Monday, November 23, 2009

ജനതകള്‍ മിത്രങ്ങള്‍; സാമ്രാജ്യത്വമാണ് ശത്രു

ജനകീയപോരാട്ടം ശക്തമാക്കണം

മുതലാളിത്തത്തിനെതിരായും ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും വന്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ 11-ാമത് സാര്‍വദേശീയ സമ്മേളനം ആഹ്വാനം ചെയ്തു. അവകാശങ്ങള്‍ നിലനിര്‍ത്താനും പുതിയവ നേടിയെടുക്കാനും അതത് രാജ്യത്ത് സമരം കെട്ടഴിച്ചുവിടണമെന്ന് സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ച 'ഡല്‍ഹിപ്രഖ്യാപനം' അഭിപ്രായപ്പെട്ടു. അതിലൂടെ മാത്രമേ സോഷ്യലിസ്റ്റ് ബദല്‍ കെട്ടിപ്പടുക്കാനാകൂ എന്ന് സമ്മേളനം വിലയിരുത്തി. ഡല്‍ഹിപ്രഖ്യാപനത്തിന് വിവിധ രാജ്യങ്ങള്‍ മുന്നോട്ടുവച്ച ഏഴ് ഭേദഗതി സമ്മേളനം അംഗീകരിച്ചു. അടുത്ത സമ്മേളനം ദക്ഷിണാഫ്രിക്കയില്‍ നടത്താനും അതിലേക്ക് ബംഗ്ളാദേശ് വര്‍ക്കേഴ്സ് പാര്‍ടിയെ ക്ഷണിക്കാനും തീരുമാനമായി. ഏഷ്യയില്‍ ആദ്യമായി നടന്ന സമ്മേളനത്തിന് സിപിഐ എമ്മും സിപിഐയുമാണ് ആതിഥേയത്വം വഹിച്ചത്.

തൊഴിലാളിവര്‍ഗവും ജനങ്ങളും തീവ്രമായ സമരം നടത്തിയ ഇടത്തൊക്കെ അവകാശങ്ങള്‍ നേടാന്‍ കഴിഞ്ഞതായാണ് സാര്‍വദേശീയ പാഠം. ലാറ്റിനമേരിക്ക ഇപ്പോള്‍ തെളിയിക്കുന്നതും അതാണ്. സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് ആശ്വാസം വേണമെന്ന് ആവശ്യപ്പെട്ട് വന്‍ ജനകീയമുന്നേറ്റമാണ് അവിടെ നടക്കുന്നത്. മുതലാളിത്തം തകര്‍ത്തെറിഞ്ഞേ ജനതാല്‍പ്പര്യം അന്തിമമായി സ്വായത്തമാക്കാന്‍ കഴിയൂ. സോഷ്യലിസം മാത്രമാണ് ബദല്‍ എന്നും ജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്. ഇത് എളുപ്പം സാധിക്കില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കരുത്ത് ലഭിച്ച സാമ്രാജ്യത്വം കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. മാധ്യമങ്ങളെയും വിവിധ സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളപ്രചാരണമാണ് നടത്തുന്നത്. മുതലാളിത്തത്തെക്കുറിച്ചുള്ള വ്യാമോഹം സോഷ്യല്‍ ഡെമോക്രാറ്റുകളടക്കം പ്രചരിപ്പിക്കുന്നു. പരിഷ്കരണങ്ങള്‍ വഴി മുതലാളിത്തത്തിന്റെ ചൂഷണത്വര മാറ്റാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നത് മൌഢ്യമാണ്. മാന്ദ്യം പരിഹരിക്കുന്നതിന് ലോകബാങ്കും ഐഎംഎഫും ലോകവ്യാപാര സംഘടനയും സ്വീകരിക്കുന്ന മാര്‍ഗം ചൂഷണം വര്‍ധിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്കല്ല, ലാഭത്തിന് മുന്‍തൂക്കം നല്‍കുന്ന നയങ്ങളാണ് അവരുടേത്. സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഭാഗമായി നാറ്റോയുടെ സൈനികനീക്കങ്ങള്‍ക്കും താവളങ്ങള്‍ രൂപീകരിക്കുന്നതിനുമെതിരെ വന്‍ പ്രക്ഷോഭം നടത്താനും ഫാസിസത്തെ പരാജയപ്പെടുത്തിയതിന്റെ 65-ാംവാര്‍ഷികം അടുത്തവര്‍ഷം ആചരിക്കാനും തീരുമാനിച്ചു. നവംബര്‍ 29ന് ലോകവ്യാപകമായി പലസ്തീന്‍ ഐക്യദാര്‍ഢ്യദിനമായി ആചരിക്കും.

