Saturday, November 21, 2009

'ഡല്‍ഹി പ്രഖ്യാപനം' ബദല്‍ സോഷ്യലിസം മാത്രം

കമ്യൂണിസ്റ്റ് സമ്മേളനത്തിന് ആവേശകരമായ തുടക്കം

മുതലാളിത്തത്തിനു ബദല്‍ സോഷ്യലിസം മാത്രമാണെന്ന പ്രഖ്യാപനത്തോടെ ലോക കമ്യൂണിസ്റ്റ്-തൊഴിലാളി പാര്‍ടികളുടെ പതിനൊന്നാമത് സാര്‍വദേശീയ സമ്മേളനത്തിന് ഡല്‍ഹിയില്‍ തുടക്കമായി. ഏഷ്യയില്‍ ആദ്യമായി നടക്കുന്ന സമ്മേളനം വിപ്ളവ സാഹോദര്യം പ്രകടമായ ആവേശകരമായ അന്തരീക്ഷത്തിലാണ് ആരംഭിച്ചത്. സമ്മേളനാരംഭത്തില്‍ കാജല്‍ ഘോഷിന്റെ നേതൃത്വത്തിലുള്ള തെരുവുഗായകസംഘം 'പര്‍ച്ചം' കമ്യൂണിസ്റ്റ് ഇന്റര്‍നാഷനല്‍ ആലപിച്ചപ്പോള്‍ പ്രതിനിധികള്‍ ഏഴുന്നേറ്റ്നിന്ന് കൈകോര്‍ത്തു. 48 രാജ്യങ്ങളില്‍നിന്നായി 56 പാര്‍ടികളെ പ്രതിനിധാനംചെയ്ത് 87 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. അന്താരാഷ്ട്ര സമ്മേളനത്തിന്റെ എല്ലാ പ്രൌഢിയോടുംകൂടിയ ഒത്തുചേരലിന് സിപിഐ എമ്മും സിപിഐയുമാണ് ആതിഥേയത്വം നല്‍കുന്നത്. ഒമ്പതംഗ പ്രസീഡിയമാണ് ആദ്യ സെഷന്‍ നിയന്ത്രിച്ചത്.

സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, മരിനോസ് ജോര്‍ജിയോസ് (ഗ്രീസ്), മാത്യൂസ് അല്‍വേസ് ജോസ് ആഞ്ചലോ (പോര്‍ച്ചുഗല്‍), തതേകിന്‍ വ്യാചിസ്ലാവ് (റഷ്യന്‍ ഫെഡറേഷന്‍), ജോസ് റെയ്നാള്‍ഡോ കര്‍വാല്‍ഹോ (ബ്രസീല്‍), മേരി നസീഫ് ദേബ് (ലബനന്‍) എന്നിവരാണ് പ്രസീഡിയത്തിലുണ്ടായിരുന്നത്. സിപിഐ സാര്‍വദേശീയവിഭാഗം തലവന്‍ പല്ലഭ്സെന്‍ ഗുപ്ത സ്വാഗതം പറഞ്ഞു. ഡല്‍ഹി പ്രഖ്യാപനമെന്ന പ്രധാനപ്രമേയം സീതാറാം യെച്ചൂരി അവതരിപ്പിച്ചു. രണ്ടാം സെഷനില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം കെ പന്ഥെ, സിപിഐ സെക്രട്ടറി ഡി രാജ എന്നിവരടങ്ങിയ പ്രസീഡിയമാണ് നടപടികള്‍ നിയന്ത്രിച്ചത്. തുടര്‍ന്ന് ചര്‍ച്ച ആരംഭിച്ചു. അര്‍ജന്റീനയില്‍നിന്നുള്ള പാട്രീഷ്യോ എച്ചേഗാരിയാണ് ആദ്യം ചര്‍ച്ചയില്‍ പങ്കെടുത്തത്.

