Saturday, December 14, 2013

പണം തീരുന്നു, പദ്ധതികള്‍ മൂന്നില്‍ രണ്ടും ബാക്കി

അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാനത്ത് മൂന്നില്‍ രണ്ട് പദ്ധതി പ്രവര്‍ത്തനങ്ങളും ബാക്കി. പൊതുകടമെടുപ്പ് കേന്ദ്രം നിശ്ചയിച്ച പരിധിയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍കാര്‍ക്ക് ക്ഷമബത്ത കുടിശ്ശികപോലും കൊടുക്കാന്‍ ഖജനാവില്‍ പണമുണ്ടാകില്ല. നവംബര്‍ 30 വരെയുള്ള കണക്കു പ്രകാരം സംസ്ഥാനത്തെ പദ്ധതിനിര്‍വഹണം 30.18 ശതമാനം മാത്രമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം 38.38 ശതമാനത്തില്‍ ഒതുങ്ങി. സാമ്പത്തികവര്‍ഷത്തിന്റെ അവസാന പാദത്തില്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ തീവ്രഗതിയാകേണ്ടതാണ്. എന്നാല്‍, ഖജനാവ് കാലിയായതോടെ അതും അനിശ്ചിതത്വത്തിലായി.

ഒക്ടോബര്‍ 31 വരെയുള്ള കണക്കുപ്രകാരം 22,000 കോടിയാണ് നികുതിവരുമാനം. ബജറ്റില്‍ കണക്കാക്കിയ 46,915 കോടിയുടെ 46 ശതമാനവും പിരിച്ചുകഴിഞ്ഞു. നികുതിയിതര വരുമാനത്തിന്റെ പകുതിയോളവും ഖജനാവില്‍ എത്തി. 4921 കോടിയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. ഇതില്‍ 2374 കോടിയാണ് ഇതുവരെയുള്ള പിരിവ്. എന്നാല്‍, ധൂര്‍ത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയും സാമ്പത്തിക സന്തുലിതാവസ്ഥ തെറ്റിച്ചു. ഖജനാവില്‍ പണമില്ലാത്തിനാല്‍ പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും മുടങ്ങുന്ന സ്ഥിതിയായി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്രിസ്മസിന് മുന്‍കൂര്‍ ശമ്പളം 25 ശതമാനമായി വെട്ടിക്കുറയ്ക്കുന്നതില്‍വരെ പ്രതിസന്ധി എത്തി. പൊതുകടമെടുപ്പിന് കേന്ദ്രം നിശ്ചയിച്ച തുകയില്‍ ഏറിയ പങ്കും ചെലവിട്ടത് പ്രതിസന്ധി മൂര്‍ഛിപ്പിച്ചു. 11,187 കോടിയാണ് കടമെടുപ്പിന് കേന്ദ്രം നിശ്ചയിച്ച പരിധി. ഇതില്‍ 9200 കോടിയും ഇതിനകം എടുത്തുകഴിഞു. 1987 കോടിയാണ് ഇനി എടുക്കാന്‍ കഴിയുക. ശമ്പളം കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ ഈ മാസം 500 കോടി കൂടി എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ, അവശേഷിക്കുന്ന തുക വെറും 1487 കോടിയാകും. 70 ശതമാനം പദ്ധതിപ്രവര്‍ത്തനങ്ങളും ഈ തുകകൊണ്ടാണ് നടക്കേണ്ടത്.

പദ്ധതി അടങ്കല്‍ വെട്ടിക്കുറയ്ക്കല്‍മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള പോംവഴി. അത് പരസ്യമായി പറയാതെ പുതുക്കിയ എസ്റ്റിമേറ്റിന്റെ രൂപത്തിലാകും നടപ്പാക്കുക. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്തയുടെ കുടിശ്ശിക ജനുവരിയില്‍ കൊടുക്കേണ്ടത് സര്‍ക്കാരിന് മറ്റൊരു വെല്ലുവിളിയാണ്. ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക പിഎഫില്‍ ലയിപ്പിച്ചാല്‍മതി. എന്നാല്‍, പെന്‍ഷന്‍കാര്‍ക്ക് പണമായി കൊടുത്തേ മതിയാവൂ. തുക ഗുഡുക്കളായി നല്‍കാനാണ് ഇപ്പോള്‍ ആലോചന. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുമെന്നും ഉറപ്പാണ്.

deshabhimani

No comments:

Post a Comment