അമേരിക്ക തടവിലിട്ട അഞ്ചു ക്യൂബക്കാരെ വിട്ടയക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ക്യൂബ, വടക്കന്‍ കൊറിയ, പലസ്തീന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രമേയവും പാകിസ്ഥാനിലെ വര്‍ധിച്ചുവരുന്ന അമേരിക്കന്‍ ഇടപെടലിനെ വിമര്‍ശിക്കുന്ന പ്രമേയവും ഭോപാല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബഹുരാഷ്ട്രകമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. ഡല്‍ഹി പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ചത് കമ്യൂണിസ്റ്റ് പാര്‍ടികള്‍ തമ്മിലുള്ള വര്‍ധിച്ചുവരുന്ന ഐക്യമാണ് സൂചിപ്പിക്കുന്നതെന്ന് സമ്മേളനത്തിന്റെ പ്രധാന സംഘാടകരിലൊരാളായ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
(വി ബി പരമേശ്വരന്‍)


ജനതകള്‍ മിത്രങ്ങള്‍; സാമ്രാജ്യത്വമാണ് ശത്രു


കമ്യൂണിസ്റ്റ് പാര്‍ടികളുടെയും തൊഴിലാളി പാര്‍ടികളുടെയും സാര്‍വദേശീയ സമ്മേളനത്തിന്റെ സമാപനം സാമ്രാജ്യത്വത്തിനെതിരെ ജനതകള്‍ ഒന്നിക്കുന്നതിന് സാക്ഷ്യമായി. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെയും പ്രതിനിധികള്‍ വേദിയില്‍ പരസ്പരം ആശ്ളേഷിച്ച് ജനതകള്‍ ശത്രുക്കളല്ലെന്നും അമേരിക്കന്‍ സാമ്രാജ്യത്വമാണ് പൊതുശത്രുവെന്നും പ്രഖ്യാപിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിനിധികളും ആവേശപൂര്‍വം കരഘോഷം മുഴക്കി. പലസ്തീനിലെയും ഇസ്രയേലിലെയും കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധികള്‍ ആശ്ളേഷിച്ച് സ്വതന്ത്ര പലസ്തീന്‍ യാഥര്‍ഥ്യമാക്കുന്നതിനും ഇസ്രയേലി ഭീകരതയ്ക്കെതിരെ പോരാടുമെന്നും പ്രഖ്യാപിച്ചപ്പോള്‍ സമാപന സമ്മേളനവേദി ആവേശത്താല്‍ ആര്‍ത്തിരമ്പി. സാമ്രാജ്യത്വത്തിനും ആഗോള മൂലധനശക്തികള്‍ക്കുമെതിരെ യോജിച്ച സമരനിര വളര്‍ത്തിയെടുക്കാന്‍ പ്രതിജ്ഞ ചെയ്ത സമാപന സമ്മേളനവേദി ആവേശകരമായ നിരവധി രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

റഫി മാര്‍ഗിലെ മാവ്ലങ്കര്‍ ഹാളില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ യുദ്ധതന്ത്രങ്ങള്‍ക്കും സാമ്പത്തിക അനീതികള്‍ക്കുമെതിരെ പ്രക്ഷോഭങ്ങള്‍ വളര്‍ത്തിയെടുക്കുമെന്ന് സമാപനസമ്മേളനത്തില്‍ സംസാരിച്ച വിവിധ നേതാക്കള്‍ പ്രഖ്യാപിച്ചു. 48 രാജ്യങ്ങളില്‍നിന്നായി സമ്മേളനത്തില്‍ പങ്കെടുത്ത 57 പാര്‍ടികളുടെ പ്രതിനിധികള്‍ക്ക് പൂക്കള്‍ നല്‍കി സ്വീകരിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഡല്‍ഹി പ്രഖ്യാപനത്തിന്റെ കരട് അവതരിപ്പിച്ചു. സോഷ്യലിസമാണ് ഭാവിയെന്നും മുതലാളിത്തത്തിന്റെ ഗര്‍ഭപാത്രത്തിലേക്ക് അത് മടങ്ങിപ്പോകില്ലെന്നും യെച്ചൂരി പറഞ്ഞു.

ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി ഓസ്കര്‍ ഇസ്രയേല്‍ മാര്‍ടിനസും അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി സ്കോട്ട് മാര്‍ഷലുമാണ് വേദിയില്‍ പരസ്പരം ആശ്ളേഷിച്ചത്. തുടര്‍ന്ന് സംസാരിച്ച മാര്‍ടിനസ്, അമേരിക്കന്‍ ജനതയെ ക്യൂബ സ്നേഹിക്കുന്നെന്നും എന്നാല്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെറുക്കുകയും ചെയ്യുന്നെന്ന് പറഞ്ഞപ്പോള്‍ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകരാകെ കരഘോഷത്തോടെ ആ പ്രഖ്യാപനത്തെ സ്വീകരിച്ചു.

