Thursday, December 31, 2020

കേന്ദ്ര നിയമം കോർപ്പറേറ്റുകൾക്ക്‌ വേണ്ടി; കാർഷിക നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ സംസ്‌ഥാന നിയമസഭ  പ്രമേയം പാസാക്കി.  നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്നാണ്‌ പ്രമേയം പാസാക്കിയത്‌. 

ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍  കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് സമ്മേളനം ചേര്‍ന്ന്‌ പ്രമേയം പാസാക്കിയത്‌. ഏകകണ്‌ഠമായാണ്‌ പ്രമേയം പാസാക്കിയത്‌. ബിജെപി അംഗം ഒ രാജഗോപാലും പ്രമേയത്തെ അംഗീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനാണ്‌  നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്‌.    പുതിയ നിയമം കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കാർഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേന്ദ്ര നിയമഭേദഗതി കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്നും പുതിയ നിയമം കർഷകരിൽ ഉണ്ടാക്കുന്നത് കടുത്ത ആശങ്കയാണെന്നുംമുഖ്യമന്ത്രി പറ‍ഞ്ഞു. കാർഷിക രംഗത്ത് വൻ പ്രത്യാഘാതം ഉണ്ടാകുന്നതാണ് നിയമ ഭേദഗതി. കർഷകരുടെ വില പേശൽ ശേഷി കോർപറേറ്റുകൾക്ക് മുന്നിൽ ഇല്ലാതാക്കുന്നതാണ് ഈ നിയമം. കർഷകർക്ക് ന്യായ വില ഉറപ്പാക്കുന്നതിൽ നിന്നും കേന്ദ്രം പിൻവാങ്ങുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷികമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കാര്‍ഷികരംഗത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പുതിയ മൂന്ന് നിയമങ്ങള്‍  കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്  പാസ്സാക്കിയിട്ടുള്ളത്.  ഇതിനെ തുടര്‍ന്ന് ഭക്ഷ്യധാന്യങ്ങള്‍ക്ക് നിലവിലുള്ള താങ്ങുവില പോലും നഷ്ടപ്പെടുമോ എന്ന ഭയാശങ്കയാണ്  കര്‍ഷകരെ  അലട്ടുന്നത്.

കര്‍ഷകരുടെ വിലപേശല്‍ശേഷി മിക്കപ്പോഴും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ശക്തിക്കു മുന്നില്‍ വളരെ ദുര്‍ബലമാകും എന്നതാണ് ഇതില്‍ ഉയരുന്ന ഗൗരവതരമായ പ്രശ്‌നം. കര്‍ഷകര്‍ക്ക് നിയമപരിരക്ഷ ലഭിക്കാനുള്ള വ്യവസ്ഥകള്‍ നിയമത്തിലില്ല. അത് മാത്രവുമല്ല, കോര്‍പറേറ്റുകളുമായി ഇതിനുവേണ്ടി നിയമയുദ്ധം നടത്താനുള്ള ശേഷിയും കര്‍ഷകര്‍ക്കില്ല.

കാര്‍ഷിക ഉല്‍പന്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത്  സംഭരിച്ച് ന്യായവിലയ്ക്ക് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സംവിധാനമാണ് നിലനില്‍ക്കേണ്ടത്. അതിനു പകരം കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരമാകെ കോര്‍പറേറ്റുകള്‍ക്ക് കൈവശപ്പെടുത്താന്‍ അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുപോകുകയും ചെയ്യുന്നു.

ഇതോടൊപ്പം തന്നെ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന പ്രശ്‌നമാണ് ഭക്ഷ്യസുരക്ഷ. സംഭരണത്തില്‍ നിന്നും വിതരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്ന അവസ്ഥയുണ്ടാകുമ്പോള്‍ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും വര്‍ധിക്കുകയും ഭക്ഷ്യ വിതരണവുംഅതുവഴി ഭക്ഷ്യസുരക്ഷയും അപകടത്തിലാവുകയും ചെയ്യും.അവശ്യസാധന നിയമത്തിലെ വ്യവസ്ഥയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍, പയറു വര്‍ഗങ്ങള്‍ എന്നിവയടക്കമുള്ള അവശ്യസാധനങ്ങള്‍ ഒഴിവാക്കിയത് സ്ഥിതി കൂടുതല്‍ വഷളാക്കും.മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു

സമ്മേളനത്തിന് അടിയന്തിര പ്രാധാന്യമെന്ന് സ്‌പീക്കര്‍ വ്യക്തമാക്കി.ഘടകകക്ഷി നേതാക്കളായ കെ സി ജോസഫ്‌, ഇ ചന്ദ്രശേഖരൻ, ടി എ അഹ്മ്മദ്‌ കബീർ, മാത്യൂ ടി തോമസ്‌, പി ജെ ജോസഫ്‌, മാണി സി കാപ്പൻ, അനൂപ്‌ജേക്കബ്‌, ഒ രാജഗോപാൽ, കടന്നപ്പള്ളി രാമചന്ദ്രൻ. ഗണേഷ്‌ കുമാർ, പി സിജോർജ്‌ എന്നിവർ പ്രമേയത്തെ അനുകൂലിച്ച്‌ സംസാരിച്ചു.

വീണ്ടും വഴികാട്ടുന്നു; കേരള നിയമസഭയെ അഭിനന്ദിച്ച് യെച്ചൂരി

ന്യൂഡല്‍ഹി > കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ അഭിനന്ദിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം വീണ്ടും ഇന്ത്യയ്ക്ക് വഴികാട്ടുകയാണെന്നും യെച്ചൂരി പറഞ്ഞു.

കാര്‍ഷിക നിയമത്തില്‍ ബിജെപിക്കകത്ത് തന്നെ അഭിപ്രായ ഭിന്നത രൂക്ഷമായതിന്റെ സൂചനയാണ് ഒ രാജഗോപാല്‍ പ്രമേയത്തെ പിന്തുണച്ചതിലൂടെ വ്യക്തമാകുന്നത്. ഒ രാജഗോപാല്‍ പിന്തുണ നല്‍കിയതില്‍ നിലപാട് വ്യക്തമാക്കേണ്ടത് ബിജെപിയാണെന്നും യെച്ചൂരി പറഞ്ഞു.

"കേന്ദ്രം കാർഷികനിയമം പിൻവലിക്കണം'; പ്രമേയത്തെ അനുകൂലിക്കുന്നതായി ഒ രാജഗോപാൽ

തിരുവനന്തപുരം > കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ എതിർത്തില്ലെന്ന് ബിജെപി എംഎൽഎ ഒ രാജഗോപാൽ. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പൊതുഅഭിപ്രായത്തെ മാനിച്ചു. പ്രമേയത്തിലെ ചില പരാമർശങ്ങളെ എതിർക്കുന്നു. കേരളസഭയുടെ പൊതുവികാരമാണ് പ്രമേയത്തിലുള്ളത്. പ്രമേയം പാസാക്കിയത് ഏകകണ്ഠമായാണെന്നും രാജഗോപാൽ പറഞ്ഞു. നിയമസഭാ സമ്മേളനത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്‌ത‌ത്. പ്രമേയത്തിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാൽ സമഗ്രമായ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്‌തത്. കേന്ദ്ര സർക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ ബിജെപിക്കാരൻ ആയതുകൊണ്ട് എതിർക്കുന്നത് ശരിയല്ല. അതുകൊണ്ട് പ്രമേയത്തെ എതിർത്തില്ല. ഒന്നിച്ചു നിൽക്കണം എന്നതാണ് പൊതു അഭിപ്രായം. ആ നിലപാട് സ്വീകരിക്കുകയാണ് ചെയ്‌തത്. അത് ഡമോക്രാറ്റിക് സ്‌പിരിറ്റ് ആണ് എന്നതാണ് തന്റെ വ്യാഖ്യാനമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രനിയമങ്ങൾ പിൻവലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് തീർച്ചയായും, അതുകൊണ്ടാണല്ലോ വോട്ട് ചെയ്യാതിരുന്നത് എന്നായിരുന്നു രാജഗോപാലിന്റെ മറുപടി. കേന്ദ്രനിയമം പിൻവലിക്കണമെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെടുന്നതിൽ ഒരു പ്രശ്നവുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതുതായി 1.75 ലക്ഷം കുട്ടികള്‍; നാലുവര്‍ഷത്തിനകം പുതുതായി എത്തിയത് 6.8 ലക്ഷം കുട്ടികള്‍

പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ ഈ അധ്യയന വര്‍ഷം (2020-21) പുതുതായി 1.75 ലക്ഷം കുട്ടികള്‍ പ്രവേശനം നേടി. ഈ വര്‍ഷത്തെ കുട്ടികളുടെ കണക്കെടുപ്പിനുശേഷമുള്ള പ്രാഥമിക വിലയിരുത്തലാണിത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കാന്‍ തുടങ്ങിയ ശേഷം നാലു വര്‍ഷത്തിനുള്ളില്‍ 6.8 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതുതായി വന്നത്.

ഈ വര്‍ഷം ഒന്നാം ക്ലാസില്‍ മാത്രം 8170 കുട്ടികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലായി പ്രവേശനം നേടി. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത് അഞ്ചാം ക്ലാസിലാണ് - മുന്‍വര്‍ഷത്തേക്കാള്‍ 43,789 കുട്ടികള്‍ അധികം. എട്ടാം ക്ലാസില്‍ അധികമായി വന്നത് 35,606 കുട്ടികളാണ്. സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ 1,75,074 കുട്ടികള്‍ അധികമായി പ്രവേശനം നേടി. ഈ മേഖലയില്‍ 33,75,304 ലക്ഷം കുട്ടികളാണ് ഇപ്പോഴുള്ളത്. മൊത്തം കുട്ടികളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47,760 പേരുടെ വര്‍ധനയുണ്ടായി. അതേസമയം അണ്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 91,510 പേരുടെ കുറവുണ്ടായി.

കൈറ്റ് തയ്യാറാക്കിയ 'സമ്പൂര്‍ണ' സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടല്‍ വഴി ഡിസംബര്‍ 28 വരെ രേഖപ്പെടുത്തിയ കണക്കുകളാണിത്. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകും.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ മികച്ച അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുകയും പഠന നിലവാരം ഉയര്‍ത്തുകയും ചെയ്തതിന്റെ ഫലമാണ് ഈ പുത്തന്‍ ഉണര്‍വെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിജിറ്റല്‍ സൗകര്യങ്ങളാണ് ഇപ്പോള്‍ പൊതുവിദ്യാലയങ്ങളിലുള്ളത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട കുട്ടിക്കുപോലും ആഗോളനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന സാമൂഹ്യകാഴ്ചപാടിന്റെ ഭാഗമായാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കിയത്. പൊതുജനങ്ങളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഈ യജ്ഞത്തിന് അകമഴിഞ്ഞ പിന്തുണ ലഭിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ സമൂലമായ പരിവര്‍ത്തനത്തിനാണ് ഇതുവഴി സര്‍ക്കാര്‍ തുടക്കമിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Monday, December 28, 2020

ഇന്ത്യ ഭരിക്കേണ്ടത് കോർപറേറ്റുകളല്ല - കെ കെ രാഗേഷ്‌ എഴുതുന്നു

 സ്വാതന്ത്ര്യാനന്തര ഇന്ത്യകണ്ട ഏറ്റവും വലിയ കർഷകമുന്നേറ്റത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഭീഷണിയെപ്പോലും വകവയ്‌ക്കാതെ മൂന്നുലക്ഷത്തിലേറെ കർഷകരാണ് ഡൽഹിയിലേക്കുള്ള അതിർത്തികളിൽ ഐതിഹാസിക പ്രക്ഷോഭം നടത്തുന്നത്. കർഷകദ്രോഹ കരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മാർച്ച് പ്രഖ്യാപിച്ച കർഷകരെ ശത്രുസൈന്യത്തെ നേരിടുന്നതുപോലെയാണ് കേന്ദ്രസർക്കാർ തുടക്കത്തിൽ നേരിട്ടത്.  ദേശീയപാതയിൽ കിടങ്ങുകൾ തീർത്തും കണ്ടെയ്‌നറുകളും ട്രക്കുകളും നിരത്തിയും മുൾക്കമ്പിവേലിയും ബാരിക്കേഡുമുയർത്തിയും തടസ്സപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ കർഷകരുടെ ഇച്ഛാശക്തിക്കുമുന്നിൽ പക്ഷേ തകർന്നടിഞ്ഞു. 

കണ്ണീർ വാതകവും ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചപ്പോഴും അവർ പിന്തിരിഞ്ഞ് കീഴടങ്ങിയില്ല.  കീഴടങ്ങാൻ മനസ്സില്ല എന്ന് ഒരു ജനത തീരുമാനിച്ചാൽ ഒരു മർദകസംവിധാനത്തിനും ഒന്നും ചെയ്യാനാകില്ല എന്നത് പ്രഖ്യാപിക്കുകയായിരുന്നു കർഷകർ നടത്തിയ ചെറുത്തുനിൽപ്പുകളോരോന്നും. അടിച്ചമർത്തി ഒതുക്കാനാകില്ല എന്ന് ബോധ്യമായപ്പോൾ കുതന്ത്രങ്ങളിലൂടെ സമരത്തെ ദുർബലപ്പെടുത്താനായി അടുത്ത ശ്രമം. ഡൽഹിയിൽനിന്ന്‌ 30 കിലോമീറ്റർ അകലെ സിൻഘു അതിർത്തിയിൽ കർഷകരെ തടഞ്ഞുനിർത്തിയ കേന്ദ്രസർക്കാർ കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി നൽകുന്ന സ്ഥിതിയിലെത്തി. ഡൽഹിയിൽനിന്ന്‌ 24 കിലോമീറ്റർ അകലെയുള്ള നിരങ്കരി മൈതാനത്ത് സമരം ചെയ്യാനുള്ള സൗകര്യമൊരുക്കാമെന്നും ഡൽഹി പൊലീസ് സമരസമിതി നേതാക്കളെ അറിയിച്ചു.

ലക്ഷക്കണക്കിനാളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന നിരങ്കരി മൈതാനത്ത് കർഷകരെയെത്തിച്ച് സമരത്തെ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ ഡൽഹി പൊലീസും കേന്ദ്രസർക്കാരും പദ്ധതിയിട്ടു. തലസ്ഥാനത്തേക്ക് മാർച്ച് ചെയ്തുകൊണ്ടിരുന്ന ചില സംഘടനകളെ മൈതാനത്ത് എത്തിക്കാനും പൊലീസിന് കഴിഞ്ഞു.  എന്നാൽ, കേന്ദ്രസർക്കാരിന്റെ കുതന്ത്രം തിരിച്ചറിഞ്ഞ കർഷകസംഘടനകൾ മൈതാനത്തേക്ക് നീങ്ങാതെ അതിർത്തികളിൽത്തന്നെ തമ്പടിച്ചു.  സിൻഘു, തിക്രി അതിർത്തികളിലെ ആറുവരിപ്പാതകളിൽ 60 കിലോമീറ്ററോളം കർഷകർ നിലയുറപ്പിച്ചു. മാസങ്ങളോളം കഴിക്കാനുള്ള ഭക്ഷ്യധാന്യങ്ങളും അവ പാകം ചെയ്യാനുള്ള സംവിധാനങ്ങളും ഉൾപ്പെടെ സർവസന്നാഹങ്ങളോടെ ട്രാക്ടറുകളിലും കാൽനടയായും വന്ന കർഷകർ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കുകയായിരുന്നു.  സമരം ജയിക്കാതെ തിരിച്ച് നാട്ടിലേക്കില്ല എന്നവർ പ്രതിജ്ഞ ചെയ്തു. ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കർഷകർ ഡൽഹിക്കടുത്തുള്ള പൽവൽ, ഗാസിയാബാദ്, ജയ്‌പുർ–--ഡൽഹി ദേശീയപാതയിലെ ഷാജഹാൻപുർ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചതോടെ അഞ്ച് ദേശീയപാത കഴിഞ്ഞ ഒരു മാസത്തിലേറെയായി പ്രതിഷേധാഗ്നിയിലെരിഞ്ഞു. എന്തിനെയും നേരിടാൻ തയ്യാറായി വന്ന കർഷകരുടെ കരുത്തിനുമുമ്പിൽ മോഡിസർക്കാരിന്റെ വീരസ്യങ്ങളെല്ലാം അസ്തമിക്കുകയായിരുന്നു. കർഷകർ എഴുതുന്ന ഈ പുതിയ ചരിത്രത്തിൽ ജാതിയും മതവും വർണവും അതിർവരമ്പിട്ട ഒരു ഇന്ത്യയില്ല. അവകാശപ്പോരാട്ടങ്ങളെല്ലാം, അത്തരം അളവുകോലുകളാൽ വിഭജിച്ച്, വീര്യംകെടുത്തി ഇല്ലാതാക്കിയ ഒരു ഭൂതകാലത്തെക്കൂടിയാണ് അവർ നിഷ്‌കാസനം ചെയ്യുന്നത്.

കോവിഡിന്റെ മറവിലെ വഞ്ചന

കഴിഞ്ഞ ജൂൺ അഞ്ചിനാണ് കേന്ദ്രസർക്കാർ കാർഷികരംഗവുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ഓർഡിനൻസ്‌ പുറപ്പെടുവിച്ചത്. പാർലമെന്റിൽ ചർച്ചചെയ്യാതെ കോവിഡ് പാക്കേജിൽ പെടുത്തിയാണ് ഒരു നിയമഭേദഗതിയും രണ്ട് പുതിയ നിയമവും ഓർഡിനൻസ് വഴി നിയമമാക്കിയത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്വയംപര്യാപ്ത ഇന്ത്യ (ആത്മനിർഭർ ഭാരത്) എന്ന ലക്ഷ്യത്തിലെത്താനും കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുമാണത്രേ ഓർഡിനൻസ് ഇറക്കിയത്!  മൂന്ന് ഓർഡിനൻസിനും കോവിഡ് മഹാമാരിയുമായി ഒരു ബന്ധവുമില്ല എന്ന് ഒറ്റവായനയിൽത്തന്നെ ഏതൊരാൾക്കും വ്യക്തമാകും. രണ്ട് പതിറ്റാണ്ടായി നടപ്പാക്കുന്ന കോർപറേറ്റ് അനുകൂല നയങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ പുറപ്പെടുവിച്ച ഓർഡിനൻസുകളുടെയും ലക്ഷ്യം. കാർഷികരംഗമാകെ നഗ്നമായ കോർപറേറ്റ് കൊള്ളയ്ക്ക് വഴിവയ്‌ക്കുന്ന ഒന്നിനെ രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്കുള്ള ചുവടുവയ്‌പായി ചിത്രീകരിക്കാൻ ഇവർക്ക് ഒരു മടിയുമില്ല. 

ആഗോളവൽക്കരണത്തിന്റെ നവലിബറൽ നയങ്ങൾ നടപ്പാക്കുമ്പോൾ രാജ്യത്തെ കർഷകർക്കുൾപ്പെടെ ആഗോളകമ്പോളം തുറന്നുകിട്ടും എന്നായിരുന്നു വാദമെങ്കിലും അനുഭവം മറ്റൊന്നായിരുന്നു. രണ്ട് പതിറ്റാണ്ടുകാലത്ത ഉദാരീകരണം കർഷകരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുകയായിരുന്നു. വയലുകൾ ശവപ്പറമ്പുകളായി. ആത്മഹത്യചെയ്യുന്ന കർഷകരുടെ കണക്കുകൾ പുറത്തുവിടാതെ നരേന്ദ്ര മോഡിയും കൂട്ടാളികളും ആത്മനിർഭർ ഭാരത് കെട്ടിപ്പൊക്കി. കോവിഡിനെ മറയാക്കി പുറപ്പെടുവിച്ച ഓർഡിനൻസിലൂടെ പ്രഖ്യാപിക്കപ്പെട്ട "ഒരു രാജ്യം, ഒറ്റ കമ്പോള'ത്തിന്റെയും പരിണതി മറ്റൊന്നാകാൻ തരമില്ല. കാർഷികരംഗമാകെ നഗ്നമായ കോർപറേറ്റ് കൊള്ളയ്ക്ക് തുറന്നുകൊടുക്കുകയാണ് സർക്കാർ ചെയ്തത്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും അപകടത്തിലാകുന്നതിനോടൊപ്പം അവശ്യവസ്തുക്കളുടെ അതിരൂക്ഷമായ വിലക്കയറ്റവുമാണ് ഭാവിയിൽ ഇന്ത്യ നേരിടാൻ പോകുന്നത്.

മോഡിയുടെ തന്ത്രങ്ങൾ വിലപ്പോകില്ല

സാധന നിയമഭേദഗതി, കാർഷികോൽപ്പന്ന വ്യാപാര ഓർഡിനൻസ്, വില ഉറപ്പിക്കൽ, കാർഷികസേവനം സംബന്ധിച്ച കരാർ ഓർഡിനൻസ് തുടങ്ങിയ മൂന്ന് ഓർഡിനൻസാണ് കേന്ദ്രസർക്കാർ ഏകപക്ഷീയമായി പുറപ്പെടുവിച്ചത്.  വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ നിയമങ്ങളിലെ പല വ്യവസ്ഥകളും ഫലത്തിൽ അസാധുവായി. സംസ്ഥാനങ്ങളോട് കൂടിയാലോചനപോലും നടത്താതെയാണ് തിരക്കിട്ട് കോവിഡിനെ മറയാക്കി നിയമമുണ്ടാക്കിയത്.  കാർഷികവിപണി ഉദാരവൽക്കരിച്ചും കരാർ കൃഷി നടപ്പാക്കിയും കാർഷികോൽപ്പന്നങ്ങളുടെ മേലുള്ള സംഭരണപരിധി ഒഴിവാക്കിയും കാർഷികരംഗമാകെ കോർപറേറ്റുകൾക്ക് സമ്പൂർണമായി തീറെഴുതാൻ ഏറെക്കാലമായി കേന്ദ്ര ബിജെപി സർക്കാർ ശ്രമിച്ചുവരികയായിരുന്നു. ഈ കരിനിയമങ്ങളിലൂടെ ആ ലക്ഷ്യമാണ് പൂർത്തീകരിക്കാൻ പോകുന്നത്.

ജനാധിപത്യക്കുരുതിയിലൂടെ പാർലമെന്റിലെ എതിർപ്പിനെ അവഗണിച്ചവർ പാതയോരങ്ങളിലെ പോരാട്ടങ്ങളെ പേടിക്കാൻ തുടങ്ങിയിരിക്കുന്നു.  ഇടനിലക്കാരുടെ സമരമെന്നും ഖലിസ്ഥാൻ വാദികളും മാവോയിസ്റ്റുകളുമാണ് സമരത്തിന്റെ പിന്നിലെന്നും തീവ്ര ഇടതുപക്ഷക്കാർ സമരത്തെ ഹൈജാക്ക് ചെയ്തുവെന്നും ആക്ഷേപമുയർത്തിയവർ സ്വരം മാറ്റാൻ തുടങ്ങിയിരിക്കുന്നു.  പഞ്ചാബിൽ മാത്രമേ കൃഷിയും കർഷകരുമുള്ളൂ എന്ന് നിസ്സാരവൽക്കരിച്ചവരെ ഹരിയാനയിലെയും ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെയും കർഷകമുന്നേറ്റങ്ങൾ വിറളിപിടിപ്പിച്ചിരിക്കുന്നു. കോർപറേറ്റുകൾക്ക് എതിരാകുന്ന സമരം നിർത്തിക്കാൻ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നു. കോടികളുടെ പാക്കേജുകൾ ഉയർത്തിക്കാട്ടി നാവടക്കാൻ ആഹ്വാനംചെയ്യുന്നു. സമരക്കാരെ പരിഷ്‌കാരങ്ങൾക്ക് തടസ്സം നിൽക്കുന്നവരായി മുദ്രകുത്തുന്നു. 

കാർഷികരംഗത്ത് കാലാനുസൃതമായും ശാസ്ത്രസാങ്കേതിക വളർച്ചയോടൊപ്പവും നിരവധി മാറ്റങ്ങൾ വരേണ്ടതുണ്ട്‌. ആ മാറ്റങ്ങൾക്ക് കർഷകസംഘടനകൾ എതിരല്ല. കോർപറേറ്റുകളുടെ കൂലി അടിമകളാക്കി കർഷകരെ മാറ്റുന്ന നയങ്ങളോട് മാത്രമാണ് അവരുടെ എതിർപ്പ്.  കാർഷികപരിഷ്‌കരണങ്ങൾ എന്ന പേരിൽ മുൻകാലങ്ങളിൽ നടപ്പാക്കിയ പല കരിനിയമങ്ങളെയും ശക്തമായി എതിർത്തവരാണ് ഇന്ത്യയിലെ ഇടതുപക്ഷം. ആ തീരുമാനങ്ങളൊക്കെ ശരിയായിരുന്നുവെന്ന് പിൽക്കാലത്ത് തെളിഞ്ഞിട്ടുമുണ്ട്. വിവിധ തൊഴിൽമേഖലകളിൽ കോടിക്കണക്കിന് ആളുകൾ ആ നയങ്ങളുടെയൊക്കെ ദുരന്തഫലം അനുഭവിച്ചു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂട്ടുന്ന നയങ്ങളാണ് ആഗോളവൽക്കരണത്തിനുശേഷം ഇന്ത്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ അതിശക്തമായി സമരരംഗത്തുള്ളത് ഇടതുപക്ഷം മാത്രമാണ്.  

