Wednesday, November 25, 2009

ലിബര്‍ഹാന്‍ കമീഷന്റെ കണ്ടെത്തലുകള്‍

അപ്രതീക്ഷിതമായ കണ്ടെത്തലുകള്‍ ഒന്നുംതന്നെ ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടിലില്ലെന്നതാണ് വാസ്തവം. അങ്ങേയറ്റം ആസൂത്രിതമായി സംഘപരിവാര്‍ നടപ്പാക്കിയ പദ്ധതിയായിരുന്നു പള്ളി തകര്‍ത്ത സംഭവമെന്ന് മതനിരപേക്ഷവാദികള്‍ അന്നേ തെളിവുകള്‍ സഹിതം സ്ഥാപിച്ചിരുന്നു. എന്നാല്‍, ആള്‍ക്കൂട്ടത്തിന്റെ പെട്ടെന്നുള്ള പ്രതികരണത്തിന്റെ ഭാഗമായാണ് പള്ളി തകര്‍ക്കപ്പെട്ടതെന്നായിരുന്നു സംഘപരിവാറിന്റെ വാദം. അതു തെറ്റാണെന്ന് ഇപ്പോള്‍ കമീഷനും കണ്ടെത്തിയിരിക്കുന്നു. ബിജെപിയുടെ ഏറ്റവും പ്രധാന നേതാക്കള്‍ക്കെല്ലാം ഈ സംഭവത്തില്‍ പങ്കുണ്ടെന്ന കാര്യം കമീഷന്‍ കണ്ടെത്തിയത് ചെറിയ കാര്യമല്ല. സംഭവസ്ഥലത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന അദ്വാനി ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചില്ലെന്ന് കമീഷന്‍ പറയുമ്പോള്‍ ആരും ആത്ഭുതപ്പെടില്ല. കാരണം രഥയാത്രയിലൂടെ തുടര്‍ച്ചയായി ഇതിനുള്ള പരിസരം ഒരുക്കുന്നതില്‍ ഗൂഢമായി ശ്രമിച്ചയാളാണ് അദ്വാനിയെന്ന് ആര്‍ക്കാണ് അറിയാത്തത്. പള്ളി തകര്‍ക്കുന്നതുകണ്ട് ഉന്മാദാവസ്ഥയില്‍ എത്തിയ ഉമാഭാരതിയുടെ ആലിംഗനത്തില്‍ നില്‍ക്കുന്ന മുരളിമനോഹര്‍ ജോഷിയുടെ ചിത്രം അന്നു മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുമാത്രം മതി അദ്ദേഹത്തിന്റെ പങ്കു വ്യക്തമാക്കാന്‍. വാജ്പേയിക്ക് ഇതില്‍ പങ്കുണ്ടോയെന്ന് ചിലര്‍ അത്ഭുതപ്പെടുന്നുണ്ട്. എന്നാല്‍, വാജ്പേയി ബിജെപിയുടെ മുഖംമൂടി മാത്രമാണെന്നും അതിനകത്തുള്ളത് സംഘപരിവാറാണെന്നും ശരിയായി തിരിച്ചറിഞ്ഞവര്‍ക്ക് ഈ കണ്ടെത്തലിലും പുതിയതൊന്ന് കാണാന്‍ കഴിയില്ല. അദ്വാനിയും മറ്റും കുറ്റക്കാരാണെന്ന കാര്യം വളരെ നേരത്തെ ലഖ്നൌ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിനും കുറ്റക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു ശിക്ഷിക്കുന്നതിനും കഴിഞ്ഞില്ലെന്ന കാര്യവും ഇവിടെ പ്രസക്തമാണ്.

രാജ്യത്തിന്റെ മതനിരപേക്ഷതയുടെ നേര്‍ക്കുനടന്ന ഏറ്റവും വലിയ കടന്നാക്രമണമായിരുന്നു ബാബറിപള്ളിയുടെ തകര്‍ച്ച. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം കമീഷന്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. രാജ്യത്തിന് ഒരിക്കലും പൊറുക്കാന്‍ കഴിയാത്ത കുറ്റകൃത്യത്തിനു നേതൃത്വം നല്‍കിയവര്‍ ശിക്ഷിക്കപ്പെട്ടേ മതിയാകൂ. എന്നാല്‍, നമ്മുടെ രാജ്യത്തെ അനുഭവം ഇതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരനെന്ന കണ്ടെത്തിയ ബാല്‍താക്കറെക്കെതിരെ ഒരു നടപടിയും എടുക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹമാകട്ടെ രാജ്യത്തിന്റെ സമാധാനത്തിനു നേരെ വിഷലിപ്തമായ പ്രചാരവേല കൂടുതല്‍ അപകടകരമായി തുടരുകയാണ്. ഇപ്പോള്‍ ഈ കമീഷന്‍ റിപ്പോര്‍ട്ടിലും ശിവസേന പ്രതിക്കൂട്ടിലാണ്.