പലസ്തീന്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി ഫവാസും ഇസ്രയേല്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി ഫത്തേന്‍ കമാല്‍ ഘട്ടാസും പരസ്പരം ആശ്ളേഷിച്ചപ്പോള്‍ മാവ്ലങ്കര്‍ ഹാള്‍ ഇളകിമറിഞ്ഞു. പലസ്തീനുനേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരാണ് തങ്ങളെന്നും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാകണമെന്നും ഘട്ടാസ് പറഞ്ഞു. അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ വലിയ സംഭാവനയാണ് നല്‍കുന്നതെന്ന് ഗ്രീക്ക് കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി മാരിനോസ് ജോര്‍ജിയോസ് പറഞ്ഞു. ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനം ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ കാലത്ത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ രാഷ്ട്രീയത്തില്‍ അടിയുറച്ചുനിന്നെന്ന് പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി മത്തേവൂസ് ആല്‍വെസ് ജോസ് ആഞ്ചെലോ പറഞ്ഞു. ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ സംഭാവന നല്‍കിയ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനെ ആദരപൂര്‍വം ഓര്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളിലുമുള്ളവര്‍ അവരവരുടെ ഭാഷകളില്‍ സാര്‍വദേശീയഗാനം ആലപിച്ചതോടെ സമാപനസമ്മേളനത്തിന് അവസാനമായി. ഓരോ പ്രസംഗത്തിന്റെയും ഇടവേളകളില്‍ ഒത്തൊരുമയുടെ പ്രകടനമായി സര്‍വരാജ്യ തൊഴിലാളിഐക്യം സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴങ്ങി.
(വി ജയിന്‍‍)

ബന്ധനങ്ങളില്ലാത്ത ഒത്തുചേരല്‍

ഭരണകൂടം കല്‍പ്പിച്ച വിലക്കുകളില്‍ രാജ്യത്തിനകത്തും പുറത്തും ബന്ധങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് ഉള്ളുതുറക്കാനുള്ള വേദിയായി ഡല്‍ഹിയിലെ ലോക കമ്യൂണിസ്റ്റ് സമ്മേളനം. പലസ്തീനിലെയും ഇസ്രയേലിലെയും കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ക്ക് അവരുടെ രാജ്യങ്ങളില്‍വച്ച് ഒരിക്കലും കണ്ടുമുട്ടാന്‍ കഴിയാറില്ല. അതുപോലെതന്നെയാണ് അമേരിക്കയിലെയും ക്യൂബയിലെയും നേതാക്കള്‍ക്കും. സാര്‍വദേശീയ കമ്യൂണിസ്റ്റ് സമ്മേളനങ്ങളും കൂട്ടായ്മകളും പരസ്പരം കണ്ടുമുട്ടാനും ചര്‍ച്ചചെയ്യാനും വേദിയാകുന്നതില്‍ പലസ്തീന്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് സയ്യദ് മഹ്സര്‍ ഹൈദര്‍ ഫാവസിനും കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇസ്രയേല്‍ നേതാവ് ഫത്തേന്‍ കമാല്‍ ഘട്ടാസിനും അതിയായ സന്തോഷമാണ്. അതവര്‍ ദേശാഭിമാനിയുമായി പങ്കുവയ്ക്കുകയും ചെയ്തു. ഇരുവരും മാര്‍ക്സിസം-ലെനിനിസത്തില്‍ വിശ്വസിക്കുന്നു. ഇരുവര്‍ക്കും അമേരിക്കന്‍ സാമ്രാജ്യത്വത്തോട് അടങ്ങാത്ത പകയുമുണ്ട്. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രമെന്നത് ഇരുവരുടെയും സ്വപ്നമാണ്. അതോടൊപ്പം ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും ഇസ്രയേലും പലസ്തീനും സമാധാനപരമായ സഹവര്‍ത്തിത്വം പുലര്‍ത്തുന്ന രാഷ്ട്രങ്ങളായി മാറണമെന്നും ഇരുവരും ആഗ്രഹിക്കുന്നു. എന്നിട്ടും ഇരുവര്‍ക്കും പലസ്തീനിലോ ഇസ്രയേലിലോ കണ്ടുമുട്ടാന്‍ കഴിയുന്നില്ല. സമാനസ്വപ്നങ്ങളോ ആശയങ്ങളോ പങ്കുവയ്ക്കാനും കഴിയുന്നില്ല. സോഷ്യലിസമെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുമ്പോഴും ഇരുവരുടെയും മനസ്സില്‍ മുന്‍ഗണന എപ്പോഴും ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നം പരിഹരിക്കുന്നതിലാണ്.

