Monday, November 2, 2020

മതനിരപേക്ഷ കക്ഷികളുമായി ധാരണ; തെരഞ്ഞെടുപ്പ് തന്ത്രത്തിന് സിപിഐ എം അംഗീകാരം നല്‍കി

 കേരളമടക്കം നാല് സംസ്ഥാനത്തെ നിയമസഭ തെരഞ്ഞടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രത്തിനു സിപിഐ എം കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി. അതത് സംസ്ഥാന കമ്മിറ്റികളുടെ നിര്‍ദേശമാണ് രണ്ട് ദിവസമായി ചേര്‍ന്ന കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്ത് അംഗീകരിച്ചതെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ലക്ഷ്യമിട്ട് സിബിഐ അടക്കമുള്ള ഏജന്‍സികളെ ദുരുപയോഗിക്കുന്നതിനെ കേന്ദ്രകമ്മിറ്റി ശക്തിയായി അപലപിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ കേരളജനത ഇതിനു ഉചിതമായ മറുപടി നല്‍കുമെന്ന് യെച്ചൂരി പറഞ്ഞു.

കേരളത്തില്‍ പാര്‍ടി എല്‍ഡിഎഫില്‍ തുടര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടും. തമിഴ്നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി മത്സരിക്കും. അസമില്‍ വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്തുകയും സമുദായസൗഹാര്‍ദ്ദം ശിഥിലമാക്കുകയും ചെയ്യുന്ന ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മതനിരപേക്ഷ കക്ഷികളുമായി സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടും. പശ്ചിമ ബംഗാളില്‍ ബിജെപിയെയും ടിഎംസിയെയും പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതനിരപേക്ഷകക്ഷികളുമായി പാര്‍ടിയും ഇടതുമുന്നണിയും തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കും. ഈ ധാരണ നടപ്പാക്കുന്ന രീതി ഇടതുമുന്നണി ആലോചിച്ച് തീരുമാനിക്കും.- യെച്ചൂരി പറഞ്ഞു.

പ്രക്ഷോഭങ്ങൾക്ക്‌ പൂർണപിന്തുണ: സിപിഐ എം കേന്ദ്രകമ്മിറ്റി

തൊഴിലാളികളെ അടിമകളാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നവംബർ 26ന്‌ നടക്കുന്ന അഖിലേന്ത്യാ പൊതുപണിമുടക്കിന്‌  സിപിഐ എം പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. 26, 27 തീയതികളിൽ നടക്കുന്ന കർഷകപ്രതിഷേധത്തിനും പിന്തുണ നൽകും. രാജ്യത്ത്‌ ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാൻ മതനിരപേക്ഷ, ജനാധിപത്യ പാർടികളും ജനകീയപ്രസ്ഥാനങ്ങളും ധൈഷണികരും ഇതര പ്രമുഖവ്യക്തികളും തൊഴിലാളികളും കർഷകരും അടങ്ങുന്ന വിശാലസഖ്യം കെട്ടിപ്പടുക്കാൻ നവംബർ 26 മുതൽ ജനുവരി 26വരെ പ്രവർത്തനം സംഘടിപ്പിക്കും.

യുഎപിഎ, എൻഎസ്‌‌‌എ, രാജ്യദ്രോഹനിയമം എന്നിവപ്രകാരം തടവിലിട്ട എല്ലാ രാഷ്ട്രീയതടവുകാരെയും വിട്ടയക്കുക, ആദിവാസികൾക്കും ദളിതർക്കും സ്‌ത്രീകൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക,  പാർലമെന്റ്‌, ജുഡീഷ്യറി, തെരഞ്ഞെടുപ്പ്‌ കമീഷൻ എന്നിവയുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യം സംരക്ഷിക്കുക, പണമൊഴുക്കി ബിജെപി ജനവിധി അട്ടിമറിക്കുന്നത്‌ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കാനാണ്‌ വിശാലസഖ്യം കെട്ടിപ്പടുക്കുന്നതെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി വാർത്താകുറിപ്പിൽ വ്യക്തമാക്കി.രാജ്യാന്തര മനുഷ്യാവകാശ ദിനമായ ഡിസംബർ 10 മുതൽ ന്യൂനപക്ഷ അവകാശദിനമായ ഡിസംബർ 18 വരെ രാജ്യമെമ്പാടും മനുഷ്യാവകാശ, ന്യൂനപക്ഷ അവകാശ പ്രചാരണം നടത്തും. ഈ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനതല സഖ്യങ്ങളും രൂപീകരിക്കും. ജനുവരി 26ന്‌ ഭരണഘടന, റിപ്പബ്ലിക്ക്‌ സംരക്ഷണദിനമായി ആചരിക്കും.

രാജ്യത്ത്‌  എല്ലാ പൗരന്മാർക്കും കേന്ദ്രസർക്കാർ കോവിഡ്‌ വാക്‌സിൻ സൗജന്യമായി നൽകണമെന്ന്‌ കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. മഹാമാരിയും സാമ്പത്തികത്തകർച്ചയും അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. സാമ്പത്തികത്തകർച്ച ജനജീവിതം ദുരിതമയമാക്കി. 15 കോടി പേർക്ക്‌ ഉപജീവനമാർഗം നഷ്ടപ്പെട്ടു.

ആഗോളപട്ടിണി സൂചികയിൽ ഇന്ത്യ 94–-ാം സ്ഥാനത്താണ്‌. അതേസമയം, രാജ്യത്തെ ഏറ്റവും വലിയ 50 സമ്പന്നരുടെ ആസ്‌തി ഇക്കൊല്ലം 14 ശതമാനം വർധിച്ചതായും -കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.

No comments:

Post a Comment