Friday, December 20, 2013

ഉപാധിരഹിത ഗ്രാന്റിന് നടപടി വേണം: സിപിഐ എം

ധനകമീഷന് അതൃപ്തി

തിരു: കേരളം സമര്‍പ്പിച്ച നിവേദനം യാഥാര്‍ഥ്യബോധമില്ലാത്തതാണെന്ന് 14-ാം ധനകമീഷന്‍. കേരളം സമര്‍പ്പിച്ച ഫോര്‍മുല അടിസ്ഥാനപരമായി തെറ്റാണെന്ന് വിലയിരുത്തിയ കമീഷന്‍ വ്യക്തതയില്ലാത്ത ഭാഗങ്ങള്‍ പുതുക്കി സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. സാമ്പത്തിക അടിത്തറയൊരുക്കുന്നതില്‍ നിര്‍ണായക ഘടകമായ ധനകമീഷന്റെ അതൃപ്തി സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക ഉയര്‍ന്നു. കേരളത്തിന്റെ കണക്കുകളില്‍ യാഥാര്‍ഥ്യബോധമില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ബുധനാഴ്ചത്തെ യോഗത്തില്‍ കമീഷന്‍ വിലയിരുത്തി. നിവേദനത്തില്‍ കാണിച്ചിരിക്കുന്ന ഭൗതികശേഷിയും ജനസംഖ്യാ അനുപാതവും പൊരുത്തപ്പെടുന്നില്ലെന്ന് കമീഷന്‍ അംഗം ഗോവിന്ദറാവു പറഞ്ഞു. ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ യോഗത്തില്‍ കേരളത്തിനായില്ല.

പരിഗണനാ വിഷയങ്ങളിലെ സമീപനങ്ങളെ വിമര്‍ശിക്കുന്നുണ്ടെങ്കിലും അക്കാര്യങ്ങളില്‍ ബദല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ലെന്ന് കമീഷന്‍ വിമര്‍ശിച്ചു. "സ്റ്റേറ്റ് സ്പെസിഫിക് ഗ്രാന്റ്" വിഭാഗത്തിലെ നിര്‍ദേശങ്ങളില്‍ കേരളം വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. ഇവ പ്രത്യേകം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതത്തിന് 1971ലെ ജനസംഖ്യ തന്നെ അടിസ്ഥാനമാക്കണമെന്ന് മെമ്മോറാണ്ടത്തില്‍ ശക്തമായി ആവശ്യമുന്നയിക്കാത്തത് വിഹിതത്തെ ബാധിച്ചേക്കും. ആവശ്യങ്ങള്‍ കൃത്യമായി കമീഷനെ ബോധിപ്പിക്കുന്നതില്‍ കേരളം ഗുരുതര വീഴ്ച കാട്ടി. സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് തല്ലിക്കൂട്ടിയ നിവേദനമാണ് കമീഷന് സമര്‍പ്പിച്ചത്. രാഷ്ട്രീയ പാര്‍ടികളുമായി ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ ക്രോഡീകരിക്കാനും ശ്രമമുണ്ടായില്ല. ധനകമീഷന് നല്‍കേണ്ട നിവേദനം സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ഡിസംബര്‍ 10ന് മുഖ്യമന്ത്രി രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ചെങ്കിലും അതിനു തലേന്ന് നിവേദനം ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കാനും ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്താനും സര്‍ക്കാര്‍ തയ്യാറായതുമില്ല.

ധനകമീഷന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ച് ജനുവരി ആദ്യം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. സെപ്തംബര്‍ രണ്ടാം വാരം കേരളത്തിലെത്താന്‍ കമീഷന്‍ തീരുമാനിച്ചിരുന്നെങ്കിലും ഓണാഘോഷത്തിന്റെ പേരില്‍ അതിന് തടയിട്ടു. ഇപ്പോഴത്തെ സന്ദര്‍ശനവും നീട്ടണമെന്ന് ആവശ്യപ്പെട്ടത് കമീഷനെ ചൊടിപ്പിച്ചു. അങ്ങനെയെങ്കില്‍ സംസ്ഥാനത്തിന്റെ പ്രതിനിധികള്‍ ഡല്‍ഹിയില്‍ എത്തിയാല്‍ മതിയെന്ന് പ്രതികരിച്ചതിനെത്തുടര്‍ന്നാണ് രണ്ടാഴ്ചകൊണ്ട് നിവേദനം തട്ടിക്കൂട്ടി കേരളം കമീഷനെ വരവേറ്റത്. സിപിഐ എം അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ ഗൗരവമുള്ള നിവേദനം സമര്‍പ്പിച്ചപ്പോഴാണ് സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയത്. 2009ല്‍ പതിമൂന്നാം ധനകമീഷന് ലഭിച്ച ഏറ്റവും മികച്ച നിവേദനം കേരളത്തിന്റേതായിരുന്നു. അന്ന് ഈ നേട്ടത്തിന് കേരളത്തെ കമീഷന്‍ അഭിനന്ദിക്കുകയുമുണ്ടായി. അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം ഗൃഹപാഠം ചെയ്താണ് നിവേദനം തയ്യാറാക്കിയത്.
(ആര്‍ സാംബന്‍)

