വിശ്വാസ്യതയായിരുന്നു മാധ്യമങ്ങളുടെ ശക്തി, ജനാധിപത്യത്തിന്റെയും. ജനാധിപത്യവ്യവസ്ഥയുടെ നാലാമത്തെ സ്തൂപം മാധ്യമങ്ങളാണെന്ന് പറയുന്നത് ഈ വിശ്വസ്ഥതകൊണ്ടാണ്. നിയമനിർമാണസഭകളും നീതിന്യായസംവിധാനവും നിർവഹണവൃന്ദവും മാത്രംപോര ജനാധിപത്യം അർഥപൂർണമാകാൻ. വീഴ്ചകളെ ചൂണ്ടിക്കാണിക്കുകയും ജനകീയ ഇച്ഛ പ്രതിഫലിപ്പിക്കുകയും ചെയ്യുകയാണ് മാധ്യമനീതി. അതുകൊണ്ടാണ് ജനാധിപത്യം പുലരുന്നതിന് മാധ്യമസ്വാതന്ത്ര്യം അനുപേക്ഷണീയമാണെന്ന് വിവക്ഷിക്കുന്നത്.
ഇന്ത്യൻ ജനാധിപത്യവ്യവസ്ഥ ശക്തമായ കടന്നാക്രമണങ്ങളെ നേരിട്ടത് അടിയന്തരാവസ്ഥയുടെ നാളുകളിലാണ്. ഭരണകൂടമാണ് ആരെന്ത് എഴുതണമെന്ന് നിശ്ചയിച്ചത്. ശക്തമായ സെൻസർഷിപ് ഏർപ്പെടുത്തി. സർക്കാർ നിയന്ത്രിത "ദൂരദർശൻ' അല്ലാതെ മറ്റ് സ്വകാര്യ ടെലിവിഷൻ ചാനലുകൾ ഉണ്ടായിരുന്നില്ല. സർക്കാർ ഉദ്യോഗസ്ഥർ പത്രം ഓഫീസുകളിൽ പരിശോധന നടത്തി വാർത്തകൾ പരിശോധിച്ചാണ് അനുമതി നൽകിയിരുന്നത്.
പത്തിന പരിപാടിയും അഞ്ചിന പരിപാടിയും മാത്രമാണ് ഭാവിയെന്ന് സർക്കാർ അനുകൂലപത്രങ്ങൾ പെരുമ്പറ കൊട്ടി. ഇന്ത്യൻ ജനാധിപത്യം ആടിയുലഞ്ഞ നാളുകളായിരുന്നു അത്. ജനാധിപത്യവ്യവസ്ഥയിലെ മറ്റൊരു പ്രധാനസ്തംഭമായ ജുഡീഷ്യറി അവരിൽ അർപ്പിതമായ കടമ അന്ന് നിറവേറ്റിയില്ലെന്നതും ചരിത്രസത്യം. ജനങ്ങൾ തങ്ങൾക്ക് ലഭിച്ച ഏറ്റവും അടുത്ത അവസരത്തിൽത്തന്നെ അടിയന്തരാവസ്ഥ നടപ്പാക്കിയ കേന്ദ്ര ഭരണകക്ഷിയെ തോൽപ്പിച്ചു.
നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഏഴാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. രാജ്യത്ത് അപ്രഖ്യാപിതമായ അടിയന്തരാവസ്ഥ നിലനിൽക്കുന്നുവോ എന്ന സംശയം ജനങ്ങളിൽ ശക്തിപ്പെടുന്നു. വിശ്വാസ്യതയുള്ള നീതിന്യായ സംവിധാനങ്ങളാണ് ജനാധിപത്യഅടിത്തറയുടെ ശക്തിയായിരുന്നത്. ബാലിശമായ വിധിപ്രസ്താവനകൾ പരമോന്നത നീതിപീഠത്തിൽനിന്നുപോലും കേൾക്കേണ്ടി വന്നു. ഇന്ത്യൻ മാധ്യമങ്ങൾക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ജനാഭിലാഷമാണോ നിറവേറ്റുന്നത്? ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനഭാഗമെന്ന ദൗത്യമാണോ കോർപറേറ്റ് മാധ്യമങ്ങൾ നിർവഹിക്കുന്നത്? ‘‘ഈശ്വരൻ തെറ്റുചെയ്താലും ഞാനത് റിപ്പോർട്ട് ചെയ്യും'' എന്ന് പ്രഖ്യാപിച്ചത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. സത്യം എഴുതിയതിന്റെ പേരിൽ രാജഭരണം അദ്ദേഹത്തെ നാടുകടത്തി. സവിശേഷതയാർന്ന വർത്തമാനകാലത്തിൽ എന്താണ് സംഭവിക്കുന്നത്? മഹാഭൂരിപക്ഷം മാധ്യമങ്ങളും ഉടമകളുടെ സാമ്പത്തികതാൽപ്പര്യങ്ങളുടെ തടവറയിലാണ്. അറിയാനും വിശകലനം ചെയ്യാനുമുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തെ അവർ കൗശലപൂർവം നിരാകരിക്കുന്നു.