ജൂൺ അഞ്ചിന് കേന്ദ്രസർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചതുമുതൽ വിവിധ കർഷകസംഘടനകൾ പ്രതിഷേധമാരംഭിച്ചതാണ്. പഞ്ചാബ് കരിനിയമങ്ങൾക്കെതിരായ പോരാട്ടങ്ങളുടെ പ്രഭവകേന്ദ്രമായി മാറി. അഖിലേന്ത്യ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി (എഐകെഎസ്‌സിസി) ആഹ്വാനംചെയ്ത പ്രക്ഷോഭസമരങ്ങൾ രാജ്യമെമ്പാടും അലകളുയർത്തിയിട്ടുണ്ട്. ഉദാരവൽക്കരണം തകർത്തെറിഞ്ഞ തങ്ങളുടെ ജീവിതത്തിൽ ഇനിയുമൊരാഘാതംകൂടി താങ്ങാനാകില്ല എന്ന തിരിച്ചറിവാണ് അതിശൈത്യത്തെയും കോവിഡ് മഹാമാരിയെയും അവഗണിച്ച് ഐതിഹാസിക സമരത്തിനോടൊപ്പംതന്നെ നിൽക്കാൻ രാജ്യത്തെ കർഷകരെ പ്രേരിപ്പിക്കുന്നത്.

കെ കെ രാഗേഷ് 

തദ്ദേശ തെരഞ്ഞെടുപ്പു വിചാരങ്ങള്‍ - സി എസ്‌ ചന്ദ്രിക എഴുതുന്നു

കേരളത്തിന്റെ തദ്ദേശഭരണ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതനിരപേക്ഷ, ഇടതുപക്ഷ വിശ്വാസികളും പ്രവർത്തകരുമായ ജനങ്ങൾ ദീർഘമായി ശ്വാസമെടുത്ത് ശാന്തമാകുന്ന സമയമാണിത്. എന്നാൽ, ഈ ശാന്തതയും സമാധാനവും നീണ്ടുനിൽക്കേണ്ടതുണ്ട്. എത്രയധികം അപായകരമാണ് ബിജെപി മുന്നണിക്ക് കേരളത്തിൽനിന്ന് കിട്ടുന്ന ഓരോ വോട്ടും എന്ന ഓർമ ഇടതുപക്ഷക്കാർക്ക് മാത്രമല്ല, മതനിരപേക്ഷ ജനാധിപത്യസമൂഹത്തിനായി ആഗ്രഹിക്കുന്ന എല്ലാവർക്കുമുണ്ടാകണം.

പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിടത്തിനു മുകളിൽ  ബിജെപി പ്രവർത്തകർ സംഘപരിവാർ നിർമിത ശ്രീരാമനെയും കൂടെ ശിവജിയെയും സ്ഥാപിക്കാൻ ശ്രമിച്ചത് കേരളത്തിലെ മുഴുവൻ ജനങ്ങളും അത്യന്തം അപകടകരമായ മുന്നറിയിപ്പായി മനസ്സിലാക്കണം. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് വോട്ടു ചെയ്തവർ മാത്രമല്ല, കഥയറിയാതെ ബിജെപിയുടെ ആട്ടം കാണുന്ന കേരളത്തിലെ എല്ലായിടത്തുമുള്ള വോട്ടർമാരും ബിജെപിയുടെ ദുഷ്ടലാക്കുകളെ അടുത്തുനിന്ന് മനസ്സിലാക്കാനുള്ള അവസരമായി ഇതിനെ കാണുന്നുണ്ടായിരിക്കും.

അതെ. ഇപ്പോഴുള്ളതുപോലെ ഉണ്ണാൻ ഭക്ഷണവും കിടക്കാൻ കിടപ്പാടവും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും രോഗം വരുമ്പോൾ സൗജന്യ ചികിത്സയുമൊക്കെയാണോ വേണ്ടത് അതോ മതസ്പർധയ്ക്കുള്ള ആയുധമായി ബിജെപി നിർമിത രാമനെയും അയ്യപ്പനെയുമൊക്കെയാണോ വേണ്ടത് എന്ന ആലോചന ഈ സന്ദർഭത്തിൽ അത്യാവശ്യമാണ്. പൂർവികർ കഥകളായി പറഞ്ഞു പറഞ്ഞു കൈമാറിത്തന്നും നമ്മൾ തന്നെയും വായിച്ചും നമുക്ക് ചിരപരിചയമുള്ള  ഇതിഹാസ കഥാപാത്രങ്ങളായ രാമനും കൃഷ്ണനും അയ്യപ്പനുമൊന്നുമല്ല ബിജെപി പൊക്കിപ്പിടിച്ചുകൊണ്ടു നടക്കുന്നത് എന്ന് തിരിച്ചറിയാനുള്ള വിവേകബുദ്ധി ഏവർക്കും ഉണ്ടാകട്ടെ.

ക്ഷേത്രങ്ങൾ വിശ്വാസികൾക്കുള്ളതാണ്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, വർഗ ജാതി ഭേദമില്ലാതെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങൾക്കും അവകാശപ്പെട്ട പൊതുസ്ഥലങ്ങളാണ് ക്ഷേത്രങ്ങൾ. അവിടെ ബിജെപി എന്ന  രാഷ്ട്രീയ പാർടിക്ക് എന്താണ് പ്രത്യേക അവകാശമെന്ന് ഓരോ വിശ്വാസിയും തുറന്നുചോദിക്കാൻ തുടങ്ങണം. വിശ്വാസിയുടെ ഭക്തിയെ ഹിന്ദുത്വരാഷ്ട്രീയ വർഗീയ കച്ചവടത്തിനുള്ള വിഭവമായി ദുരുപയോഗം ചെയ്യുന്ന ബിജെപി സംഘപരിവാറിനെ കേരളത്തിലെ ക്ഷേത്രങ്ങളിൽനിന്നും  ക്ഷേത്രപരിസരങ്ങളിൽനിന്നുപോലും നിർമാർജനം ചെയ്യുന്നതു കൂടിയാകണം കേരളത്തിൽ ഉണർന്നുവരുന്ന പുതിയ നവോത്ഥാന മുന്നേറ്റം. പുരാണങ്ങളിൽനിന്നും ഇതിഹാസങ്ങളിൽനിന്നും  ഭാവനകൾകൊണ്ട് നാമോരോരുത്തരും  സ്വന്തമാക്കിയ ഇഷ്ടദൈവങ്ങളെ സ്നേഹിക്കാനും ആരാധിക്കാനും പ്രാർഥിക്കാനുമുണ്ടായിരുന്ന ശാന്തമായ ഇടങ്ങൾ അക്രമത്തിനും സ്വാർഥ രാഷ്ട്രീയത്തിനുംവേണ്ടി  ഇനി വിട്ടുകൊടുക്കുകയില്ല എന്ന് ബിജെപിയെ കേരളത്തിലെ ജനങ്ങൾക്ക്  പഠിപ്പിക്കാനാകുക ഇനി വരാൻപോകുന്ന തെരഞ്ഞെടുപ്പുകളിലൂടെ തന്നെയാണ്. അതുകൊണ്ട്, ഏതാനും മാസങ്ങൾ കഴിഞ്ഞ് വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ്  ജനങ്ങളുടെ ഇനിയും കൂടുതൽ ഉയർന്ന വിവേകത്തിന്റെ പ്രതിഫലനമായി മാറട്ടെ.

ഇന്ത്യയിലെ ബിജെപി ഭരണകേന്ദ്ര ഭീകരത, ഭരണഘടനാ ഭേദഗതിയിലൂടെ കശ്മീരിനെയും പൗരത്വ നിയമത്തിലൂടെ മുസ്ലിം ജനതയെയും കാർഷികനിയമത്തിലൂടെ കർഷകരെയും കൃഷിഭൂമിയെയും പ്രകൃതിവിഭവങ്ങളെയും മാത്രമല്ല, എൻഐഎ, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരളത്തെയും മുഴുവനായി വിഴുങ്ങാൻ  ആഗ്രഹിച്ചുകൊണ്ട് വാ പിളർന്ന് നിൽക്കുന്ന കാഴ്ച അത്രയധികം ഭയാനകമാണ്.

കേരളത്തിലെ കോൺഗ്രസ് പാർടി ഈ വിപത്തുകൾ കാണാൻ കണ്ണില്ലാത്തവരായിപ്പോയി. അതിന്റെ തിരിച്ചടിയാണ് ഇപ്പോൾ കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പിലും അവർ നേരിട്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ കോൺഗ്രസ് മുന്നണിക്ക് കൊടുത്ത വലിയ വിജയം അവസാനത്തെ അവസരമായിരുന്നു എന്നാണ് എന്റെ വിലയിരുത്തൽ.  ബിജെപിക്കെതിരായി കോൺഗ്രസിന്റെ  മതനിരപേക്ഷ മുന്നണി ഇന്ത്യയിൽ  ഭരണത്തിൽ വരണമെന്ന കേരളത്തിന്റെ ആപേക്ഷിക വിവേചനബോധംകൊണ്ടു സംഭവിച്ച വിജയമാണത്.

ഇന്നത്തെ ഇന്ത്യയിൽ  കോൺഗ്രസിന്റെ ശത്രു ഇടതുപക്ഷമല്ല, ബിജെപിയാണ് എന്ന് കേരളത്തിലെ കോൺഗ്രസിന്‌  തിരിച്ചറിവുണ്ടാകാത്തിടത്തോളം കേരളത്തിൽ ബിജെപിയെ വളർത്തുന്നതിലുള്ള മുഖ്യ പങ്ക്  ഇന്ത്യൻ നാഷണൽ കോൺഗ്രസിനും നിർഭാഗ്യവശാൽ  ആ മുന്നണിയിലുള്ള മുസ്ലിം ലീഗിനുമാണ് വന്നുചേരുന്നത്. അതുകൊണ്ട്, കേരളത്തിലെ കോൺഗ്രസും ഘടകകക്ഷികളും ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും കാക്കാൻ നിർണായകമായ ഈ അഞ്ചു വർഷം എന്തു ചെയ്തു എന്നതായിരിക്കും വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾ ഉന്നയിക്കാൻ പോകുന്ന  പ്രധാന ചോദ്യം. ഒപ്പം, സർവവിധത്തിലും പ്രളയമായും കോവിഡായും ദുരിതക്കയത്തിലകപ്പെട്ടുപോയ കേരളത്തെ, അതിന്റെ ജനങ്ങളെ സേവിക്കുന്നതിൽ കോൺഗ്രസ് മുന്നണി എന്തു ചെയ്തു എന്ന അതിനിശിതമായ ചോദ്യവും.

ഈ തദ്ദേശഭരണ തെരഞ്ഞെടുപ്പു ഫലത്തിൽ ഇടതുപക്ഷത്തിനും കേരളത്തിനാകെയും പൊതുവേ ഉണ്ടായിട്ടുള്ള ആശ്വാസത്തിന് വലിയ മൂല്യവും മാനങ്ങളുമുണ്ട്. ഒന്നാമതായി, പ്രകൃതിദുരന്തങ്ങളും മഹാവ്യാധികളുംപോലുള്ള ആപത്തുകളുടെ ആക്രമണം ഉണ്ടാകുമ്പോൾ കേരളത്തെ, അതിന്റെ ജനങ്ങളെ സമാനതകളില്ലാത്ത വിധം രക്ഷിക്കാൻ  സർക്കാരിന് കഴിയുന്നു. ഓഖി ചുഴലിക്കാറ്റ്, 2018ലെ പ്രളയം, 2019ലെ അതിവർഷം, ഉരുൾപൊട്ടൽ, നിപാ, കോവിഡ് എന്നീ അനുഭവങ്ങൾ ജനങ്ങൾ എളുപ്പം മറക്കില്ല. നിരന്തരമായ വികസന, ക്ഷേമപ്രവർത്തനങ്ങളിലൂടെ,  കേരളത്തിലെ ജനങ്ങളെ സാമൂഹ്യ മറവി എന്ന ആപൽക്കരമായ രോഗം ബാധിക്കാതിരിക്കാൻ  സർക്കാർ  സജീവമായി ശ്രദ്ധിക്കുകയും വിജയിക്കുകയും ചെയ്യുന്നു.

രണ്ടാമതായി, തുടക്കത്തിൽ അന്താരാഷ്ട്രതലത്തിൽത്തന്നെ പ്രശംസിക്കപ്പെട്ട കോവിഡ് പ്രതിരോധത്തിലും തുടർന്ന്  ഫലപ്രദമായ കോവിഡ് ചികിത്സാ സംവിധാനങ്ങളിലും ഭക്ഷ്യസുരക്ഷാ ക്രമീകരണങ്ങളിലും കേരള സംസ്ഥാനം സ്വീകരിച്ച് നടപ്പാക്കുന്ന  പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തരും സമാധാനമുള്ളവരുമാണ്. കോവിഡ് കാലത്ത് കേരളത്തിൽ ജീവിക്കാനാകുന്നത് ഭാഗ്യമാണെന്ന സുരക്ഷിതത്വബോധം പൊതുവേ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

മൂന്നാമതായി, ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂൻ കരഞ്ഞുകണ്ടാൽ മതി  എന്ന ഒരു ഉപമയ്‌ക്ക് സമാനമായി  (ഉപമയിലെ സ്ത്രീവിരുദ്ധതലം മാറ്റിവച്ച് വായിക്കണമെന്നപേക്ഷ) കോവിഡിൽ കേരളം മുഴുവനായും ചത്താലും വേണ്ടില്ല, സ്വർണക്കടത്തു കേസിലോ ലൈഫ് മിഷൻ  പ്രശ്നത്തിലോ കുരുങ്ങി ഇടതുസർക്കാർ ഒന്നു വീണുകിട്ടിയാൽ മതി എന്ന വാശിയോടെ സർക്കാരിനെതിരെ  നടന്ന പ്രതിപക്ഷസമരങ്ങൾ  ജനങ്ങളെ തീർത്തും ആശങ്കയിലാക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. ആപൽഘട്ടത്തിൽ സവിശേഷമായി പ്രകടിപ്പിക്കേണ്ടതായ രാഷ്ട്രീയപക്വതയോ തന്ത്രങ്ങളോ ഒന്നുംതന്നെ പ്രതിപക്ഷത്തിന്റെ കൈയിലുണ്ടായില്ല.

നാലാമതായി,  മുഖ്യമായും ബിജെപിക്ക് വളക്കൂറുള്ള അന്തരീക്ഷമുണ്ടാക്കാൻ ആഞ്ഞു ശ്രമിച്ച ചില മുഖ്യധാരാ മാധ്യമങ്ങളിൽ വിശേഷിച്ച് ടെലിവിഷൻ ചാനലുകളിൽ നടന്ന ചർച്ചയെന്നപേരിലുള്ള അട്ടഹാസങ്ങൾ ജനങ്ങൾ അപ്പാടെ ബഹിഷ്കരിച്ചു. സത്യസന്ധവും നീതിപൂർവകവുമല്ലാത്ത, നിക്ഷിപ്തതാൽപ്പര്യംമാത്രം തീർത്തും പ്രകടമാകുന്ന മാധ്യമപ്രവർത്തനത്തിന്റെ ദുർഗന്ധം സ്വന്തം സ്വീകരണമുറികളിൽ നിറയാൻ സമ്മതിക്കാത്ത വലിയൊരു ജനവിഭാഗം കേരളത്തിലുണ്ടായി. എങ്ങനെയായിരിക്കരുത് മാധ്യമപ്രവർത്തനം എന്ന ബോധം മുമ്പെന്നത്തേക്കാളും കൂടുതൽ ജനങ്ങൾക്ക് ഉണ്ടായിരിക്കുന്നു.

ഇനി ഞാൻ പങ്കുവയ്‌ക്കാൻ ശ്രമിക്കുന്നത് മറ്റൊരു ആശങ്കയാണ്. അത് ഈ തെരഞ്ഞെടുപ്പിൽ ട്വന്റി 20യുടെ വളർച്ചയാണ്. കേരളംപോലൊരു സംസ്ഥാനത്ത് കിഴക്കമ്പലം പഞ്ചായത്ത് ഭരണം എങ്ങനെ ട്വന്റി 20 പോലുള്ള കച്ചവടക്കാരുടെ നിയന്ത്രണാധികാരത്തിൽ വന്നു എന്നത് ഇടതുപക്ഷവും കോൺഗ്രസ് പക്ഷവും സ്വയം വിമർശനാത്മകമായി ചിന്തിക്കേണ്ടതായ കാര്യമാണ്. ട്വന്റി 20യ്ക്ക് മൂന്നു പഞ്ചായത്തിൽ ഭരണാധികാരം ലഭിക്കുമ്പോൾ ആ പഞ്ചായത്തുകളിലെ ജനങ്ങൾക്ക്  കൂടുതലായി എന്താണ് നേട്ടമുണ്ടാകുന്നത്, അല്ലെങ്കിൽ കൂടുതലായി എന്താണ് നഷ്ടപ്പെടുന്നത്, അപകടത്തിലാകുന്നത് എന്നത് കേരളത്തിൽ നിശിതമായി ചർച്ച ചെയ്യപ്പെടണം. ആ പഞ്ചായത്തിലെ ജനങ്ങൾക്കിടയിൽ തുല്യമായ ജനാധിപത്യപരമായ അവകാശങ്ങളും രാഷ്ട്രീയ ചർച്ചകളും പ്രവർത്തനങ്ങളും സംഭവിക്കുന്നതിൽ വിലക്കുകൾ സംഭവിക്കുന്നുണ്ട് എന്ന് പുറത്തുവരുന്ന വാർത്തകൾ  അസ്വസ്ഥജനകമാണ്.  കിറ്റെക്സ് കമ്പനി മുതലാളിയുടെ സിഎസ്ആർ ഫണ്ടിന്റെ തിളക്കമാണ് അവിടത്തെ  വികസനമെങ്കിൽ  നാളെ അദാനിയുടെ സിഎസ്ആർ ഫണ്ടിന്റെ പ്രച്ഛന്നവേഷങ്ങൾക്ക്  ജനങ്ങളുടെ വോട്ട് നേടിയെടുക്കാൻ സാധിക്കുകയില്ല എന്ന് കരുതാനാകുമോ? ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്ത്  സർക്കാർ തനത്ഫണ്ട് വിനിയോഗത്തിൽ വരുത്തുന്ന വീഴ്ചകൾക്ക് എന്ത് ന്യായീകരണമാണ് നൽകുന്നത്?  ട്വന്റി 20 പഞ്ചായത്തുകളിലെ ജനങ്ങളെ ജനാധിപത്യരാഷ്ട്രീയത്തിന്റെ വികസന പ്രക്രിയകളിലേക്ക്  സജീവമായി കൊണ്ടുവരികയും പങ്കെടുപ്പിക്കുകയും ചെയ്യാനുള്ള സാധ്യതകൾ ഇപ്പോൾ എന്തുകൊണ്ട് തടയപ്പെടുന്നു?  അക്കാദമിക്, സാമൂഹ്യ പ്രവർത്തന, വികസന രംഗത്തുള്ളവരുടെ നേതൃത്വത്തിൽ  ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടുകൂടി വിശദമായ സോഷ്യൽ ഓഡിറ്റിങ്‌ നടക്കേണ്ടതുണ്ട്.  ആ റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാകുകയും വേണ്ടതുണ്ട്.

സി എസ്‌ ചന്ദ്രിക

കർഷകരോഷത്തിൽ എൻഡിഎ തകരുന്നു

കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന്‌ കാർഷികനിയമത്തിനെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന പ്രക്ഷോഭം ഒരു മാസം പിന്നിട്ടിരിക്കുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തെയെന്നപോലെ കർഷകസമരത്തെയും തകർക്കാർ മോഡി സർക്കാർ അവരുടെ ആവനാഴിയിലെ എല്ലാ അമ്പും തൊടുത്തുവിട്ടെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ലെന്ന്‌ മാത്രം. ദിനംപ്രതിയെന്നോണം ഡൽഹി അതിർത്തിയിൽ സമരപതാകയുമായി എത്തുന്ന കർഷകരുടെ എണ്ണം കൂടിക്കൂടി വരികയാണ്‌. പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തർപ്രദേശിലെയും കർഷകരാണ്‌ തുടക്കത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ രാജസ്ഥാനിൽനിന്നും മഹാരാഷ്ട്രയിൽനിന്നും ഗുജറാത്തിൽനിന്നും കർഷകർ തലസ്ഥാന നഗരിയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. അതായത്‌, സമരത്തെ തകർക്കാനുള്ള മോഡി സർക്കാരിന്റെ എല്ലാ ശ്രമവും കർഷകരുടെ നിശ്ചയദാർഢ്യത്തിനുമുമ്പിൽ തകർന്നടിയുകയാണ്‌. അതോടൊപ്പം കേന്ദ്രഭരണത്തിന്‌ നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യസഖ്യം അഥവാ എൻഡിഎ ദിനംപ്രതി ശോഷിച്ചുവരികയും ചെയ്യുന്നു.

കർഷകസമരം തുടങ്ങിയതിനുശേഷം രണ്ട്‌ സഖ്യകക്ഷിയാണ്‌ എൻഡിഎയോട്‌ വിടപറഞ്ഞത്‌. കർഷകർപ്രക്ഷോഭം ആരംഭിച്ച ഘട്ടത്തിലാണ്‌ ശിരോമണി അകാലിദൾ എൻഡിഎ സഖ്യം വിട്ടത്‌. മോഡി മന്ത്രിസഭയിൽ അംഗമായിരുന്ന അകാലിദൾ പ്രതിനിധി ഹർസിമ്രത്‌ കൗർ സെപ്‌തംബർ 17ന്‌ രാജിവച്ചു. മോഡി ഗവൺമെന്റിൽ ഭക്ഷ്യസംസ്‌കരണ മന്ത്രിയായിരുന്നു ഭട്ടിൻഡയിൽ നിന്നുള്ള ഈ അകാലിദൾ എംപി. ബിജെപിയുമായുള്ള 23 വർഷത്തെ ബന്ധമാണ്‌ അകാലിദൾ അവസാനിപ്പിച്ചത്‌. പഞ്ചാബിൽ രാഷ്ട്രീയമായി പിടിച്ചുനിൽക്കണമെങ്കിൽ കർഷകരുടെ പിന്തുണ അനിവാര്യമാണെന്നതിനാലാണ്‌ ബാദൽകുടുംബം നയിക്കുന്ന അകാലിദൾ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്‌. ദീർഘകാലം പഞ്ചാബ്‌ ഭരിച്ച പാർടിയാണ്‌ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്‌.

അകാലിദളിനുശേഷം ഇപ്പോൾ രാജസ്ഥാനിൽനിന്നുള്ള സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്‌താന്ത്രിക്‌ പാർടിയും(ആർഎൽപി) എൻഡിഎയോട്‌ വിടപറഞ്ഞിരിക്കുകയാണ്‌. വിവാദമായ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം കേന്ദ്രസർക്കാരുമായി നടന്ന അരഡസൻ ചർച്ചയ്‌ക്കുശേഷവും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ്‌ ആർഎൽപി എൻഡിഎ വിട്ടത്‌. നഗോറിൽനിന്നുള്ള ലോക്‌സഭാംഗം ഹനുമാൻ ബെനിവാൾ നയിക്കുന്ന പാർടിയാണിത്‌. ജാട്ട്‌, ഗുജ്ജർ കർഷകരാണ്‌ പ്രധാനമായും ഹനുമാൻ ബെനിവാളിന്റെ പിന്നിൽ അണിനിരന്നിട്ടുള്ളത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ അന്നത്തെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ‌ വസുന്ധരരാജെ സിന്ധ്യയുമായി തെറ്റിപ്പിരിഞ്ഞ്‌ ആർഎൽപി എന്ന പാർടിക്ക്‌ ബെനിവാൾ രൂപം നൽകിയത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിച്ച ബെനിവാൾ കർഷകർ സമരപതാകയേന്തിയതോടെയാണ്‌ ബിജെപിവിരുദ്ധ നിലപാടിലേക്ക്‌ വീണ്ടും വരുന്നത്‌. അടുത്തിടെ നടന്ന രാജ്സ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്കെതിരായ നിലപാടാണ്‌ ബെനിവാൾ സ്വീകരിച്ചത്‌.

അകാലിദളും ആർഎൽപിയും എൻഡിഎ വിട്ടതോടെ ഹരിയാനയിലെ ജനനായക്‌ ജനതാപാർടിയിലും(ജെജെപി) ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ കടുത്ത സമ്മർദം ഉയരുകയാണ്‌. ജാട്ട്‌ കർഷകരുടെ നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ചൗധരി ദേവിലാലിന്റെ കുടുംബത്തിൽ പിറന്ന ദുഷ്യന്ത്‌ ചൗതാലയാണ്‌ ജെജെപിയുടെ നേതാവ്‌. കർഷകർക്കൊപ്പം എന്നും നിലയുറപ്പിച്ച ദേവിലാലിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച്‌ ദുഷ്യന്ത്‌ ചൗതാലയും ഹരിയാനയിലെ മനോഹർലാൽ ഖട്ടർ സർക്കാരിൽനിന്ന്‌ രാജിവച്ച്‌ പുറത്തുവരണമെന്നാണ്‌ കർഷകരുടെ ആവശ്യം.