ഉപാധിരഹിത ഗ്രാന്റിന് നടപടി വേണം: സിപിഐ എം

സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍ക്ക് ഉപാധി വയ്ക്കുന്ന സമീപനം ഉപേക്ഷിക്കണമെന്ന് പതിനാലാം ധനകമീഷന് നല്‍കിയ നിവേദനത്തില്‍ സിപിഐ എം ആവശ്യപ്പെട്ടു. ഗ്രാന്റ് ലഭ്യമാകണമെങ്കില്‍ കേന്ദ്രഗവണ്‍മെന്റിന്റെ നയങ്ങളും പരിപാടികളും അംഗീകരിക്കണമെന്ന നിലപാട് ശരിയല്ല. ധനകമീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിക്കുന്നത് ഏകപക്ഷീയമാകരുതെന്നും സിപിഐ എമ്മിനുവേണ്ടി ധനകമീഷനുമായി ചര്‍ച്ച നടത്തിയ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു.

ധനകമീഷന്റെ പരിഗണനാവിഷയങ്ങള്‍ നിശ്ചയിക്കുന്നത് ഭാവിയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്നായിരിക്കണമെന്ന് ശുപാര്‍ശ ചെയ്യണമെന്നും സിപിഐ എം കമീഷനോട് അഭ്യര്‍ഥിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മധ്യേയുള്ള നിഷ്പക്ഷസ്ഥാനം പതിനാലാം ധന കമീഷന്‍ നിലനിര്‍ത്തണം. കേന്ദ്രനികുതിയില്‍ അര്‍ഹമായ വിഹിതം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. 50 ശതമാനമെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ന്യായമായി ലഭിക്കേണ്ടതാണ്. കേ ന്ദ്രത്തിന് ലഭിക്കുന്ന മൊത്തം നികുതിവരുമാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതത്തില്‍ ആറു ശതമാനം സെസ്സുകളും സര്‍ചാര്‍ജുകളുമാണ്. ഇത് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട തുകയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ കുറവ് പരിഹരിക്കാന്‍ ധനകമീഷന്‍ തയ്യാറാകണം. സംസ്ഥാനങ്ങള്‍ക്കുള്ള വിഹതം നിശ്ചയിക്കുമ്പോള്‍ ജനസംഖ്യയ്ക്ക് 70-80 ശതമാനം വെയിറ്റേജ് നല്‍കണം. 1971 അടിസ്ഥാനവര്‍ഷമായി നിശ്ചയിക്കണം. അതില്‍നിന്നുള്ള മാറ്റം കേരളം പോലുള്ള സംസ്ഥാനങ്ങളെ ശിക്ഷിക്കലാകും. സംസ്ഥാനങ്ങളുടെ വിസ്തൃതിക്ക് പകരം ജനസംഖ്യയ്ക്കാണ് വെയിറ്റേജ് നല്‍കേണ്ടത്.

1991നും 2012നും ഇടയില്‍ സംസ്ഥാനങ്ങളുടെ കടം വന്‍തോതില്‍ വര്‍ധിച്ചതായി സിപിഐ എം ചൂണ്ടിക്കാട്ടി. കേന്ദ്രം ചുമത്തുന്ന വര്‍ധിച്ച പലിശയും സംസ്ഥാനങ്ങളുടെ കടബാധ്യത ഉയര്‍ത്തി. കടബാധ്യതകള്‍ ഉല്‍പാദനമേഖലയില്‍ മുതല്‍ മുടക്കാനുള്ള സംസ്ഥാനങ്ങളുടെ ശേഷിയെയും ബാധിക്കുന്നു. സംസ്ഥാനങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ കമീഷന്‍ തയ്യാറാകണം. ദേശീയതലത്തില്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണനയങ്ങള്‍ കേരളത്തിലെ കാര്‍ഷികമേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. കൃഷിയോഗ്യമായ ഭൂമിയില്‍ 70 ശതമാനവും വാണിജ്യവിളകളാണ്. റബര്‍, കാപ്പി, തേയില തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില സംരക്ഷണം ഇല്ലാതായത് കേരളത്തിന് തിരിച്ചടിയായി. പരമ്പരാഗത വ്യവസാങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

