Monday, November 16, 2009

ആയുധം, കോഴ, ഓഹരി

കോഴ നല്‍കിയ ആയുധക്കമ്പനികളെ കരിമ്പട്ടികയില്‍നിന്ന് ഒഴിവാക്കുന്നു

ആയുധ വ്യാപാര കരാര്‍ സ്വന്തമാക്കാന്‍ കോഴ നല്‍കിയതിന് കരിമ്പട്ടികയിലായ രണ്ട് കമ്പനികളെ അതില്‍നിന്ന് ഒഴിവാക്കാന്‍ ഗൂഢനീക്കം. ഇസ്രയേല്‍ മിലിറ്ററി ഇന്‍ഡസ്ട്രീസ്(ഐഎംഐ), സിംഗപ്പുര്‍ ടെക്നോളജി എന്നീ കമ്പനികളെ വെള്ളപൂശാനാണ് പ്രതിരോധമന്ത്രാലയം പ്രത്യേക താല്‍പ്പര്യമെടുക്കുന്നത്. ഈ കമ്പനികളുമായുള്ള കരാറുകള്‍ സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിന് അത്യാവശ്യമാണെന്നാണ് മന്ത്രാലയത്തിന്റെ അവകാശവാദം. ഓര്‍ഡനെന്‍സ് ഫാക്ടറി ചെയര്‍മാന്‍ സുധീപ്തോ ഘോഷിന് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കി കരാര്‍ സ്വന്തമാക്കിയെന്ന ആരോപണത്തെതുടര്‍ന്ന് ഏഴ് ആയുധക്കമ്പനിയുമായി എല്ലാ ഇടപാടും നിര്‍ത്തിവയ്ക്കാന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി ജൂ ഒമ്പതിന് ഉത്തരവിട്ടിരുന്നു. സിബിഐ എഫ്ഐആറില്‍ പരാമര്‍ശിച്ച കമ്പനികളെയാണ് കരിമ്പട്ടികയില്‍പെടുത്തിയത്. ഐഎംഐ, സിംഗപ്പുര്‍ ടെക്നോളജി, ടി എസ് കൃഷ്ണ ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ആര്‍കെ മെഷീന്‍ ടൂള്‍സ്, മീഡിയ ആര്‍ക്കിടെക്ട് പ്രൈവറ്റ് ലിമിറ്റഡ്, എച്ച്വൈടി എന്‍ജിനിയറിങ്, പോളണ്ടിലെ ബിവിടി എന്നീ കമ്പനികളാണ് കരിമ്പട്ടികയിലായത്. അഴിമതി തടയാനുള്ള ധീരമായ തീരുമാനമെന്നാണ് അന്ന് പ്രതിരോധ മന്ത്രാലയം ആന്റണിയുടെ തീരുമാനത്തെ വിശേഷിപ്പിച്ചത്. എന്നാല്‍, ഇടപാടുകള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ മാത്രമാണ് തീരുമാനിച്ചതെന്നും അത് പുനഃപരിശോധിക്കുന്നതില്‍ തെറ്റില്ലെന്നും ഇപ്പോള്‍ പറയുന്നു. അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പാണ് ഈ ചുവടുമാറ്റം. ഇസ്രയേല്‍ കമ്പനിയുമായി നിരവധി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അവ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ സൈന്യത്തിന് പല പ്രധാന ആയുധങ്ങളും ലഭിക്കാതാകുമെന്നുമാണ് മന്ത്രാലയ വൃത്തങ്ങളുടെ ന്യായീകരണം. ഉസി- ടാവര്‍ 21 യന്ത്രത്തോക്ക്, ടാങ്ക് ഷെല്‍, 2000 കോടിയുടെ നളന്ദ ഓര്‍ഡനെന്‍സ് ഫാക്ടറി നിര്‍മാണം, സിത്താര കാര്‍ബൈന്‍ നിര്‍മാണം, മധ്യപ്രദേശിലെ ഖമാരിയ ഓര്‍ഡനെന്‍സ് ഫാക്ടറിയില്‍ സംയുക്ത ക്ളസ്റ്റര്‍ ബോംബ് നിര്‍മാണം തുടങ്ങിയവയാണ് ഇസ്രയേല്‍ കമ്പനിയുമായുള്ള പ്രധാന കരാറുകള്‍.(വി ബി പരമേശ്വരന്‍)

സെയില്‍- എന്‍എംഡിസി ഓഹരി അടുത്തമാസം വില്‍ക്കും

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍)യുടെയും നാഷണല്‍ മിനറല്‍ ഡവലപ്മെന്റ് കോര്‍പറേഷന്റെ (എന്‍എംഡിസി)യും ഓഹരികള്‍ ഡിസംബറോടെ വില്‍ക്കുമെന്ന് കേന്ദ്ര ഉരുക്ക് മന്ത്രി വീരഭദ്രസിങ് പറഞ്ഞു. ഇതുവഴി 32,000 കോടി രൂപ നേടാനാണ് ലക്ഷ്യമിടുന്നതെന്ന് ഉരുക്ക് മന്ത്രാലയ സെക്രട്ടറി അതുല്‍ ചതുര്‍വേദി കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. എന്‍എംഡിസിയുടെ 20 ശതമാനം ഓഹരി രണ്ട് ഘട്ടമായി വില്‍ക്കാനാണ് തീരുമാനം. ഇതുവഴി 13000 കോടി രൂപയും സെയിലിന്റെ 8.38 ശതമാനം ഓഹരി വിറ്റ് 19,000 കോടിയും നേടാനാകുമെന്ന് ചതുര്‍വേദി പറഞ്ഞു. ഈ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാന്‍ ഉരുക്ക് മന്ത്രാലയം അനുവാദം നല്‍കിക്കഴിഞ്ഞെന്നും ഡിസംബറില്‍ ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്രമന്ത്രിസഭയുടെ മുന്നില്‍ വയ്ക്കുമെന്നും വീരഭദ്രസിങ് പറഞ്ഞു. അറുപത് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ 10 ശതമാനം ഓഹരി വില്‍ക്കുമെന്ന് ഓഹരി വില്‍പ്പന മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ദേശാഭിമാനി വാര്‍ത്ത 161109

No comments:

Post a Comment