Friday, December 20, 2013

അഭിലാഷിന്റെ വീട്ടിലെ ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു

വിവാദവ്യവസായി അഭിലാഷ് മുരളീധരന്റെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും സംസ്ഥാനമന്ത്രിമാരും പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്തായി. അഭിലാഷ് മുരളീധരന്റെ അനുജന്റെ വിവാഹദിവസം ആലപ്പുഴയില്‍ നടത്തിയ സല്‍ക്കാരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ കെ വി തോമസ്, കെ സി വേണുഗോപാല്‍, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി കെ സി ജോസഫ് എന്നിവര്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ കൈരളി പീപ്പിള്‍ ടിവിയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അഭിലാഷുമായി ദീര്‍ഘകാല പരിചയമുള്ളവരെപ്പോലെയാണ് ഇടപഴകിയത്. വധൂവരന്മാര്‍ക്കും അഭിലാഷ് മുരളീധരനും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഫോട്ടോയെടുത്തശേഷമാണ് മന്ത്രിമാര്‍ മടങ്ങിയത്.

സംസ്ഥാനത്തെ രണ്ടു മന്ത്രിമാര്‍ അഭിലാഷ് മുരളീധരന്റെ ബിസിനസ് പങ്കാളികളാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. സോളാര്‍ ഇടപാടിലെ ആരോപണവിധേയനും മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സന്തതസഹചാരിയുമായ തോമസ് കുരുവിളയും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ കാണാം. അതേസമയം, നരേന്ദ്ര മോഡിയുടെ ദൗത്യവുമായി ഗുജറാത്തില്‍നിന്ന് എത്തിയ സംഘത്തിന് മസ്കറ്റ് ഹോട്ടലില്‍ നല്‍കിയ വിരുന്നില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വമേധയാ പങ്കെടുത്തതാണെന്ന് വ്യക്തമായി. തിരുവഞ്ചൂരിനെ വിരുന്നിന് ക്ഷണിച്ചത് അഭിലാഷ് മുരളീധരനാണെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കിയ സൂചന. മസ്കറ്റ് ഹോട്ടലില്‍ ഗുജറാത്ത് സംഘത്തോടൊപ്പം അഭിലാഷും ഉണ്ടായിരുന്നു. ഇയാള്‍ ക്ഷണിച്ചതു പ്രകാരം എത്തിയ മന്ത്രി ഗുജറാത്ത് സംഘത്തെ അങ്ങോട്ട് ചെന്ന് പരിചയപ്പെടുകയായിരുന്നു. തിരുവഞ്ചൂരിന്റെ മകനും അഭിലാഷ് മുരളീധരനും ഗുജറാത്തില്‍ ബിസിനസുണ്ടെന്നും പി സി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു.

deshabhimani

No comments:

Post a Comment