ഭരണകൂടത്തിന്റെ വിവിധ ഉപകരണങ്ങളില്‍ സംഘപരിവാര്‍ ബോധപൂര്‍വം ഇടപെടുന്നുണ്ടെന്ന കാര്യം വളരെ നേരത്തെ രാജ്യസ്നേഹികള്‍ ചൂണ്ടിക്കാട്ടിയതാണ്. ഇപ്പോള്‍ കമീഷനും അതു ശരിവച്ചിരിക്കുന്നു. ഇക്കാര്യം ശ്രദ്ധിക്കാമെന്നു മാത്രമാണ് ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ മതത്തിന്റെ ദുരുപയോഗം തടയണമെന്നും അങ്ങനെ ചെയ്യുന്നവരെ അയോഗ്യരാക്കണമെന്നും കമീഷന്‍ പറയുമ്പോള്‍ അത് തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ഒഴുക്കന്‍മട്ടില്‍ പറയുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഫലത്തില്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ മറ്റു നടപടികളൊന്നും അധികം പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം.

അത്ഭുതകരമായിട്ടുള്ളത് നരസിംഹറാവു സര്‍ക്കാരിനെ കുറ്റവിമുക്തമാക്കുന്നതിനുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ കയറി ക്കൂടിയതാണ്. ബാബറിപള്ളി തകരാതിരിക്കുന്നതിന് ഏതു നടപടി എടുക്കുന്നതിനും കേന്ദ്രസര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന പ്രമേയം മുഖ്യമന്ത്രിമാര്‍ ഉള്‍ക്കൊള്ളുന്ന ദേശീയോദ്ഗ്രഥന കൌസില്‍ പാസാക്കിയിരുന്നു. അന്നു സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത്താണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. എല്ലാ മതനിരപേക്ഷ ശക്തികളും ഈ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. എല്ലാവിധത്തിലുള്ള മുന്നറിയിപ്പുകളും പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു. എന്നാല്‍, അതിനെയെല്ലാം അവഗണിച്ച് പള്ളി പൊളിക്കുന്നതിന് സഹായകരമായ രൂപത്തില്‍ കുറ്റകരമായ മൌനവും നിസ്സംഗതയുമാണ് അന്നത്തെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും കാണിച്ചത്.

ശിലാന്യാസത്തിനു അനുമതി നല്‍കിയ രാജീവ്ഗാന്ധിയുടെ കാലംമുതല്‍ ഈ പ്രശ്നത്തില്‍ കോണ്‍ഗ്രസ് വര്‍ഗീയ കാര്‍ഡാണ് കളിച്ചത്. അദ്വാനിയുടെ രഥയാത്ര തടഞ്ഞ് ധീരമായ മതനിരപേക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വി പി സിങ് സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചപ്പോള്‍ അതിനോട് ചേര്‍ന്നു നിന്ന കോണ്‍ഗ്രസിനെ അത്രവേഗം മറക്കാന്‍ ചരിത്രത്തിനു കഴിയില്ല. ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറായതും കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നു മാത്രമാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ റിപ്പോര്‍ട്ടിന്റെ ചുരുക്കം വന്നതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ സഭയില്‍ വച്ചത്.

പ്രധാനമന്ത്രി അമേരിക്കയില്‍ പോയ സന്ദര്‍ഭത്തില്‍ ഇങ്ങനെ ചെയ്തതിലും സംശയിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. രാജ്യതാല്‍പ്പര്യത്തിന് എതിരായ കരാറുകളില്‍ ഒപ്പിടുന്ന സന്ദര്‍ഭത്തില്‍ ചര്‍ച്ചയുടെ വഴിതിരിച്ചുവിടുന്നതിന് ഇത് സഹായകരമായിരിക്കും. എപ്പോഴൊക്കെ രാജ്യത്ത് ഉദാരവല്‍ക്കരണ നയത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങുന്നുവോ അപ്പോഴെല്ലാം ചര്‍ച്ചയുടെ വഴിതിരിച്ചുവിടുന്നതിന് രാജ്യത്തെ ഭരണവര്‍ഗത്തിനു കഴിഞ്ഞിട്ടുണ്ടെന്നതും കൂട്ടിവായിക്കണം. എന്തായാലും ബിജെപിയെന്ന പാര്‍ടിയെ തുറന്നുകാട്ടുന്നതിന് ഇത് ഒരവസരംകൂടി നല്‍കി. നടന്ന സംഭത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിന് ഇപ്പോഴും അവര്‍ തയ്യാറല്ലെന്നാണ് അദ്വാനിയുടെയും മറ്റു നേതാക്കളുടെയും പാര്‍ലമെന്റിലെ പ്രസംഗങ്ങള്‍ തെളിയിക്കുന്നത്. കടുത്ത തിരിച്ചടി നേരിടുന്ന ബിജെപി തങ്ങളുടെ വര്‍ഗീയ കാര്‍ഡ് ഇറക്കുന്നതിനുള്ള സന്ദര്‍ഭം എന്ന നിലയിലാണ് ഈ പ്രശ്നത്തെ കാണുന്നത്. രാമക്ഷേത്രത്തിന്റെ പ്രശ്നം വീണ്ടും രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് ഈ റിപ്പോര്‍ട്ടിനെ എങ്ങനെ ഉപയോഗിക്കാമെന്നതായിരിക്കും അവരുടെ ലക്ഷ്യം. അതു മനസിലാക്കി ഉയര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് മതനിരപേക്ഷ പാര്‍ടികള്‍ തയ്യാറാകണം. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ വര്‍ഗീയതയോട് സന്ധിചെയ്ത ചരിത്രമുള്ള കോഗ്രസ് നയിക്കുന്ന സര്‍ക്കാരില്‍നിന്ന് അങ്ങനെയൊന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. എന്നാല്‍, രാജ്യത്തെ സ്നേഹിക്കുന്ന എല്ലാ മതനിരപേക്ഷവാദികളും ഈ പ്രശ്നത്തില്‍ ഒറ്റക്കെട്ടായി നിന്നാല്‍മാത്രമേ വര്‍ഗീയവാദികളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുകയുള്ളു.