തുടര്‍ന്ന് ജോസ് റെയ്നാള്‍ഡോ കല്‍വാഹോ (ബ്രസീല്‍), ഓസ്കാര്‍ ഇസ്രയേല്‍ മാര്‍ടിനസ് (ക്യൂബ), അന്റോണിയോ പാവേല്‍ (മെക്സിക്കോ), സ്കോട്ട് മാര്‍ഷല്‍ (യുഎസ്എ) എന്നിവര്‍ അമേരിക്കന്‍ വന്‍കരയില്‍നിന്ന് സംസാരിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ രൂക്ഷവിമര്‍ശമാണ് ലാറ്റിനമേരിക്കന്‍ പ്രതിനിധികള്‍ നടത്തിയത്. ഉച്ചഭക്ഷണത്തിനുശേഷം മൂന്നരയ്ക്ക് വീണ്ടും ചര്‍ച്ച ആരംഭിച്ചപ്പോള്‍ ഏഷ്യയില്‍നിന്നുള്ള പ്രതിനിധികള്‍ സംസാരിച്ചു. മന്‍സൂറുല്‍ അസംഖാന്‍ (ബംഗ്ളാദേശ്), എയ് പിങ് (ചൈന), പാക് യോങ് (കൊറിയ), മണിക് സര്‍ക്കാര്‍ (സിപിഐ എം), സുധാകര്‍ റെഡ്ഡി (സിപിഐ), നവീദ് ഷൊമാലി (ഇറാന്‍), ഉസ്മനോവ് ബത്തിയേര്‍ (കിര്‍ഗിസിസ്ഥാന്‍), ഡോ. കെ പി ഓലി (നേപ്പാള്‍), ന്യൂഗേന്‍ മാന്‍ ഹങ് (വിയത്നാം), ഇംദാദുല്ല ഖാസി (പാകിസ്ഥാന്‍) എന്നിവര്‍ സംസാരിച്ചു. യൂറോപ്പില്‍നിന്നുള്ള അംഗങ്ങളുടെ ചര്‍ച്ചയും ആരംഭിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

'ഡല്‍ഹി പ്രഖ്യാപനം' ബദല്‍ സോഷ്യലിസം മാത്രം

നിലവിലുള്ള സാമ്പത്തിക പ്രതിസന്ധികൊണ്ടുമാത്രം മുതലാളിത്തം സ്വയം തകരില്ലെന്നും അതിനെ തകര്‍ത്തെറിയുക തന്നെ വേണമെന്നും ലോക കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടി സമ്മേളനം അഭിപ്രായപ്പെട്ടു. മുതലാളിത്തം തകരണമെങ്കില്‍ അതിനുള്ള ബദല്‍ ജനങ്ങള്‍ക്കുമുമ്പില്‍ വയ്ക്കണം. ഈ ലക്ഷ്യം നേടാന്‍ കുറുക്കുവഴികളില്ല. അതിനായി വിപ്ളവകരമായ ആശയസമരവും ജനകീയപ്രക്ഷോഭവും വളര്‍ത്തണം. മാര്‍ക്സിസം ലെനിനിസത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ടികളുടെ ശക്തമായ ഇടപെടലിലൂടെ മാത്രമേ ഈ ലക്ഷ്യം നേടാനാകൂ എന്നും 'ഡല്‍ഹിപ്രഖ്യാപന'മെന്ന പ്രധാന പ്രമേയം വ്യക്തമാക്കി.

കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ പതിനൊന്നാമത് ലോക സമ്മേളനത്തില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രമേയം അവതരിപ്പിച്ചു. മുതലാളിത്തത്തിന് ബദലില്ലെന്ന പ്രചാരണം ശരിയല്ല. ബദല്‍ സോഷ്യലിസം മാത്രമാണ്. എന്നാല്‍, ജനകീയസമരങ്ങളിലൂടെയേ ഈ ലക്ഷ്യം നേടാനാകൂ. ഇപ്പോള്‍ തൊഴിലാളി വര്‍ഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമാണ്. അന്തിമവിജയത്തിന് മുതലാളിത്തവ്യവസ്ഥയെ അട്ടിമറിക്കാനാവശ്യമായ കടുത്ത ആക്രമണംതന്നെ വേണം. ലോകം മുഴുവന്‍ മുതലാളിത്തത്തിന്റെ നീരാളിപ്പിടിത്തമുള്ളതിനാല്‍ ലോകവ്യാപകമായി കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയസമരം ഉണ്ടാകണം. അതിനായി പാര്‍ടികളുടെ ഐക്യം ശക്തിപ്പെടുത്തണം സമ്മേളനത്തിന്റെ പ്രധാന അജന്‍ഡ ബദലിനായുള്ള അന്വേഷണമാണ്. ഇതിന് നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ യെച്ചൂരി നേതാക്കളോട് അഭ്യര്‍ഥിച്ചു.

മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി ചാക്രികക്കുഴപ്പത്തിന്റെ ഭാഗമായതിനാല്‍ അത് അതിജീവിക്കുമെന്നും തുടര്‍ന്ന് വര്‍ധിച്ച ചൂഷണം ആരംഭിക്കുമെന്നും പ്രമേയം മുന്നറിയിപ്പ് നല്‍കി. രണ്ട് രീതിയിലാണ് മുതലാളിത്തം ചൂഷണശൃംഖല വിപുലമാക്കുക. ഒന്നാമതായി ചരക്കിന്റെയും മൂലധനത്തിന്റെയും നീക്കം സ്വതന്ത്രമാക്കാന്‍ അവര്‍ ആവശ്യപ്പെടുന്നു. സ്വതന്ത്ര വ്യാപാരക്കരാറുകളും മറ്റും ഇതിന്റെ ഭാഗമാണ്. ഇത്തരം കരാറുകളുടെയും ചുങ്കം വെട്ടിക്കുറയ്ക്കുന്നതിന്റെയും ഫലമായി വികസ്വര രാജ്യങ്ങളില്‍ വ്യവസായങ്ങള്‍ തകരുകയും കൃഷി അധഃപതിക്കുകയും ചെയ്യുന്നു. രണ്ടാമതായി ധനപരമായ അച്ചടക്കത്തിന്റെ പേരുപറഞ്ഞ് സര്‍ക്കാര്‍ ചെലവ് കുറച്ച് മൂലധനം വന്‍ തോതില്‍ സ്വകാര്യവ്യക്തികളില്‍ കുന്നുകൂട്ടുന്നു. സ്വകാര്യവല്‍ക്കരണം ഈ പ്രക്രിയയെ പ്രോത്സാഹിപ്പിക്കയാണ്. വികസ്വര രാജ്യങ്ങളില്‍ പ്രത്യേകിച്ചും രാഷ്ട്രത്തിന്റെ സമ്പത്ത് സ്വകാര്യമേഖലയ്ക്ക് നല്‍കുന്നു. ധാതുലവണം, വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം, വനം എന്നീ മേഖലകള്‍ പോലും വ്യാപകമായി സ്വകാര്യ മൂലധനരൂപീകരണത്തിന് ഉപയോഗിക്കുകയാണ്. കാര്‍ഷികരംഗത്തും ബഹുരാഷ്ട്ര കുത്തകകള്‍ പിടിമുറുക്കുന്നു. ഇത്തരം നവ ഉദാരനയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്കും വഴിവച്ചത്. മൂലധനം ഏതാനും വ്യക്തികളില്‍ കേന്ദ്രീകരിച്ചതിന്റെ ഫലമായി ഭൂരിപക്ഷം ജനങ്ങളുടെ വാങ്ങല്‍ശേഷിയില്‍ വന്‍ കുറവുണ്ടായി. കൃത്രിമമായി ആവശ്യം വര്‍ധിപ്പിക്കാന്‍ ചെറിയ പലിശയ്ക്ക് വന്‍തോതില്‍ വായ്പ നല്‍കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് വഴിവച്ചത്. പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ മറ്റ് പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. വന്‍ തോതില്‍ പൊതുനിക്ഷേപം വര്‍ധിപ്പിച്ച് മാത്രമേ ചോദനം വളര്‍ത്താന്‍ കഴിയൂ എന്ന പാഠം മുതലാളിത്തം സ്വീകരിക്കാന്‍ തയ്യാറല്ല. രാഷ്ട്രീയ, സൈനികശക്തി ഉപയോഗിച്ച് പ്രതിസന്ധിക്ക് മറയിടാനാണ് ശ്രമം. അത് വിജയിക്കില്ല. ഇത് വീണ്ടും പ്രതിസന്ധിയിലേക്കേ നയിക്കൂ- യെച്ചൂരി പറഞ്ഞു.
(വി ബി പരമേശ്വരന്‍)

