Sunday, November 15, 2009

ആരോഗ്യമേഖലയിലെ സമഗ്ര വികസനം

ആരോഗ്യമേഖലയില്‍ സമഗ്ര വികസനത്തിനുള്ള മറ്റൊരു കാല്‍വയ്പ്പ്

മെഡിക്കല്‍കോളേജുകള്‍ റഫറല്‍ ആശുപത്രികളാക്കി മാറ്റിയതോടെ പൊതുജനാരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനുള്ള മറ്റൊരു സുപ്രധാന നടപടികൂടി കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്കാശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍കോളേജുകള്‍ എന്നിങ്ങനെ രോഗത്തിന്റെ ഗുരുതരാവസ്ഥയനുസരിച്ച് വിവിധ തട്ടുകളിലായാണ് രോഗികളെ പരിചരിക്കേണ്ടത്. എന്നാല്‍, സ്വകാര്യചികിത്സവഴി മെഡിക്കല്‍കോളേജ് അധ്യാപകര്‍ കൈവരിച്ച കുറെയൊക്കെ കൃത്രിമമായ പ്രസിദ്ധിമൂലവും സര്‍ക്കാര്‍ ആശുപത്രികളിലെ അപര്യാപ്തതകള്‍ മൂലവും താഴെത്തട്ടില്‍ ചികിത്സിക്കാവുന്ന രോഗികളില്‍ വലിയൊരു വിഭാഗം മെഡിക്കല്‍കോളേജുകളിലാണ് ചികിത്സക്കെത്തിയിരുന്നത്. ഇതിന്റെയെല്ലാം ഫലമായി മെഡിക്കല്‍കോളേജുകളില്‍ ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ഷംതോറും ക്രമാതീതമായ വര്‍ധന ഉണ്ടായിരിക്കൊണ്ടിരുന്നു. തന്മൂലം മെഡിക്കല്‍കോളേജുകള്‍ക്ക് അവയുടെ പ്രഖ്യാപിത ചുമതലകളായ വൈദ്യവിദ്യാഭ്യാസം, ത്രിതല ചികിത്സ, വൈദ്യ ഗവേഷണം ഇവയൊന്നും ഫലവത്തായി നിര്‍വഹിക്കാന്‍ കഴിയാത്ത സ്ഥിതിവന്നു.

അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രംമുതല്‍ ജില്ലാ ആശുപത്രികള്‍വരെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാക്കിയിട്ടുണ്ട്. പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന പദ്ധതിവിഹിതത്തിന്റെ ഇരുപതുശതമാനം ആരോഗ്യമടക്കമുള്ള സേവനമേഖലയ്ക്കായി ചെലവഴിക്കാന്‍ കഴിയും. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ഗ്രാമീണാരോഗ്യപദ്ധതിവഴി ലഭിക്കുന്ന ഫണ്ടും ആശുപത്രികളുടെ വികസനത്തിനായി വിനിയോഗിക്കാന്‍ ലഭ്യമായിട്ടുണ്ട്. ഇതിനുപുറമെ ജനപങ്കാളിത്തത്തോടെ പ്രാദേശികമായി വിഭവസമാഹരണം നടത്തി തങ്ങളുടെ കീഴിലുള്ള ആശുപത്രികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം ലഭിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ ഫലമായി പഞ്ചായത്തിലെ ജനപ്രതിനിധികളും ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ഒരുമിച്ച് ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം വളരെയേറെ മെച്ചപ്പെട്ടതായി കാണാന്‍ കഴിയും.

പല ജില്ലാ താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍കോളേജുകള്‍ക്ക് തുല്യമോ അവയേക്കാള്‍ മികച്ചതോ ആയ രോഗനിര്‍ണയ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സിടി സ്കാന്‍ ഏതാനും ജില്ലാ ആശുപത്രികളിലും അള്‍ട്രാസൌണ്ട് സ്കാന്‍ മിക്ക ജില്ലാ താലൂക്കാശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്. ചങ്ങനാശ്ശേരി താലൂക്കാശുപത്രിയില്‍ ഏറ്റവും ആധുനിക രീതിയിലുള്ള ലാമിനാര്‍ പ്ളോ ഓപ്പറേഷന്‍ തിയറ്ററാണ് സജ്ജീകരിച്ചിട്ടുള്ളത്. കേരളത്തിലെ ഒരു മെഡിക്കല്‍കോളേജിലും ഈ സംവിധാനമില്ലെന്നോര്‍ക്കണം.

എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ വന്നിട്ടുള്ള ഈ ഗുണപരമായ മാറ്റങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും അവയുടെ ഗുണഫലം ജനങ്ങള്‍ക്ക് വേണ്ടത്ര ലഭ്യമാക്കുന്നതിനും ആരോഗ്യമേഖലയില്‍ മെഡിക്കല്‍കാളേജുകള്‍ക്കുണ്ടായിരുന്ന മേധാവിത്വംമൂലം ഇതുവരെ കഴിഞ്ഞിരുന്നില്ല. മെഡിക്കല്‍കോളേജുകള്‍ റഫറലാക്കുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമായിട്ടുള്ള ചികിത്സാ സൌകര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ആതുരസേവനരംഗം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കേണ്ടതാണ്.

മുന്‍കാലങ്ങളില്‍ മെഡിക്കല്‍കോളേജുകളില്‍ മാത്രമായിരുന്നു സ്പെഷ്യലിസ്റ്റുകളെയും സൂപ്പര്‍സ്പെഷ്യലിസ്റ്റുകളെയും ലഭ്യമായിരുന്നത്. എന്നാല്‍, ഗ്രാമീണസേവനം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഉപരിപഠനത്തിന് അഡ്മിഷന്‍ മുന്‍ഗണന നല്‍കിയതുവഴിയും പൊതുവില്‍ സ്പെഷ്യലൈസേഷനോട് ഡോക്ടര്‍മാര്‍ക്ക് താല്‍പ്പര്യം വര്‍ധിച്ചതുമൂലവും സ്പെഷ്യലിസ്റ്റുകളും പലവിഭാഗത്തിലും സൂപ്പര്‍ സ്പെഷ്യലിസ്റ്റുകളും ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. എന്നാല്‍, ഇവര്‍ക്ക് പലപ്പോഴും പൊതുതസ്തികയില്‍ പോസ്റ്റ് ചെയ്യുന്നതുമൂലവും രോഗനിര്‍ണയ ചികിത്സാ ഉപാധികളുടെ അഭാവംമൂലവും തങ്ങളുടെ ചുമതല ഫലവത്തായി നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ കുറവ് പരിഹരിച്ചുകൊണ്ട് ഹെല്‍ത്ത് സര്‍വീസസ് ആശുപത്രികളിലും മെഡിക്കല്‍കോളേജിലേതുപോലെ സ്പെഷ്യാലിറ്റി കേഡര്‍ നടപ്പിലാക്കുകയാണ്. സ്പെഷ്യാലിറ്റി ചികിത്സ മെഡിക്കല്‍കോളേജുകളില്‍ മാത്രം എന്ന ധാരണ ഇതോടെ മാറ്റിയെടുക്കാനും കൂടുതല്‍ രോഗികള്‍ക്ക് ഉചിത ചികിത്സ നല്‍കാനു ഇതുവഴികഴിയും.