ദേശാഭിമാനി മുഖപ്രസംഗം 251109

വര്‍ഗീയവാദികള്‍ക്ക് മുന്നില്‍ വീണ്ടും കീഴടങ്ങല്‍

വര്‍ഗീയവാദികള്‍ക്കെതിരെ ശക്തമായ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളാന്‍ യുപിഎ സര്‍ക്കാരിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള നടപടി റിപ്പോര്‍ട്ട്. സംഘപരിവാര്‍ നേതൃത്വം ഗൂഢാലോചന നടത്തിയാണ് ബാബറി മസ്ജിദ് തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ടിന്റെ സത്ത. എന്നാല്‍, കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ ഉദ്ദേശമില്ലായിരുന്നെങ്കില്‍ എന്തിനാണ് 50 കോടിയിലധികം ചെലവിട്ട് 17 വര്‍ഷം നീണ്ട ഈ അന്വേഷണം നടത്തിയതെന്ന ചോദ്യം ഉയരുകയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമെന്ന് ഇതോടെ വ്യക്തമായി.

ഒറീസയിലെ കന്ദമലിലും മറ്റും കലാപങ്ങള്‍ ഉണ്ടായ ഘട്ടത്തിലാണ് വര്‍ഗീയതയെ ശക്തമായി ചെറുക്കുന്ന നിയമനിര്‍മാണം വേണമെന്ന ആവശ്യമുയര്‍ന്നത്. എന്നാല്‍, ആ ബില്‍ ഇതുവരെയും പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ലിബര്‍ഹാന്‍ കമീഷന്റെ മൂന്ന് നിര്‍ദേശത്തിന് സര്‍ക്കാര്‍ നല്‍കുന്ന ഉത്തരം ഈ ബില്‍ അവതരിപ്പിക്കുമെന്നാണ്. എന്നാല്‍, എപ്പോള്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഹൈന്ദവഭീകരവാദത്തെ നേരിടുന്ന കാര്യത്തിലും യുപിഎ സര്‍ക്കാര്‍ സമീപനം മൃദുവായിരുന്നു. മലേഗാവിലും അവസാനമായി ഗോവയിലും ഹൈന്ദവഭീകരവാദികളാണ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് തെളിഞ്ഞിട്ടും മറ്റ് ഭീകരവാദികള്‍ക്കെതിരെയെന്ന പോലെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാനുമാവില്ല. ഈ ആരാധനാലയം പ്രാര്‍ഥനയ്ക്ക് തുറന്നുകൊടുത്തതും ശിലാന്യാസം നടത്താന്‍ അനുവദിച്ചതും അവസാനം മസ്ജിദ് തകര്‍ക്കുന്നതില്‍നിന്ന് തടയാന്‍ ശ്രമിക്കാതിരുന്നതും കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെയാണ്. മസ്ജിദ് തകര്‍ത്തതിലൂടെ മതനിരപേക്ഷ ഇന്ത്യക്ക് കടുത്ത ആഘാതം ഏല്‍പ്പിച്ച സംഘപരിവാര്‍ നേതൃത്വത്തെ നിയമത്തിന്റെ വഴിയില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാതെ ഹൈന്ദവ വര്‍ഗീയതയ്ക്കു മുമ്പില്‍ കോഗ്രസ് വീണ്ടും കീഴടങ്ങുകയാണ്.

ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് സഭയില്‍ ശിക്ഷയ്ക്ക് നടപടിയില്ല

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തതില്‍ പങ്കുണ്ടെന്ന് ലിബര്‍ഹാന്‍ കമീഷന്‍ കണ്ടെത്തിയവര്‍ക്കെതിരെ ശിക്ഷാനടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശയില്ല. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും യുപിഎ സര്‍ക്കാര്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വച്ചു. മസ്ജിദ് തകര്‍ക്കുന്നതിന് ഗൂഢാലോചന നടത്തിയ വാജ്പേയി, അദ്വാനി, മുരളീമനോഹര്‍ ജോഷി തുടങ്ങി 68 പേരുടെ പേര് കമീഷന്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും നടപടി റിപ്പോര്‍ട്ടില്‍ ഇവരെക്കുറിച്ച് മൌനംപാലിക്കുന്നു. കമീഷന്‍ രൂപീകരിച്ച് 17 വര്‍ഷത്തിനുശേഷമാണ് റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി പി ചിദംബരം പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചത്. റിപ്പോര്‍ട്ടിനെക്കുറിച്ച് ഡിസംബര്‍ ഒന്നിന് ഇരുസഭയിലും ചര്‍ച്ച നടക്കും. ഇംഗ്ളീഷിലുള്ള കോപ്പി മാത്രമാണ് സഭയുടെ മേശപ്പുറത്തു വച്ചത്. പതിവിനു വിരുദ്ധമായി റിപ്പോര്‍ട്ടിന്റെ കോപ്പി എംപിമാര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ നല്‍കിയില്ല. റിപ്പോര്‍ട് മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് അടിയന്തരമായി സഭയില്‍ വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്‍പ്രധാനമന്ത്രി വാജ്പേയി ഉള്‍പ്പെടെയുള്ള 68 പേരാണ് രാജ്യത്തെ വര്‍ഗീയ സ്പര്‍ധയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. മതത്തെയും ജാതിയെയും രാഷ്ട്രീയനേട്ടത്തിനും അധികാരത്തിനുമായി ദുരുപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അതിന് പ്രത്യേക നിയമനിര്‍മാണം വേണമെന്നുമുള്ള നിര്‍ദേശത്തോടും സര്‍ക്കാര്‍ പ്രതികരിച്ചില്ല. വര്‍ഗീയ കലാപം തടയാനും പുനരധിവാസം ഉറപ്പാക്കാനും ബില്‍ കൊണ്ടുവരുമെന്നും അയോധ്യ സംഭവവുമായി ബന്ധപ്പെട്ട് ലഖ്നൌവിലും റായ്ബറേലിയിലുമുള്ള കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ശ്രമിക്കുമെന്നുമുള്ള അയഞ്ഞ ഉത്തരമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ബാബറി മസ്ജിദ് എന്നതിനു പകരം രാമജന്മഭൂമി-ബാബറി മസ്ജിദ് കെട്ടിടം എന്നു പറയാനാണ് യുപിഎ സര്‍ക്കാര്‍ തയ്യാറായത്. മസ്ജിദ് തകര്‍ത്തതാരാണെന്നു പറയുന്ന ഭാഗം പൂര്‍ണമായി ഒഴിവാക്കിയുള്ളതാണ് 14 പേജുള്ള നടപടി റിപ്പോര്‍ട്ട്. മതവും രാഷ്ട്രീയവും വേര്‍പെടുത്തണമെന്നതാണ് കമീഷന്റെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. ഇക്കാര്യം കണക്കിലെടുക്കുമെന്നു പറഞ്ഞ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറി. നിയമം നടപ്പാക്കേണ്ട ഏജന്‍സികള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ക്രിമിനല്‍ ജസ്റ്റിസ് കമീഷന്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം പരിശോധിക്കാന്‍ ലോ കമീഷനോട് ആവശ്യപ്പെടുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ദേശീയോദ്ഗ്രഥന സമിതിക്ക് ഭരണഘടനാപദവി നല്‍കണമെന്ന നിര്‍ദേശം തള്ളുകയും ചെയ്തു. വര്‍ഗീയ ആക്രമം കര്‍ശനമായി നേരിടണമെന്നും അന്വേഷണത്തിനു പ്രത്യേക ഏജന്‍സിയെ നിയമിക്കണമെന്നുമുള്ള നിര്‍ദേശത്തിനു വര്‍ഗീയത സംബന്ധിച്ച ബില്‍ കൊണ്ടുവരുമെന്നു മാത്രമാണ് ഉത്തരം. തെരഞ്ഞെടുപ്പില്‍ മതവികാരം ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യം തെരഞ്ഞെടുപ്പു കമീഷന് കൈമാറും. മത അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന സര്‍ക്കാരിനെയും മതവിഷയങ്ങള്‍ രാഷ്ട്രീയ അജന്‍ഡയാക്കുന്ന പാര്‍ടികളെയും നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കാമെന്നു മാത്രമാണ് നടപടി റിപ്പോര്‍ട്ടില്‍ പറയുന്നത്. എതെങ്കിലും മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുമെന്നു പറയുന്നതും മതപരമായ അജന്‍ഡ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുന്നതുമായ പാര്‍ടികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കമീഷന്‍ നിര്‍ദേശിക്കുന്നു. ഇതും സര്‍ക്കാര്‍ ഗൌരവത്തില്‍ പരിഗണിച്ചില്ല. കലാപങ്ങള്‍ നിയന്ത്രിക്കാന്‍ അത്യാധുനിക ആയുധങ്ങളോടെകേന്ദ്രീകൃത സേന വേണമെന്ന നിര്‍ദേശവും തള്ളി. പൊലീസിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാരും മതനേതാക്കളുമായുള്ള ബന്ധം ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും കമീഷന്‍ നിര്‍ദേശിക്കുന്നു.
(വി ബി പരമേശ്വരന്‍)