പോംവഴി പ്രക്ഷോഭം മാത്രം: സിപിഐ എം

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും മുതലാളിത്ത ചൂഷണത്തിന്റെയും പശ്ചാത്തലത്തില്‍ തൊഴിലാളികളുടെയും സാമാന്യജനങ്ങളുടെയും ജീവിതാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ പ്രക്ഷോഭമല്ലാതെ ഒരു എളുപ്പവഴിയുമില്ലെന്ന് സിപിഐ എം പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ്-തൊഴിലാളി പാര്‍ടികളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രധാന പ്രമേയത്തിന്റെ ചര്‍ച്ചയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാരാണ് നിലപാട് അറിയിച്ചത്. ആഗോളവല്‍ക്കരണ നയങ്ങളുടെയും സാമ്പത്തികമാന്ദ്യത്തിന്റെയും ഫലമായുണ്ടായ തകര്‍ച്ചയുടെ മറവില്‍ തൊഴിലാളികളുടെയും ജനങ്ങളുടെയും അവകാശങ്ങള്‍ക്കുമേല്‍ കടന്നാക്രമണമാണ് മൂലധനശക്തികളും ഭരണകൂടവും നടത്തുന്നത്. ഇതിനെ തൊഴിലാളിവര്‍ഗം യോജിച്ച് ചെറുത്ത സ്ഥലങ്ങളില്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടതായാണ് അനുഭവം. സമരങ്ങള്‍ സാമ്പത്തിക ആവശ്യംമാത്രം മുന്‍നിര്‍ത്തിയുള്ളതാകരുത്. തൊഴിലാളികളുടെയും ജനങ്ങളുടെയും ദുരിതങ്ങള്‍ക്ക് കാരണമായ ജീര്‍ണ മൂലധന സംവിധാനത്തിന് ബദലായ രാഷ്ട്രീയ സംവിധാനം ഉയര്‍ത്തിക്കൊണ്ടു വരാന്‍ കൂടിയാകണം. ഈ ബദല്‍ സോഷ്യലിസമാണെന്ന് സിപിഐ എം വിശ്വസിക്കുന്നു. പ്രതിസന്ധി മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണെന്ന് മാര്‍ക്സ് വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, അത് താനേ തകരുകയില്ല. അതിനെ അട്ടിമറിക്കേണ്ടതുണ്ട്. മൂലധനത്തിന്റെ ഭരണത്തിനെതിരെ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള പോരാട്ടമുണ്ടായില്ലെങ്കില്‍ വലതുപക്ഷ-യാഥാസ്ഥിതിക ശക്തികള്‍ അവസരം മുതലെടുത്ത് മുതലാളിത്ത സംവിധാനം ഉറപ്പിച്ചുനിര്‍ത്താന്‍ ശ്രമിക്കും. ഇത്തരം പ്രതിസന്ധിഘട്ടത്തിലാണ് ഫാസിസം ശക്തി പ്രാപിച്ചതെന്ന് ചരിത്രം ബോധ്യപ്പെടുത്തുന്നുണ്ട്. അത് ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ. സാമ്രാജ്യത്വവും ഭരണവര്‍ഗവും കമ്യൂണിസ്റ്റ്, തൊഴിലാളിവര്‍ഗ പാര്‍ടികള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തി തങ്ങളുടെ നില ഭദ്രമാക്കാന്‍ ശ്രമിക്കും. ഇതിന് എല്ലാവിധ ആശയപ്രചാരണങ്ങളും അവര്‍ നടത്തും. മുതലാളിത്തത്തിന് ബദലില്ല എന്ന വാദത്തിനെതിരെ സോഷ്യലിസംമാത്രമാണ് ബദല്‍ എന്ന ആശയപ്രചാരണം ശക്തമാക്കണം. സോഷ്യലിസമാണ് ഭാവി. ഭാവി നമ്മുടേതും. ആഗോള പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ ഗവമെന്റുകള്‍ സ്വീകരിക്കുന്ന നടപടികള്‍ കോര്‍പറേറ്റുകളെമാത്രം സഹായിക്കാനുള്ളതാണ്. വികസിത രാഷ്ട്രങ്ങളുടെ ഭാരം വികസ്വര രാഷ്ട്രങ്ങളുടെയും തൊഴിലാളികളുടെയും മറ്റ് പാവപ്പെട്ട ജനവിഭാഗങ്ങളുടെയും ചുമലിലിട്ട് രക്ഷപ്പെടാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്- മണിക് സര്‍ക്കാര്‍ പറഞ്ഞു.
(വി ജയിന്‍‍)

ദേശാഭിമാനി 21 നവംബര്‍ 2009

1 comment:

  1. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധികൊണ്ടുമാത്രം മുതലാളിത്തം സ്വയം തകരില്ലെന്നും അതിനെ തകര്‍ത്തെറിയുക തന്നെ വേണമെന്നും ലോക കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടി സമ്മേളനം അഭിപ്രായപ്പെട്ടു. മുതലാളിത്തം തകരണമെങ്കില്‍ അതിനുള്ള ബദല്‍ ജനങ്ങള്‍ക്കുമുമ്പില്‍ വയ്ക്കണം. ഈ ലക്ഷ്യം നേടാന്‍ കുറുക്കുവഴികളില്ല. അതിനായി വിപ്ളവകരമായ ആശയസമരവും ജനകീയപ്രക്ഷോഭവും വളര്‍ത്തണം. മാര്‍ക്സിസം ലെനിനിസത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ടികളുടെ ശക്തമായ ഇടപെടലിലൂടെ മാത്രമേ ഈ ലക്ഷ്യം നേടാനാകൂ എന്നും 'ഡല്‍ഹിപ്രഖ്യാപന'മെന്ന പ്രധാന പ്രമേയം വ്യക്തമാക്കി.

    ReplyDelete