ദേശീയമാധ്യമങ്ങളിൽ അപൂർവം ചില ചാനലുകളും പത്രങ്ങളും മാത്രമാണ് രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറയുന്നത്. പരസ്യങ്ങൾ നിഷേധിച്ചും മറ്റും ഭരണാധികാരികൾ ഭീഷണിപ്പെടുത്തുകയാണ്. വിമോചനസമരകാലത്ത് വലിയ തോതിൽ വ്യാജവാർത്തകൾ ഉണ്ടായിട്ടുണ്ട്. തൽസമയ വാർത്താ സംപ്രേഷണം ആധുനികകാല സവിശേഷതയാണ്. മലയാള ദൃശ്യമാധ്യമ വാർത്താവതരണത്തിന്റെ രജതജൂബിലി വർഷമാണിത്. ശശികുമാറിന്റെ നേതൃത്വത്തിൽ ‘ഏഷ്യാനെറ്റ്' ചാനൽ ആദ്യമായി തൽസമയവാർത്ത സംപ്രേഷണം ചെയ്തത് 1995ലാണ്. മാധ്യമരംഗത്തെ ആധുനികവും ഗുണപരവുമായ കാൽവയ്പായിരുന്നു അന്നത്തെ ഏഷ്യാനെറ്റ്. വർത്തമാനകാലത്ത് കോർപറേറ്റ് മാനേജ്മെന്റുകളുടെ സാമ്പത്തിക രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുവേണ്ടി മാധ്യമങ്ങൾ സത്യത്തെ ചുട്ടുകൊല്ലുന്നു. ടാം റേറ്റിങ് എന്ന തട്ടിപ്പ് ഇന്ന് വലിയ ചർച്ചയാണല്ലൊ. ബോംബൈ ഹൈക്കോടതി റിപ്പബ്ലിക് ചാനലിന്റെ റേറ്റിങ് തട്ടിപ്പിനെ വിമർശിച്ചത് പ്രസ്താവ്യമാണ്. റിപ്പബ്ലിക് ടിവിയെ മാതൃകയാക്കിയാണ് ഇന്ന് ചില ദൃശ്യമാധ്യമ അവതാരകരും പെരുമാറുന്നത്.
കോവിഡ് പ്രതിസന്ധികാലത്ത് ജനങ്ങൾക്ക് ഏറ്റവുമേറെ സഹായംചെയ്ത സർക്കാർ കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരാണ്. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് കേരളം. ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള സംസ്ഥാനമാണ്. വലിയ സാമ്പത്തികബുദ്ധിമുട്ടുകളെ നേരിട്ടിട്ടും ജനങ്ങൾക്ക് സഹായകരമായി എത്ര പദ്ധതികളാണ് നടപ്പാക്കിയത്. വരുമാനമില്ലാതെ വീടുകളിൽ കുടുങ്ങിപ്പോയ മനുഷ്യർക്ക് റേഷൻ കടകൾവഴി അരിയും ധാന്യങ്ങളും കിറ്റുകളും തുടർച്ചയായി നൽകുന്നു. ക്ഷേമ പെൻഷൻ ഒരു മാസത്തെ കുടിശ്ശികപോലുമില്ലാതെ നൽകി. മാധ്യമങ്ങൾ ഈ നന്മകളെ വാർത്തയാക്കാതിരുന്നതുകൊണ്ട് ജനങ്ങൾ ഇതറിയാതെ പോയിട്ടില്ല. കാരണം, അവർ നേരിട്ടനുഭവിക്കുന്ന കാര്യമാണല്ലൊ അത്.
ഉത്തർപ്രദേശിലെ ദളിത് പീഡനം മറച്ചുവയ്ക്കാനാകാത്ത വാർത്തയായിരുന്നു. യോഗി ആദിത്യനാഥിന്റെ പൊലിസ് ഹാഥ്‌രസിലെ പെൺകുട്ടിയുടെ ജഡത്തോടും കുടുംബത്തോടും പെരുമാറിയ സംഭവം പരിശോധിക്കൂ. എത്ര ചാനലുകൾ ഇത് ചർച്ചയാക്കി. പ്രധാനമന്ത്രിയുടെ പ്രതികരണം ഈ മാധ്യമങ്ങൾ തേടിയോ? സ്വർണക്കടത്ത് കേസിൽ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ തികച്ചും ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചത്. മൂന്നുമാസം മറ്റെല്ലാ വാർത്തകൾക്കും രണ്ടാം സ്ഥാനമായിരുന്നു. എന്നാൽ, ഒരിക്കൽപ്പോലും അവർ പരിശോധിക്കുകയോ പ്രതികരിക്കുകയോ ചെയ്യാതിരുന്ന കാര്യം ആരാണ് സ്വർണം കടത്തിയത്, ആർക്കുവേണ്ടിയാണ് കടത്തിയത് എന്നതാണ്.
കെ വി അബ്‌ദുൾഖാദർ എംഎൽഎ
No comments:
Post a Comment