സ്വകാര്യചികിത്സ നിര്‍ത്തിയതിനു മുമ്പ് സര്‍ക്കാര്‍ നടപ്പാക്കിയ മറ്റൊരു പരിഷ്കാരം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. മെഡിക്കല്‍കോളേജില്‍ ജോലിചെയ്തിരുന്ന ഡോക്ടര്‍മാരൊഴിച്ചുള്ള നേഴ്സുമാര്‍ തുടങ്ങിയ ആശുപത്രി ജീവനക്കാര്‍ ഹെല്‍ത്ത് സര്‍വീസസിന്റെ ഭരണപരമായ നിയന്ത്രണത്തിനു കീഴിലായിരുന്നു ജോലി നോക്കിയിരുന്നത്. മെഡിക്കല്‍കോളേജുകളിലേക്ക് ഇവരെ പോസ്റ്റ് ചെയ്യുന്നതും മറ്റും ഡിഎംഒമാരും ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറുമായിരുന്നു. ഈ സംവിധാനം മെഡിക്കല്‍കോളേജുകളില്‍ പ്രവര്‍ത്തനത്തില്‍ ഒട്ടനവധി ചികിത്സാപരവും ഭരണപരവുമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മെഡിക്കല്‍കോളേജുകളിലെ ത്രിതല ചികിത്സ നിര്‍വഹിക്കുന്നതിനാവശ്യമായ പ്രത്യേകം പരിശീലനം ലഭിച്ച നേഴ്സുമാരുടെയും മറ്റും അനവസരത്തിലുള്ള സ്ഥലംമാറ്റം ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. മെഡിക്കല്‍ കോളേജുകളില്‍ ജോലിനോക്കുന്ന എല്ലാ വിഭാഗം ആശുപത്രി ജീവനക്കാരെയും വേര്‍തിരിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലാക്കാന്‍ സമീപകാലത്ത് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതോടെ മെഡിക്കല്‍കോളേജുകളില്‍ നിലനിന്നിരുന്ന വലിയൊരു വൈകല്യം പരിഹരിക്കപ്പെട്ടിരിക്കുകയാണ്.

മെഡിക്കല്‍കോളേജുകളുടെയും ഹെല്‍ത്ത് സര്‍വീസസിന്റെ കീഴിലുള്ള ആശുപത്രികളുടെയും പ്രവര്‍ത്തനം ഏകോപിപ്പിച്ചുകൊണ്ടും ഇവ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിക്കൊണ്ടും മാത്രമേ ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ തട്ടുകളിലുള്ള ആശുപത്രികള്‍ക്ക് അവയില്‍ നിക്ഷിപ്തമായിട്ടുള്ള കടമകള്‍ നിര്‍വഹിക്കാന്‍ കഴിയൂ. ജനങ്ങളുടെ പ്രത്യേകിച്ചും ദുര്‍ബല ജനവിഭാഗങ്ങളുടെ വര്‍ധിച്ചുവരുന്ന ആരോഗ്യാവശ്യങ്ങള്‍ നേരിടുന്നതിനും നിസ്സാര രോഗങ്ങള്‍ക്കുപോലും മെഡിക്കല്‍കോളേജുകളെ ആശ്രയിക്കേണ്ട സ്ഥിതി മാറ്റിയെടുക്കേണ്ടതുണ്ട്. ഹെല്‍ത്ത് സര്‍വീസസിന്റെ കീഴിലുള്ള താലൂക്ക് ജില്ലാ ആശുപത്രികളും മെഡിക്കല്‍കോളേജുകളും തമ്മില്‍ പരസ്പര ധാരണയോടെ പ്രവര്‍ത്തിച്ചാല്‍ മെഡിക്കല്‍കോളേജുകള്‍ക്ക് റഫറല്‍ ആശുപത്രികളെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. മെഡിക്കല്‍കോളേജുകളിലെയും അവയുടെ ചികിത്സാപരിധിയില്‍വരുന്ന ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളിലെയും ഡോക്ടര്‍മാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണകര്‍ത്താക്കളുടെയും സ്ഥിരം സമിതികള്‍ ഉടനടി രൂപീകരിക്കേണ്ടതാണ്. ഈ സമിതികളുമായി അന്യോന്യം ആശയവിനിമയം നടത്തിയും പരസ്പരം സഹകരിച്ചും പ്രവര്‍ത്തിച്ചാല്‍ മെഡിക്കല്‍കോളേജുകളുടെയും മറ്റ് സര്‍ക്കാര്‍ ആശുപത്രികളുടെയും സേവനങ്ങള്‍ ഏകോപിപ്പിച്ച് മെച്ചപ്പെടുത്താന്‍ കഴിയും.