ബിജെപിക്കെതിരെ വോട്ട്‌ തേടി 10 സീറ്റ്‌ നേടുകയും അവസാനം ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രിയാകുകയും ചെയ്‌ത ദുഷ്യന്ത്‌ ചൗതാല ഇപ്പോഴെങ്കിലും ഹരിയാനയിലെ കർഷകർക്കൊപ്പം നിൽക്കണമെന്നാണ്‌ ആവശ്യം. എന്നാൽ, അനുകൂലമായി പ്രതികരിക്കാൻ ഇതുവരെയും ദുഷ്യന്ത്‌ ചൗതാല തയ്യാറായിട്ടില്ല. പാർലമെന്റ്‌ പാസാക്കിയ നിയമങ്ങൾ കർഷകരുടെ ഉന്നമനത്തിനാണെന്ന്‌ ആദ്യഘട്ടത്തിൽ വാദിച്ച ദുഷ്യന്ത്‌ ചൗതാല ഇപ്പോൾ നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്ന്‌ വാദിക്കാൻ തുടങ്ങിയിട്ടുണ്ട്‌. കർഷകർക്കൊപ്പം നിൽക്കാൻ തയ്യാറാകാത്തപക്ഷം ദുഷ്യന്ത്‌ ചൗതാലയുടെ രാഷ്ട്രീയഭാവിയിൽ കരിനിഴൽ വീഴുമെന്ന്‌ കർഷകരുടെ പ്രതിഷേധം വിരൽചൂണ്ടുന്നു.

ഇരുപത്തഞ്ചോളം കക്ഷിയുമായി വാജ്‌പേയിയുടെ കാലത്ത്‌ രൂപംകൊണ്ട എൻഡിഎയുടെ തകർച്ചയും കർഷകരുടെ രോഷവും തമ്മിൽ അടുത്തബന്ധമുണ്ടെന്ന്‌ കാണാം. മധ്യപ്രദേശിലെ മന്ദ്‌സോറിൽ 2017 ജൂണിൽ കർഷകർക്കുനേരെ നടന്ന വെടിവയ്‌പിൽ  അഞ്ച്‌ പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച്‌ പുണെയിലെ ഷേത്‌കാരി സംഘടൻ എന്ന സംഘടനയാണ്‌ മോഡി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച്‌ എൻഡിഎ വിടുന്നത്‌. ടിഡിപിയുംഅസം ഗണപരിഷത്തും എൻഡിഎ വിട്ടു. തുടർന്നാണ്‌, 35 വർഷത്തെ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ശിവസേന തയ്യാറായത്‌. നിലവിൽ ബിഹാറിലെ ജെഡിയു മാത്രമാണ്‌ എൻഡിഎയുടെ ഭാഗമായ പ്രമുഖ കക്ഷി. ലോക്‌സഭയിൽ ബിജെപിക്ക്‌ തനിച്ച്‌ ഭൂരിപക്ഷമുള്ളതിനാൽ മോഡി സർക്കാരിന്‌ തൽക്കാലം ഭീഷണിയില്ലെങ്കിലും കർഷകപ്രക്ഷോഭം മോഡി സർക്കാരിന്റെ രാഷ്ട്രീയപിന്തുണ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്‌. സഖ്യകക്ഷികൾ എൻഡിഎ ഉപേക്ഷിക്കുന്നത്‌ ഇതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌.

deshabhimani editorial

കേന്ദ്ര കാർഷിക നിയമങ്ങൾക്ക്‌ ബദലൊരുക്കി കേരളം

മണ്ണിൽ പൊന്നുവിളയിക്കുന്നവർക്കും അന്നമൂട്ടുന്നവർക്കും തീരാദുരിതമൊരുക്കുന്ന കേന്ദ്രസർക്കാരിന്‌ മറുപടിയേകി കേരളം. കോർപറേറ്റ് കമ്പനികൾക്ക് സഹായകരമായ കേന്ദ്ര കാർഷിക നിയമങ്ങൾക്ക് ബദലൊരുക്കിയാണ്‌ മലയാളത്തിന്റെ മറുപടി. കാർഷിക മേഖലയുടെയും സഹകരണപ്രസ്ഥാനത്തിന്റെയും ശാക്തീകരണം വഴി കുത്തക ഭീമന്മാരിൽനിന്ന്‌ കർഷകരെ രക്ഷിക്കലാണ് കേരളം ഉദ്ദേശിക്കുന്നത്. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളെ  ശക്തിപ്പെടുത്തി കൃഷി, തദ്ദേശം, വ്യവസായം, ഫിഷറീസ്, സഹകരണം തുടങ്ങിയ വകുപ്പുകളുമായിചേർന്ന് വിത്തുമുതൽ വിപണിവരെ ശക്തമായ ഇടപെടൽ നടത്തും.

കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നിയമങ്ങളെ മറികടക്കാനുള്ള നിയമവശങ്ങൾ പഠിക്കാൻ സംസ്ഥാന കൃഷിവകുപ്പ് ഉന്നതതലസമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ കരട് റിപ്പോർട്ട് തിങ്കളാഴ്ച ഫിഷറീസ്, മൃഗ സംരക്ഷണം വകുപ്പുകളുടെ മേധാവികളുമായി ചർച്ച ചെയ്യും. കർഷക സംഘടനകളുമായും ചർച്ചചെയ്‌താവും അന്തിമരൂപം നൽകുക. നിലവിലുള്ള 16 ഇനങ്ങൾക്ക് പുറമെ കൂടുതൽ വിളകൾക്ക് അടിസ്ഥാന വില ഏർപ്പെടുത്തുന്നതും സർക്കാർ പരിഗണിച്ചേക്കും.

എപിഎംസി നിയമം നടപ്പാക്കാത്ത കേരളം എന്തിനാണ് കർഷക പ്രക്ഷോഭത്തെ പിന്തുണയ്‌ക്കുന്നതെന്ന പ്രധാനമന്ത്രിയുടെ മൻ കി ബാത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയർന്നു. കർഷകർ ഉല്പന്നങ്ങളുമായി മണ്ഡികളിലേക്ക് പോവുകയല്ല, മറിച്ച് സർക്കാർ സംവിധാനങ്ങൾ കർഷകരിൽനിന്ന്‌ മികച്ച വില നൽകി വിഭവങ്ങൾ നേരിട്ട്‌ സംഭരിക്കുന്ന  സംവിധാനമാണ് കേരളത്തിലുള്ളത്.  ഈ സംഭരണ-വിതരണ സംവിധാനത്തെയും റേഷനിങ് സമ്പ്രദായത്തെയും  കുത്തകകളെ ഏൽപ്പിക്കാനാണ് കേന്ദ്ര നീക്കം. സംസ്ഥാനത്ത്‌ എൺപത് ശതമാനത്തോളം നാണ്യ വിളകളാണ്. റബർ, കാപ്പി, തേയില, ഇഞ്ചി, ഏലം, കുരുമുളക്, നാളികേരം തുടങ്ങിയ ഉല്പന്ന വിപണനത്തിന് ടീ ബോർഡ്, കോഫി ബോർഡ്, സ്പൈസസ് ബോർഡുകൾ പോലെയുള്ള സംവിധാനങ്ങളുണ്ട്. ഈ ബോർഡുകളെ ദുർബലമാക്കാനുള്ള ശ്രമങ്ങളും കേന്ദ്രം  തുടങ്ങി.

കേരളത്തിൽ നെല്ല് സംഭരണത്തിന് സർക്കാർ സംവിധാനമുണ്ട്. കേന്ദ്രം നിശ്ചയിക്കുന്ന താങ്ങുവിലയെക്കാൾ 50 ശതമാനം അധികം നൽകി 27.48 രൂപയ്‌ക്കാണ് കേരളം നെല്ല് സംഭരിക്കുന്നത്. 18.48 രൂപയാണ് കേന്ദ്രത്തിന്റെ താങ്ങുവില. ഇന്ത്യയിലാദ്യമായി നെൽവയലുടമകൾക്ക് ഹെക്ടറിന് 2000 രൂപ വീതം റോയൽറ്റിയുമുണ്ട്‌. കൃഷി വകുപ്പിന്റെ 1883 സംഭരണ-വിതരണ കാർഷിക ചന്തയും വിഎഫ്പിസികെയുടെ 283 സംഭരണ വിപണിയുമുണ്ട്.  കർഷകർക്കായി കടാശ്വസ കമീഷനും ക്ഷേമനിധി ബോർഡും ഉള്ളതും കേരളത്തിൽമാത്രം.

സുമേഷ്‌ കെ ബാലൻ

ഇവർ കുട്ടികളല്ല; നാടിൻ നായികമാർ ; തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്ത്‌ സിപിഐ എം നിയോഗിച്ച മിടുക്കികൾ

ഇവർ കുട്ടികളല്ല; നാടിൻ നായികമാർ ; തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്ത്‌ സിപിഐ എം നിയോഗിച്ച മിടുക്കികൾ; നാടിന്റെ മിടിപ്പറിയുന്ന അഭിമാന താരങ്ങൾ

തലസ്ഥാന കോർപറേഷനിലടക്കം തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്ത്‌ ഇക്കുറി സിപിഐ എം നിയോഗിച്ച ചെറുപ്പക്കാരികൾ നാടിന്റെ അഭിമാന താരങ്ങൾ. അഞ്ചിടത്ത്‌ 25 വയസ്സിന്‌ താഴെയുള്ള മിടുക്കികളാണ്‌ നാടിന്റെ അമരക്കാരാകുന്നത്‌‌.

ആര്യ രാജേന്ദ്രൻ

(തിരുവനന്തപുരം)

തിരുവനന്തപുരം കോർപറേഷൻ മേയറാകുന്ന ആര്യ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന കീർത്തി കൂടി സ്വന്തമാക്കുകയാണ്‌. 21 കാരിയായ ആര്യ മുടവൻമുഗൾ വാർഡിലെ കൗൺസിലറാണ്‌. ബാലസംഘം സംസ്ഥാന പ്രസിഡന്റ്‌, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, സിപിഐ എം കേശവദേവ്‌ റോഡ്‌ ബ്രാഞ്ചംഗം എന്നീ നിലകളിൽ തിളങ്ങിയ ആര്യ ബിഎസ്‌സി ഗണിതം രണ്ടാം വർഷ വിദ്യാർഥിനിയാണ്‌.

രേഷ്‌മ മറിയം റോയി‌

(അരുവാപ്പുലം, പത്തനംതിട്ട)

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത്‌ പ്രസിഡന്റാകുകയാണ്‌ അരുവാപ്പുലത്തുനിന്ന്‌ രേഷ്‌മ മറിയം റോയി‌. ഊട്ടുപാറ വാർഡിലാണ്‌ ജയിച്ചത്‌. 15 വർഷമായി യുഡിഎഫ്‌ ഭരണമായിരുന്ന അരുവാപ്പുലത്ത്‌, ഇനി രേഷ്‌മ നയിക്കുന്ന നാളുകൾ. സിപിഐ എം ഊട്ടുപാറ ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗവുമാണ്. ഊട്ടുപാറ തുണ്ടിയാംകുളത്ത്‌ റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും ഇളയ മകൾ.

രാധിക മാധവൻ

(മലമ്പുഴ, പാലക്കാട്‌)

മലമ്പുഴ പഞ്ചായത്തിൽ ഇരുപത്തിമൂന്നുകാരി രാധിക മാധവൻ പ്രസിഡന്റാവും. ആനക്കല്ല‌്‌, കൊല്ലംകുന്ന്‌ കോളനിയിൽ മാധവന്റെയും ശാന്തയുടെയും മകളാണ്‌. പാലക്കാട്‌ ഗവ. വിക്ടോറിയ കോളേജിൽനിന്ന്‌ മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ആനക്കല്ല‌്‌ ട്രൈബൽ സ്‌കൂളിൽ ഗസ്‌റ്റ്‌ അധ്യാപികയായിരുന്നു.

അനസ്‌ റോസ്‌ന സ്‌റ്റെഫി

(പൊഴുതന, വയനാട്‌)

ഇരുപത്തിമൂന്നുകാരി അനസ്‌ റോസ്‌ന സ്‌റ്റെഫി വയനാട്ടിലെ പൊഴുതന പഞ്ചായത്തിന്റെ പ്രസിഡന്റാകും. ഇഗ്‌നോയിൽ ഡിസാസ്‌റ്റർ മാനേജ്‌മെന്റിൽ പിജി ചെയ്യുന്നതിനിടയിലാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥിയായത്‌. ജനറൽ സീറ്റിൽ മത്സരിച്ചാണ്‌‌ അനസ്‌ റോസ്‌ന വിജയിച്ചത്‌.  പൊഴുതന സുഗന്ധഗിരി ചടച്ചിക്കുഴിയിൽ സുനിലിന്റെയും -സുജയുടെയും മകളാണ്‌.



ശാരുതി

(ഒളവണ്ണ, കോഴിക്കോട്‌)

കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി 22കാരി ശാരുതി സ്ഥാനമേൽക്കും. പൊതുപ്രവർത്തന രംഗത്ത്‌ സജീവമായ ശാരിതി ബുള്ളറ്റിൽ സഞ്ചരിച്ച്‌ ശ്രദ്ധ നേടി. അവസാനവർഷ നിയമ വിദ്യാർഥിയാണ്‌. -ഇരിങ്ങല്ലൂരിലെ റേഷൻ കടക്കാരന് കോവിഡ് ബാധിച്ചപ്പോൾ കടയുടെ പ്രവർത്തനം ഏറ്റെടുത്തത്‌ ഏറെ പ്രശംസ നേടി. ഒന്നാം വാർഡിൽനിന്നാണ്‌ ജയിച്ചത്‌. സിപിഐ എം ഇരിങ്ങല്ലൂർ ബ്രാഞ്ചംഗം. അച്ഛൻ പറശേരി മനോഹരൻ, അമ്മ എം റജീന.

രേഷ്‌മയ്‌ക്കും റെക്കോഡ്‌

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത്‌ പ്രസിഡന്റെന്ന റെക്കോഡ് അരുവാപ്പുലത്തിന്റെ രേഷ്‌മയ്‌ക്ക്‌. ഇരുപത്തൊന്ന്‌ വയസ്സും രണ്ടു മാസവുംമാത്രം പ്രായമുള്ള രേഷ്‌മ മറിയം റോയി‌യെ പഞ്ചായത്ത്‌ പ്രസിഡന്റായി സിപിഐ എം നിയോഗിച്ചു. നവംബറിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന്റെ‌ തലേന്നാണ്‌ 21 വയസ്സ്‌ തികഞ്ഞത്‌. ഊട്ടുപാറ വാർഡിൽ ജയിച്ചപ്പോൾ രേഷ്‌മ നടന്നുകയറിയത്‌ ചരിത്രത്തിലേക്ക്‌ കൂടിയാണ്‌.

Sunday, December 27, 2020

ആര്യാ രാജേന്ദ്രൻ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും; തിരുവനന്തപുരത്തിന്‌ അപൂർവ നേട്ടം

 ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിയാകും.

മുടവൻമുഗൾ വാർഡിൽ നിന്നുമാണ്‌ ആര്യ വിജയിച്ചത്‌. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്‌എഫ്‌ഐ സംസ്ഥാനകമ്മിറ്റിയംഗവുമാണ്‌. ബിഎസ്‌സി രണ്ടാം വർഷഗണിത വിദ്യാർഥിനിയാണ്‌ ആര്യ.  549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌.

മേയറായി തെരഞ്ഞെടുക്കപ്പെടുന്നതോടെ ഈ പദവിയിൽ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും. തിങ്കളാഴ്‌ചയാണ്‌ മേയർ തെരഞ്ഞെടുപ്പ്‌. 52 വാർഡുകളിൽ വിജയിച്ച്‌ കേവലഭൂരിപക്ഷം സ്വന്തമാക്കിയാണ്‌ കോർപറേഷനിൽ എൽഡിഎഫ്‌ അധികാരം നിലനിർത്തിയത്‌. ഒരു സ്വതന്ത്രയുടെ പിന്തുണയുമുണ്ട്‌. എൻഡിഎ 35, യുഡിഎഫ്‌ പത്ത്‌, സ്വതന്ത്രർ മൂന്ന്‌ എന്നിങ്ങനെയാണ്‌ നില.

പാർട്ടി ഏൽപ്പിക്കുന്ന ഏത്‌ ദൗത്യവും സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യ പ്രതികരിച്ചു.  ഉത്തരവാദിത്വത്തിനൊപ്പം പഠനവും കൂടി മുന്നോട്ട് കൊണ്ടു പോകണമെന്നാണ് കരുതുന്നത്. വിദ്യാർത്ഥിനികളും വിദ്യാഭ്യാസമുള്ളവരും വരണമെന്നുളളതും ജനങ്ങളുടെ കാഴ്‌ചപ്പാടാണെന്നും ആര്യ വ്യക്തമാക്കി.

ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്‌സി മാത്‌സ് വിദ്യാർഥിനിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്. മകളിൽ പ്രതീക്ഷയെന്ന് പിതാവ് രാജേന്ദ്രൻ പ്രതികരിച്ചു. തീരുമാനങ്ങൾ എപ്പോഴും ആര്യയ്ക്ക് വിട്ടു കൊടുക്കാറാണ് പതിവ്. മേയർ ആകും എന്നറിയുന്നതിൽ  സന്തോഷം എന്നും രാജേന്ദ്രൻ പ്രതികരിച്ചു.

നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണത്തോടെയാണ് വി കെ പ്രശാന്ത് 2015 ൽ നഗരത്തിന്റെ 44–മത് മേയറായി എത്തിയതെങ്കിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന സവിശേഷതയാണ് ആര്യയെ കാത്തിരിക്കുന്നത്.

തിരുവനന്തപുരത്തെ മൂന്നാമത്തെ വനിതാ മേയർ എന്ന പ്രത്യേകത കൂടി ഇതോടെ ആര്യയ്ക്കുണ്ടാകും. 2000–2005 കോർപ്പറേഷൻ മേയറായ പ്രഫ. ജെ ചന്ദ്രയും 2010–2015 കാലയളവിൽ മേയറായ അഡ്വ. കെ ചന്ദ്രികയുമാണ് വനിതാ മേയർമാരിലെ മുൻഗാമികൾ. മൂവരും സിപിഐ എം പ്രതിനിധികളാണെന്ന പ്രത്യേകതയുമുണ്ട്.

യുവത്വത്തിന്റെ ചിറകിലേറി

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന നേട്ടത്തിന്‌ അരികിലാണ്  ആര്യ രാജേന്ദ്രൻ. മേയർ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം  അറിഞ്ഞതോടെ അഭിനന്ദന പ്രവാഹമാണ്‌. ആശംസകൾക്കുള്ള മറുപടിയിൽ തെളിയുന്നത് അഭിമാനവും ആത്മവിശ്വാസവും. പ്രൊഫ. ജെ ചന്ദ്ര, കെ ചന്ദ്രിക എന്നിവർക്ക്‌ ശേഷം തലസ്ഥാനത്തിന്റെ  മൂന്നാമത്തെ വനിതാ മേയറാണ്‌. 

വി കെ പ്രശാന്തിന്‌ ശേഷം ലഭിക്കുന്ന പ്രായം കുറഞ്ഞ മേയറും. കാർമൽ, കോട്ടൺഹിൽ സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു എസ്‌എസ്‌എൽസി, പ്ലസ്‌ടു വിദ്യാഭ്യാസം. നിലവിൽ ഓൾ സെയ്‌ന്റ്‌സ്‌ കോളേജിൽ രണ്ടാം വർഷ ബിരുദവിദ്യാർഥിനി. ആര്യയുടെ വാക്കുകളിലേക്ക്.

വലിയ ഉത്തരവാദിത്തം

വലിയ ഉത്തരവാദിത്തമാണ്‌ ഏൽപിച്ചിരിക്കുന്നത്‌. നല്ലരീതിയിൽ അത്‌ നിർവഹിക്കാനാകുമെന്ന്‌ വിശ്വാസമുണ്ട്‌. കക്ഷി രാഷ്ട്രീയത്തിനും ജാതി, മത വ്യത്യാസങ്ങൾക്കും അതീതമായും പ്രവർത്തിക്കും. എല്ലാവരെയും ഒത്തിണക്കി കൊണ്ടു പോകും. സ്‌ത്രീകൾക്കും യുവജനങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേകം പ്രവർത്തിക്കും. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്‌ ഉയരുകയെന്നതും ലക്ഷ്യമാണ്‌.

പക്വത നിശ്ചയിക്കുന്നത്‌ പ്രായമല്ല

പ്രായം കൊണ്ട്‌ പക്വത നിശ്ചയിക്കാനാവില്ല. സംഘടനാ രംഗത്ത്‌ സജീവമാണ്‌. നല്ലരീതിയിൽ പ്രവർത്തിക്കാനാവശ്യമായ അറിവും സഹായവും പാർടി നൽകിയിരുന്നു. പ്രവർത്തനം കണ്ടാണ്‌ പാർടി സ്ഥാനാർഥിയാക്കിയതും.

ഇടതുപക്ഷമാണ്‌ ശരി

ചെറുപ്പത്തിൽ തന്നെ ഇടതുപക്ഷമാണ്‌ ശരിയെന്ന്‌ ബോധ്യപ്പെട്ടിരുന്നു. ആ ബോധ്യമാണ്‌ ബാലസംഘത്തിലും എസ്‌എഫ്‌ഐയിലും പാർടിയിലും എത്തിച്ചത്‌. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ബാലസംഘത്തിന്റെ സജീവ പ്രവർത്തകയായി. അച്ഛനുൾപ്പെടെയുള്ളവർ പാർടി അംഗമാണ്‌. ഓർമവച്ച നാൾ മുതൽ പാർടിയെ കണ്ടാണ്‌ വളർന്നത്‌.

അറിയാം സാധാരണക്കാരന്റെ മനസ്‌

സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ നടപ്പാക്കണം. എല്ലാവാർഡുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഒരുക്കണം. യുവാക്കളുടെ തൊഴിലില്ലായ്‌മ പരിഹരിക്കാനും  പദ്ധതികൾ തയ്യാറാക്കണം. വിദ്യാർഥികളെ കൂടുതൽ മിടുക്കരാക്കാനുള്ള പരിപാടികളും ആവിഷ്‌കരിക്കണം.

പഠനവും മുന്നോട്ട്‌

പഠനവും ജനപ്രതിനിധിയെന്ന ഉത്തരവാദിത്തവും ഒരുമിച്ച്‌ കൊണ്ടു പോകും. വിദ്യാഭ്യാസത്തിന്‌ തടസം നേരിടുമെന്ന്‌ കരുതുന്നില്ല. പഠിക്കുന്നത്‌ ജനപ്രതിനിധിയെന്ന നിലയിൽ കൂടുതൽ ഗുണം ചെയ്യും.

മുഖ്യമന്ത്രി മാതൃക

ഒരോരുത്തരും ഒരോനിലയിൽ മാതൃകയാണ്‌. പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യുന്നുവെന്നാണ്‌ പ്രധാനമായും നോക്കുന്നത്‌. അങ്ങനെ നോക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഏറ്റവും വലിയ മാതൃക.

തിരുവനന്തപുരത്തിന്‌ സമരയൗവനം; അഡ്വ. ഡി സുരേഷ്‌കുമാർ എൽഡിഎഫ്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനാർഥി

തിരുവനന്തപുരം > സമഗ്രവും സർഗാത്മകവുമായ വികസനപദ്ധതികളിലൂടെ ദേശീയ അംഗീകാരം നേടിയ തലസ്ഥാനത്തെ ജില്ലാപഞ്ചായത്തിനെ നയിക്കാനും എൽഡിഎഫ്‌ നിയോഗിക്കുന്നത്‌ സമരോത്സുകതയുടെ ഊർജമുൾക്കൊള്ളുന്ന യൗവനത്തെ. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയായ എൽഡിഎഫ്‌ പ്രതിനിധി ഡി സുരേഷ്‌കുമാർ തലസ്ഥാനത്തെ സമരമുഖങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.


 [ഡി സുരേഷ്‌കുമാർ]

യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റായ മലയിൻകീഴിൽനിന്ന്‌ അയ്യായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ സുരേഷ്‌കുമാർ വിജയിച്ചത്‌. നാൽപ്പത്തിരണ്ടുകാരനായ സുരേഷ് കുമാർ സിപിഐ എം നേമം ഏരിയ കമ്മിറ്റിയംഗവും പട്ടിക ജാതി ക്ഷേമസമിതി ജില്ലാ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌.

ജില്ലാപഞ്ചായത്തംഗമായും ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷനായും ജനപ്രതിനിധിയായും കഴിവ്‌ തെളിയിച്ചു. 2005ൽ ബാലരാമപുരം ഡിവിഷനിൽനിന്ന്‌ റെക്കോഡ്‌ ഭൂരിപക്ഷത്തിൽ ജില്ലാപഞ്ചായത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. നേമം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും മികച്ച പ്രകടനം കാഴ്‌ചവച്ചു. റസൽപുരം പാറക്കുഴി സ്വദേശിയായ സുരേഷ് കുമാർ എസ്എഫ്ഐയിലൂടെയാണ്‌ സംഘടനാരംഗത്ത്‌ സജീവമായത്‌. ജില്ലയിൽ വിദ്യാർഥി, യുവജന സമരങ്ങൾക്ക്‌ നേതൃത്വം നൽകി അഞ്ചു തവണ ജയിൽവാസം അനുഭവിച്ചു.

കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽനിന്ന്‌ ബിരുദവും യൂണിവേഴ്‌സിറ്റി കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും ലോ അക്കാദമിയിൽനിന്ന് എൽഎൽബിയും കരസ്ഥമാക്കി. നെയ്യാറ്റിൻകര, പാറശാല, വഞ്ചിയൂർ കോടതികളിൽ അഭിഭാഷകനാണ്‌. ഭാര്യ ഗ്രീഷ്‌മ ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്‌. സ്കൂൾ വിദ്യാർഥികളായ അദ്വൈത് ജി സുരേഷ്, അനിരുദ്ധ് ജി സുരേഷ് എന്നിവർ മക്കൾ.

ഏറെ പ്രശംസനീയമായ പ്രവർത്തനത്തിലൂടെ ഗിന്നസ്‌ റെക്കോഡ്‌ ഉൾപ്പെടെ നേടിയ കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതിയുടെ മികവാർന്ന പ്രകടനത്തിന്റെ തുടർച്ചയാകും വരുന്ന അഞ്ചുവർഷങ്ങളിലെന്ന്‌ ഡി സുരേഷ്‌കുമാർ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. 

വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയായ എ ഷൈലജ ബീഗം കഴിഞ്ഞ ഭരണസമിതിയിലും വൈസ്‌ പ്രസിഡന്റായിരുന്നു. കിഴുവിലം ജില്ലാ ഡിവിഷനിൽനിന്ന്‌ വിജയിച്ച അവർ സിപിഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമാണ്‌. 30ന് പകൽ 11ന്‌ ചേരുന്ന ജില്ലാപഞ്ചായത്ത്‌ ഭരണസമിതിയിലാണ്‌ തെരഞ്ഞെടുപ്പ്‌. 26 ഡിവിഷനുകളുള്ള ജില്ലാപഞ്ചായത്തിൽ 20 സീറ്റോടെയാണ്‌ എൽഡിഎഫ്‌ ഭരണം നിലനിർത്തിയത്‌.

വിളസംഭരണം: പ്രധാനമന്ത്രി കേരളത്തെ മാതൃകയാക്കണം: കിസാൻസഭ

 ന്യൂഡൽഹി > വിള സംഭരണത്തിൽ കേരളത്തെ മാതൃകയാക്കണമെന്ന്‌ കേന്ദ്രത്തോട്‌ അഖിലേന്ത്യാ കിസാൻ സഭ ആവശ്യപ്പെട്ടു. കേരളത്തിലെയോ രാജ്യത്തെയോ കാർഷികമേഖലയെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി പുലർത്തുന്ന അജ്ഞതയാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താവന വെളിപ്പെടുത്തുന്നതെന്ന്‌ കിസാൻസഭ പ്രസ്‌താവനയിൽ പറഞ്ഞു. അല്ലെങ്കിൽ പ്രധാനമന്ത്രി ബോധപൂർവം നുണ പറയുകയാണ്‌. എപിഎംസി നിയമമോ മണ്ഡികളോ ഇല്ലാത്ത കേരളത്തിൽ എന്തിനാണ്‌ പ്രതിഷേധം എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.

  


  കേരളം, മണിപ്പുർ, ജമ്മു–-കശ്‌മീർ എന്നിവിടങ്ങളിൽ എപിഎംസി നിയമമില്ല. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതിനു പകരം കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയതിനു സമാനമായ നടപടികൾ സ്വീകരിക്കണം‌.

കേരളത്തിലെ കൃഷിയിടങ്ങളിൽ 82 ശതമാനത്തിലും  നാളികേരം, റബർ, തേയില, കാപ്പി, കുരുമുളക്‌, കശുവണ്ടി, ഏലം എന്നീ വാണിജ്യവിളകളാണ്‌. ഇവയുടെ വിപണനത്തിന്‌ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രത്യേക സംവിധാനമുണ്ട്‌. ഓരോന്നിനും പ്രത്യേക ബോർഡുകളുണ്ട്‌. സംസ്ഥാനത്ത്‌ ലേലസമ്പ്രദായവും നിലനിൽക്കുന്നു.

 ഇതിൽ കൊപ്ര ഒഴികെയുള്ളവയുടെ വില ആഗോളവിപണിയെ ആശ്രയിച്ചാണ്‌ നിർണയിക്കപ്പെടുന്നത്‌. രാജ്യത്തിന്‌ ഈ വാണിജ്യവിളകൾ വൻതോതിൽ വിദേശനാണ്യം നേടിത്തരുന്നു.  മൂന്ന്‌ ദശകമായി വിവിധ കേന്ദ്രസർക്കാരുകൾ ആസൂത്രിതമായി വാണിജ്യവിള ബോർഡുകളെ ദുർബലപ്പെടുത്തുകയാണ്‌. ബിജെപി, കോൺഗ്രസ്‌ സർക്കാരുകൾ‌ ഒപ്പിട്ട ആസിയാൻ സ്വതന്ത്രവ്യാപാര കരാറുകൾ രാജ്യത്ത്‌ വാണിജ്യവിളകളുടെ വിലത്തകർച്ചയ്‌ക്ക്‌ ഇടയാക്കി. നവഉദാരനയങ്ങൾ തീവ്രമായി നടപ്പാക്കിയത്‌ കേരളത്തിൽ മുമ്പ്‌ കർഷകരുടെ ആത്മഹത്യക്ക്‌ ഇടയാക്കി.

2006ൽ അധികാരത്തിൽ വന്ന എൽഡിഎഫ്‌ സർക്കാരാണ്‌ കാർഷിക കടാശ്വാസ കമീഷൻ രൂപീകരിച്ചതും കർഷകആത്മഹത്യക്ക്‌ തടയിട്ടതും.

  വിളകളുടെ വിലയിടിവ്‌ ഉണ്ടായപ്പോഴെല്ലാം സഹകരണസംഘങ്ങൾ വഴി സംഭരണം നടത്തി എൽഡിഎഫ്‌ സർക്കാരുകൾ ഫലപ്രദമായി ഇടപെട്ടു. ക്വിന്റലിന്‌ 2,748 രൂപയ്‌ക്കാണ്‌ കേരളം നെല്ല്‌ സംഭരിക്കുന്നത്‌; കേന്ദ്രം നിശ്‌ചയിച്ച എംഎസ്‌പിയെക്കാൾ 900 രൂപ കൂടുതൽ. നെൽകൃഷിക്കാർക്ക്‌ ഹെക്ടറിന്‌ 2,000 രൂപ വീതം റോയൽറ്റിയും നൽകി.  16 പച്ചക്കറി–-പഴം ഇനത്തിന്‌ അടിസ്ഥാനവിലയും പ്രഖ്യാപിച്ചു.

ബിജെപി ഭരണത്തിലുള്ള ബിഹാറിൽ 2006ൽ എപിഎംസി മണ്ഡികൾ ഇല്ലാതാക്കിയതിന്റെ കാരണം പ്രധാനമന്ത്രി വിശദീകരിക്കണമെന്നും കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ പ്രസ്‌താവന അടിസ്ഥാനരഹിതം; സത്യത്തിനു നേരെയുള്ള പരിഹാസമെന്ന്‌ പ്രതിപക്ഷം

ന്യൂഡൽഹി > പുതിയ കാർഷികനിയമങ്ങളെക്കുറിച്ച്‌ പ്രതിപക്ഷം കർഷകരോട്‌ ആവർത്തിച്ച്‌ നുണ പറയുകയാണെന്ന പ്രധാനമന്ത്രിയുടെ അടിസ്ഥാനരഹിതമായ ആരോപണത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ പാർടികൾ. പ്രധാനമന്ത്രിയുടെ പ്രസ്‌താവന സത്യത്തിനു നേരെയുള്ള പരിഹാസമാണെന്ന്‌ സിപിഐ എം, സിപിഐ, സിപിഐ എംഎൽ, കോൺഗ്രസ്‌, എൻസിപി, ആർജെഡി, എസ്‌പി, ഡിഎംകെ, ഗുപ്‌കാർ മുന്നണി, ഫോർവേഡ്‌ ബ്ലോക്ക്‌, ആർഎസ്‌പി തുടങ്ങിയ പാർടികൾ വ്യക്തമാക്കി.     

പ്രകടനപത്രികകളിൽ കാർഷികമേഖലയിൽ പരിഷ്‌കാരം കൊണ്ടുവരുമെന്ന്‌ അവകാശപ്പെടുന്ന പ്രതിപക്ഷം അത്‌ നടപ്പാക്കാൻ ശ്രമിക്കുന്നവരെ തടയുകയാണെന്ന പ്രധാനമന്ത്രിയുടെ ആരോപണം ബാലിശമാണ്‌.  കാർഷികാടിത്തറ ശക്തിപ്പെടുത്തുന്ന പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്നാണ്‌ പ്രതിപക്ഷ പാർടികൾ അവകാശപ്പെട്ടിട്ടുള്ളത്‌.

ഭക്ഷ്യസുരക്ഷയും കർഷക ക്ഷേമവും ഉറപ്പുവരുത്തുന്ന പരിഷ്‌കാരം നടപ്പാക്കണമെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ, മോഡി സർക്കാർ പാസാക്കിയ നിയമങ്ങൾ ഈ ലക്ഷ്യത്തിന്‌ തുരങ്കംവയ്‌ക്കുന്നതാണ്‌.  അതിശൈത്യം വകവയ്‌ക്കാതെ ലക്ഷക്കണക്കിനു കർഷകർ സമരം ചെയ്യുന്നതിൽനിന്നും അവർക്ക്‌ ഈ നിയമങ്ങളോടുള്ള വിയോജിപ്പ്‌ സർക്കാരും പ്രധാനമന്ത്രിയും മനസ്സിലാക്കേണ്ടതാണ്‌. കർഷകദ്രോഹ നിയമങ്ങൾ പിൻവലിച്ചശേഷം പാർലമെന്റ്‌ സംയുക്ത സമ്മേളനമോ പ്രത്യേക സമ്മേളനമോ വിളിച്ച്‌ കാർഷിക മേഖലയിലെ പരിഷ്‌കാരങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

കർഷകസഹായ വിതരണം കൊട്ടിഘോഷിക്കാൻ കേന്ദ്രം

ന്യൂഡൽഹി > കർഷകപ്രക്ഷോഭം അതിശക്തമായ സാഹചര്യത്തിൽ പിഎം കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡു വിതരണം കൊട്ടിഘോഷിച്ച്‌ നടത്താൻ കേന്ദ്രസർക്കാർ. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി  സമ്മാനനിധി വിതരണം ചെയ്യും. ആറ്‌ സംസ്ഥാനത്തെ കർഷകരുമായി അദ്ദേഹം വീഡിയോ കോൺഫറൻസ്‌ വഴി സംവദിക്കും. ‘

പി എം കിസാൻ സമ്മാനനിധിയുടെ അടുത്ത ഗഡുവായി 18,000 കോടി രൂപ വിതരണം ചെയ്യും. 9,000 കർഷക കുടുംബങ്ങളുടെ അക്കൗണ്ടിലേക്ക്‌ പണം എത്തും. ആറ്‌ സംസ്ഥാനങ്ങളിലെ കർഷകർ പിഎം കിസാൻ പദ്ധതിയുടെ അനുഭവങ്ങൾ പ്രധാനമന്ത്രിയുമായി പങ്കിടും’–- പ്രധാനമന്ത്രി കാര്യാലയം അറിയിച്ചു. ചെറുകിട, ഇടത്തരം കർഷകർക്ക്‌ പ്രതിവർഷം മൂന്ന്‌ ഗഡുവായി 6,000 രൂപ നൽകുന്നതാണ്‌ പിഎം കിസാൻ പദ്ധതി. കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.

രാഷ്ട്രപതിക്ക്‌ കോൺഗ്രസിന്റെ നിവേദനം 

ന്യൂഡൽഹി > കർഷകപ്രക്ഷോഭം അവസാനിപ്പിക്കാൻ ഇടപെടൽ ഉണ്ടാകണമെന്ന്‌ ആവശ്യപ്പെട്ട്‌ കോൺഗ്രസ്‌ നേതാക്കൾ രാഷ്ട്രപതിക്ക്‌ നിവേദനം നൽകി. രാഹുൽഗാന്ധി, ഗുലാംനബി ആസാദ്‌, അധീർരഞ്‌ജൻചൗധ്‌രി എന്നിവർ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെ സന്ദർശിച്ച്‌ നിവേദനം കൈമാറി. പാർലമെന്റിന്റെ സംയുക്തസമ്മേളനം വിളിച്ച്‌ കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

ഇന്ത്യയിൽ ജനാധിപത്യം ഭാവനയിൽ മാത്രമാണ്‌ നിലനിൽക്കുന്നതെന്ന്‌ രാഹുൽഗാന്ധി പ്രതികരിച്ചു. പ്രധാനമന്ത്രിക്ക്‌ എതിരെ നിലപാട്‌ എടുക്കുന്നവരെ മുഴുവൻ തീവ്രവാദികളായും ദേശദ്രോഹികളായും  ചിത്രീകരിക്കുന്നു. മോഡിയെ വിമർശിച്ചാൽ കർഷകനായാലും തൊഴിലാളിയായാലും ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതായാലും തീവ്രവാദിയാകും. കർഷകനിയമങ്ങൾ പിൻവലിക്കാതെ കർഷകർ സമരം അവസാനിപ്പിച്ച്‌ വീടുകളിലേക്ക്‌ മടങ്ങില്ലെന്നത്‌ ഉറപ്പാണെന്നും  രാഹുൽഗാന്ധി പറഞ്ഞു.

നേരത്തേ രാഷ്ട്രപതിഭവനിലേക്ക്‌ രാഹുൽഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ നടത്തിയ മാർച്ച്‌ പൊലീസ്‌ തടഞ്ഞു. നേതാക്കളെ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി.

നിരഞ്‌ജൻ താലൂക്ദാർ അസമിന് നൽകിയ ജീവൻ

 വിഘടനവാദികൾക്കെതിരെ അസമിലെ എസ്‌എഫ്‌ഐ ‌ സന്ധിയില്ലാതെ നടത്തിയ പോരാട്ടത്തിൽ നിരഞ്‌ജൻ താലൂക്‌ദാറിനെ നഷ്‌ടമാകുന്നത്‌. ഇന്ന്‌ അസം എന്ന സംസ്ഥാനം ഇന്ത്യയുടെ ഭാഗമായി നിലനിൽക്കുന്നതിന്‌ നന്ദി പറയേണ്ടത്‌ ഇത്തരം ചോരവീണ പോരാട്ടങ്ങളോടും നിരഞ്‌ജനെപ്പോലുള്ളവരുടെ രക്‌തസാക്ഷിത്വത്തോടുമാണ്‌. തന്നെ ഇല്ലാതാക്കിയാലും രാജ്യത്തെ വിഭജിക്കാൻ അനുവദിക്കില്ലെന്ന നിരഞ്‌ജന്റെ   പ്രഖ്യാപനം  ജനത ഏറ്റെടുക്കുകയായിരുന്നു. എതിരാളികൾ പിടിച്ചുകൊണ്ടുപോയി  ഒരു വർഷത്തിനു ശേഷമാണ്‌ നിരഞ്‌ജന്റെ മൃതദേഹം കണ്ടെത്താനായത്‌.

 


അസമിലെ നിജ് - ബഹ്ജനി ഗ്രാമത്തിൽ 1985 നവംബർ 15 ന് ആണ് നിരഞ്ജൻ താലൂക്‌ദാർ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചാന്ദ് കുസി ഗോപാൽതാൻ പോളിടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെട്രിക്കുലേഷൻ പൂർത്തിയാക്കി. 1978ൽ നമൊരി കോളേജിൽനിന്ന് സർവകലാശാലാ വിദ്യാഭ്യാസവും പൂർത്തിയാക്കി. 

നൽബാരി കോളേജിൽ പഠിക്കുമ്പോഴാണ് എസ്എഫ്ഐയുടെ നേതൃത്വത്തിലെത്തുന്നത്‌.  വിദ്യാർഥികളെ സംഘടിപ്പിക്കുന്നതിനൊപ്പം നിരഞ്ജൻ  തൊഴിലാളികളെയും സംഘടിപ്പിച്ചു. തുടർന്ന് സിപിഐ എം അംഗമായി. അസമിൽ സമരം തുടങ്ങിയതോടെ തന്റെ ഗ്രാമത്തിൽ പാർടിയെ വളർത്തുന്നതിൽ മുൻ കൈയെടുത്തു. സമരം ശക്തമായതോടെ എതിരാളികൾ കമ്യൂണിസ്റ്റുകാർക്കെതിരെ തിരിഞ്ഞു. ഇതോടെ നിരഞ്ജൻ ഗ്രാമം വിട്ട് നൽബാരി പാർടി ഓഫീസിലേക്ക് മാറി. 

1983 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയം നിരഞ്ജൻ ഗ്രാമത്തിലേക്ക് പോയി. ഫെബ്രുവരി 11 ന് രാവിലെ പത്തോടെ 200 ൽ അധികം വിദ്യാർഥികളും ആളുകളുമടങ്ങിയ സംഘം നിരഞ്ജന്റെ വീട് വളഞ്ഞു. അമ്മയുടെ മുന്നിൽ വച്ച് നിരഞ്ജനെ കൊലപ്പെടുത്തി. നിരഞ്ജനെ രക്ഷപ്പെടുത്താൻ അമ്മ കരഞ്ഞ് പറഞ്ഞെങ്കിലും ആരും കേട്ടില്ല. ഓൾ അസം സ്റ്റുഡൻസ്‌ യൂണിയൻ അത്ര ഭയാനകമായ അന്തരീക്ഷമായിരുന്നു ആ ഗ്രാമത്തിൽ സൃഷ്ടിച്ചിരുന്നത്.

ഒടുവിൽ നിരഞ്ജന്റെ  അമ്മ സഖാക്കൾക്കൊപ്പം  നൽബാരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ പാർടിക്കാർ നിരഞ്ജനെ എവിടെയോ ഒളിപ്പിച്ചുവെന്ന് പറഞ്ഞ് പൊലീസ് പരാതി കേട്ടില്ല.  നിരഞ്ജന്റെ മൃതദേഹവും കണ്ടെത്താനായില്ല. ഒരു വർഷത്തിന് ശേഷം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ അഴുകിയ മൃതദേഹം പൊലീസ് കണ്ടെത്തി. അത് സഖാവ് നിരഞ്ജൻ താലൂക്‌ദാർ ആണെന്ന് തിരിച്ചറിഞ്ഞു. കാണാതാകുമ്പോൾ സഖാവ് ധരിച്ചിരുന്ന സ്വെറ്റർ ദ്രവിച്ച നിലയിൽ  മൃതദേഹത്തിൽ അവശേഷിച്ചിരുന്നു.

സുപ്രകാശ്‌ താലൂക്‌ദാർ

സിപിഐ എം കേന്ദ്രകമ്മിറ്റി  അംഗമാണ്‌ ലേഖകൻ

നക്ഷത്രങ്ങളേ, കൺതുറന്നു നോക്കൂ

 മരണമില്ലാത്തവർ രക്തസാക്ഷികൾ. നമുക്കുവേണ്ടി അമരത്വം പൂകിയവർ. ഓർമകളുടെ തീരത്ത്‌ അവർ എന്നുമുണ്ട്‌

 


1970. അയ്യന്തോൾ സ്‌കൂളിൽ മൂന്നാം  ക്ലാസിൽ പഠിക്കുകയാണ്‌.

 എസ്‌എഫ്‌ഐയുടെ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡന്റായി സി ഭാസ്‌കരൻ നയിക്കുന്ന ജാഥ വരുന്നു. 

 കേരളം എസ്‌എഫ്‌ഐ എന്ന്‌ കേൾക്കാൻ തുടങ്ങുകയാണ്‌.

 അയ്യന്തോൾ സ്‌കൂളിലും സ്വീകരണമുണ്ട്‌.

 നമുക്ക്‌ കർഷക നഗറിൽ ഒരു ബോർഡ്‌ വച്ചാലോ. സുകു ചോദിച്ചു. സുകു അന്ന്‌ എട്ടിലോ ഒമ്പതിലോ ആണ്‌. കർഷക നഗറാണ്‌ അയ്യന്തോളിന്റെ സിരാകേന്ദ്രം. നാൽക്കവല. സ്‌കൂളിലേക്ക്‌ തിരിയുന്ന വഴിയും അവിടെ. ചെറിയ കടകളുണ്ട്‌.

ഞാൻ അമ്മയുടെ മുണ്ടുപെട്ടിയിൽനിന്ന്‌ പഴക്കമില്ലാത്തൊരു മൽമുണ്ട്‌ ഒപ്പിച്ചു. സുകു അത്‌ പട്ടികയടിച്ച്‌ ബോർഡാക്കി. എഴുതാൻ ചുവന്ന മഷിക്കട്ട വാങ്ങി വെള്ളത്തിൽ കലക്കി. ഒന്നിന്‌ അഞ്ചുപൈസയാണ്‌. അൽപ്പം കഞ്ഞിപ്പശകൂടി ചേർത്ത്‌ അവൻ എഴുതി:  

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം.

 മുകളിൽ ഒരൊറ്റ നക്ഷത്രം.


 ഉച്ച നേരത്താണ്‌ ജാഥ വന്നത്‌. സുബ്രൻ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു.  പടക്കം പൊട്ടി. തീപ്പൊരികൾക്കും പുകയ്‌ക്കുമിടയിൽ  ഞാൻ സി ഭാസ്‌കരന്‌ ചുവന്ന റിബൺ തുന്നിക്കെട്ടിയ മാലയിട്ടു.

 മറ്റൊരു നട്ടുച്ചയ്‌ക്ക്‌  ഹൈസ്‌കൂൾ കുട്ടികളായ ഞങ്ങൾ തൃശൂർ ഗവൺമെന്റ്‌‌ കോളേജ്‌ മുറ്റത്ത്‌ നിൽക്കുകയാണ്‌. അന്ന്‌ തൃശൂർ മോഡൽ ബോയ്‌സ്‌ സ്‌കൂൾ വളപ്പിലാണ്‌ ഗവൺമെന്റ്‌  കോളേജ്‌‌. കെ ആർ തോമസിന്റെയും ആർ കെ കൊച്ചനിയന്റെയും കലാലയം. രക്തസാക്ഷിക്കുന്നിന്റെ ഉച്ചിയിൽനിന്ന്‌ തോമസ്‌ വിളിക്കുന്നുവെന്ന്‌ രാവുണ്ണി പിന്നീട്‌ കവിതയെഴുതി. 11 വർഷത്തെ ഇടവേളയിൽ ഒരേ കലാലയത്തിലെ  യൂണിയൻ ചെയർമാനും ജനറൽ സെക്രട്ടറിയും ശത്രുക്കാളാൽ വധിക്കപ്പെട്ടെന്ന അപൂർവതയും തൃശൂർ ഗവ. കോളേജിനുണ്ട്‌.


 ഇരുവരെയും വിദ്യാർഥി നേതാക്കളായി വളർത്തിയ ആ മുറ്റത്തുനിന്നാണ്‌  ഞാനാദ്യം എസ്‌എഫ്‌ഐക്കുവേണ്ടി ധീരമൃത്യു വരിച്ചവരുടെ പേര്‌ കേൾക്കുന്നത്‌.

 എസ്‌എഫ്‌ഐയുടെ മറ്റൊരു അഖിലേന്ത്യാ പ്രസിഡന്റ്‌ എം എ ബേബി പ്രസംഗിക്കുകയാണ്‌. കലാലയങ്ങളിൽ അടിയന്തരാവസ്ഥ കഴിഞ്ഞുള്ള മുന്നേറ്റങ്ങളുടെ വേലിയേറ്റക്കാലം. ബേബി വാക്കുകൊണ്ട്‌ വരച്ച ചിത്രങ്ങളിൽ ജീവൻവച്ച്‌ രണ്ടുപേർ ഞങ്ങളുടെ കൂട്ടത്തിൽ വന്നുനിന്നു. സെയ്‌താലിയും മുഹമ്മദ്‌ മുസ്‌തഫയും.

വഴിയേ വീണുപോയവർ. അമരപദം ചൂടിയ രക്തസാക്ഷികൾ.

ചുമലിൽ കൈവച്ച്‌, അവർ ചോദിക്കുന്നു: ഹാ, സഖാവേ നിങ്ങളോ?

പട്ടാമ്പി സംസ്‌കൃത കോളേജിലെ സെയ്‌താലിയും മണ്ണാർക്കാട്‌ എംഇഎസിലെ  മുഹമ്മദ്‌ മുസ്‌തഫയും. ചിരപരിചിതരെപ്പോലെ സൗഭ്രാത്രത്തിന്റ, സാഹോദര്യത്തിന്റെ ഹൃദയലിപികളിൽ അവരുടെ ഊഷ്‌മളാലിംഗനം.

