നിരവധി സൈക്കിള്‍ റിക്ഷകളും കാണാം. മലയാളിത്തം തീരെയില്ലാത്ത പോസ്റ്ററില്‍ കോഗ്രസ് ഭരിക്കുന്ന ഏതോ സംസ്ഥാനത്തെ ഗതാഗതക്കുരുക്കാണെന്നാണ് ജനസംസാരം.

    ReplyDelete
  2. ഡിസിസി ഓഫീസിലെ വോട്ടര്‍ പ്രതിപക്ഷനേതാവിന്റെ വീടു കാവല്‍ക്കാരന്‍

    കണ്ണൂര്‍: കണ്ണൂര്‍ ഡിസിസി ഓഫീസ് വിലാസത്തില്‍ വോട്ടുള്ള എ ദാദോമരന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയിലെ കാവല്‍ക്കാരന്‍. പെരളശേരി കോട്ടം സ്വദേശിയായ ഇയാള്‍ ടൂറിസംവകുപ്പില്‍ ദിവസവേതനക്കാരനായി ജോലിചെയ്യവെയാണ് പ്രതിപക്ഷനേതാവിന്റെ വീട്ടിലെ കാവല്‍ക്കാരനായി എത്തിയത്. ദാമോദരന് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് എല്ലാ മാസവും ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍നിന്ന് സര്‍ക്കാരിന് കത്ത് നല്‍കാറുണ്ട്. 31 ദിവസത്തെ വേതനം കൊടുക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ മാസവും പ്രതിപക്ഷനേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്. ഇങ്ങനെ തിരുവനന്തപുരത്ത് താമസമാക്കിയ, പെരളശേരി സ്വദേശിയെയാണ് കണ്ണൂര്‍ മണ്ഡലത്തില്‍ ഡിസിസി ഓഫീസ് വിലാസത്തില്‍ വോട്ടറാക്കിയത്.

    ReplyDelete