32% നികുതിവിഹിതം വേണമെന്ന് കേരളം

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ഭേദഗതിചെയ്യണമെന്ന് 14-ാം ധനകമീഷന്‍ മുമ്പാകെ കേരളം ആവശ്യപ്പെട്ടു. വരുമാനം കൂടുതലുള്ള നികുതി കേന്ദ്രം പിരിച്ചെടുക്കന്നതിനാല്‍ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ഭാരിച്ച ബാധ്യതകളുള്ള സംസ്ഥാനങ്ങള്‍ക്ക് ആനുപാതിക വരുമാനം ലഭിക്കുന്നില്ല. ഇതിന് പരിഹാരമുണ്ടാക്കണമെന്ന് കേരളം അഭ്യര്‍ഥിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രനികുതി വിഹിതം 32 ശതമാനത്തില്‍നിന്ന് 50 ആയി ഉയര്‍ത്തണം. സംസ്ഥാന വിഹിതത്തില്‍ സെസ്സും സര്‍ചാര്‍ജുകളും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായും ധനമന്ത്രി കെ എം മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുകൂടി അര്‍ഹതപ്പെട്ട നികുതികളില്‍ കേന്ദ്രം നല്‍കുന്ന ഇളവ് മൂന്നു ശതമാനത്തില്‍ അധികരിക്കരുത്. കോര്‍പറേഷന്‍ നികുതിയിലും മറ്റുമുള്ള ഇളവുകള്‍ ദോഷകരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് കേരളം ഈ ആവശ്യമുന്നയിച്ചത്. ജനസംസംഖ്യ മാനദണ്ഡമാക്കിയാകണം കേന്ദ്രനികുതിയുടെ വിതരണം. വനവിസ്തൃതി, വൃദ്ധജനസംഖ്യ, നഗരവല്‍ക്കരണം തുടങ്ങിയവയും പരിഗണിക്കണം. മുന്‍കാലങ്ങളില്‍ കേന്ദ്രത്തില്‍നിന്ന് എടുത്ത കടം എഴുതിത്തള്ളണം. സംസ്ഥാനങ്ങള്‍ക്കായി നീക്കിവച്ച കേന്ദ്രനികുതിയില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം അഞ്ച് ശതമാനമാക്കി ഉയര്‍ത്തണമെന്നും കേരളം നിര്‍ദേശിച്ചു.

അടുത്ത സാമ്പത്തികവര്‍ഷം റവന്യൂകമ്മി ഇല്ലാതാക്കണമെന്ന നിര്‍ദേശത്തിന് പകരമായി ഒന്നര ശതമാനമെന്ന പരിധി നിശ്ചയിക്കണം. അഞ്ചുവര്‍ഷത്തിനുശേഷം ഇത് പുനഃപരിശോധിക്കാം. നീര്‍ത്തട സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം. സംസ്ഥാനത്തിന്റെ പ്രത്യേക ആവശ്യങ്ങള്‍ക്കും പദ്ധതിയേതര കമ്മി നികത്തുന്നതിനും സഹായം വേണം. ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 75 ശതമാനത്തില്‍ നിന്ന് 90 ആക്കണം. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പരമാവധി കുറച്ച് സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റ് വര്‍ധിപ്പിക്കണം. ദ്വിദിന സന്ദര്‍ശനത്തിന് എത്തിയ കമീഷന്‍ ബുധനാഴ്ച തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ രാഷ്ട്രീയ കക്ഷിനേതാക്കള്‍, വാണിജ്യവ്യാപാരമേഖലാ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ചനടത്തി. കമീഷന്‍ അധ്യക്ഷന്‍ ഡോ. വൈ വേണുഗോപാല്‍ റെഡ്ഡിയുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനമന്ത്രി കെ എം മാണി എന്നിവര്‍ പങ്കെടുത്ത് ചര്‍ച്ചയും നടന്നു. കമീഷന്‍ അംഗങ്ങളായ സുഷമ നാഥ്, ഡോ. ഗോവിന്ദ റാവു, ഡോ. അഭിജിത് സെന്‍, ഡോ. സുദീപ്തോ മൊന്‍ഡെല്‍ എന്നിവരും പങ്കെടുത്തു. വ്യാഴാഴ്ച പകല്‍ 11 മുതല്‍ ഒന്നുവരെ കമിഷന്‍ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, അഴൂര്‍ പഞ്ചായത്ത്, കുടുംബശ്രീ യൂണിറ്റ്, ടെക്നോപാര്‍ക്, ബിസിനസ് ടെക്നോളജി ഇന്‍കുബേഷന്‍ സെന്റര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.

deshabhimani

No comments:

Post a Comment