പട്ടാമ്പി കോളേജ്‌ വളപ്പിലിട്ടാണ്‌ എബിവിപിക്കാരും കെഎസ്‌യുക്കാരും സെയ്‌താലിയുടെ ജീവനെടുത്തത്‌. അധ്യാപകരും സഹപാഠികളും നോക്കി നിൽക്കെ. കോളേജിലെ അരാജക അഴിഞ്ഞാട്ടത്തിനെതിരെ ശബ്‌ദിച്ചതുകൊണ്ടാണ്‌ സെയ്‌താലിയെ ഇല്ലാതാക്കിയത്‌. 1974 സെപ്‌തംബർ 20ന്‌.

മുഹമ്മദ്‌ മുസ്‌തഫ അടിയന്തരാവസ്ഥാ രക്തസാക്ഷിയാണ്‌. ‘മിസ’ കരിനിയമത്തിൽ മുഹമ്മദ്‌ മുസ്‌തഫയടക്കം  ഒമ്പത്‌ എസ്‌എഫ്‌ഐക്കാർ അറസ്റ്റിലായി.  മണ്ണാർക്കാട്‌ സബ്‌ ജയിലിൽ അടയ്‌ക്കപ്പെട്ടു. ക്രൂരമർദനത്തിലാണ്‌ ജീവൻ അപഹരിക്കപ്പെട്ടത്‌. അത്‌  1976 ആഗസ്‌ത്‌ 16ന്‌.

ജീവിതത്തിൽനിന്ന്‌ രാജിവച്ചാലും എസ്‌എഫ്‌ഐയിൽനിന്ന്‌ രാജിവയ്‌ക്കില്ലെന്നാണ്‌  വേദന തുളയുമ്പോഴും മുഹമ്മദ്‌ മുസ്‌തഫ പറഞ്ഞത്‌. ഓർക്കണം: ഒരു തുണ്ട്‌ വെള്ളക്കടലാസിലെ രണ്ടുവരികൊണ്ട്‌ തിരിച്ചുകിട്ടുമായിരുന്ന ജീവനാണ്‌  വേണ്ടെന്നുവച്ചത്‌.

എസ്‌എഫ്‌ഐ രൂപീകൃതമായിട്ട്‌ 50 വർഷമാകുമ്പോൾ ഈ കാലയളവിൽ 33 പേരുടെ വിലപ്പെട്ട ജീവനാണ്‌ അപഹരിക്കപ്പെട്ടത്‌. 1971 ഒക്ടോബർ 8ന്‌ തിരുവനന്തപുരം എം ജി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയായിരുന്ന ദേവപാലൻ മുതൽ 2018 ജൂലൈ 2ന്‌ എറണാകുളം മഹാരാജാസിലെ അഭിമന്യുവരെ.

വീണുപോയത്‌ നെറികേടുകളോട്‌ അസാമാന്യമായ നെഞ്ചൂക്കോടെ പ്രതികരിച്ചതുകൊണ്ടാണ്‌. ജാതിക്കും മതഭ്രാന്തിനുമെതിരെ കൂസാതെ വിരൽചൂണ്ടി സംസാരിച്ചതുകൊണ്ടാണ്‌. വിദ്യാർഥികളുടെ അവകാശപ്പോരാട്ടങ്ങളിൽ ആത്മധൈര്യത്തോടെ മുന്നിൽനിന്നും മറ്റുള്ളവരെ കണ്ണിചേർത്തും പോരടിച്ചതുകൊണ്ടാണ്‌. വർഗീയ ഫാസിസ്റ്റുകളുടെ കണ്ണിലെ കരടും വഴിയിലെ തടസ്സവുമായി മാറിയതുകൊണ്ടാണ്‌.  അതുകൊണ്ടാണ്‌ മരിച്ചിട്ടും മരണമില്ലാത്തവരായി  അവരിന്നും നമുക്കൊപ്പം ജീവിക്കുന്നത്‌.

തിരയടങ്ങാ കടലുപോലെ. നട്ടുച്ചയിലും പ്രകാശഭരിതമായി ഈ നക്ഷത്രങ്ങൾ വേറിട്ടു നിൽക്കും. ആ ജ്വലനകാന്തിയാണ്‌ ഈ വിദ്യാർഥിപ്രസ്ഥാനത്തിന്റെ  ആന്തരദീപ്‌തി. മീശ മുളയ്‌ക്കാത്ത പ്രായക്കാരും യൗവനഭംഗിയുടെ അരുണശോഭയിൽ പൂത്തുലയാൻ കാത്തവരുമായി, 33 അമ്മമാരുടെ പ്രിയപ്പെട്ട മക്കൾ.

സ്‌കൂൾ കുട്ടികളും പ്രീഡിഗ്രിക്കാരും ബിരുദവിദ്യാർഥികളും പ്രൊഫഷണൽ കോഴ്‌സിന്‌ പഠിച്ചിരുന്നവരും ഇക്കൂട്ടത്തിലുണ്ട്‌. രാപ്പകൽ ഭേദമില്ലാതെ മഞ്ഞിലും മഴയിലും വെയിലത്തും നിലച്ചുപോയവർ. പഠിച്ച കലാലയ വളപ്പിലും നടന്നും കളിച്ചും കളിപറഞ്ഞും വളർന്നു വലുതായ നാട്ടുവഴിയിലും കലോത്സവ വേദിക്കരികിലും ഉത്സവപ്പറമ്പിലും ബസ്‌യാത്രയ്‌ക്കിടയിലും  വീട്ടിലുറങ്ങിക്കിടന്നപ്പോഴും കാന്റീനിൽ ചായക്ക്‌ പോകുന്നതിനിടയ്‌ക്കും അങ്ങനെ പല സന്ദർഭങ്ങളിൽ പല കാലങ്ങളിൽ പല ദേശങ്ങളിൽ ഇവരെല്ലാം പതിയിരുന്നു വീഴ്‌ത്തപ്പെട്ടു.

കൊലയാളി  സംഘത്തിന്റെ പേരിൽ മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളു. കൊടിയിൽ മാത്രമേ നിറഭേദമുണ്ടായിരുന്നുള്ളു.  ലക്ഷ്യം ഒന്നായിരുന്നു. എസ്‌എഫ്‌ഐയുടെ ഉശിരന്മാരെ വകവരുത്തുക. കൊന്നും മുടിച്ചും പുരോഗമന വിദ്യാർഥിപ്രസ്ഥാനത്തെ  ഇല്ലാതാക്കുക. അതിൽ ആർഎസ്‌എസുകാരും  കെഎസ്‌യുക്കാരും എബിവിപിക്കാരും കോൺഗ്രസുകാരും ബിജെപിക്കാരും പോപ്പുലർ ഫ്രണ്ടും മുസ്ലിംലീഗും പിഡിപിയും ദളിത്‌ പാന്തേഴ്‌സും യൂത്ത്‌ കോൺഗ്രസും എൻഡിഎഫുമുണ്ട്‌. പൊലീസ്‌ മർദനത്തിലും ജയിലിലും ലോക്കപ്പിലും നേരിട്ട കിരാത മുറകളിലും നിശബ്ദരാക്കപ്പെട്ടവരുണ്ട്‌. ബസ്‌ കയറ്റി കൊല്ലപ്പെട്ടവരുണ്ട്‌.

പാലക്കാട്‌ കൊടുവായൂരെ ഹൈസ്‌കൂൾ വിദ്യർഥിയായിരുന്നു വേലായുധൻ. കുരുന്നു പ്രായത്തിൽ ആർഎസ്‌എസ്‌ ആക്രമണത്തിൽ നട്ടെല്ലിന്‌ കുത്തേറ്റ്‌ 16 മാസം ആശുപത്രിയിലും 18 മാസം വീട്ടിലുമായി മരണമുഖം കണ്ട്‌ നിരാലംബനായി കഴിയേണ്ടി വന്നവൻ.  1976 ഡിസംബർ 19നാണ്‌ ആ ജീവൻ പൊലിഞ്ഞത്‌. 1985 നവംബർ 28 ന്‌  വധിക്കപ്പെടുമ്പോൾ  പുറമേരി  കെആർ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസുകാരനായിരുന്നു കോറോത്ത്‌ ചന്ദ്രൻ. 1983 ഡിസംബർ 3ന്‌ പത്തനംതിട്ട വയാറ്റുപുഴയിലെ ഒമ്പതാം ക്ലാസുകാരൻ അനിൽകുമാറിനെ  ആർഎസ്‌എസുകാർ കൊന്നൊടുക്കിയത്‌ അച്ഛനോടുള്ള പക തീർക്കാൻ! കോഴിക്കോട്‌ എകെകെആർ ഹൈസ്‌കൂൾ വിദ്യാർഥി പ്രദീപ്‌കുമാർ 1981 ജൂലൈ 13നാണ്‌ കൊല്ലപ്പെട്ടത്‌.

നോക്കൂ, ഒരോ രോ ദിനങ്ങളിൽ തല്ലിക്കൊഴിച്ചിട്ട യൗവനത്തിളക്കങ്ങൾ. ഊതിക്കെടുത്തിയ പൊൻവെളിച്ചങ്ങൾ.  ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇവരിൽ ആരെല്ലാം, എന്തെല്ലാം ആകുമായിരുന്നില്ലേ? തീർച്ചയായും ചിലരെങ്കിലും ഇക്കൂട്ടത്തിൽ നമ്മെ നയിക്കേണ്ട നേതാക്കളാകുമായിരുന്നു.  കവികളാകുമായിരുന്നു. എഴുത്തുകാരാകുമായിരുന്നു. മനുഷ്യപ്പറ്റും നന്മയും കൂടിക്കലരുന്ന സ്‌നേഹൗഷധത്തിന്റെ അലിവു പകരുന്ന ചികിത്സകരാകുമായിരുന്നു.

സമയം കീഴടക്കി കുതിക്കേണ്ടിയിരുന്ന ഓട്ടക്കാർ. നേര്‌ വിളിച്ചു പറയേണ്ടിയിരുന്ന പത്രക്കാർ. മൈതാനങ്ങളെ ത്രസിപ്പിക്കേണ്ടിയിരുന്ന കളിക്കാർ. കുട്ടികളെ പഠിപ്പിക്കേണ്ടിയിരുന്ന അധ്യാപകർ. അങ്ങനെ ഭാവിവസന്തങ്ങളുടെ പുഷ്‌കല പരാഗങ്ങളെയാണ്‌ ഒന്നൊന്നായി നരാധമന്മാർ ഇല്ലാതാക്കിയത്‌.

തൃപ്പൂണിത്തുറ ആയുർവേദ കോളേജ്‌ വിദ്യാർഥിയായിരുന്ന പി കെ രാജൻ വധിക്കപ്പെടുന്നത്‌ 1979 ഫെബ്രുവരി 24നാണ്‌. എസ്‌എഫ്‌ഐയുടെ യൂണിറ്റ്‌ പ്രസിഡന്റായിരുന്നു ആ വൈദ്യവിദ്യാർഥി. മന്ത്രി ജി സുധാകരന്റെ സഹോദരനാണ്‌ പന്തളം എൻഎസ്‌എസ്‌ കോളേജിൽ പഠിച്ചിരുന്ന  ജി ഭുവനേശ്വരൻ. കെഎസ്‌യുക്കാരുടെ ആക്രമണത്തിൽ അഭയം തേടി മാത്‌സ്‌ ഡിപ്പാർട്ട്‌മെന്റിൽ ഓടിക്കയറിയ ഭുവനേശ്വരനെ വാതിൽ ചവിട്ടിപ്പൊളിച്ച്‌ അധ്യാപകരുടെ മുന്നിലിട്ടാണ്‌ കശക്കിയത്‌.  അബോധാവസ്ഥയിൽ അഞ്ചു നാൾ ആശുപത്രി വാസത്തിനൊടുവിൽ  1977 ഡിസംബർ 7നാണ്‌ ആ ജീവൻ അവസാന മിടിപ്പും ഉപേക്ഷിച്ചത്‌.

കൊല്ലം എസ്‌എൻ കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റായിരുന്ന ശ്രീകുമാറിനെ കോളേജ്‌ വരാന്തയിലിട്ടാണ്‌ ആർഎസ്‌എസുകാർ കുത്തിക്കൊന്നത്‌. 1982 ജനുവരി നാലിന്‌ . രണ്ടാണ്ടു കഴിഞ്ഞ്‌ 1984ൽ ജനുവരി അഞ്ചിനാണ്‌ പുതൂർക്കരയിൽ കേരളവർമ കോളേജിലെ പ്രീഡിഗ്രി വിദ്യാർഥിയായിരുന്ന ഇ  കെ ബാലൻ വധിക്കപ്പെട്ടത്‌. വീട്ടിൽനിന്ന്‌ വിളിപ്പാടകലെവച്ച്‌. ദേശത്തെ ഉത്സവമായിരുന്നു അന്ന്‌. ഒളരി ഭഗവതിക്കാവിലെ വേല. വേലപ്പറമ്പിൽനിന്ന്‌ മടങ്ങും വഴി ഇടവഴികളിൽ മറഞ്ഞിരുന്ന കാപാലികർ ചാടിവീണാണ്‌ ആ തരുണരക്തം ചരൽവഴികളിൽ തെറിപ്പിച്ചത്‌.

പത്തനംതിട്ട കാത്തലിക്‌ കോളേജിനും പ്രിയപ്പെട്ട രണ്ടുപേരെ നഷ്ടപ്പെട്ടു. സി വി ജോസും എം എസ്‌ പ്രസാദും. 1982 ഡിസംബർ 17നാണ്‌ കാത്തലിക്‌ കോളേജ്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റായിരുന്ന സി വി ജോസിനെ കെഎസ്‌യുക്കാർ കുത്തിക്കൊന്നത്‌. കോളേജിലെ എസ്‌എഫ്‌ഐ മുന്നേറ്റത്തിൽ വിറളിപിടിച്ച പ്രതികാരമായിരുന്നു ജോസിനെ ഇല്ലതാക്കിയത്‌. എന്നാൽ ആ കേസിൽ ഒന്നാം സാക്ഷിയെന്ന നിലയ്‌ക്കാണ്‌ 1984 സെപ്‌തംബർ 7ന്‌ കോളേജ്‌ യൂണിയൻ ചെയർമാനായിരുന്ന എം എസ്‌ പ്രസാദിനെ വകവരുത്തിയത്‌. അക്കൊല്ലത്തെ തിരുവോണനാളിൽ. ചിറ്റാർ ഡിപ്പോയ്‌ക്കു സമീപം സംസാരിച്ചു നിൽക്കുകയായിരുന്ന പ്രസാദിനെ അവസാനിപ്പിച്ചത്‌  ജോസ്‌ കൊലചെയ്യപ്പെട്ട  കേസിൽ സാക്ഷിമൊഴി ഇല്ലാതാക്കാൻ.

1994 ജനുവരി 26 റിപ്പബ്ലിക്ക്‌ പുലരി കേരളം മറക്കില്ല. അന്നാണ്‌ കൂത്തുപറമ്പ്‌ തൊക്കിലങ്ങാടിയിലെ കെ വി സുധീഷിനെ അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട്‌ വെട്ടിനുറുക്കിയ അരുംകൊലയുടെ  ഞെട്ടിപ്പിക്കുന്ന വാർത്ത വരുന്നത്‌. 37 കഷ്‌ണമാക്കിയാണ്‌ ആർഎസ്‌എസുകാർ സുധീഷിന്റെ ശരീരത്തെ വെട്ടിനുറുക്കിയത്‌. വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന സുധീഷിനെ വിളിച്ചുണർത്തിയാണ്‌ രക്തദാഹികളുടെ ഈ പൈശാശികതാണ്ഡവം വീട്ടുമുറ്റത്ത്‌ നടന്നത്‌. എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയും കണ്ണൂർ ജില്ലാ കൗൺസിൽ അംഗവുമായിരുന്നു സുധീഷ്‌.

എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ വൈസ്‌പ്രസിഡന്റായിരുന്നു 2012 മാർച്ച്‌ 18ന്‌ കോൺഗ്രസുകാരാൽ കുത്തിവീഴ്‌ത്തപ്പെടുമ്പോൾ അനീഷ്‌രാജൻ. ഇടുക്കിയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്‌ വലിയ സംഭാവന നൽകാൻ കഴിവുള്ള ചെറുപ്പക്കാരൻ.

പന്തളം എൻഎസ്‌എസ്‌ കോളേജിലെ മറ്റൊരു ധീരസഖാവായിരുന്നു എം രാജേഷ്‌. 2001 ഒക്ടോബർ 31നാണ്‌ എസ്‌എഫ്‌ഐയുടെ സംസ്ഥാന വാഹനജാഥയുടെ സമാപനയോഗം കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങും വഴി ദളിത്‌ പാന്തേഴ്‌സുകാരെന്ന കാപാലികസംഘക്കാർ രാജേഷിനെ അവസാനിപ്പിച്ചത്‌.

ചെമ്പഴന്തി എസ്‌എൻ കോളേജിലെ രണ്ടാം വർഷ പ്രീഡിഗ്രിക്കാരനായിരുന്ന അജയിനെ കോളേജിൽ പോകുംവഴി ബസ്‌ തടഞ്ഞ്‌ വലിച്ചിറക്കിയാണ്‌  ആർഎസ്‌എസുകാർ കൊന്നുതള്ളിയത്‌.

ഇങ്ങനെ സമാനമായതും അല്ലാത്തതും കേട്ടുകേൾവിയില്ലാത്തതുമായ എത്രയെത്ര അരുംകൊലകൾ. പറഞ്ഞു വരുമ്പോൾ എല്ലാം ഒരേ കഥയുടെ പുനരാവർത്തനം പോലെ തോന്നാം. മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കും ഒരേ ഛായ. മക്കളെ കാത്ത്‌ വാതിലടയ്‌ക്കാതെ അത്താഴം വിളമ്പിവച്ച്‌ കാത്തിരുന്നവർ. പേരുകൾ മാത്രമേ മാറുന്നുള്ളു.

ഈ പട്ടികയുടെ ഇങ്ങേ തലയ്‌ക്കൽ ഇപ്പോഴും അഭിമന്യുവിന്റെ ചടുല ശബ്ദത്തിൽ ഞാനൊരു പാട്ടു കേൾക്കുന്നു. അവൻ പാടി അവസാനിപ്പിച്ചിട്ടും പെയ്‌തു തോരാത്ത മഴ പോലെ അതിപ്പോഴും പാതിരാക്കാറ്റിലെ ശീതം നിറച്ച്‌ ഉള്ളിൽ തറയുന്നു. വേദനയുടെ ഉറയാത്ത ഹിമശൈലങ്ങൾ. കണ്ണീരും രക്തവും വടുകെട്ടിയ ഓർമച്ചിത്രങ്ങൾ.

2018 ജൂലൈ രണ്ടിന്‌ അർധരാത്രിയാണ്‌ പോപ്പുലർ ഫ്രണ്ടുകാർ അഭിമന്യുവിനെ എറണാകുളം മഹാരാജാസ്‌ ക്യാമ്പസിനകത്ത്‌ കുത്തിയിടുന്നത്‌. ഒരു ചുവരെഴുത്തിനെ തുടർന്നുണ്ടായ തർക്കം.  വയറിനു കുത്തേറ്റ അഭിമന്യുവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ യുവപോരാളിയെ ജീവിതത്തിലേക്ക്‌ തിരിച്ചുകിട്ടിയില്ല.

കെ ആർ തോമസിന്റെ രക്തസാക്ഷിത്വത്തിനുശേഷം ചേരുന്ന എസ്‌എഫ്‌ഐയുടെ തൃശൂർ ജില്ലാ സമ്മേളനത്തിനിടയിലാണ്‌ എൻ പി ചന്ദ്രശേഖരൻ തലമുറ മാറിമാറി ഇന്നും വിളിച്ചു കൊണ്ടിരിക്കുന്ന ഈ മുദ്രവാക്യം എഴുതുന്നത്‌.  ആകാശത്തേക്ക്‌ കൈയുയർത്തി വിളിച്ചു തന്നത്‌.  ആദ്യമായി ഞങ്ങളത്‌ ഏറ്റു വിളിച്ചത്‌.

രണഭൂമികളിലെ രക്തം സാക്ഷി

രക്തസാക്ഷികുടീരം സാക്ഷി

കാലം സാക്ഷി ചരിത്രം സാക്ഷി

രക്തസാക്ഷി മരിക്കുന്നില്ല

മൺമെത്തകളുടെ മടിയിൽനിന്ന്‌

ഞങ്ങടെ തോമസ്‌ വിളിക്കുന്നു

ബലികുടീരവാതിൽ തുറന്ന്‌

ഞങ്ങടെ തോമസ്‌ വിളിക്കുന്നു

ആ വിളി കേൾക്കാൻ സമരമുഖങ്ങൾ

ജീവൻകൊണ്ട്‌ ചുവപ്പിക്കാൻ

പൊരുതാൻ ജീവത്യാഗം ചെയ്യാൻ

തോമസിന്റെ സഖാക്കൾ വരുന്നു.

പേരുമാത്രം മാറ്റി, ബാലനെന്നും കൊച്ചനിയനെന്നും സുധീഷെന്നും അഭിമന്യുവെന്നും മാറിമാറി വിളിച്ച്‌ കേരളം മുഴുവൻ ഈ മുദ്രാവാക്യം പല കാലങ്ങളിൽ പലതലമുറ ഏറ്റെടുത്തു. അതിന്നും മുഴങ്ങുന്നു. കാരണം ഒന്നേയുള്ളൂ,  പോരാട്ടങ്ങൾ നിലയ്‌ക്കുന്നില്ല.

1996ൽ ‘കലാകൗമുദി’യിൽ വന്ന എന്റെ ‘ഭസ്‌മം’ എന്ന കഥ അവസാനിക്കുന്നത്‌ ഇങ്ങനെ:

നമ്മുടെ മോനിപ്പോ വയസ്സെത്രായെന്ന്‌ വല്ല പിടീണ്ടോ?

ചുമരിലെ ചില്ലിട്ട ചിത്രത്തിലിരുന്ന്‌ നന്ദു അച്ഛനെയും അമ്മയെയും നോക്കി പുഞ്ചിരിച്ചു.

ആ ചിത്രമൊന്ന്‌ എടുത്ത്‌ തരണം മാഷേ, ഭസ്‌മമിട്ടൊന്ന്‌ തുടയ്‌ക്കണം. ചില്ലിലൊക്കെ കറ.

മാഷ്‌ ഒന്നും പറയാതെ എഴുന്നേറ്റു. കസേരയിട്ട്‌ മകന്റെ ചിത്രത്തിനു മുന്നിൽ നിന്നു. ഇപ്പോൾ കൈ തൊടാവുന്ന അകലത്തിൽ അവൻ.

ചില്ലുപാളികളിൽ ഭസ്‌മമിട്ടു തുടച്ച്‌ അവർ മാഷ്‌ക്കരികിൽ. തുടയ്‌ക്കും തോറും തിളക്കം വയ്‌ക്കുകയായിരുന്നു. അർധമയക്കത്തിലും കണ്ടു. ഒരോ സ്‌പർശത്തിലും അകത്തൊരു ജീവൻ ത്രസിച്ചുകൊണ്ടിരുന്നു. സാരിയുടെ തലപ്പിൽ കണ്ണീരും ഭസ്‌മവും കുതിർന്നു. മതിവരാത്തൊരു ആവേശത്തിൽ ഒരുമ്മ കൊടുക്കുംപോലെ. എന്റെ മോനേയെന്ന്‌..

വർഷങ്ങളുടെ കറയിളകി സ്‌ഫടികം ജലസമാനമായി. മകരത്തിൽ രാത്രി കുളിരുന്നുണ്ടായിരുന്നു. മഞ്ഞുവീണ വഴികളും വൃക്ഷത്തലപ്പുകളും എന്തോ ഓർമപ്പെടുത്തുംപോലെ.

-എന്തിനാണ്‌ നമ്മുടെ മോനെ അവരൊക്കെകൂടി...

ഇലകളിൽ അപ്പോഴും മഞ്ഞുവീണുകൊണ്ടിരുന്നു.

ഒരുപാട്‌ അമ്മമാർ ഇപ്പോഴും ഇതേ ചോദ്യം ആവർത്തിക്കുന്നു. അവരിൽ ജീവിച്ചിരിക്കുന്ന ബാലന്റെ അമ്മ ഗംഗേച്ചിയും കൊച്ചനിയന്റെ അമ്മ കൊച്ചമ്മിണിയും മരിച്ചുപോയ തോമസിന്റെ അമ്മയും അങ്ങനെ കുറേ അമ്മമാരുണ്ട്‌. മരിച്ച്‌ ജീവിക്കുന്നവരുണ്ട്‌.

 എന്തിനാണ്‌ നമ്മുടെ മോനെ അവരൊക്കെകൂടി...