മസ്ജിദ് തകര്‍ക്കല്‍ ചരിത്രത്തിലെ ഏറ്റവും ഹീന സംഭവം: ലിബര്‍ഹാന്‍

ഇന്ത്യാചരിത്രത്തിലും ഹിന്ദുമതത്തിന്റെ ചരിത്രത്തിലും മത അസഹിഷ്ണുതയുടെ ഏറ്റവും ഹീനമായ ഉദാഹരണമാണ് ബാബറി മസ്ജിദ് തകര്‍ക്കലെന്ന് ലിബര്‍ഹാന്‍ കമീഷന്‍ വിലയിരുത്തി. രാജ്യംകണ്ട മഹാവിപത്തുകളില്‍ ഏറ്റവും വലുതാണ് ഈ സംഭവം. അന്താരാഷ്ട്രസമൂഹത്തിനു മുന്നില്‍ ഇന്ത്യ നാണംകെട്ടു. മാനവരാശിക്കും ഭരണസംവിധാനത്തിനും മതനിരപേക്ഷതയ്ക്കും നിയമവാഴ്ചയ്ക്കും ഇത് അപമാനമുണ്ടാക്കി. മൌലികാവകാശങ്ങള്‍ക്കുനേരെയുള്ള ഏറ്റവും വലിയ കടന്നാക്രമണം കൂടിയാണിത് -കമീഷന്‍ അഭിപ്രായപ്പെട്ടു.

സംഘപരിവാറിന്റെ പ്രധാന ഘടകങ്ങളെന്ന നിലയില്‍ ആര്‍എസ്എസ്, വിഎച്ച്പി, ശിവസേന, ബജ്രംഗ്ദള്‍, ബിജെപി എന്നിവയ്ക്കാണ് മസ്ജിദ് തകര്‍ത്തതില്‍ പ്രാഥമിക ഉത്തരവാദിത്തം. ആര്‍എസ്എസ്, ബിജെപി, ബജ്രംഗ്ദള്‍, വിഎച്ച്പി, ശിവസേന എന്നിവയുടെ ദേശീയ, പ്രാദേശിക നേതാക്കള്‍ തകര്‍ക്കലിന് സാക്ഷികളായുണ്ടായിരുന്നു. ഇവരെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ സംഭവത്തില്‍ പങ്കുവഹിച്ചു. സന്യാസിമാര്‍, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, കര്‍സേവകര്‍ എന്നിവരുടെയും സാന്നിധ്യത്തിലാണ് മസ്ജിദ് തകര്‍ത്തത്. പ്രാദേശിക ഭരണസംവിധാനത്തിന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. എല്ലാ തീരുമാനവും മുഖ്യമന്ത്രിതലത്തില്‍ നടപ്പാക്കി. മസ്ജിദ് തകര്‍ക്കുന്നതിന് അനുകൂലമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുള്ള ഉദ്യോഗസ്ഥരെയാണ് അയോധ്യയില്‍ നിയമിച്ചത്. സംസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മസ്ജിദ് തകര്‍ക്കാന്‍ പ്രവര്‍ത്തിച്ചു. മസ്ജിദിന് സുരക്ഷ നല്‍കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ കര്‍സേവകരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് വിയര്‍പ്പൊഴുക്കിയത്. വിചിത്രവും പരിഹാസ്യവുമായ അവസ്ഥയാണിത്. കോടതി ഉത്തരവ് പാലിക്കാന്‍പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. കേന്ദ്രത്തിന്റെ ഇടപെടല്‍ തടയാനായി അവര്‍ 'കല്‍ഭിത്തി' കെട്ടുകയും ചെയ്തു.