മൂന്നാമതൊരു രാജ്യത്തുവച്ചുമാത്രമേ അവര്‍ക്ക് കണ്ടുമുട്ടാന്‍ കഴിയാറുള്ളൂ. പലസ്തീന്‍ നേതാക്കള്‍ക്ക് ഇസ്രയേല്‍ വിസ നല്‍കാറില്ല. പലസ്തീന്‍ ഉള്‍പ്പെടെയുള്ള അറബ്രാഷ്ട്രങ്ങളാകട്ടെ ഇസ്രയേലി രാഷ്ട്രീയക്കാര്‍ക്കും വിസ നല്‍കാന്‍ മടിക്കുന്നു. സ്വന്തം രാജ്യമായ പലസ്തീനില്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടതിനാല്‍ ജോര്‍ദാന്‍ കേന്ദ്രമാക്കിയാണ് ഫാവസ് പ്രവര്‍ത്തിക്കുന്നത്. പലസ്തീന്‍ രാഷ്ട്രത്തിനായി ഇസ്രയേലി കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തിക്കുന്നതില്‍ ഘട്ടാസിനെ ആവര്‍ത്തിച്ച് അഭിനന്ദിക്കാന്‍ ഫാവസ് തയ്യാറാവുകയും ചെയ്തു. ഇസ്രയേല്‍പ്രശ്നത്തില്‍ സിപിഐ എമ്മിനുള്ള അതേനിലപാടാണ് ഇസ്രയേല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കുമുള്ളതെന്ന് ഘട്ടാസ് പറഞ്ഞു. പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തെമാത്രമല്ല സയണിസത്തെയും ഘട്ടാസിന്റെ പാര്‍ടി എതിര്‍ക്കുന്നു. അമേരിക്കയുമായുള്ള ഇസ്രയേലിന്റെ ബന്ധത്തെയും പശ്ചിമേഷ്യയില്‍ അമേരിക്ക നടത്തുന്ന ഇടപെടലിനെയും അവര്‍ എതിര്‍ക്കുന്നു. അതോടൊപ്പം ഘട്ടാസിന് ഇന്ത്യക്കാരോട് ഒരുപദേശംകൂടിയുണ്ട്. ഇസ്രയേലിന്റെ അധിനിവേശനയത്തെ പ്രോത്സാഹിപ്പിക്കുംവിധം ഇസ്രയേലില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ന്യൂഡല്‍ഹി നിര്‍ത്തണമെന്ന്.

അരനൂറ്റാണ്ടായി ക്യൂബയെ ശത്രുപ്പട്ടികയില്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രമാണ് അമേരിക്ക. എന്നാല്‍, ഈ രണ്ടു രാജ്യത്തെയും നേതാക്കളെ ഒരേവേദിയില്‍ അണിനിരത്താനും ലോക കമ്യൂണിസ്റ്റ് സമ്മേളനത്തിന് കഴിഞ്ഞു. ക്യൂബയ്ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് സ്കോട്ട് മാര്‍ഷല്‍ പറഞ്ഞപ്പോള്‍, അമേരിക്കയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് ഓസ്കര്‍ ഇസ്രയേല്‍ മാര്‍ട്ടിനെസ് പറഞ്ഞു.

സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കണം: കാരാട്ട്

അധിനിവേശപ്രവര്‍ത്തനങ്ങളിലും ജനദ്രോഹ സാമ്പത്തികനയങ്ങളിലും ഇന്ത്യയെ ഒപ്പം നിര്‍ത്താനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതുണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനംകുറിച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2005ലെ സഹകരണകരാര്‍മൂലം ഇന്ത്യ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങുകയും ഇന്ത്യയുടെ പരമ്പരാഗതമായ സാമ്രാജ്യത്വവിരുദ്ധനയം പാടെ ഉപേക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ ഒബാമയുമായി കൂടുതല്‍ സഹകരിക്കാനുള്ള കരാറുകള്‍ക്കായി മന്‍മോഹന്‍സിങ് വാഷിങ്ടണില്‍ എത്തിയിരിക്കയാണ്. അഫ്ഗാനിസ്ഥാനുമേല്‍ നടക്കുന്ന അധിനിവേശത്തിലടക്കം അമേരിക്കയുടെ യുദ്ധനയങ്ങളില്‍ ഇന്ത്യയെ ഒപ്പം നിര്‍ത്താനാണ് ശ്രമം. അഫ്ഗാന്‍ ജനതയ്ക്കെതിരായ ആക്രമണത്തില്‍ ഇന്ത്യ അമേരിക്കയ്ക്കൊപ്പം നില്‍ക്കരുത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അഫ്ഗാന്‍ജനത മറുപടി നല്‍കും. ലോകത്താകെ സാമ്രാജ്യത്വം നടത്തുന്ന സൈനികവും സാമ്പത്തികവുമായ കടന്നാക്രമണങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗം യോജിച്ച് പ്രതിരോധനിര പടുത്തുയര്‍ത്തണമെന്ന് കാരാട്ട് പറഞ്ഞു.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ മുതലാളിത്തം വിജയം നേടിയെന്നും സോസ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ശക്തികള്‍ അതോടെ തകര്‍ന്നുവെന്നുമാണ് മുതലാളിത്ത പ്രചാരകര്‍ ലോകമാകെ പ്രചരിപ്പിച്ചത്. എന്നാല്‍, മുതലാളിത്തം ലോകത്തിന്റെ ഭാവിയല്ലെന്ന് ആഗോള സാമ്പത്തികപ്രതിസന്ധിയിലൂടെ അത് സ്വയം തെളിയിക്കുകയാണ്. കുഴപ്പം മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണ്. എന്നാല്‍, അതിനെ തകര്‍ക്കാന്‍ തൊഴിലാളിവര്‍ഗത്തിന്റെ ശക്തമായ പോരാട്ടം ആവശ്യമുണ്ട്. ആഗോളപ്രതിസന്ധിമൂലം കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ പട്ടിണിയിലേക്കും ദുരിതത്തിലേക്കും നീങ്ങുകയാണ്. അടുത്ത വര്‍ഷത്തോടെ ഒമ്പതുകോടി ജനങ്ങള്‍കൂടി ദാരിദ്യ്രരേഖയ്ക്കുതാഴേക്ക് നീക്കപ്പെടും. കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. ഇവര്‍ പട്ടിണിക്കാരുടെ കൂട്ടത്തിലേക്ക് ചേര്‍ക്കപ്പെടുകയാണ്. ഈ വിഭാഗം ജനങ്ങളെ മുതലാളിത്തത്തിനെതിരായ സമരത്തില്‍ അണിചേര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഇനി കമ്യൂണിസ്റ്റ് പ്രസ്ഥാനം തലപൊക്കില്ലെന്നു പറഞ്ഞവര്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഈ ഐക്യത്തെ കാണാന്‍ തയ്യാറാകണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ പറഞ്ഞു. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരെ ലോകത്തെമ്പാടും നടക്കുന്ന തൊഴിലാളിവര്‍ഗപോരാട്ടങ്ങളെ കൂട്ടിയോജിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളിവര്‍ഗത്തെ ഭിന്നിപ്പിക്കാനാകില്ലെന്നതിന്റെ തെളിവാണ് കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ സമ്മേളനമെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ പറഞ്ഞു.

'ഉദാര' നയം: ദക്ഷിണാഫ്രിക്ക പിന്മാറുന്നു

നവഉദാരവത്ക്കരണ നയത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പിന്‍വാങ്ങിതുടങ്ങിയെന്ന് ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ്റ് പാര്‍ടി നേതാവ് ക്രിസ്റ്റഫര്‍ മാറ്റ്ഹാകോ പറഞ്ഞു. ജേക്കബ് സുമ പ്രസിന്റായതോടെയാണ് ഈ മാറ്റം ദൃശ്യമായതെന്നും അദ്ദേഹം 'ദേശാഭിമാനി'യോട് പറഞ്ഞു. നെല്‍സ മണ്ടേല ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവേളയില്‍ അധികാരമേറിയ താബോ എംബക്കിയാണ് നവഉദാരവത്ക്കരണ നയത്തിലേക്ക് രാജ്യത്തെ നയിച്ചത്. വിദേശ നിക്ഷേപം വന്‍ തോതില്‍ ക്ഷണിച്ചു. ഇതിന് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിച്ചു. കോടീശ്വരന്മാര്‍ കൂണുപോലെ മുളച്ചുപൊന്തിയപ്പോള്‍ സാധരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതമയമായി. നേരത്തേ അംഗീകരിച്ച ഫ്രീഡം ചാര്‍ടറിന് തീര്‍ത്തും വിരുദ്ധമാണ് എംബക്കിയുടെ ഈ നീക്കം. അന്നുതന്നെ ആഫ്രിക്കന്‍ നാഷണല്‍ കോഗ്രസ്(എഎന്‍സി)സര്‍ക്കാരിനെ പിന്തുണക്കുമ്പോഴും ഈ നയത്തെ കമ്യൂണിസ്റ്റ് പാര്‍ടി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇത് എഎന്‍സിയും കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലുള്ള ബന്ധത്തിലും പ്രശ്നങ്ങളുണ്ടായി. അതിന്റെ ഫലം കൂടിയാണ് എഎന്‍സിയിലുണ്ടായ നേതൃമാറ്റം. ജേക്കബ് സുമ പ്രസിഡന്റായതോടെ എഎന്‍സിയും കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന നയങ്ങളാണ് സുമയുടെ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. ദേശീയ ജനാധിപത്യ വിപ്ളവമാണ് ഈപ്പോഴത്തെ ലക്ഷ്യം. അതിലൂടെ മാത്രമേ രാജ്യത്തെ സോഷ്യലിസത്തിലേക്ക് നയിക്കാന്‍ കഴിയൂ. സു