 1994 സെപ്‌തംബർ 29ന്‌ കൊലചെയ്യപ്പെട്ട മടപ്പള്ളി ഗവ. കോളേജിലെ പി കെ രമേശൻ, 2007 ജൂലൈ 20ന്‌ കൊല്ലപ്പെട്ട കരുനാഗപ്പള്ളിയിലെ എസ്‌എഫ്‌ഐ പ്രസ്ഥാനത്തിന്റെ ധീരനായ അമരക്കാൻ അജയപ്രസാദ്‌, 2009 നവംബർ 2ന്‌ എൻഡിഎഫുകാർ ഇല്ലാതാക്കിയ പഴഞ്ഞി എംഡി കോളേജിലെ എഡിറ്ററും കൗൺസിലറും ചെയർമാനുമായിരുന്ന എ ബി ബിജേഷ്‌,  1994 നവംബർ 25ന്‌ നാടിന്‌ നഷ്ടപ്പെട്ട കൂത്തുപറമ്പ്‌ രക്തസാക്ഷി കെ വി റോഷൻ, 1974 സെപ്‌തംബർ 20ന്‌ പിഡിപിക്കാർ കൊന്നൊടുക്കിയ തിരുവനന്തപുരം ഈവനിങ്‌ ലോ കോളേജിലെ സക്കീർ, 1974 മാർച്ച്‌ നാലിന്‌ തലശേരി ബ്രണ്ണൻ കോളേജിലെ അഷ്‌റഫ്‌, 1988 ജനുവരി 24ന്‌ മണർകാട്‌ സെന്റ്‌ മേരീസ്‌ കോളേജിലെ പ്രീഡിഗ്രിക്കാരൻ സാബു, 1988 ഒക്ടോബർ 23ന്‌ മടപ്പള്ളി ഗവ. കോളേജിലെ സജീവൻ, 1992 ജൂലൈ 15ന്‌ താമരശേരിയിൽ ജോബി ആൻഡ്രൂസ്‌, 1992 ആഗസ്‌ത്‌ 9ന്‌ കോട്ടയം സിഎംഎസ്‌ കോളേജിലെ അജീഷ്‌ വിശ്വനാഥൻ, 1993 ഡിസംബർ 17ന്‌ കണ്ണൂർ ഗവ. പോളിടെക്‌നിക്‌ യൂണിയൻ ചെയർമാനായിരുന്ന കെ സി രാജേഷ്‌, 2013 ഒക്ടോബർ ഒന്നിന്‌ ധനുവച്ചപുരം ഐടിഐയിലെ സജിൻ ഷാഹുൽ, 2013 നവംബർ 4ന്‌ എസ്‌എഫ്‌ഐ മണലൂർ ഏരിയ ജോയിന്റ്‌ സെക്രട്ടറി ഫാസിൽ ഇങ്ങനെ സ്ഥലകാലങ്ങൾ മാറ്റി കുറിക്കേണ്ടി വരുന്ന എത്രയോപേരുകൾ.

ഇനിയും മരിച്ചിട്ടില്ലാത്ത ബ്രിട്ടോ

സൈമൺ ബ്രിട്ടോയും പുഷ്‌പനും

മരിച്ചിട്ടും കൂസലില്ലാതെ തിരിച്ചു വന്ന്‌ ജീവിച്ചു കാട്ടിയ വീരേതിഹാസമാണ്‌   സൈമൺ ബ്രിട്ടോ. മരണത്തിനും തോൽപ്പിക്കാനാകാത്ത മനക്കരുത്തും നിശ്‌ചയദാർഢ്യവുമായിരുന്നു ആ ജീവിതപാഠം. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ ജീവിതം എന്തായിരിക്കുമെന്ന്‌,  എന്താകണമെന്ന്‌ പഠിപ്പിച്ചു സൈമൺ ബ്രിട്ടോ. ഒരൊറ്റ ജീവിതംകൊണ്ട്‌.

നിയമവിദ്യാർഥിയായിരിക്കെ എസ്‌എഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റായി നേതൃനിരയിലായിരുന്നു. 1983 ഒക്ടോബർ 14ന്‌ എറണാകുളം ജനറൽ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു സമീപത്തുവച്ചാണ്‌ ബ്രിട്ടോയ്‌ക്ക്‌ കുത്തേൽക്കുന്നത്‌. പിന്നീട്‌ മൂന്നര പതിറ്റാണ്ടോളം വീൽച്ചെയറിലായി ആ ജീവിതം. എന്നിട്ടും കേരളം പരക്കെ സഞ്ചരിച്ചു. ഇന്ത്യൻ ജീവിതം കാണാൻ ഗ്രാമനഗരങ്ങൾ തേടിയിറങ്ങി. ഹിമാലയം കയറി. യാത്രാവിവരണവും കഥകളും നോവലുകളും എഴുതി.  പുതിയ തലമുറയോട്‌ മറയില്ലാതെ നിരന്തരം സംവദിച്ചു. അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനും കേൾവിക്കാരനും രക്ഷകനുമായി. അഭിമന്യുവടക്കമുള്ള ചെറുപ്പക്കാരെ ചേർത്തു പിടിച്ചു. ഒടുവിൽ തനിക്കേറെ പ്രിയപ്പെട്ട തൃശൂരിൽവച്ച്‌, കെ ആർ തോമസിന്റെയും ഇ കെ ബാലന്റെയും കൊച്ചനിയന്റെയും ബിജേഷിന്റെയും ഫൈസലിന്റെയും തൃശൂരിൽവച്ച്‌  35 വർഷത്തെ സമരഭരിതമായ ആ സഹനജീവിതത്തിന്‌ അവസാന രംഗം എഴുതിവച്ച്‌ 2018 ഡിസംബർ 31ന്‌ മരണവുമായി സന്ധിയായി.

തോമസും ബാലനും കൊച്ചനിയനും

തോമസാണ്‌ പഠനകാലത്ത്‌ കൂട്ടത്തിൽനിന്നുപോയ ആദ്യത്തെ രക്തസാക്ഷി. മരിച്ചെന്നു വിശ്വസിക്കാൻ ഞങ്ങൾ മടിച്ചു. പിന്നെ പോയത്‌ നാട്ടുകാരൻ ബാലനാണ്‌. ഇടവഴിവക്കിലും ആലിൻചുവട്ടിലും നിത്യേന കണ്ടിരുന്ന സുസ്‌മേര വദനൻ. അവൻ മരിച്ചു വീണ രാത്രിക്കു മുമ്പേ, ആ സന്ധ്യയിലും കണ്ടിരുന്നു. ചിരിച്ചും തമാശ പറഞ്ഞും പിരിഞ്ഞു. ഒളരി വേലപ്പറമ്പിൽ രാത്രിമേളം കഴിഞ്ഞ്‌  കടലവാങ്ങി വരുമ്പോഴാണ്‌ വെട്ടി വീഴ്‌ത്തപ്പെട്ടത്‌. അരുതേയെന്നു പറയാനുയർത്തിയ കൈയിലും മുറിവുണ്ടായിരുന്നു.  മരിച്ചിട്ടും വീണ്ടും കുത്തിയെന്നും ഒന്നുരണ്ടെണ്ണം വഴിയിൽ താഴ്‌ന്നെന്നും....

കൊച്ചനിയൻ വധിക്കപ്പെടുന്നതിന്‌ രണ്ടുദിവസം മുമ്പും അവനെ കണ്ടിരുന്നു. തൃശൂർ മച്ചിങ്ങൽ ലെയ്‌‌നിൽ ഡിസി ഓഫീസിലേക്ക്‌ തിരിയുന്നിടത്ത്‌ പെട്ടിക്കടയിൽനിന്ന്‌ ഞാനവന്‌ നാരങ്ങാവെള്ളം വാങ്ങിക്കൊടുത്തു. അതുകുടിക്കുന്നതിനിടെ അവൻ പറഞ്ഞു: അവർ നമ്മുടെ ദീപനെ നോട്ടമിട്ടിരിക്ക്യാ. ദീപൻ ജോസഫ്‌ അന്ന്‌ കേരളവർമയിൽ എസ്‌എഫ്‌ഐ ചെയർമാനാണ്‌. വീണത്‌ കൊച്ചനിയനായി. പേരുപോലെ ഞങ്ങളുടെ കൊച്ചനിയൻ. കലോത്സവ വേദിയിൽ പെൺകുട്ടികൾ നൃത്തമാടുമ്പോൾ, മറ്റേതോ വേദിയിൽ ഉച്ചസ്ഥായിയിൽ ആരോ ഏതോ പദംപാടി വിലാപങ്ങൾ വിസ്‌തരിക്കുമ്പോൾ, ആ രാത്രി അവനും പോയി.

 എൻ രാജൻ neerarajan@gmail.com

ആ പ്രഖ്യാപനം സത്യമായി

 എസ്‌എഫ്‌ഐ പ്രഥമ പ്രസിഡന്റ്‌ സി ഭാസ്‌കരന്റെ നേതൃപാടവത്തെയും ജ്‌ഞാനതൃഷ്‌ണയെയും കുറിച്ച് ‌ സഹപ്രവർത്തകൻ സി ജയൻബാബു

 തിരുവനന്തപുരം മുൻ മേയറും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗവുമായ ജയൻബാബു എസ്‌എഫ്‌ഐയുടെ പ്രഥമ പ്രസിഡന്റ്‌ സി ഭാസ്‌കരനെ വിശദമായി പരിചയപ്പെടുന്നത് അദ്ദേഹം എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായ ശേഷം. 1970ൽ തിരുവനന്തപുരത്ത് അഖിലേന്ത്യാ സമ്മേളനത്തിൽ സി ഭാസ്‌കരന്റെ ഉജ്വലമായ പ്രസംഗം മറക്കാനാവില്ല. എ കെ ജി അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്ന് അത്. എസ്‌എഫ്‌ഐ അന്ന് ഒരു കോളേജ്‌ യൂണിയൻ മാത്രമേ ജയിച്ചിട്ടുള്ളു. ഭാവിയിൽ എസ്‌എഫ്‌ഐ ജയിക്കാത്ത ഒരു ക്യാമ്പസ്‌ പോലും കേരളത്തിലുണ്ടാകില്ല എന്ന് ഭാസ്‌കരൻ പ്രഖ്യാപിച്ചു. അത് കൃത്യമായി സംഭവിച്ചു.

 


സി ഭാസ്‌കരൻ

പാളയത്ത് അന്ന് പഴയ കെട്ടിടത്തിലായിരുന്നു സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ്‌.  സി ഭാസ്‌കരനും അവിടെയാണ്‌ താമസിച്ചിരുന്നത്.  ആ മുറിയുടെ വാതിലിൽ ഞങ്ങൾ ‘സി ഭാസ്‌കരൻ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്’ എന്നെഴുതി സ്റ്റിക്കർ പതിച്ചു. അന്നേ ഭാസ്്‌കരൻ ആഴത്തിൽ വായിച്ചിരുന്നു. വിശ്വസാഹിത്യ കൃതികൾ വായിച്ച് ആശയങ്ങൾ ഞങ്ങളുമായി പങ്കുവച്ചു. അതു കേൾക്കാൻ പ്രവർത്തകരുടെ ഒരു സംഘം തന്നെയുണ്ട്‌. ഏതു കാര്യത്തിലും നന്നായി ഇടപെടുമായിരുന്നു. ഞങ്ങൾ എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്ക്‌ പോകുമ്പോൾ ചിലപ്പോൾ കൂടെ വരും. യൂണിറ്റ് കമ്മിറ്റി നടത്തുവാൻ അഖിലേന്ത്യാ പ്രസിഡന്റ്. അന്ന് കൊല്ലം ഫാത്തിമ മാതാ കോളേജിലെ സമരത്തിൽ സജീവമായി പങ്കെടുത്തു. ഭാസ്‌കരൻ ലോ കോളേജിൽ പഠിക്കുന്ന സമയത്ത്  മിക്ക ദിവസവും ഏതെങ്കിലും ടാക്‌സിക്കാർ അദ്ദേഹത്തെ കോളേജിൽ കൊണ്ടുവിടും. അതവരുടെ ചുമതലയായി കണ്ടു.  വയലാർ അടക്കമുള്ള എഴുത്തുകാരുമായി നല്ല ബന്ധം ഉണ്ടായിരുന്നു . മറ്റു സംസ്ഥാനങ്ങളിലെ എഴുത്തുകാർ വരുമ്പോൾ ഭാസ്‌കരൻ പോയി കാണും. ഭാസ്‌കരനെ കണ്ടു പഠിക്കാൻ അന്നത്തെ വലിയ സംഘടനയായ കെഎസ്‌യു നേതാക്കളോട് കോൺഗ്രസ് നേതാക്കൾ പറയുമായിരുന്നു .

പിന്നീട് ഭാസ്‌കരൻ എഴുത്തുകാരനാകുന്നതാണ് കണ്ടത്. ചിന്തയിൽ പ്രവർത്തനം കേന്ദ്രീകരിച്ചു. സംഘടനാരംഗത്തുനിന്ന്‌  എഴുത്തിന്റെ ലോകത്തിലേക്ക്. ദിവസവും വൈകിട്ട് യൂണിവേഴ്സിറ്റി കോളേജിന്റെ പുൽത്തകിടിയിൽ ഇരുന്ന് സംസാരിക്കുമായിരുന്നു. ലെനിൻ രാജേന്ദ്രൻ അടക്കമുള്ള വലിയ സംവാദ സംഘം രൂപപ്പെട്ടു.

പിന്നീട് പലപ്പോഴും പല കാര്യങ്ങൾക്കായി കണ്ടുമുട്ടാറുണ്ടായിരുന്നു - മേയറായ സമയത്ത് പല കാര്യങ്ങളും സംസാരിച്ചു. എല്ലാ കാര്യങ്ങളിലുമുണ്ടായിരുന്ന അറിവാണ് അദ്ദേഹത്തെ വ്യത്യസ്‌തനാക്കിയത്.

സുരേഷ്‌ ഗോപി 

എസ്‌എഫ്‌ഐ ഒന്നാം സമ്മേളനം ഓർമകളിൽ

വിയറ്റ്നാം യുദ്ധത്തിനെതിരായ പ്രതിഷേധങ്ങളാൽ മുഖരിതമായിരുന്നു അമേരിക്കൻ അന്തരീക്ഷം. കൊളംബിയ സർവകലാശാലയുടെ ഭരണസിരാകേന്ദ്രം വിദ്യാർഥികൾ പിടിച്ചടക്കി. ചിക്കാഗോയിലും ഇതരനഗരങ്ങളിലും ഇതുതന്നെ സ്ഥിതി. കടലുകൾക്കപ്പുറത്തുള്ള, നിസ്സഹായരായ ജനതയുടെ സാമ്രാജ്യവിരുദ്ധസമരങ്ങളെ ഇല്ലായ്‌മ ചെയ്യാനും അവരെ പിടിച്ചടക്കാനും തടവുകാരാക്കാനുമുള്ള അമേരിക്കൻ ഭരണാധികാരികളുടെ ശ്രമത്തെയാണ് അവർ ചോദ്യംചെയ്‌തത്. പ്രസിഡന്റ്‌ ലിൻഡൻ ബി ജോൺസണും അതിനുശേഷം റിച്ചാഡ് നിക്‌സണും വിദ്യാർഥി പ്രക്ഷോഭം നേരിടാനാകാതെ വലഞ്ഞു. 1973ൽ റിച്ചാഡ് നിക്‌സണ്‌‌ വിയറ്റ്നാമിൽനിന്ന് സൈന്യത്തെ പിൻവലിക്കേണ്ടിവന്നു. മെക്‌സിക്കോ, ബെൽജിയം, സ്വിറ്റ്സർലൻഡ്‌, ഫ്രാൻസ് എന്നിവിടങ്ങളിലെല്ലാം ക്യാമ്പസുകൾ തിളച്ചു മറിഞ്ഞു.

[എസ്‌‌എഫ്‌ഐ ആദ്യ അഖിലേന്ത്യാ സമ്മേളനം തെരഞ്ഞെടുത്ത ഭാരവാഹികൾ. നിൽക്കുന്നവർ: മണിക്‌ സർക്കാർ, എൻ റാം, സുഭാഷ്‌ ചക്രവർത്തി, ബാബു ഭരദ്വാജ്‌, പി മധു, ശക്തിധർ ദാസ്‌. ഇരിക്കുന്നവർ: ഉമേന്ദ്രപ്രസാദ്‌ സിങ്‌, രഞ്ചൻ ഗോസ്വാമി, സി ഭാസ്‌കരൻ (പ്രസിഡന്റ്‌), ബിമൻ ബസു (ജനറൽ സെക്രട്ടറി), ശ്യാമൾ ചക്രവർത്തി, ബൽദേവ്‌ സിങ്]

 ഫ്രാൻസിലെ കലാപവും പരാജയവും

 1968 മെയ്‌ മാസത്തിൽ ഫ്രാൻസിൽ ഡി ഗാളിന്റെ സ്വേച്ഛാഭരണത്തിനെതിരെയുള്ള സമരത്തിന്‌ സമാനമായ മറ്റൊരു വിദ്യാർഥി കലാപമില്ല. ഡാനീ ദ റെഡ് എന്നറിയപ്പെട്ട ഡാനിയേൽ കോൺബെന്റിറ്റ് ആണ്‌ പ്രക്ഷോഭകരുടെ നേതാവ്‌. വിദ്യാർഥികൾ സർവകലാശാലകളുടെ നിയമങ്ങളും മാമൂലുകളും അട്ടിമറിച്ചു. തൊഴിലിടങ്ങളിലേക്കും വ്യാപിച്ച കലാപം ഒടുവിൽ അടിച്ചമർത്തപ്പെട്ടു.

 വിദ്യാർഥികളും കവിതയും പാരീസ് തെരുവുകളെ കൈയടക്കിയിരുന്നു ആഗ്രഹവും നിർവഹണവും തമ്മിലുള്ള അന്തരമാകാം കലാപത്തെ തകർത്തുകളഞ്ഞത്. സമരത്തിൽ പങ്കാളികളായിരുന്നവരുടെ കുപ്പായത്തിനുള്ളിൽ വിപ്ലവത്തിനുള്ളിലെ വിപ്ലവം എന്ന ഗ്രന്ഥമുണ്ടായിരുന്നു. ഫ്രഞ്ചുകാരനായ റെ ദെബ്രേയുടെ രചന. ചെഗുവേരയുടെ സഹപ്രവർത്തകനും ക്യൂബയിലെ പ്രൊഫസറുമായിരുന്നു ദെബ്രേ. ലാറ്റിൻ അമേരിക്കയിലെ സോഷ്യലിസ്റ്റ്‌ ഗറില്ലാപോരാളികളുടെ പോരാട്ടത്തിന്റെ അടവുതന്ത്രങ്ങളുടെ തത്വവും പ്രയോഗവും അപഗ്രഥിക്കുന്ന ആ ഗ്രന്ഥം ക്യൂബയിലാണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്.

 പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഡാനിയേൽ കോൺബെന്റിറ്റ് Obsolete Communism- The Left Wing Alternative എന്ന പുസ്‌തകമെഴുതി. പരാജയപ്പെട്ട വിദ്യാർഥി കലാപത്തിന്റെ ആ നേതാവ് ഇപ്പോൾ ഫ്രഞ്ച്‌ സോഷ്യലിസ്റ്റ്‌ പാർടിയിലെ സെൻട്രിസ്റ്റായ പ്രസിഡന്റ്‌ മൈക്രോണിന്റെ ഉപദേശകനും യൂറോപ്യൻ യൂണിയന്റെ ശക്തനായ വക്താവുമാണ്.

 സി എച്ചിന്റെ സംഘാടനം 

 ഈ പശ്ചാത്തലത്തിലാണ് സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ രൂപീകരണസമ്മേളനം  . 1970 ഡിസംബർ 27, 28, 29, 30 തീയതികളിൽ തിരുവനന്തപുരത്ത്‌ നടന്നത്‌.

 ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘം പ്രവർത്തിച്ചു.  നേതാക്കൾക്കൊപ്പം ഫണ്ടു ശേഖരിക്കാനും മറ്റും ഞങ്ങളും പോയിരുന്നു. ഫണ്ടുസ്വീകരണ പരിപാടിയിൽ ഇ എം എസിന്റെ പ്രസംഗത്തിന്‌ മുമ്പ് ചിലേടങ്ങളിൽ എന്നെയും സംസാരിപ്പിച്ചിരുന്നു.  

  ഒരിക്കൽ സി എച്ച് കണാരൻ എന്നോട് അടിയന്തരമായി കക്കട്ടിൽ പോയി സഖാവ് കുഞ്ഞാത്തുവിനോടൊപ്പം ഫണ്ടു പിരിക്കാൻ നിർദേശിച്ചു.  ആ ഭാഗത്തുള്ള കലക്ഷൻരീതിയെ എനിക്ക് അപരിചിതമായിരുന്നു. കർഷകർ സി എച്ചിന്റെ പേരുപറയുന്നതോടെ അകമഴിഞ്ഞ് സംഭാവന തന്നുതുടങ്ങി. വലിയ സംഭാവന കിട്ടിയെന്ന അഹങ്കാരത്തോടെ ഞാൻ തിരുവനന്തപുരത്ത്‌ സി എച്ചിനെ കണ്ടു. ഓരോ പേരും വായിച്ചുനോക്കി, ഇതു പകുതിയേ ഉള്ളൂ, ഇതു കാൽഭാഗമായിട്ടില്ല എന്നിങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.

 ‘നിങ്ങൾ ഒരു പ്രാവശ്യം കൂടി പോവേണ്ടിവന്നല്ലോ' എന്നായി സി എച്ച്‌. വീണ്ടും  കുഞ്ഞാത്തു തന്നെയാണ് പിരിവ്‌ പൂർണമാക്കിയത്. എല്ലാവരും സി എച്ച് നിർദേശിച്ചവിധം സംഭാവന നൽകി.

 എ കെ ജി, സുന്ദരയ്യ, ഇ എം എസ്‌

 മറ്റു സംസ്ഥാനങ്ങളിലെ പ്രതിനിധികൾ 26നു തന്നെ എത്തി. മദ്രാസിലെ എഗ്‌മോറിൽ ട്രെയിനിൽ പ്രതിനിധികളെ ആർഎസ്എസുകാർ ആക്രമിച്ചു. പോർട്ടർമാരും മറ്റുമാണ് വിദ്യാർഥികൾക്ക്‌ തുണയായത്. താമസം പ്രധാനമായും സ്‌കൂളുകളിലും കോളേജുകളിലുമായിരുന്നു. ഭക്ഷണമൊരുക്കിയത്‌ വിമൻസ് കോളേജിൽ. പശ്ചിമ ബംഗാളിൽനിന്നായിരുന്നു ഏറ്റവുമധികം പ്രതിനിധികൾ, 200ലേറെ. അവരോടൊപ്പം യുവജനപ്രസ്ഥാനത്തിന്റെ നേതാക്കളായ ദിനേശ് മജുംദാറും ബുദ്ധദേവ് ഭട്ടാചാര്യയുമുണ്ടായിരുന്നു. പ്രൊവിഷനൽ കമ്മിറ്റി കൺവീനർ ബിമൻ ബസുവിനായിരുന്നു നേതൃത്വം. അവരെ ഞാൻ ചെന്ന്‌ സ്വീകരിച്ചു. ഇരുപത് പെൺകുട്ടികളും ഡെലിഗേഷനിലുണ്ടായിരുന്നു. മണിപ്പുർ, ഒറീസ, ബിഹാർ, അസം, ത്രിപുര തുടങ്ങി എല്ലാ സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികളുണ്ടായിരുന്നു. ത്രിപുര സംഘത്തിൽ മണിക് സർക്കാറുണ്ടായിരുന്നു. സമ്മേളനത്തലേന്ന് ടാഗോർഹാളിൽ പ്രൊവിഷനൽ കമ്മിറ്റി ചേർന്ന്‌ സമ്മേളനത്തിന്റെ അജൻഡ നിശ്ചയിച്ചു.

ഉദ്‌ഘാടനസെഷനും നടത്തിപ്പുകമ്മിറ്റികളുടെ തെരഞ്ഞെടുപ്പുമായിരുന്നു ആദ്യദിവസത്തേക്ക്‌ തീരുമാനിച്ചത്. റിപ്പോർട്ടവതരണം വിശദമായി ഉണ്ടായില്ല. ആദ്യസമ്മേളനമായതുകൊണ്ട് സംഘടനാപരമായ പരിശ്രമങ്ങളുടെ രേഖാചിത്രമാണ് അവതരിപ്പിച്ചത്. രണ്ടാം ദിവസം നയരേഖയും ഭരണഘടനയും പതാകയും അവതരിപ്പിക്കപ്പെട്ടു. രണ്ടാം ദിവസവും മൂന്നാം ദിവസവുമായി ചർച്ചയ്‌ക്കുള്ള അവസരവുമായിരുന്നു. എ കെ ജിയാണ് ഉദ്‌ഘാടനം ചെയ്‌തത്. ഇ കെ നായനാർ സ്വാഗതമാശംസിച്ചു. മറ്റു സന്ദർഭങ്ങളിൽ സുന്ദരയ്യയും ഇ എം എസും സമ്മേളനത്തെ അഭിസംബോധനചെയ്‌തു.

ശുഭ്രപതാകയിലേക്ക്‌

 എസ്എഫ്ഐയുടെ പുതിയ പതാകാനിർദേശത്തെ കേരളവിദ്യാർഥി ഫെഡറേഷൻ അവസാനസമ്മേളനം അംഗീകരിച്ചിരുന്നില്ല. പഴയ ചെമ്പതാകതന്നെ തുടരണമെന്നാണ് ആ സമ്മേളനം നിർദേശിച്ചത്. മറ്റുസംസ്ഥാനങ്ങളിലെ പ്രതിനിധികൾ റെയിൽവേസ്റ്റേഷനിലും മറ്റും ചുവന്ന പതാകകണ്ട് അത്ഭുതപ്പെട്ടിരുന്നു. വെളുത്ത പതാക അവതരിപ്പിക്കപ്പെട്ടതിനെ കേരളത്തിലെ പ്രതിനിധികൾ ചർച്ചയിൽ എതിർത്തു. അനന്തരാമൻ, ജഗദമ്മ തുടങ്ങിയ സഖാക്കൾ ചെമ്പതാകയ്‌ക്കു വേണ്ടിവാദിച്ചു. വിദ്യാർഥി സമൂഹം തൊഴിലാളി കർഷക വർഗങ്ങൾ പോലൊരുവർഗമല്ലെന്നും എല്ലാവിഭാഗത്തിൽനിന്നുമുള്ള വിദ്യാർഥികളെയും ഉൾക്കൊള്ളേണ്ടതുണ്ടെന്നുമുള്ള വാദത്തെ ക്രമത്തിൽ കേരളപ്രതിനിധികളും അംഗീകരിച്ചു.