സംഘപരിവാര്‍ വര്‍ഷങ്ങള്‍ കൊണ്ടാണ് സംഘടിതമായ പ്രചാരണസംവിധാനം ഉപയോഗിച്ച് അയോധ്യാപ്രസ്ഥാനത്തിന് ആളെ കൂട്ടിയത്. മാധ്യമങ്ങളെ അവര്‍ ഇതിനായി വ്യാപകമായി ഉപയോഗിച്ചു. ജനങ്ങളുടെ സാമാന്യബോധം നശിപ്പിച്ച് വര്‍ഗീയമായി ഇളക്കിവിടാനാണ് സംഘപരിവാര്‍ പരിശ്രമിച്ചത്. ബിജെപിയിലെ ജനപ്രിയരായ നേതാക്കളെ അയോധ്യാപ്രസ്ഥാനത്തിനുവേണ്ടി സംഘപരിവാര്‍ നന്നായി ഉപയോഗിച്ചു. തങ്ങളുടെ ദുഷ്ടലാക്കിനുവേണ്ടിയാണ് സംഘപരിവാര്‍ നേതാക്കള്‍ ഹിന്ദുത്വ പ്രചാരണം നടത്തിയത്. ഹിന്ദുത്വം മതവിശ്വാസമാണെന്ന് ചിലര്‍ പറയുമ്പോള്‍ത്തന്നെ, അത് മതമല്ലെന്നും ജീവിതരീതി മാത്രമാണെന്നുമുള്ള അഭിപ്രായവുമുണ്ട്. മതത്തെപ്പോലും തെറ്റായി വ്യാഖ്യാനിച്ചാണ് അയോധ്യാപ്രസ്ഥാനത്തിന് ആളെക്കൂട്ടിയത്. മതനിരപേക്ഷത അടിസ്ഥാനമൂല്യമായിക്കരുതുന്ന ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കെയാണ് സാമൂഹ്യസേവനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നെന്ന് അവകാശപ്പെടുന്ന ആര്‍എസ്എസ് കായിക പരിശീലനം നടത്തുന്നതും ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണ് ലക്ഷ്യമെന്ന് പ്രചരിപ്പിക്കുന്നതും. ഇത് വിരോധാഭാസമാണെന്നും കമീഷന്‍ വിലയിരുത്തി.
(വി ജയിന്‍)

വാജ്പേയിമുതല്‍ വഗേലവരെ 68 പേര്‍ കുറ്റക്കാര്‍

ബാബറി മസ്ജിദ് തകര്‍ത്തതില്‍ മുന്‍ പ്രധാനമന്ത്രി വാജ്പേയി മുതല്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശങ്കര്‍സിങ് വഗേല വരെ കുറ്റക്കാരെന്ന് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട്. മൊത്തം 68 പേരെയാണ് കുറ്റക്കാരായി കമീഷന്‍ കണ്ടെത്തിയത്. മറ്റുള്ളവരുടെ പേര് ചുവടെ: ആചാര്യ ധര്‍മേന്ദ്ര, ആചാര്യ ഗിരിരാജ കിഷോര്‍, എ കെ സര, അഖിലേഷ് മെഹ്രോത്ര, അശോക് സിംഗാള്‍, അശോക്സിന്‍ഹ, ബദ്രി പ്രസാദ് തൊഹ്രിവാള്‍, ബൈകുണ്ഡ്ലാല്‍ ശര്‍മ, ബാലാസാഹേബ് താക്കറെ, ബി പി സിംഗാള്‍, ബ്രഹളമദത്ത് ദ്രിവേദി, ചമ്പത്ത്റായി, ഡി ഡി ഖന്ന, ഡി ബി റോയ്, ദെവ്രാഹ് ബാബ, ഗുര്‍ജന്‍സിങ്, ജി എം ലോധ, ഗോവിന്ദാചാര്യ, എച്ച് വി ശേഷാദ്രി, ജയ്ഭഗവാന്‍ ഗോയല്‍, ജയ്ഭന്‍സിങ് പവാരിയ, കെ എസ് സുദര്‍ശന്‍, കല്‍രാജ്മിശ്ര, കല്യാസിങ്, കുശ്ഭാവു താക്കറെ, ലാല്‍ജി ഠണ്ഡന്‍, ലല്ലുസിങ് ചൌഹാന്‍, ലാല്‍കൃഷ്ണ അദ്വാനി, മഹന്ത് അവൈദ്യനാഥ്, മഹന്ത് നൃത്യഗോപാല്‍ദാസ്, രാമചന്ദ്ര പരമഹംസ്, എം ഡി സാവെ, മോര്‍പന്ത് പിംഗളെ, എം എം ജോഷി, ഓംപ്രതാപ് സിങ്, ഓങ്കാര്‍ ഭാവെ, പ്രമോദ് മഹാജന്‍, പ്രവീ തൊഗാഡിയ, പ്രഭാത്കുമാര്‍, പുരുഷോത്തം നാരായസിങ്, രാജേന്ദ്ര ഗുപ്ത, പ്രൊഫ. രാജേന്ദ്രസിങ്, രാംശങ്കര്‍ അഗ്നിഹോത്രി, രാംവിലാസ് വേദാന്തി, ആര്‍ കെ ഗുപ്ത, ആര്‍ എന്‍ ശ്രീവാസ്തവ, ഋതാംബര, സതീഷ് പ്രധാന്‍, ചന്ദേര്‍ ദീക്ഷിത്, രാംഅഗര്‍വാള്‍, എസ് പി ഗോര്‍, സുന്ദര്‍സിങ് ഭണ്ഡാരി, സൂര്യപ്രതാപ് സാഹി, സ്വാമി ചിന്മയാനന്ദ്, സ്വാമി സച്ചിദാനന്ദ സാക്ഷി, എസ് വിഎം ത്രിപാഠി, സത്മിത് രാം, സത്യാനന്ദ്, വാംദേവ്, ഉമാഭാരതി, യു പി വാജ്പേയി, വിജയരാജ് സിന്ധ്യ, വി കെ സക്സേന, വിനയ്കത്യാര്‍, വിഷ്ണു ഹരിദാല്‍മിയ, യുഥ്നാഥ് പാണ്ഡെ.