മയുടെ ആവശ്യപ്രകാരം കമ്യൂണിസ്റ്റ് പാര്‍ടി മന്ത്രിസഭയിലും അംഗമായിട്ടുണ്ട്. പാര്‍ടി ജനറല്‍ സെക്രട്ടറി വിദ്യാഭ്യാസമന്ത്രിയാണ്. എഎന്‍സിയെ വിപ്ളവകരമായ ദേശീയ വിമോചന പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ കമ്യൂണിസ്റ്റ്റ് പാര്‍ടിക്കുള്ള പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യം സമരം എന്ന നയമാണ് ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്വീകരിക്കുന്നത്. ഇപ്പോള്‍ ഭൂപരിഷ്ക്കരണമാണ് സര്‍ക്കാരിന്റെ മുമ്പിലുള്ള പ്രധാന വെല്ലുവിളി. 80 ശതമാനം ഭൂമിയും 15 ശതമാനം വരുന്ന വെള്ളക്കാരുടെ കൈയിലാണ്. തദ്ദേശീയരുടെ ഭൂമി അനധികൃതമായാണ് ഇവര്‍ കൈയടക്കിയത്. ഈ ഭൂമി പിടിച്ചെടുത്ത് എങ്ങിനെ വിതരണം ചെയ്യണമെന്നാതാണ് പാര്‍ടിക്കും സര്‍ക്കാരിനും മുമ്പിലുള്ള വെല്ലുവിളി. ബാങ്കിങ്ങ് മേഖലയിലെ ബഹുരാഷ്ട്ര കുത്തക തകര്‍ക്കുകയാണ് മറ്റൊരു വെല്ലുവിളി. ഇതിന്റെ ഭാഗമായി തൊഴിലാളി ബാങ്കുകള്‍ തുറക്കുന്നതിനുള്ള നിയമനിര്‍മാണം അടുത്തയിടെ പാസ്സാക്കിയിട്ടുണ്ട്. 'അപ്പം ഭൂമി തൊഴില്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള സമരത്തിനാണ് ഇപ്പോള്‍ പാര്‍ടി നേതൃത്വം നല്‍കുന്നതെന്നും മാറ്റഹാകോ പറഞ്ഞു.

സൈപ്രസ് യൂറോപ്പിലെ ചുവന്ന താരകം

യൂറോപ്പിലെ ചുവപ്പുതാരകമാണ് സൈപ്രസ്. കമ്യൂണിസ്റ്റ് പാര്‍ടി ഭരിക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ഏക രാജ്യമാണിത്. എകെഇഎല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റിസ്റോറേറ്റീവ് പാര്‍ടി ഓഫ് വര്‍ക്കിങ് പീപ്പിള്‍ ഭരണം നടത്തുന്ന കൊച്ചുദ്വീപാണിത്. 9250 ചതുരശ്ര കിലോമീറ്റര്‍മാത്രം വലിപ്പവും മുക്കാല്‍ലക്ഷംമാത്രം ജനസംഖ്യയുമുള്ള രാജ്യമാണിത്. പ്രസിദ്ധ കമ്യൂണിസ്റ്റ് നേതാവും ചെ ഗുവേരയുടെ ചിത്രം പതിച്ച ഷര്‍ട്ട് ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുമായ ദെമിത്രിസ് ക്രിസ്റോഫിയാസാണ് ഇപ്പോള്‍ സൈപ്രസിന്റെ പ്രസിഡന്റ്. വടക്കന്‍ സൈപ്രസ് ഇപ്പോഴും തുര്‍ക്കിയുടെ ആധിപത്യത്തിലാണ്. ഈ പ്രദേശത്തെ മാതൃരാജ്യവുമായി കൂട്ടിയോജിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ എകെഇഎല്‍ എന്ന് പാര്‍ടിയുടെ കേന്ദ്രസമിതി അംഗം ജോര്‍ജ് ലൌക്കേഡിയസ് ദേശാഭിമാനിയോട് പറഞ്ഞു.

