Thursday, November 5, 2020

കർഷക ക്ഷേമനിധി ബോർഡ്‌ : കർഷകർക്ക്‌ 5000 രൂപ പെൻഷൻ

 കർഷക ക്ഷേമനിധി ബോർഡിലൂടെ കർഷകർക്ക്‌ കുറഞ്ഞത്‌ 5000 രൂപയെങ്കിലും പെൻഷൻ നൽകുന്ന പദ്ധതി സർക്കാർ ആലോചിക്കുന്നു. ബോർഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക്‌ അന്തിമ അനുമതി ലഭിക്കുന്നതോടെ വിവിധ ആനുകൂല്യങ്ങൾക്ക്‌ അപേക്ഷ ക്ഷണിക്കും. നിലവിൽ കർഷക പെൻഷൻ വാങ്ങുന്നവരെ ക്ഷേമനിധി സ്‌കീമിൽ ലയിപ്പിക്കും. 1400 രൂപവീതം 2,57,116 കർഷകർക്ക്‌ പെൻഷൻ ഇപ്പോൾ നൽകുന്നുണ്ട്‌.

അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്‌ക്കുകയും 60 വയസ്സ്‌ പൂർത്തിയാക്കുകയും ചെയ്‌ത കർഷകർക്ക്‌ അംശാദായത്തിന്‌ ആനുപാതികമായി പെൻഷൻ നൽകും. നിലവിൽ 250 രൂപവരെയുള്ള അംശാദായത്തിന്‌ തുല്യതുക സർക്കാർ, ക്ഷേമനിധിയിലേക്ക്‌ അടയ്‌ക്കും. 

കേരള കർഷക ക്ഷേമനിധിയുടെ ആദ്യ ബോർഡ്‌ യോഗം ചേർന്നു. മൂന്ന്‌ മേഖലയിൽ ഓഫീസ്‌ തുറക്കാൻ തീരുമാനമായി. തൃശൂരാണ്‌ ബോർഡിന്റെ ആസ്ഥാനം. തൃശൂരിനു പുറമെ തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഒാരോ മേഖലാ ഓഫീസ്‌ തുറക്കും. പ്രവർത്തനങ്ങൾ സജീവമാകുന്നതോടെ എല്ലാ ജില്ലയിലും ഓഫീസുണ്ടാകും. തെക്കൻ കേരളത്തിലെ മേഖലാ ഓഫീസ്‌ തിരുവനന്തപുരത്താണ്‌. വടക്കൻ കേരളത്തിലെ ഓഫീസ്‌ അടുത്ത യോഗത്തിൽ തീരുമാനിക്കും. യോഗത്തിൽ ബോർഡ്‌ ചെയർമാൻ ഡോ. പി രാജേന്ദ്രൻ അധ്യക്ഷനായി. മന്ത്രി വി എസ്‌ സുനിൽകുമാർ പങ്കെടുത്തു.

No comments:

Post a Comment