 സി ഭാസ്‌കരൻ, ബിമൻ ബസു

 സി ഭാസ്‌കരനെ പ്രസിഡന്റായും ബിമൻബസുവിനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. പ്രസിഡന്റായി നിർദേശിക്കപ്പെടണമെന്ന മോഹം എനിക്കുണ്ടായിരുന്നു. അന്നത്തെ ലോക സാഹചര്യത്തിൽ വലിയൊരുവിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനാവുക എന്നത് അഭിമാനകരമായിരുന്നു. കേവലം വ്യക്തിനിഷ്‌ഠമായ ആഗ്രഹം. സി ഭാസ്‌കരൻ നിർദേശിക്കപ്പെട്ടത് തികച്ചും ശരിയായിരുന്നു. കെഎസ്എഫ് സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ സഖാവ് നല്ല പ്രവർത്തനം കാഴ്‌ചവച്ചിരുന്നു. പ്രൊവിഷനൽകമ്മിറ്റിയിലെ ആലോചനയിലാണ് കമ്മിറ്റിയുടെ ഘടന വിവരിക്കപ്പെട്ടത്. ജനറൽസെക്രട്ടറിയും ഒരു വൈസ്‌ പ്രസിഡന്റും ഒരു ജോയിന്റ് സെക്രട്ടറിയും പശ്ചിമബംഗാളിൽനിന്ന്, പ്രസിഡന്റും ഒരു ജോയിന്റ് സെക്രട്ടറിയും ഉൾപ്പെടെ അഞ്ച്‌ കേന്ദ്രനിർവാഹകസമിതിയംഗങ്ങൾ കേരളത്തിൽനിന്ന് അങ്ങനെയായിരുന്നു അംഗീകരിക്കപ്പെട്ടിരുന്നത്. ഡിസംബർ 29ന്‌ വൈകുന്നേരം ചേർന്ന പ്രൊവിഷനൽകമ്മിറ്റിയാണ് പാനൽ തയ്യാറാക്കിയത്. ആ പാനലിൽ നിർവാഹകസമിതിയിലേക്ക്‌ ആരു വരണമെന്നുമാത്രമാണ് നിശ്ചയിച്ചത്. സി ഭാസ്‌കരൻ, സി കെ രവി, ജി സുധാകരൻ, ബാബു ഭരദ്വാജ്, ഞാൻ എന്നിവരാണ് കേരളത്തിൽനിന്ന്‌ നിശ്ചയിക്കപ്പെട്ടത്. ആദ്യ കേന്ദ്രനിർവാഹകസമിതിയിൽ കേരളത്തിൽനിന്നുണ്ടായിരുന്ന അഞ്ചുപേരിൽ ജീവിച്ചിരിക്കുന്നത് രണ്ടുപേർ മാത്രം. ജി സുധാകരനും ഞാനും. 30ന്‌ പാനൽ അതേപടി അംഗീകരിക്കപ്പെട്ടു. നിർവാഹകസമിതിയംഗങ്ങൾ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെക്രട്ടറി സ്ഥാനത്തേക്ക് ബിമൻ ബസുവിന്റെപേര് നിരുപംസെൻ നിർദേശിച്ചു. പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ഭാസ്‌കരന്റെ പേര് ഞാനും. ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് എന്റെപേര്‌ നിർദേശിക്കപ്പെട്ടെങ്കിലും നിർവാഹകസമിതിയംഗമായിരിക്കാനാണ് ഞാൻ താൽപ്പര്യപ്പെട്ടത്. പകരം ബാബു ഭരദ്വാജിനെ ഞാൻ നിർദേശിച്ചു, അത് അംഗീകരിക്കപ്പെട്ടു. വൈസ്‌ പ്രസിഡന്റുമാരിൽ ഒരാൾ പിന്നീട് പ്രശസ്‌ത പത്രപ്രവർത്തകനായ എൻ റാമായിരുന്നു.

തിരുവനന്തപുരം ദർശിച്ച ഏറ്റവും വലിയ വിദ്യാർഥി റാലിയാണ്‌ 1970 ഡിസംബർ 30ന്‌ നടന്നത്. അമ്പതിനായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു. 31ന്‌ നടന്ന സംസ്ഥാന കമ്മിറ്റിയോഗം ഭാരവാഹികളിൽ മാറ്റം വരുത്തിൽ. ഭാസ്‌കരൻ അഖിലേന്ത്യാ പ്രസിഡന്റായി മാറിയതോടെ എന്നെ സെക്രട്ടറിയായും ജി സുധാകരനെ പ്രസിഡന്റായും ചുമതലയേൽപ്പിച്ചു. അങ്ങനെ എസ്എഫ്ഐയുടെ ഒന്നാമത്‌ സംസ്ഥാന സെക്രട്ടറിയായി ഞാൻ ചുമതലയേറ്റു.  

സി പി അബൂബക്കർ 

വിവിധ ഗവൺമെന്റ്‌ കോളേജുകളിൽ‌ അധ്യാപകനായിരുന്ന  ലേഖകൻ  ഇപ്പോൾ ദേശാഭിമാനി വാരിക പത്രാധിപരാണ്‌  

എസ്‌എഫ്‌ഐ, പോരാട്ടങ്ങളുടെ പോയകാലം പുതുകാലം; തോമസ്‌ ഐസകിന്റെ വാക്കുകൾ

വിപ്ലവ വിദ്യാർഥി പ്രസ്ഥാനം എസ്‌എഫ്‌ഐ പോരാട്ടങ്ങളുടെ അമ്പത്‌ വർഷം പൂർത്തിയാക്കുമ്പോൾ, ദീർഘമായൊരു തിരിഞ്ഞുനോട്ടത്തിന്‌ സമയമുണ്ടെന്ന്‌ പറയുകയാണ്‌ എസ്‌എഫ്‌ഐയുടെ മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. ടി എം തോമസ്‌ ഐസക്.‌ എറണാകുളം മഹാരാജാസ്‌ കോളേജിൽ പഠിക്കാനായെത്തുമ്പോഴാണ് തോമസ്‌ ഐസക്‌ എസ്എഫ്ഐയുടെ ഭാഗമാകുന്നത്. പറഞ്ഞുതുടങ്ങുമ്പോൾ ഓർമകൾക്ക് വീര്യവും‌ തിളക്കവുമേറി. അദ്ദേഹത്തിന്റെ വാക്കുകൾ....

 

1973-–-74 വർഷം, വളരെ പ്രധാനപ്പെട്ടൊരു വർഷമായിരുന്നു അത്. ആ വർഷമാണ്‌ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, കൊല്ലം എസ്എൻ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂർ കേരളവർമ കോളേജ്, തലശേരി ബ്രണ്ണൻ കോളേജ് തുടങ്ങി കേരളത്തിലെ പ്രധാന കോളേജുകളിൽ എസ്എഫ്ഐ യൂണിയൻ നേടുന്നത്‌. അക്കാദമിക രംഗത്തും കലാരംഗത്തുമെല്ലാം പ്രാഗൽഭ്യമുള്ളവരടങ്ങിയ ഈ കോളേജുകളിലെ വിജയം എസ്‌എഫ്‌ഐയുടെ പ്രാധാന്യം വളരെയധികമുയർത്തി. ഒരു പാട് പേരെ അത്ഭുതപ്പെടുത്തിയ വിജയം. വെറും 500 വോട്ട് കിട്ടിയിരുന്ന എസ്എഫ്ഐ അന്ന്‌ വിജയിച്ചത്‌ ആയിരത്തിലധികം വോട്ട് നേടി വമ്പിച്ച ഭൂരിപക്ഷം നേടി. അക്കാലത്ത്‌ എറണാകുളത്ത്‌ വക്കീലന്മാരാണ്‌ പ്രവർത്തനങ്ങൾക്കുള്ള വലിയ സാമ്പത്തിക സ്രോതസ്‌. എം എം ലോറൻസിന്റെ അനുജൻ അഡ്വ. എം എം മാത്യു എസ്‌എഫ്‌ഐ വിജയിച്ചാൽ മുഴുവൻ കടവും വീട്ടാമെന്ന്‌ വാക്കുനൽകി.

 അത്രയ്‌ക്കും അവിശ്വസനീയമായിരുന്നു അന്ന് മഹാരാജാസിൽ എസ്എഫ്ഐയുടെ വിജയം. ആ വിജയത്തിന്‌ പിന്നിൽ കഠിനാധ്വാനത്തിന്റെയും പ്രയത്‌നത്തിന്റെയും വലിയൊരു കഥയുണ്ടെന്ന് പറയുന്നു അദ്ദേഹം. 1973ൽ കോളേജിലെ എസ്‌എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയും കലാലയ യൂണിയനിൽ അംഗവുമായിരുന്നു തോമസ് ഐസക്.

 വോട്ട്‌ ദ ബെസ്റ്റ്‌, വോട്ട്‌ എസ്‌എഫ്‌ഐ

 വളരെ തീവ്രമായ പ്രവർത്തനം. കുട്ടികളെയും കലാകാരന്മാരെയുമെല്ലാം എസ്എഫ്ഐയുടെ ഭാഗമാക്കാൻ വലിയ പ്രവർത്തനം തന്നെ നടത്തി. വയലിൻ പഠിക്കാൻ പോകുന്നതും അക്കാലത്താണ്‌. റെക്‌സ്‌ ഐസകിന്റെ കീഴിലാണ് വയലിൻ പഠിച്ചത്. നിരവധി കലാകാരന്മാരുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമം. "വോട്ട് ദ ബെസ്റ്റ്, ബെസ്റ്റ് എസ്എഫ്ഐ' എന്നായിരുന്നു മുദ്രാവാക്യം. ഏറ്റവും മികച്ചത് എന്തെന്ന ചോദ്യത്തിന് തർക്കമില്ലാതെ എസ്എഫ്ഐ എന്ന ഉത്തരത്തിലേക്ക്‌ രണ്ടു വർഷം കൊണ്ട് എത്തിക്കാൻ സാധിച്ചു. മഹാരാജാസിൽ അന്ന് പ്രഗത്ഭരായ അധ്യാപകരും ഏറെയുണ്ട്. സാനുമാഷ്, ലീലാവതി ടീച്ചർ, തോമസ് മാത്യു തുടങ്ങിയവർ. ഇവർക്കെല്ലാം ഞങ്ങളോട് നല്ല ബന്ധമായിരുന്നു.

 റെഡ്‌സ്റ്റാർ സ്റ്റഡി സർക്കിൾ

 യൂണിയൻ പ്രവർത്തനത്തിനൊപ്പം രാഷ്ട്രീയ പഠനത്തിന് പ്രാധാന്യം നൽകി. മാർക്‌സിന്റെയും പ്രധാന കൃതികൾ അന്നാണ് വായിക്കുന്നത്. കഠിനയത്‌നം. മറ്റുള്ളവരെ പഠിപ്പിക്കാൻ ഒരു സിലബസ് തന്നെയുണ്ടാക്കി. ഗോവിന്ദപ്പിള്ളയാണ് സിലബസ് തയാറാക്കി നൽകിയത്. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിനടുത്ത് ലൈബ്രറിയോട് ചേർന്ന് ഒരു മരത്തിന് ആഴ്‌‌ചയിൽ എല്ലാ ദിവസവും സംവാദവും തർക്കവും. രാഷ്ട്രീയ പഠനത്തിന് നൽകിയ  പ്രാധാന്യം നിരവധി കുട്ടികളെ എസ്എഫ്ഐയിലേക്ക് ആകർഷിച്ചു. ഒപ്പം സാഹിത്യ ചർച്ചകളും നടത്തി. ഇതിന് ഒരു പാട് ചെലവുമുണ്ടായി. 50 പൈസ കൂപ്പൺ വിറ്റാണ്‌ പണം കണ്ടെത്തിയത്‌. എസ്എഫ്ഐ പ്രസിഡന്റായപ്പോൾ സി പി ജോണുമായി ചേർന്ന്‌ റെഡ്‌സ്റ്റാർ സ്റ്റഡി സർക്കിൾ എന്ന പദ്ധതിയുണ്ടാക്കിയിരുന്നു. പിന്നീടത്‌ മുന്നോട്ടു കൊണ്ടുപോകാനായില്ല.

 ക്യാമ്പസിന്‌ പുറത്തേ‌ക്ക്‌

 എസ്‌എഫ്‌ഐ ക്യാമ്പസിൽ ഒതുങ്ങി നിന്നില്ല. നഗരത്തിൽ പണിമുടക്കോ സമരമോ ഉണ്ടെങ്കിൽ അഭിവാദ്യം അർപ്പിക്കാൻ പോകും. രാജ്യത്ത് നടക്കുന്ന സമരങ്ങളോട് ഐക്യദാർഢ്യമുണ്ടാക്കാൻ ഇതുവഴി കഴിഞ്ഞു. വലിയ ബന്ധമുണ്ടാക്കി. ഒരു പാട്‌ ശത്രുക്കളെയും. ഹോട്ടൽത്തൊഴിലാളികളുമായായിരുന്നു കൂടുതൽ ബന്ധം. വിജയത്തിന് ശേഷം ഒന്നുരണ്ട് ആക്രമണങ്ങളുണ്ടായി. അതോടെ ഫിസിക്കൽ ടെയിനിങ് ആരംഭിച്ചു. അത്‌ ആത്മവിശ്വാസം നൽകി. ഒരിക്കൽ നാടകോത്സവത്തിന് അൽബേർ കാമ്യൂവിന്റെ‌ ‘ദ ജസ്‌റ്റ്‌ അസാസിൻസ്’‌ എന്ന നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു. എം എ ലിറ്ററേച്ചർ വിദ്യാർഥിയായിരുന്ന കൃഷ്‌ണൻ ഗോപിനാഥനാണ്‌ തയ്യാറെടുപ്പുകൾ നടത്തിയത്‌. നാടകം കളിപ്പിക്കില്ല എന്ന തീരുമാനത്തിലായിരുന്നു എതിരാളികൾ. എന്നാൽ അന്ന് വേദി നിറഞ്ഞു നാടകം കളിച്ചു. ഒന്നാം സ്ഥാനവും നേടി. ആർക്കും കൂവാൻ പോലും കഴിഞ്ഞില്ല. ഇത്  വൈരാഗ്യമുണ്ടാക്കി . ആയിടയ്‌ക്കാണ്‌ യുസി കോളേജിൽ പഠിച്ചിരുന്ന ആൽബിയെന്ന സുഹൃത്ത്‌ എസ്‌എഫ്‌ഐ പ്രവർത്തനങ്ങളിൽ ആകൃഷ്‌ടനായി മഹാരാജാസിൽ ചേരുന്നത്‌. പോളിയോ ബാധിതനായ ആൽബി ഗുണ്ടകളെ ഒറ്റയ്‌ക്ക്‌ നേരിടാമെന്ന്‌ ഒരു ദിവസം അങ്ങ്‌ തീരുമാനിച്ചു. വെണ്ടുരുത്തി പാലത്തിനടുത്ത്‌  ഒരു കളിസ്ഥലമുണ്ട്. അവിടെ വോളിബോൾ, ഫുട്ബോൾ മത്സരങ്ങളുടെ നടത്തിപ്പുകാർ ഒരു ഗുണ്ടാ സംഘമാണ്‌. നിറഞ്ഞ ഗാലറിയുടെ മുന്നിൽവച്ച് ആൽബി കയറി ആക്രമിച്ചു. സാധാരണ ഗതിയിൽ ആരും ചെയ്യാത്തൊരു കാര്യം. ഓടി രക്ഷപ്പെടാനും ശ്രമിക്കുന്നില്ല. പിന്നീട്‌ പൊലീസ്‌ വന്ന്‌ കൊണ്ടുപോയി. അവർ ബിരിയാണി വാങ്ങിക്കൊടുത്തെന്ന്‌ പിന്നീട്‌ കേട്ടു. കോടതിയിൽ ഹാജരാക്കി കഴിഞ്ഞാൽ ആൽബിയെ മട്ടാഞ്ചേരിയിൽനിന്ന്‌ വിടില്ല എന്നായിരുന്നു ഭീഷണി. എന്റെ നേതൃത്വത്തിൽ ഒരു സംഘം അങ്ങോട്ടെത്തി. തൊഴിലാളിസഖാക്കളും ഉണ്ടായി. ആൽബിയെ മഹാരാജാസിലെത്തിച്ചു. ഇത്‌ നിരന്തരമായ ആക്രമണത്തിന് വഴിവച്ചു. ഒരു ദിവസം ടെറസിന്റെ മുകളിൽ കിടന്നപ്പോൾ കണ്ണട പൊട്ടിപ്പോയി. നന്നാക്കാൻ രാവിലെ ഇറങ്ങിയപ്പോൾ ഗുണ്ടാസംഘം രണ്ട് കാറുകളിലെത്തി. ഓടി ജനറൽ ആശുപത്രിയുടെ മതിൽ ചാടി രക്ഷപ്പെട്ടു. ഹോസ്റ്റലിലേക്ക്‌ കയറിയ അവർ ആദ്യം കണ്ട മുത്തുക്കോയയെ കുത്തി. ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർഥികളെ  കാണാൻ എത്തിയതായിരുന്നു മുത്തുക്കോയ.ഒരു കണ്ണടക്കാരൻ.   

 വെല്ലുവിളികളെ സധൈര്യം നേരിടുന്നു പുതിയ തലമുറ

കാറ്റിനൊപ്പം അന്ന്‌ സമരങ്ങളും നീങ്ങി. പക്ഷേ ഇന്ന്‌ അങ്ങനെയല്ല. ഇടതുപക്ഷത്ത്‌ അടിയുറച്ച്‌ നിൽക്കാൻ പുതുതലമുറ പല വെല്ലുവിളികളും നേരിടേണ്ടി വരുന്നു. സമരം കൂടുതൽ സങ്കീർണമായി. പക്ഷേ ഉശിരോടെ പ്രസ്ഥാനത്തെ വളർത്തുന്നതിൽ അത്‌ ഇന്നത്തെ തലമുറ തയാറാണ്‌. ബദൽ നിലപാട്‌ അവർ സ്വീകരിക്കുന്നു. ആത്മത്യാഗത്തിൽ ഒരു കുറവുമുണ്ടായിട്ടില്ല. വലിയ വെല്ലുവിളികളെ നേരിട്ട്‌ മുന്നോട്ട്‌ പോകുന്ന അവർക്ക്‌ അഭിവാദ്യങ്ങൾ. 

കാലത്തിന്റെ അനിവാര്യത

 എസ്എഫ്ഐ രൂപീകരണം കാലത്തിന്റെ ആവശ്യമായിരുന്നു. അത് ശരിയായിരുന്നെന്ന്‌ കാലം തെളിയിച്ചു.  രാജ്യത്തെ ഏറ്റവും വലിയ വിദ്യാർഥി പ്രസ്ഥാനമായി എസ്‌എഫ്‌ഐ വളർന്നത് വിദ്യാർഥി സമൂഹത്തിന്റെ അവകാശങ്ങൾ ഏറ്റെടുത്ത് പോരാടിയതുകൊണ്ടും മറ്റ്‌ ജനാധിപത്യ ജനകീയ പോരാട്ടങ്ങളിൽ സജീവമായി ഇടപെട്ടതു കൊണ്ടുമാണ്‌. ‌ എസ്‌എഫ്‌ഐയുടെ ആദ്യ ജനറൽ സെക്രട്ടറി ബിമൻ ബസു പറയുന്നു.

 

ദേശീയ പ്രസ്ഥാനത്തിന്റെയും സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും ഭാഗമായാണ് ഇന്ത്യയിൽ സംഘടിത വിദ്യാർഥി പ്രസ്ഥാനം ഉടലെടുക്കുന്നത്. 1936ൽ ലക്‌നൗവിൽ രൂപം കൊണ്ട ഓൾ ഇന്ത്യ വിദ്യാർഥി ഫെഡറേഷനാണ് രാജ്യത്തെ ആദ്യ സംഘടിത വിദ്യാർഥി പ്രസ്ഥാനം. സ്വാതന്ത്ര്യ സമരത്തിലും അതിനുശേഷം നിരവധി ജനകീയ പോരാട്ടങ്ങളിലും വിദ്യാർഥികൾ സജീവമായി പങ്കാളികളായി. ഇടതുപക്ഷ ചിന്തയും ശാസ്‌ത്രീയ സോഷ്യലിസമെന്ന ലക്ഷ്യവും പുലർത്തിയിരുന്ന അത് ക്രമേണ വലതുപക്ഷ ചിന്താധാരയിലേക്ക് വഴുതിവീണു. ഭരണ വർഗവുമായി സന്ധി ചെയ്‌തു. ഇത് പല സംസ്ഥാനങ്ങളിലും വിദ്യാർഥികളിൽ ആശയക്കുഴപ്പമുണ്ടാക്കി. വലതുപക്ഷ വ്യതിയാനത്തിനെതിരെ നീങ്ങാൻ അവർ പ്രേരിപ്പിക്കപ്പെട്ടു. വിദ്യാർഥികളുടെ യഥാർഥ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനും ജനകീയ ജനാധിപത്യ പോരാട്ടങ്ങളോടാപ്പം നിലകൊള്ളാനുമായി പ്രത്യേക സംഘടനകൾ രൂപം കൊണ്ടു.  ബംഗാളിൽ ബിഎസ്എഫ്, കേരളത്തിൽ കെഎസ്എഫ്, പഞ്ചാബിൽ പിഎസ്‌യു തുടങ്ങി വിവിധ പേരുകളിലാണ് അവ പ്രവർത്തിച്ചത്. ദേശീയ തലത്തിൽ ഒറ്റ സംഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായാണ്  എസ്എഫ്ഐ രൂപം കൊണ്ടത്.

 ഇന്ത്യയിൽ മാത്രമല്ല പല വിദേശ രാജ്യങ്ങളിലും വിദ്യാർഥികൾ ജനകീയ സമരങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു. സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങൾക്കും  ദേശീയ വിമോചന പോരാട്ടങ്ങൾക്കും  ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഇവിടെയും വിദ്യാർഥികൾ തെരുവിലിറങ്ങി. ഒപ്പം വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള സമരങ്ങളും. ഇന്ത്യയിലും രാഷ്‌ട്രീയസാമൂഹ്യ രംഗത്ത് വലിയ മാറ്റങ്ങൾ നടന്ന കാലം. സാമൂഹ്യ നീതിക്കും വിദ്യാർഥികളുടെ അവകാശങ്ങൾക്കു വേണ്ടിയും ദേശീയ തലത്തിൽ ശക്തമായ ഒരു വിദ്യാർഥി പ്രസ്ഥാനം രൂപം കൊള്ളണമെന്ന ചിന്ത ശക്തമായി.  ആറു സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച വിദ്യാർഥി സംഘടനാ നേതാക്കൾ 1969ൽ ബംഗാളിലെ ഹൗറയിൽ ഒത്തു ചേർന്ന്‌ ദേശീയതലത്തിൽ ശക്തമായ ഒരു വിദ്യാർഥി പ്രസ്ഥാനം രൂപീകരിക്കാൻ പ്രാരംഭ ചർച്ച നടത്തി. കേരളത്തിൽനിന്ന്‌  സി ഭാസ്‌കരനും കെഎസ്എഫ് സെക്രട്ടറിയായിരുന്ന സി പി അബൂബക്കറും പങ്കെടുത്തു. അവിടെ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ല. 1970 ജൂലൈയിൽ കൂടുതൽ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത് ഡംഡം ക്ലെവ് ഹൗസിൽ യോഗം ചേർന്നു പ്രിപ്പറേറ്ററി കമ്മിറ്റി രൂപീകരിച്ചു.  സംഘടനയുടെ ഭരണഘടന, കൊടി, കരട് രൂപരേഖ എന്നിവ തയ്യാറാക്കാൻ ഉപസമിതികളും രൂപീകരിച്ചു. ആ കമ്മിറ്റിയാണ് വിവിധ സംഘനകളെ യോജിപ്പിച്ച് ദേശീയ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത് അതിന്റെ അടിസ്ഥാനത്തിലായിരുന്നു രൂപീകരണ  സമ്മേളനം. 

