Friday, December 20, 2013

ആയിരംപല്ലിക്ക് വംശനാശം; ഏട്ടയും തിരണ്ടിയും കുറയുന്നു

കേരളത്തിന്റെ മത്സ്യസമ്പത്തില്‍നിന്ന് ഏട്ടയും തിരണ്ടിയും സ്രാവുമൊക്കെ കൈവിട്ടുപോകുന്നു. ആയിരംപല്ലിയെന്ന മത്സ്യം ഏതാണ്ട് അപ്രത്യക്ഷമായി. അശാസ്ത്രീയമായ മത്സ്യബന്ധനമുറകളും സമുദ്രത്തിന്റെ അടിത്തട്ട് ഇളക്കിമറിച്ചുള്ള ട്രോളിങ്ങും കേരളത്തിന്റെ പ്രതിവര്‍ഷ മത്സ്യ ഉല്‍പ്പാദനം കുറയ്ക്കുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളതീരത്തുനിന്ന് 20 വര്‍ഷം മുമ്പുവരെ പ്രതിവര്‍ഷം ശരാശരി 15,000 ടണ്‍ ഏട്ട മത്സ്യം ലഭിച്ചിരുന്നു. 2006ഓടെ ഇത് 2000 ടണ്ണായി കുറഞ്ഞുവെന്ന് 2002 മുതല്‍ 2006 വരെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്വകുപ്പ് നടത്തിയ പഠനങ്ങളില്‍ പറയുന്നു. 2011ല്‍ ഇത് 1000 ടണ്ണായെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബി മധുസൂദനക്കുറുപ്പ് വ്യക്തമാക്കി. രാജ്യത്തിന്റെ ആകെ ഏട്ട ലഭ്യതയില്‍ 60 ശതമാനവും കേരളത്തില്‍നിന്നായിരുന്നു. തിരണ്ടി ലഭ്യതയും ഗണ്യമായി കുറഞ്ഞു. 15 വര്‍ഷത്തിനിടെ പ്രതിവര്‍ഷം 500 ടണ്‍ ആയി. മുമ്പ്് 10,000 ടണ്‍ ആയിരുന്നു. പ്രതിവര്‍ഷം 12,000 ടണ്‍ ലഭിച്ച സ്രാവ് 600 ടണ്ണായി.

കൊല്ലം തീരത്ത് ധാരാളമുണ്ടായിരുന്ന പരവയും ഗണ്യമായി കുറഞ്ഞു. 10,000 ടണ്ണില്‍നിന്ന് 500 ടണ്ണിലും താഴെയായി. പെലാജിക്പോലുള്ള വല ഉപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ടിളക്കി ട്രോളറുകള്‍ നടത്തുന്ന മത്സ്യവേട്ടയുടെ പ്രത്യാഘാതങ്ങളാണിവ. കൊല്ലത്താണ് ഏറ്റവുമധികം ട്രോളിങ് ബോട്ടുകളുള്ളത്. കേരളത്തിന്റെ സമുദ്രതീരത്ത് ഇപ്പോള്‍ ആയിരംപല്ലിയെന്ന മത്സ്യത്തെ കാണാനേയില്ല. സില്‍വര്‍ ബെല്ലി അഥവാ കാരന്‍ എന്ന മത്സ്യവും നന്നേ കുറഞ്ഞു. സമുദ്ര അടിത്തട്ടിലെ യന്ത്രവല്‍കൃത ട്രോളിങ്ങിലൂടെ ഭക്ഷ്യശൃംഖലയുടെ ചില കണ്ണികള്‍ പൊട്ടിയതും ആവാസവ്യവസ്ഥ തകിടംമറിഞ്ഞതുമാണ് ഇത്തരം പ്രത്യാഘാതങ്ങള്‍ക്ക് കാരണമായത്. സമുദ്രാന്തര്‍ഭാഗത്തുള്ള ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുടെ ഉല്‍പ്പാദനശേഷിയെ നിയന്ത്രിക്കുകയും അടിത്തട്ടില്‍ കഴിയുന്ന മത്സ്യങ്ങള്‍ ഭക്ഷണമാക്കുകയും ചെയ്യുന്ന "ബെന്തോസ്" വിഭാഗത്തില്‍പ്പെട്ട ജീവികള്‍ നശിക്കുന്നതാണ് മത്സ്യ ഉല്‍പ്പാദനം കുറയുന്നതിന്റെ പ്രധാന കാരണം. അടിത്തട്ടിലെ മണ്ണിനുണ്ടാകുന്ന ഇളക്കവും പ്രാണവായുവിന്റെ ലഭ്യതക്കുറവും മണ്ണിന്റെ ഘടനയിലുണ്ടാകുന്ന മാറ്റവുമെല്ലാം ഇവയുടെ നിലനില്‍പ്പിനെ ബാധിക്കും. യന്ത്രവല്‍കൃത മത്സ്യബന്ധനം ഇത്തരത്തിലുള്ള 160ഓളം ഇനങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയുയര്‍ത്തുന്നതാണെന്നും ഡോ. മധുസൂദനക്കുറുപ്പ് ചൂണ്ടിക്കാട്ടി.

കേരളതീരത്തുനിന്ന് പ്രതിവര്‍ഷം 6.5 ലക്ഷം ടണ്‍ മത്സ്യം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. സമുദ്ര അടിത്തട്ടിളക്കി ട്രോളിങ് ബോട്ടുകള്‍ മീന്‍ പിടിക്കുമ്പോള്‍ അടിത്തട്ടില്‍നിന്ന് ജൈവവൈവിധ്യങ്ങളെയെല്ലാം വലയില്‍ വലിച്ചുകയറ്റുന്നുണ്ട്. ആവശ്യമായ മത്സ്യം മാത്രമെടുത്ത് മറ്റുള്ളവ കടലിലേക്കുതന്നെ തള്ളുകയും ചെയ്യും. ഒരുകിലോ ചെമ്മീന്‍ ഇപ്രകാരം പിടിക്കുമ്പോള്‍ 15 കിലോയോളം അനാവശ്യ ജൈവവസ്തുക്കളും ശേഖരിക്കപ്പെടുന്നു. കക്ക, ചെറുപുഴുക്കള്‍, സസ്യങ്ങള്‍, കടല്‍ വെള്ളരിക്ക, കടല്‍നക്ഷത്രം തുടങ്ങി വലയില്‍ അകപ്പെടുന്നവയെല്ലാം പാഴ്വസ്തുക്കളായി ഉപേക്ഷിക്കപ്പെടുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ സമീപഭാവിയില്‍ കേരളത്തിന്റെ മത്സ്യസമ്പത്ത് വന്‍ വംശനാശഭീഷണി നേരിടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

deshabhimani

No comments:

Post a Comment