കൊറോണ വൈറസ് ലോകത്തെയാകെ നിശ്ചലമാക്കിയപ്പോൾ പ്രതിരോധിക്കാൻ കേരളം മുന്നിലുണ്ട്. ഭാവിയിൽ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള വൈറസുകളെപ്പറ്റി പഠിക്കാനും കേരളം ഒരു ചുവട് മുന്നിലാകുകയാണ്. കേരളത്തിന് അഭിമാനമാവുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി നാലാഴ്‌ചയ്‌ക്കകം പ്രവർത്തനനിരതമാകും. വിശേഷങ്ങളുമായി ഡയറക്ടർ അഖിൽ സി ബാനർജി.
പ്രവര്‍ത്തനങ്ങള്‍
രോഗനിർണയത്തിനൊപ്പം അതിനൂതന ഗവേഷണങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടാകും. ജപ്പാൻ എൻസഫലൈറ്റിസ്‌മുതൽ കോവിഡ്‌വരെയുള്ള രോഗങ്ങളെപ്പറ്റി പഠനം നടത്തും. അന്താരാഷ്‌ട്ര ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്‌ത്രജ്ഞരുമായി പഠനങ്ങൾ താരതമ്യംചെയ്യും. വൈറസിന്റെ ജനിതക മാറ്റങ്ങൾ, മാറ്റം എങ്ങനെ സംഭവിക്കുന്നു, മുൻകൂട്ടിയുള്ള രോഗനിർണയം, വിവിധ രോഗികളിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ, ആന്റിബോഡി പ്രതിരോധം എന്നിങ്ങനെ വിശാലമായ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകും.
പുതിയ പഠനങ്ങൾ
ഗുരുതര രോഗമുള്ള കോവിഡ് രോഗികൾ, പ്രായമായവരിൽ എങ്ങനെ കോവിഡ് ബാധിക്കുന്നു, മരണം കൂടുതൽ ഏതു വിഭാഗത്തിലാണ് തുടങ്ങി നിരവധി പഠനങ്ങൾ നടക്കും. കേരളത്തിലെ വൈറസുകൾക്ക് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.
പരിശോധനകൾ ഉടന്‍
രോഗനിർണയത്തിനുള്ള സെന്ററാണ് ആരംഭിക്കുന്നത്. ഇതിനുള്ള ഉപകരണങ്ങൾക്ക് സെന്ററിലെത്തി. ജീവനക്കാരെ തെരഞ്ഞെടുക്കാൻ വിജ്ഞാപനമിറക്കി.
നവംബർ 15നകം അപേക്ഷകൾ ലഭിച്ച് രണ്ടാഴ്ചയ്ക്കകം നിയമനം പൂർത്തീകരിക്കും. നാലാഴ്ചക്കകം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം പൂർണസജ്ജമാകും. ഏറ്റവും വേഗത്തിൽ പ്രാരംഭ നടപടികൾ പൂർത്തിയാക്കാനാണ് ശ്രമം.
ആഗോളസഹകരണം
അയർലൻഡിൽനിന്നുള്ള ഡോ. വില്യം ഹാളാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ഉപദേശകൻ. കൂടാതെ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്‌ധരുടെ സേവനവും ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിക്കുന്നുണ്ട്. പ്രാദേശികമായും ആഗോളമായും കൊറോണ വൈറസ് വ്യാപനം ചെറുക്കാനുള്ള മാർഗങ്ങൾ ഗ്ലോബൽ നെറ്റ്‌വർക്കിന്റെ സഹായത്തോടെ കേരളത്തിൽ ലഭ്യമാക്കാനാകും.
നിലവിൽ ജപ്പാനിലെ ഗവേഷണകേന്ദ്രവുമായും ബാൾട്ടിമോറിലെ ഇന്റസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജിയുമായും സഹകരണമുണ്ട്. പ്രശസ്‌ത അമേരിക്കൻ ബയോമെഡിക്കൽ ഗവേഷകനായ റോബർട്ട് ഗാല്ലോയുടെ സേവനവും ലഭിക്കും.
കോവിഡാനന്തര രോഗങ്ങള്‍
സ്വാഭാവികമായി രോഗം ഭേദമായവർ, മരുന്നുകളുടെ സഹായത്തോടെ രോഗം ഭേദമായവർ എന്നിവരിൽ കണ്ടുവരുന്ന കോവിഡാനന്തര രോഗങ്ങൾ പഠനവിധേയമാക്കും. ശരീരാവയവങ്ങൾ, നാഡികൾ, രോഗപ്രതിരോധ ശേഷി എന്നിവയെ എങ്ങനെയാണ് കോവിഡ് ബാധിക്കുന്നത് എന്നതിനെ സംബന്ധിച്ച് വ്യത്യസ്ത പഠനങ്ങൾ നടത്തും.
സർക്കാരിന്റെ ഉറച്ച പിന്തുണ
ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ അതിവേഗം ആരംഭിക്കാൻ സഹായകരമായത് സർക്കാരിന്റെ നേതൃത്വ മനോഭാവമാണ്. ഭാവിയിൽ വരാൻ പോകുന്ന അപകടകാരിയായ വൈറസുകളെപ്പറ്റി പഠനം നടത്താനുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യം സർക്കാർ അനുവദിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ഗവേഷണങ്ങൾ പ്രസിദ്ധീകരിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നു.സർക്കാരിന്റെ കോവിഡ് പ്രതിരോധം മികവുറ്റതാണ്.
No comments:
Post a Comment