ശിക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടി വേണം: യെച്ചൂരി

ബാബറി മസ്ജിദ് തകര്‍ത്ത സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ കടുത്ത നിയമനടപടി കൈക്കൊള്ളണമെന്നും ശിക്ഷ ഉറപ്പാക്കണമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. മസ്ജിദ് തകര്‍ക്കുന്നതു തടയാന്‍ അന്നത്തെ നരസിംഹറാവു സര്‍ക്കാരിന് കഴിയുമായിരുന്നിട്ടും അതിനു തയ്യാറായില്ലെന്നും യെച്ചൂരി പറഞ്ഞു. ബാബ്റി മസ്ജിദ് തകര്‍ത്തത് ഇന്ത്യന്‍ ഭരണഘടനയിലെ മതേതരത്വ ആശയത്തിനുനേരെയുള്ള ആക്രമണമായിരുന്നു. അതുകൊണ്ട് ജനാധിപത്യത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പാര്‍ലമെന്റ് ഹൌസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി ആവശ്യപ്പെട്ടു. ലോക്സഭാ നേതാവ് ബസുദേവ് ആചാര്യയും പങ്കെടുത്തു. ആസൂത്രിതമായാണ് സംഘപരിവാര്‍ ബാബ്റി മസ്ജിദ് തകര്‍ത്തതെന്ന് നേരത്തെ വ്യക്തമാണ്.

ഇന്ത്യന്‍ റിപ്പബ്ളിക് നിലവില്‍ വന്നശേഷം ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു 1975ലെ അടിയന്തരാവസ്ഥ. ആ തെറ്റിന് മാപ്പുപറയാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. അതുപോലെ മതനിരപേക്ഷതയ്ക്കെതിരായ ആക്രമണമാണ് 1992 ഡിസംബര്‍ ആറിനുണ്ടായത്. അതിന് ബിജെപിയെക്കൊണ്ട് മാപ്പുപറയിക്കണം. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുകയും വേണം. ആസൂത്രിത ഗൂഢാലോചനയിലൂടെയാണ് മസ്ജിദ് തകര്‍ത്തതെന്നാണ് ലിബര്‍ഹാന്‍ കമീഷന്റെ പ്രധാന കണ്ടെത്തലായി പറയുന്നത്. വൈകിയാണെങ്കിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ലഖ്നൌവിലെ പ്രത്യേക കോടതി അദ്വാനിക്കും മറ്റും എതിരെ കുറ്റപത്രം നല്‍കിയിട്ട് വര്‍ഷങ്ങളായി. എന്നിട്ടും അദ്ദേഹത്തെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനായിട്ടില്ല. മസ്ജിദ് തകര്‍ക്കുന്നതിന് ഏതാനും ദിവസംമുമ്പ് ദേശീയോദ്ഗ്രഥന കൌസില്‍ ചേരുകയും മസ്ജിദിനെ സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ അധികാരപ്പെടുത്തുകയും ചെയ്തു. ബിജെപിയും എഐഎഡിഎംകെയും ബഹിഷ്കരിച്ച യോഗത്തില്‍ ഇത്തരമൊരു പ്രമേയം കൊണ്ടുവന്നത് സിപിഐ എം നേതാവായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത്താണ്. പള്ളി തകര്‍ക്കുന്നത് തടയാമായിട്ടും റാവു സര്‍ക്കാര്‍ അതിനു തയ്യാറായില്ല-യെച്ചൂരി പറഞ്ഞു.