1974ലാണ് വടക്കന്‍ സൈപ്രസില്‍ തുര്‍ക്കി അധിനിവേശം നടത്തിയത്. തുര്‍ക്കിമാത്രമാണ് വടക്കന്‍ സൈപ്രസിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍, തുര്‍ക്കി സെപ്രിയോട്ട് നേതാവ് മെഹ്മത്ത് അലി തലത്തുമായി പ്രസിഡന്റ് ക്രിസ്റോഫിയോസ് ചര്‍ച്ച നടത്തിയത് പ്രശ്നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷ നല്‍കിയിട്ടുണ്ട്. സൈപ്രസില്‍നിന്ന് തുര്‍ക്കി പിന്‍വാങ്ങണമെന്നാണ് എകെഇഎല്‍ ആവശ്യപ്പെടുന്നത്. ആഗോള സാമ്പത്തികപ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് സൈപ്രസ്. രാജ്യത്തിന്റെ ഏറ്റവും പ്രധാന വരുമാന മാര്‍ഗം വിനോദസഞ്ചാരമാണ്. സാമ്പത്തികമാന്ദ്യത്തോടെ യുറോപ്യന്‍ സഞ്ചാരികളുടെ വരവ് കുറഞ്ഞു. അതിനാല്‍ ആഭ്യന്തരടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പെന്‍ഷന്‍പറ്റിയവര്‍ക്ക് സര്‍ക്കാര്‍ കുറഞ്ഞ ചെലവില്‍ ഹോട്ടല്‍ ഏര്‍പ്പെടുത്തി. ഹോട്ടലുടമകള്‍ക്ക് പണം നല്‍കി മാന്ദ്യത്തെ മറികടക്കാന്‍ ശ്രമിക്കുന്ന മുതലാളിത്തരീതിക്കുപകരമാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. സബ്സിഡി തുക സര്‍ക്കാര്‍ ഹോട്ടലുടമകള്‍ക്ക് നല്‍കും. മാത്രമല്ല പെന്‍ഷന്‍തുക വര്‍ധിപ്പിക്കുകയും ചെയ്തു. നിരവധി സാമൂഹ്യക്ഷേമ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. വിദ്യാര്‍ഥികള്‍ക്ക് സൌജന്യ യാത്രാപാസ്, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി ലാപ്ടോപ്, വീട് വയ്ക്കാന്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പ തുടങ്ങിയ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കര്‍ശനമായി നികുതി പിരിച്ചെടുത്താണ് കൂടുതല്‍ വരുമാനം കണ്ടെത്തുന്നതെന്നും ലൌക്കേഡിയസ് പറഞ്ഞു

വിപ്ളവപ്രക്രിയക്ക് അവസാനമില്ല: വി എസ്

നവ ലിബറല്‍ സാമ്പത്തികപരിഷ്കാരങ്ങള്‍ക്ക് ബദല്‍ മുന്നോട്ടുവയ്ക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ലോക കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനത്തിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സമ്മേളനപ്രതിനിധികള്‍ക്കുള്ള സന്ദേശത്തില്‍ പറഞ്ഞു. വിപ്ളവപ്രക്രിയക്ക് ഒരിക്കലും അവസാനമില്ലെന്നതാണ് കേരളം, ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള ഇടതുപക്ഷസര്‍ക്കാരുകളുടെ അനുഭവമെന്ന് വി എസ് പറഞ്ഞു. സീതാറാം യെച്ചൂരി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണയ്ക്കുന്നു. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനും കമ്യൂണിസ്റ്റ്- വര്‍ക്കേഴ്സ് പാര്‍ടികളുടെ കൂട്ടായ ശ്രമങ്ങളിലൂടെ എല്ലാ രാജ്യങ്ങളിലും വിപ്ളവപ്രക്രിയക്ക് ആക്കംകൂട്ടണം. മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസം മാത്രമാണ്. ആഗോളവല്‍ക്കരണത്തിന് ബദല്‍ ദേശീയതയും. തൊഴിലാളിവര്‍ഗ സാര്‍വദേശീയതയ്ക്കുമാത്രമേ മുതലാളിത്തചൂഷണത്തെ ചെറുക്കാനാകൂ. സോവിയറ്റ് യുഗത്തിനുശേഷം ചേരുന്ന 11-ാമത് കമ്യൂണിസ്റ്റ് സമ്മേളനമാണിത്്. 145 വര്‍ഷംമുമ്പ് കാള്‍ മാര്‍ക്സ് സ്ഥാപിച്ച ആദ്യ ഇന്റര്‍നാഷണലിന്റെയും തുടര്‍ന്ന് എംഗല്‍സ് സംഘടിപ്പിച്ച രണ്ടാം ഇന്റര്‍നാഷണലിന്റെയും ഒക്ടോബര്‍വിപ്ളവത്തിനുശേഷം ലെനിന്‍ സ്ഥാപിച്ച മൂന്നാം ഇന്റര്‍നാഷണലിന്റെയും പാരമ്പര്യം നമുക്കുണ്ട്. സോവിയറ്റ് യുഗത്തിനുശേഷം ചേരുന്ന ഏറ്റവും വലിയ കമ്യൂണിസ്റ്റ് സമ്മേളനമാണ് ഡല്‍ഹിയിലേതെന്നും വി എസ് സന്ദേശത്തില്‍ പറഞ്ഞു.