രോഗികളെ റഫര്‍ചെയ്യുന്നതില്‍ മാത്രമല്ല മറ്റ് നിരവധി മേഖലകളില്‍ മെഡിക്കല്‍കോളേജുകള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും വേണ്ടി ആരോഗ്യ തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതാണ്. പല രോഗങ്ങളും മെഡിക്കല്‍കോളേജുകളിലേക്കയക്കാതെ ചികിത്സ നിശ്ചയിക്കുന്നതിനും റഫര്‍ചെയ്യേണ്ട രോഗികള്‍ക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷനല്‍കി രോഗം മൂര്‍ച്ഛിച്ച് ജീവന്‍ അപകടത്തിലാവുന്നത് തടയുന്നതിനും ഇതുവഴി കഴിയും. മെഡിക്കല്‍കോളേജുകളിലെ സാമൂഹ്യാരോഗ്യ വിഭാഗത്തിന് പ്രാദേശികാരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയും വാര്‍ഷിക പദ്ധതികളുടെ ഭാഗമായ ആരോഗ്യ പ്രോജക്ടുകള്‍ തയ്യാറാക്കാന്‍ സഹായിച്ചും പഞ്ചായത്തുകളെ ശാക്തീകരിക്കാന്‍ കഴിയും. ഇപ്പോള്‍ നടത്തിവരുന്ന പരിഷ്കാരങ്ങളോടൊപ്പം മെഡിക്കല്‍ സര്‍വകലാശാലകൂടി നിലവില്‍വരുന്നതോടെ ചികിത്സാരംഗത്തു മാത്രമല്ല വൈദ്യ ഗവേഷണ മേഖലയിലും വലിയൊരു കുതിച്ചുചാട്ടത്തിന് ആരംഭം കുറിക്കുമെന്ന് പ്രതീക്ഷിക്കാം.

ഡോ. ബി ഇക്ബാല്‍ ദേശാഭിമാനി 161109

1 comment:

  1. മെഡിക്കല്‍കോളേജുകള്‍ റഫറല്‍ ആശുപത്രികളാക്കി മാറ്റിയതോടെ പൊതുജനാരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനുള്ള മറ്റൊരു സുപ്രധാന നടപടികൂടി കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്കാശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍കോളേജുകള്‍ എന്നിങ്ങനെ രോഗത്തിന്റെ ഗുരുതരാവസ്ഥയനുസരിച്ച് വിവിധ തട്ടുകളിലായാണ് രോഗികളെ പരിചരിക്കേണ്ടത്. എന്നാല്‍, സ്വകാര്യചികിത്സവഴി മെഡിക്കല്‍കോളേജ് അധ്യാപകര്‍ കൈവരിച്ച കുറെയൊക്കെ കൃത്രിമമായ പ്രസിദ്ധിമൂലവും സര്‍ക്കാര്‍ ആശുപത്രികളിലെ അപര്യാപ്തതകള്‍ മൂലവും താഴെത്തട്ടില്‍ ചികിത്സിക്കാവുന്ന രോഗികളില്‍ വലിയൊരു വിഭാഗം മെഡിക്കല്‍കോളേജുകളിലാണ് ചികിത്സക്കെത്തിയിരുന്നത്. ഇതിന്റെയെല്ലാം ഫലമായി മെഡിക്കല്‍കോളേജുകളില്‍ ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ഷംതോറും ക്രമാതീതമായ വര്‍ധന ഉണ്ടായിരിക്കൊണ്ടിരുന്നു. തന്മൂലം മെഡിക്കല്‍കോളേജുകള്‍ക്ക് അവയുടെ പ്രഖ്യാപിത ചുമതലകളായ വൈദ്യവിദ്യാഭ്യാസം, ത്രിതല ചികിത്സ, വൈദ്യ ഗവേഷണം ഇവയൊന്നും ഫലവത്തായി നിര്‍വഹിക്കാന്‍ കഴിയാത്ത സ്ഥിതിവന്നു.

    ReplyDelete