വേണ്ടത് ശക്തമായ നടപടി: പിണറായി

ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളാണ് വേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറം ടൌണ്‍ഹാളില്‍ ദേശാഭിമാനി ജില്ലാ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നടപടി റിപ്പോര്‍ട്ട് അടക്കമാണ് കമീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കേണ്ടിയിരുന്നത്. എന്ത് നടപടി റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് വെക്കാനുള്ളത്. ഇത്രയും മാസം റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാതെ വെച്ചത് എന്തുകൊണ്ടെന്ന് കേന്ദ്രം വ്യക്തമാക്കണം. ഇടതുപക്ഷം പിന്തുണച്ച കാലത്താണ് ഈ റിപ്പോര്‍ട്ട് വന്നിരുന്നതെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ശക്തമായ നടപടി സ്വീകരിക്കേണ്ടിവരുമായിരുന്നു. മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ കഴിയണം. കോഗ്രസിന് അതിന് കഴിയില്ലെന്നതാണ് അനുഭവമെന്നും പിണറായി പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: പന്ഥെ

ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പ്രോസിക്യൂട്ട് ചെയ്ത് ശിക്ഷ ഉറപ്പുവരുത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു ദേശീയ പ്രസിഡന്റുമായ എം കെ പന്ഥെ ആവശ്യപ്പെട്ടു. കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി, സംഘപരിവാര്‍ നേതാക്കളാണ് ബാബ്റിമസ്ജിദ് തകര്‍ത്തതിലെ പ്രധാന പ്രതികള്‍. മസ്ജിദ് തകര്‍ത്തത് രാഷ്ട്രീയപ്രശ്നമെന്നാണ് ബിജെപി ഇപ്പോള്‍ പറയുന്നത്. മതേതര സമൂഹത്തിനുനേരെയുള്ള ക്രിമിനല്‍ കുറ്റമാണിത്. ഇതിന്റെ ഗൌരവം കണക്കിലെടുത്ത് യുപിഎ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം. ബാബറി മസ്ജിദ് തകര്‍ത്തതില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിനും യുപി മുഖ്യമന്ത്രിയായിരുന്ന കല്യാസിങ്ങിനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. മൂന്ന് കിലോമീറ്റര്‍ ദൂരെ തമ്പടിച്ചിരുന്ന സൈന്യത്തെ അയച്ചിരുന്നുവെങ്കില്‍ മസ്ജിദ് സംരക്ഷിക്കാമായിരുന്നു. പ്രധാനമന്ത്രി ഇത് ചെയ്തില്ല. രാമക്ഷേത്രം നിര്‍മിക്കാന്‍ ആഹ്വാനം ചെയ്ത് രഥയാത്ര നടത്തിയത് അദ്വാനിയുടെ നേതൃത്വത്തിലാണ്. ബാബറിപള്ളി തകര്‍ത്ത് 17 വര്‍ഷം കഴിഞ്ഞതിനുശേഷമാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കമീഷന്റെ നടപടി പലപ്പോഴും തടഞ്ഞത് ബിജെപിയായിരുന്നു- പന്ഥെ പറഞ്ഞു.

1 comment:

  1. സംഘപരിവാറിന്റെ പ്രധാന ഘടകങ്ങളെന്ന നിലയില്‍ ആര്‍എസ്എസ്, വിഎച്ച്പി, ശിവസേന, ബജ്രംഗ്ദള്‍, ബിജെപി എന്നിവയ്ക്കാണ് മസ്ജിദ് തകര്‍ത്തതില്‍ പ്രാഥമിക ഉത്തരവാദിത്തം. ആര്‍എസ്എസ്, ബിജെപി, ബജ്രംഗ്ദള്‍, വിഎച്ച്പി, ശിവസേന എന്നിവയുടെ ദേശീയ, പ്രാദേശിക നേതാക്കള്‍ തകര്‍ക്കലിന് സാക്ഷികളായുണ്ടായിരുന്നു. ഇവരെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ സംഭവത്തില്‍ പങ്കുവഹിച്ചു. സന്യാസിമാര്‍, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, കര്‍സേവകര്‍ എന്നിവരുടെയും സാന്നിധ്യത്തിലാണ് മസ്ജിദ് തകര്‍ത്തത്. പ്രാദേശിക ഭരണസംവിധാനത്തിന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. എല്ലാ തീരുമാനവും മുഖ്യമന്ത്രിതലത്തില്‍ നടപ്പാക്കി. മസ്ജിദ് തകര്‍ക്കുന്നതിന് അനുകൂലമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുള്ള ഉദ്യോഗസ്ഥരെയാണ് അയോധ്യയില്‍ നിയമിച്ചത്. സംസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മസ്ജിദ് തകര്‍ക്കാന്‍ പ്രവര്‍ത്തിച്ചു. മസ്ജിദിന് സുരക്ഷ നല്‍കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ കര്‍സേവകരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് വിയര്‍പ്പൊഴുക്കിയത്. വിചിത്രവും പരിഹാസ്യവുമായ അവസ്ഥയാണിത്. കോടതി ഉത്തരവ് പാലിക്കാന്‍പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. കേന്ദ്രത്തിന്റെ ഇടപെടല്‍ തടയാനായി അവര്‍ 'കല്‍ഭിത്തി' കെട്ടുകയും ചെയ്തു.

    ReplyDelete