ദേശാഭിമാനി 23-11-2009

4 comments:

  1. കമ്യൂണിസ്റ്റ് പാര്‍ടികളുടെയും തൊഴിലാളി പാര്‍ടികളുടെയും സാര്‍വദേശീയ സമ്മേളനത്തിന്റെ സമാപനം സാമ്രാജ്യത്വത്തിനെതിരെ ജനതകള്‍ ഒന്നിക്കുന്നതിന് സാക്ഷ്യമായി. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെയും പ്രതിനിധികള്‍ വേദിയില്‍ പരസ്പരം ആശ്ളേഷിച്ച് ജനതകള്‍ ശത്രുക്കളല്ലെന്നും അമേരിക്കന്‍ സാമ്രാജ്യത്വമാണ് പൊതുശത്രുവെന്നും പ്രഖ്യാപിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിനിധികളും ആവേശപൂര്‍വം കരഘോഷം മുഴക്കി. പലസ്തീനിലെയും ഇസ്രയേലിലെയും കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധികള്‍ ആശ്ളേഷിച്ച് സ്വതന്ത്ര പലസ്തീന്‍ യാഥര്‍ഥ്യമാക്കുന്നതിനും ഇസ്രയേലി ഭീകരതയ്ക്കെതിരെ പോരാടുമെന്നും പ്രഖ്യാപിച്ചപ്പോള്‍ സമാപന സമ്മേളനവേദി ആവേശത്താല്‍ ആര്‍ത്തിരമ്പി. സാമ്രാജ്യത്വത്തിനും ആഗോള മൂലധനശക്തികള്‍ക്കുമെതിരെ യോജിച്ച സമരനിര വളര്‍ത്തിയെടുക്കാന്‍ പ്രതിജ്ഞ ചെയ്ത സമാപന സമ്മേളനവേദി ആവേശകരമായ നിരവധി രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

    ReplyDelete
  2. മിത്രങ്ങളേയും,സ്വന്തം പാര്‍ട്ടിക്കാരെതന്നെയും സംശയത്തിന്റെപേരില്‍ സാമ്രാജ്യത്വ ചാപ്പകുത്തി ദ്രോഹിക്കാന്‍ ഫ്യൂഡല്‍ ശീലങ്ങളെ കമ്മ്യ്യൂണിസ്റ്റ് ലേപനം പുരട്ടി പ്രയോഗിക്കുന്ന നമ്മുടെ ഇടതുപക്ഷ പാറ്ര്ട്ടികളെ വംശനാശ ഭീഷണിയില്‍ നിന്നും രക്ഷിക്കാന്‍ ഇത്തരം അദരവ്യായാമങ്ങള്‍ കൊണ്ടൊന്നും കഴിയില്ലല്ലോ സഖാക്കളേ...!!!

    നിങ്ങളുടെ കാപട്യമാണ് നിങ്ങളുടെ ശത്രു.സാമ്രാജ്യത്തിനൊരു ബധല്‍ പോയിട്ട് , അതിനെതിരെ ഒരു ഈച്ചപോലുമാകാന്‍ നിങ്ങളുടെ നേതാക്കളുടെ സാമ്രാജ്യത്വ ദാസ്യശീലം നിങ്ങളെ അനുവദിക്കില്ലല്ലോ :)

    ഇന്ത്യന്‍ സവര്‍ണ്ണത എന്തെന്ന് ആദ്യം സത്യസന്ധമായി നിര്‍വ്വചിക്കുക... കാണട്ടെ നിങ്ങളുടെ കരുത്ത്.

    സാമ്രാജ്യത്വത്തിനെതിരെ കൊഞ്ഞനം കുത്താന്‍ ഏത് പൊലയാടിമക്കള്‍ക്കും കഴിയും. സാമ്രാജ്യത്വം ആരേയും തിരിച്ചു ചീത്തവിളിക്കുകപോലുമില്ലെന്ന് ആര്‍ക്കാണറിയാത്തത്...ഹഹഹ !!! മാത്രമല്ല, ചിലപ്പോള്‍ ചായക്കാശ് സ്വിസ് ബാങ്കിലോ, സിങ്കപ്പൂര്‍ കംബനിയിലോ ഇട്ടുതരികയും ചെയ്യും. ജനങ്ങളെ പറ്റിക്കാനുള്ള ഓരോ കപട നാടകങ്ങളെയ് !!!!

    ReplyDelete
  3. സാമ്രാജ്യത്വം ചായക്കാശ് ബാങ്കിലിട്ട് കൊടുക്കുന്നത് പ്രത്യക്ഷമായും പരോക്ഷമായും അതിനെ ന്യായീകരിക്കാനും അതിനെ എതിര്‍ക്കുന്നവരെ കൊച്ചാക്കാനും പുലഭ്യം പറയാനും ശ്രമിക്കുന്നവര്‍ക്കാണെന്നത് പോലും ചിത്രകാരനറിയില്ലേന്നോ???

    ReplyDelete
  4. This comment has been removed by the author.

    ReplyDelete