ഏതാനും സംസ്ഥാനങ്ങളിൽ മാത്രം പ്രവർത്തിച്ചിരുന്ന എസ്എഫ്ഐ‌ക്ക്‌ ഇപ്പോൾ 24 സംസ്ഥാനങ്ങളിലും കമ്മിറ്റിയായി. രാജ്യത്തെ നിരവധി സർവകലാശാലകളിലും കോളേജ് –-സ്‌കൂളുകളിലും യൂണിയനുകളുടെ ഭരണ സാരഥ്യം വഹിക്കുന്നു. വലതുപക്ഷ ചിന്താഗതി‌ക്കെതിരെ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന ആശയം ഉയർത്തിപ്പിടിച്ച് പഠനവും സമരവും എന്ന മുദ്രാവാക്യവുമായി ജനകീയപോരാട്ടം നയിക്കുന്നതിനാലാണ് രാജ്യത്തെ വിദ്യാർഥികളുടെ ഏറ്റവും വലിയ സമര സംഘടനായി വളരാൻ കഴിഞ്ഞത്.

രാജ്യം ഇപ്പോൾ ദുർഘടമായ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മുമ്പൊരിക്കലും ഉണ്ടായിട്ടാത്ത വിധം ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാനാണ് തീവ്രവർഗീയശക്തികളും അവർ പിന്തുണയ്‌ക്കുന്ന ഭരണവർഗവും ശ്രമിക്കുന്നത്. അതിനെതിരെ ജനങ്ങളെ യോജിപ്പിച്ച് ജനാധിപത്യ മതേതര സംരക്ഷണത്തിനായി നടക്കുന്ന പോരാട്ടത്തിൽ പുരോഗമന ചിന്താഗതിക്കാരായ വിദ്യാർഥികൾക്കും ഗണ്യമായ പങ്കാണ് വഹിക്കാനുള്ളത്.

ഗോപി കൊൽക്കത്ത 

അങ്ങനെയാണ്‌ നക്ഷത്രം ചുവന്നത്‌; എസ്‌എഫ്‌ഐയുടെ അമ്പതാം വർഷം

50 വർഷം ഒരു ചെറിയ കാലയളവല്ല, പോരാട്ടങ്ങളുടെ 50 വർഷങ്ങളാകുമ്പോൾ അനുഭവങ്ങൾക്ക്‌ മൂർച്ച കൂടും. പോരാട്ടം ഫാസിസത്തിന്‌ എതിരെയാകുമ്പോൾ മുറിവുകൾക്ക്‌ ആഴമേറും. പക്ഷേ, ആഴമേറിയ ആ മുറിവുകളെയെല്ലാം അവഗണിച്ച്‌ നക്ഷത്രാങ്കിത ശുഭ്രപതാകയുമേന്തി വിദ്യാർഥി പ്രസ്ഥാനത്തെ നയിച്ചവർ ഓർമകളുടെ കനലുകൾ പങ്കുവയ്‌ക്കുകയാണ്‌ എസ്‌എഫ്‌ഐയുടെ 50–-ാം വർഷത്തിൽ.  അടിയന്തരാവസ്ഥക്കാലത്ത്‌ ഒരുമിച്ച്‌ ജയിലിൽ കിടന്ന സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി, മന്ത്രി ജി സുധാകരൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ എന്നിവർ. തിരുവനന്തപുരം വിളപ്പിൽശാല ഇ എം എസ്‌ അക്കാദമിയിൽ ഒരു പകൽപ്പാതി മുഴുവൻ പറഞ്ഞിട്ടും തീരാത്ത അനുഭവങ്ങൾ. ഹൃദ്യമായ ആത്മബന്ധത്തിന്റെ ഇളംചൂടുള്ള ഓർമകൾ  

 

നമ്മൾ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നത് എസ്‌ എഫ്‌ഐയുടെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ടാണ്. എന്നാൽ എസ്‌ എഫ്‌ഐയ്‌ക്ക്‌ മുമ്പുള്ള കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിൽ പ്രവർത്തിച്ചിരുന്നവരാണ് നമ്മൾ മൂന്ന് പേരും. അതിനും മുമ്പ് 1936ൽ  ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ രൂപീകരിച്ചിരുന്നു. അക്കാലം മുതലുള്ള എല്ലാ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന സംഘടന എസ്എഫ്ഐയാണ്. ഞങ്ങൾ തമ്മിൽ സീനിയോരിറ്റിയിലും നല്ല വ്യത്യാസമുണ്ട്. പ്രാക്കുളം എൻഎസ്എസ് സ്‌കൂളിൽ പഠിക്കുമ്പോൾ സമരത്തിന് പോയൊരു ഓർമയുണ്ട്.  നിരന്തരമായ ആക്രമണങ്ങൾ നേരിട്ട സമയം. പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ തടസ്സങ്ങൾ സൃഷ്ടിക്കുന്ന പൊലീസ്‌ മർദനം, കോളേജ്, സ്‌കൂൾ അധികൃതരുടെ ശിക്ഷാ നടപടികൾ. എന്നിരുന്നാലും വിദ്യാഭ്യാസരംഗത്തെ അനീതിക്കെതിരെയും അശാസ്‌ത്രീയതയ്‌ക്കെതിരെയും പോരാട്ടം അവസാനിപ്പിച്ചില്ല. അടിയന്തരാവസ്ഥ വന്നപ്പോൾ മർദനം  ഉച്ചസ്ഥായിയിലായി. 1975ൽ തിരുവനന്തപുരത്തുവച്ച് സുധാകരൻ സഖാവ് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഞാൻ ഭാരവാഹിയാകുന്നത്. വിജയകുമാറും അന്ന് ഭാരവാഹിയായിരുന്നു. മൂന്ന് മാസത്തിനു ശേഷം അടിയന്തരാവസ്ഥ. അന്ന് 1975 ജൂലൈ ഒന്നിന് അടിയന്തരാവസ്ഥയ്‌ക്കെതിരായ ആദ്യ വിദ്യാർഥി സമരം. അന്ന് യൂണിവേഴ്സിറ്റി കോളേജു മുതൽ സെക്രട്ടറിയറ്റ് വരെ നടന്ന പ്രകടനത്തിലുണ്ടായിരുന്നവരാണ് ഞങ്ങളെല്ലാം. അടിയന്തരാവസ്ഥക്കാലത്ത് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് സഖാവ് ജി സുധാകരൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 

ഞാൻ  ഗ്രാജുവേഷൻ വരെ പന്തളം എൻഎസ്എസ് കോളേജിൽ ആയിരുന്നു. അവിടെ രാഷ്ട്രീയമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ അവിടെ കുട്ടികളെ പല ഹൗസുകളായി തിരിക്കും. ഇതിന്റെ സെക്രട്ടറിയെയും പ്രസിഡന്റിനെയും തെരഞ്ഞെടുക്കാൻ കുട്ടികൾ വോട്ട് ചെയ്യണം. അതിൽ നേതാജി ഹൗസിന്റെ സെക്രട്ടറിയായിരുന്നു ഞാൻ. പിന്നെ അസോസിയേഷനുകളുടെ സെക്രട്ടറിയായി. അന്ന് ആർട്‌സ്‌ കോഴ്സിനൊന്നും ഫസ്റ്റ് ക്ലാസ് തരില്ല. സെക്കന്റ് ക്ലാസ് മാത്രമാണുള്ളത്. അങ്ങനെ കേരളത്തിൽ ആകെ 28 പേർക്ക് സെക്കന്റ് ക്ലാസ് കിട്ടിയതിൽ ഒരാൾ ഞാൻ ആയിരുന്നു. എന്റെ കോളേജിൽ നിന്ന് ഒരാൾക്ക് മാത്രമാണ് കിട്ടിയതും. എസ്എൻ കോളേജിൽ പഠിക്കണമെന്ന് ആഗ്രഹം. അങ്ങനെ കോളേജിൽ പോയി. പക്ഷേ അഡ്മിഷൻ തന്നില്ല. അങ്ങനെ കോളേജിൽ പോയി നോക്കാൻ തീരുമാനിച്ചു. ആദ്യമായി ട്രെയിനിൽ കയറുന്നത് അന്നാണ്. കോളേജിൽ എത്തി. വൈകിട്ട് അഞ്ചായിട്ടും ആരും ശ്രദ്ധിച്ചില്ല. എന്തിനാണ് വന്നതെന്ന് പോലും ചോദിക്കുന്നില്ല. കേറി പറയാനുള്ള ധൈര്യവുമില്ല. അവസാനം പ്രിൻസിപ്പൽ ഇറങ്ങി വന്നു. എന്തഡേ എന്നൊരു ചോദ്യം. അഡ്മിഷൻ കിട്ടിയില്ലെന്ന് പറഞ്ഞു. ഒടുവിൽ ഹെഡ് ക്ലർക്കിനെ വിളിച്ച് ചോദിച്ചപ്പോൾ പന്തളത്ത് ഒന്നാം റാങ്ക് ആയതിനാലാണ് അഡ്മിഷൻകൊടുക്കാതിരുന്നതെന്ന്‌ മറുപടി. അങ്ങനെ അച്ഛനെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു. പിറ്റേന്ന് അഡ്മിഷൻ കിട്ടി. പിന്നീടാണ് അധ്യാപക സമരം വരുന്നത്. 50 അധ്യാപകരെ പിരിച്ചു വിട്ടു. കെഎസ്എഫും എകെപിസിടിഎയ്‌ക്കൊപ്പം സമരത്തിൽ പങ്കാളിയായി. സമരം വിജയിച്ചു. എല്ലാവരെയും തിരിച്ചെടുത്തു. പിന്നീട് സജീവ സംഘടനാ പ്രവർത്തകനായി. 

കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചത്. വീട്ടിൽ ആരും ഇടതുപക്ഷക്കാരില്ല. കെഎസ്എഫിലൂടെയാണ് പ്രവർത്തനം തുടങ്ങുന്നത്. എസ്എഫ്ഐ യുടെയും ഡിവൈഎഫ്ഐ യുടെയും രൂപീകരണ സമയത്ത് സജീവ പങ്കാളിയായിരുന്നത്‌  ജീവിതത്തിലെ വലിയ രണ്ട് നാഴികക്കല്ലുകളാണ്.

നാഴികക്കല്ലുകൾ രണ്ടല്ല, മൂന്നുണ്ട്. പിൻവാതിൽ നിയമനത്തിനെതിരെ നടന്ന സമരമാണ് കേരളത്തിൽ ഡിവൈഎഫ്ഐ യെ ശക്തിപ്പെടുത്തിയത്. അന്ന് സമരത്തിന്‌  നേതൃത്വം  നൽകിയ വിജയകുമാറിനെ കൊല്ലാൻ വേണ്ടി മൂക്ക് അടിച്ച് തകർത്തു. നിരവധി ഡിവൈഎഫ്ഐ സഖാക്കളാണ് സമരത്തിൽ അണിനിരന്നത്. പിന്നെ മനുഷ്യച്ചങ്ങല . ഈ രണ്ട് സംഭവങ്ങൾ കൂടി  ഓർമപ്പെടുത്താതിരിക്കാൻ കഴിയില്ല. 

വിജയകുമാറിനെ തിരുവനന്തപുരത്ത് വന്നപ്പോൾ മുതൽ അറിയാം. എം ജി കോളേജിലെ സമരത്തിനിടയിൽ അങ്ങോട്ട് കേറിയ രണ്ട് പേർ ഞങ്ങളാണ്. 71-–- 72 ൽ സിപിഐ എം ജില്ലാ കമ്മിറ്റിയിലെടുത്തു. പ്രായം കുറവാണ്. പക്ഷേ വിദ്യാർഥികളുടെ രാഷ്ട്രീയത്തിന് പാർട്ടി വലിയ പ്രാധാന്യം നൽകിയതുകൊണ്ടാണ്‌ അവസരം ലഭിച്ചത്‌. കെഎസ്എഫിന്റെ അവസാന സംസ്ഥാന സമ്മേളനം നടക്കുമ്പോൾ പിണറായി വിജയനാണ് സംസ്ഥാന സെക്രട്ടറി. എല്ലാവർക്കും ആളെ നന്നായി അറിയാം പക്ഷേ കണ്ടിട്ടില്ല. ആ സമ്മേളനത്തിലാണ് ആദ്യം കാണുന്നത്. 

ഞാനും ആസമ്മേളനത്തിൽ ഉണ്ടായിരുന്നു.

ഞാൻ ആ സമ്മേളനത്തിൽ സ്‌കൂൾ പ്രതിനിധിയായിരുന്നു. വരാൻ പണം തികഞ്ഞില്ല. ആ അവസരം മറ്റൊരാൾക്ക് കൊടുക്കേണ്ടി വന്നു. 

അതാണ്‌ അന്നത്തെ അവസ്ഥ. പക്ഷേ അതിനിടയിലും വിദ്യാർഥികൾ മുന്നോട്ടുവന്നു. എസ്എഫ്ഐ രൂപീകരിച്ചപ്പോൾ ആദ്യ പ്രസിഡന്റായി. അതിന് ശേഷമാണ് പ്രാക്കുളത്ത് സ്‌കൂളിൽ സമരം. ബേബി സഖാവിനെ പരിചയപ്പെടുന്നത് അങ്ങനെയാണ്. ഇപ്പോഴും ഓർമയുണ്ട് കൊച്ചുമുണ്ടൊക്കെയുടുത്ത്. അന്നത്തെ പ്രസംഗവും അതിഗംഭീരമായിരുന്നു. എസ്എൻ കോളേജിൽ വന്ന് ആർട്സ് ക്ലബ്‌ സെക്രട്ടറിയായി വിജയിച്ചപ്പോൾ ഞങ്ങൾ പോയൊരു മാലയൊക്കെ ഇട്ടത് ഇപ്പോഴും ഓർമയുണ്ട്. പിന്നെ പാർട്ടി ഓഫീസിൽ ആയിരുന്നല്ലോ.

ആദ്യ സമ്മേളനം  തിരുവനന്തപുരത്തായിരുന്നു. അഖിലേന്ത്യാ തലത്തിൽ വിദ്യാർഥിസഖാക്കൾ എത്തും. ടാഗോർ സെന്റിനറി ഹാൾ ആയിരുന്നു പ്രധാന വേദി. സി എച്ച് കണാരൻ ആയിരുന്നു അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി. അദ്ദേഹം യോഗം വിളിച്ചു. അങ്ങനെയാണ്‌ ഏത്‌ രീതിയിൽ സംഘടിപ്പിക്കണമെന്നൊക്കെ തീരുമാനിക്കുന്നത്‌. 

സി എച്ചിനെക്കുറിച്ച് കവിത എഴുതിയിട്ടുണ്ട് സുധാകരൻ സഖാവ്.

സി എച്ച് ആവേശമായിരുന്നു എല്ലാവർക്കും. അന്നത്തെ യോഗത്തിൽ പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു. സി എച്ച് ഒരു രൂപ പോലും അനാവശ്യമായി പണം കളയില്ല. സി എച്ചിന്റെ കാറിൽ കയറ്റി പിരിവിന് പോകും. 

രാഷ്‌ട്രീയത്തിന്‌ പുറത്ത്‌  പലരെയും ഇക്കാര്യത്തിൽ സി എച്ച്‌  സഹകരിപ്പിച്ചു. എം എം ചെറിയാൻ അതിൽ ഒരാളാണ്.

കാര്യങ്ങൾ അതിഗംഭീരമായി നടന്നു. രൂപീകരണം ഉദ്ഘാടനം ചെയ്‌തത്‌ എ കെ ജി ആയിരുന്നു. ഇംഗ്ലീഷിലുള്ള, ഏറ്റവും ലളിതമായ പ്രസംഗം. ഇന്നും ഓർമയുണ്ട്‌. 

അന്ന് ബംഗാളിൽ നിന്നെത്തിയ പ്രതിനിധി ബബ്ലുവിന്റെ  കാലൊടിഞ്ഞിരിക്കുകയായിരുന്നു. ആ  സഖാവിനെ  വേദിയിലേക്ക് കൊണ്ടുവരാൻ എ കെ ജി  നിർദേശിച്ചത്‌ നല്ല ഓർമയുണ്ട്‌. 

 ആദ്യത്തെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി  ബിമൻ ബസു എത്തിയിരുന്നു. അന്ന്‌ കൂറ്റൻ പ്രകടനത്തിലേക്ക്‌   കെഎസ്ആർടിസി ബസ് ഇടിച്ചു കയറ്റി‌. സഖാവ്‌ ദേവപാലൻ കൊല്ലപ്പെടുന്നത്‌ അങ്ങനെയാണ്‌. സംഘടനയുടെ ആദ്യ രക്തസാക്ഷി. 70 പേർക്ക് പരിക്കേറ്റു. ഇ എം എസിന്റെ മകൻ എസ്‌ ശശിക്കും ഗുരുതരമായി പരിക്കേറ്റു. 

1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്ന് എംഎൽഎ ഹോസ്റ്റലിൽ നിന്ന് ഇറങ്ങി വന്നപ്പോൾ പൊലീസ് പിടിച്ചു. ഒരു ദിവസം കന്റോൺമെന്റ് സ്റ്റേഷനിൽ ഇരുത്തി. വിദ്യാർഥികളുടെ ഭാഗത്ത് നിന്ന്  പ്രക്ഷോഭമൊന്നും ഉണ്ടാകരുതെന്ന് പറഞ്ഞു. 

 ഇതുപോലെ തന്നെ കോടിയേരിയെ തലശേരിയിൽ നിന്ന് പിടിച്ചു. മിസ ചുമത്തി ജയിലിലാക്കി. അന്ന് പാർട്ടിയുടെ രാഷ്ട്രീയ സമ്മേളനത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടതിനാൽ വീട്ടിൽ പൊലീസ് വന്നപ്പോൾ ഞാൻ വീട്ടിൽ  ഉണ്ടായില്ല. തിരിച്ചു വന്നപ്പോൾ ജ്യേഷ്‌ഠൻ പറഞ്ഞു, പൊലീസ്‌ അന്വേഷിച്ചു വന്ന കാര്യം.  

വിദ്യാർഥി നേതാക്കളെ തടയുകയായിരുന്നു  അവരുടെ ലക്ഷ്യം. ഒടുവിൽ ജൂലൈ ഒന്നിനുള്ള അവകാശ പത്രികാ മാർച്ച്‌ അടിയന്തരാവസ്ഥയ്‌ക്കെതിരെ നടത്താൻ തീരുമാനിച്ചു.  വളരെ രഹസ്യമായിട്ടായിരുന്നു ആസൂത്രണം. കൂട്ടമായി  വരരുതെന്ന്‌ കൃത്യമായി അറിയിച്ചു. എല്ലാവരും അതനുസരിച്ചു. ബേബി സഖാവ്‌ കൊല്ലത്തുനിന്ന്‌ തിരുവനന്തപുരത്തെത്തി. ദേശീയ തലത്തിൽ  ഏറ്റെടുത്ത ക്യാമ്പെയ്‌ൻ ആയിരുന്നു‌. ആർക്കും ഒരു സൂചനയും കിട്ടിയില്ല 

യൂണിവേഴ്‌സിറ്റി കോളേജിൽ കുട്ടികൾ എല്ലാം വരാൻ തയ്യാറായിരുന്നു.  വന്നാൽ വെടിവയ്‌പ്‌ ഉറപ്പായിരുന്നു. 

പ്രകടനം സെക്രട്ടറിയറ്റിന്‌ സമീപം എത്തുമ്പോഴാണ്‌ പൊലീസ്‌ അറിയുന്നത്‌. അവിടെ വച്ചുതന്നെ റൗണ്ട്‌ ചെയ്‌തു. 24 പേരെയാണ്‌ കസ്റ്റഡിയിൽ എടുത്തത്‌. 

ഫാസിസ്റ്റ്‌  ഇന്ദിര തുലയട്ടെ എന്നതായിരുന്നു മുദ്രാവാക്യം. പൊലീസ്‌ കൊണ്ടുപോയി സ്റ്റേഷനിൽ ഓരോരുത്തരെയായി വിളിച്ചായിരുന്നു മർദനം. 

എനിക്കാണെന്ന്‌ തോന്നുന്നു തല്ല് കുറച്ച്‌  കിട്ടിയത്‌. പക്ഷേ ചവിട്ടേറ്റ്‌ കണ്ണടയൊക്കെ പൊട്ടി. ബേബി സഖാവിനെ നല്ലപോലെ തല്ലി. പൊക്കമുള്ളതുകൊണ്ട്‌ അവരുടെ ഒരടി പോലും കൊള്ളാതെ പോയില്ല. അങ്ങനെ നിരവധിപേർ. പലരോടും മാപ്പ്‌ പറഞ്ഞാൽ വിടാമെന്ന് പറഞ്ഞു. പക്ഷേ ആരും അത്‌ ചെയ്‌തില്ല.

പിന്നീടാണ്‌  അട്ടക്കുളങ്ങര ജയിലിലേക്ക്‌ കൊണ്ടുപോകുന്നത്‌. ഇന്നത്‌ സ്‌ത്രീകളുടെ ജയിലാണ്‌. പിന്നീട്‌ ഞങ്ങളെ പൂജപ്പുരയിലേക്ക്‌  കൊണ്ടുപോയി. പുറത്ത്‌ വലിയ പ്രകടനങ്ങൾ ഇതിന്റെ പേരിൽ ഉണ്ടായി. കൂടുതൽ സഖാക്കൾ ജയിലിലായി. 

ജയിലിൽ നമ്മൾ സഖാക്കൾക്ക്‌ ക്ലാസ്‌ എടുത്തതും മറ്റും ഇന്നും ഓർമയുണ്ട്‌. രാഷ്‌ട്രീയമായിത്തന്നെ അനീതിയ്‌ക്കെതിരെ പോരാടി. 

ആർക്കും അങ്ങോട്ട്‌ വരാൻ കഴിയില്ലല്ലോ. ഒടുവിൽ എ കെ ജിയുടെയും അഭിഭാഷകനായ വർക്കല രാധാകൃഷ്‌ണന്റെയും  ഇടപെടൽ കൊണ്ടാണ്‌ പുറത്തിറങ്ങിയത്‌. എ കെ ജി വിഷയം പാർലമെന്റിൽ  അവതരിപ്പിച്ചു. ഒടുവിൽ ജയിലിൽ കിടന്ന കാലം ശിക്ഷയായി പരിഗണിച്ച്‌ കോടതി വിട്ടയച്ചു.  അതിനു ശേഷം കാട്ടാക്കടയിൽ ഒരു പഠനക്യാമ്പ്‌  നടത്തി. നക്‌സലൈറ്റുകൾ യോഗം ചേരുന്നു എന്ന്‌ ആരോ പറഞ്ഞുകൊടുത്തതിനെ തുടർന്ന്‌ പുലർച്ചെയൊടെ പൊലീസ്‌ ക്യാമ്പ്‌ വളഞ്ഞു. ഞങ്ങളെ അറസ്‌റ്റ്‌ ചെയ്‌ത്‌ നഗരത്തിലെ ഒരു ക്യാമ്പിൽ കൊണ്ടുപോയി. അന്നവിടെ ഒരു ചെറുപ്പക്കാരനെ കാലുകൾ ചങ്ങലയ്‌ക്കിട്ട്‌ ബെഞ്ചിൽ ബന്ധിച്ചത്‌ കണ്ടു. ജയറാം പടിക്കലായിരുന്നു മർദനത്തിന്‌ നേതൃത്വം നൽകിയത്‌.  പിന്നീടറിഞ്ഞു, പൊലീസ്  ആ ചെറുപ്പക്കാരനെ ‌ മർദിച്ചു കൊന്നെന്ന്‌. വർക്കല വിജയനെന്ന നക‌്‌സലൈറ്റ്‌ പ്രവർത്തകനായിരുന്നു അത്‌.  

ഇന്ന്‌ ജനാധിപത്യ പാർടികളെന്ന്‌ മാധ്യമങ്ങൾ പറയുന്ന പാർടികളല്ല അന്ന്‌ ജനാധിപത്യത്തിന്‌ വേണ്ടി പോരാടിയത്‌. ഇടതുപക്ഷമാണ്‌. ഇ എം എസ്‌, എ കെ ജി തുടങ്ങിയവരെല്ലാം പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകി. പരിമിതികളിൽ നിന്ന്‌ വിദ്യാർഥികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു നമ്മൾ. ഇ എം എസ്‌ ആണ്‌ ക്ലാസെടുത്തത്‌. 

ഇന്ന് എസ്എഫ്ഐക്ക്‌ വിജയം സുനിശ്ചിതമാണ്. പക്ഷേ അന്ന്‌ അങ്ങനെ ആയിരുന്നില്ല. തോൽക്കുമെന്ന്‌  ഉറച്ചാണ്‌ വിദ്യാർഥികൾ സംഘടനാ രംഗത്തു‌ വന്നത്‌‌. അതിനാൽ വിജയത്തിന് വേണ്ടി മാത്രം വരുന്നവർക്കെതിരെ ജാഗ്രത പാലിക്കണം‌. 

പോരാട്ടത്തിന്റെ ഓർമകൾക്ക്‌ മരണമില്ല. പോരാട്ടം നിലയ്‌ക്കുന്നുമില്ല. മുമ്പേ നടന്നവരുടെ പാതയിൽ കൂടുതൽ വെല്ലുവിളികളെ നേരിട്ട്‌ എസ്‌എഫ്‌ഐ ഇന്നും മുന്നോട്ടുപോകുകയാണ്‌. അവിടെ മുൻ അമരക്കാരുടെ അനുഭവ സമ്പത്ത്‌ കരുത്താക്കുകയാണ്‌ വിപ്ലവ വിദ്യാർഥി പ്രസ്ഥാനം.

എൻ എസ്‌ സജിത്‌, എസ്‌ ശ്രീലക്ഷ്‌മി