Saturday, December 14, 2013

മുസ്ലിംലീഗ് ആഗ്രഹിച്ചാലും മറക്കാനാവാത്ത 2004, 2006

 ഒറ്റയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും മൂന്ന് സീറ്റില്‍ ജയിക്കുമെന്ന മുസ്ലിംലീഗിന്റെ അവകാശവാദം ചരിത്രം വിസ്മരിച്ചുകൊണ്ട്. കൂടുതല്‍ സീറ്റിനുവേണ്ടി കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാനാണ് മുസ്ലിംലീഗിന്റെ പ്രസ്താവനയെങ്കില്‍ അതിന് അത്ര ഗൗരവം കൊടുക്കേണ്ടതില്ല. എന്നാല്‍ കാര്യമായിട്ടാണ് ലീഗ് പ്രസ്താവന നടത്തിയതെങ്കില്‍ അത് അങ്ങനെത്തന്നെ അംഗീകരിച്ചുകൊടുക്കാന്‍ ജനങ്ങള്‍ സന്നദ്ധരാവില്ല. വസ്തുതകളും ലീഗിന്റെ അവകാശവാദത്തിന് വിരുദ്ധമാണ്. മലപ്പുറം ജില്ലയിലെ ചോദ്യംചെയ്യപ്പെടാനാവാത്ത രാഷ്ട്രീയശക്തിയെന്നായിരുന്നു മുസ്ലിംലീഗ് മുമ്പും അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ ലീഗ് ജില്ലയില്‍ തോറ്റമ്പിയിട്ടുള്ള അനുഭവം പലതവണയുണ്ടായിട്ടുണ്ട്.

2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ലീഗ് അതിന്റെ ചരിത്രത്തിലെ വന്‍ പരാജയം ഏറ്റുവാങ്ങിയത്. അപ്രതിരോധ്യമായ കോട്ടയെന്ന് ലീഗ് കരുതിയിരുന്ന മഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസ 47,743 വോട്ടിന് വിജയിച്ചു. 1999ലെ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥി ഇ അഹമ്മദ് 1,23,411 വോട്ടിനാണ് മഞ്ചേരിയില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പൊന്നാനി മണ്ഡലത്തില്‍ 1991ല്‍ ജി എം ബനാത്ത്വാല 1,29,478 വോട്ടിന് ജയിച്ചപ്പോള്‍ 2004ല്‍ ഇ അഹമ്മദിന്റെ ഭൂരിപക്ഷം 1,02,954 ആയി കുറഞ്ഞു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ വന്‍ വൃക്ഷങ്ങള്‍ കടപുഴകി. പി കെ കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്തും ഇ ടി മുഹമ്മദ്ബഷീര്‍ തിരൂരിലും എം കെ മുനീര്‍ മങ്കടയിലും തോറ്റു. പൊന്നാനിയില്‍ സിപിഐ എം സ്ഥാനാര്‍ഥി പാലോളി മുഹമ്മദുകുട്ടി 28,341 വോട്ടിനാണ് ജയിച്ചത്. തിരൂര്‍, പൊന്നാനി, കുറ്റിപ്പുറം, മങ്കട, പെരിന്തല്‍മണ്ണ സീറ്റുകള്‍ എല്‍ഡിഎഫിന് കിട്ടി. ആ വര്‍ഷം മുസ്ലിംലീഗ് കേരളത്തിലാകെ മത്സരിച്ച 21 സീറ്റില്‍ ഏഴെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. ചില ലീഗ് മന്ത്രിമാരുടെ ധാര്‍ഷ്ട്യത്തിനും ജനദ്രോഹത്തിനും അഴിമതിക്കും പ്രബുദ്ധരായ മലപ്പുറം ജനത ശക്തമായ മറുപടിയാണ് ബാലറ്റ് പേപ്പറിലൂടെ നല്‍കിയത്. 1995ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മലപ്പുറം, മഞ്ചേരി, പൊന്നാനി, പെരിന്തല്‍മണ്ണ, തിരൂര്‍ നഗരസഭകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത് മുസ്ലിംലീഗിനേറ്റ മറ്റൊരു കനത്ത പ്രഹരമാണ്. ജില്ലയില്‍ ഒരു നഗരസഭയില്‍ പോലും ഭരണത്തിലില്ലാതെ മുസ്ലിംലീഗ് ഒറ്റപ്പെട്ടു.

മലപ്പുറത്തും മഞ്ചേരിയിലുമുണ്ടായ തോല്‍വി ലീഗിന്റെ ആത്മാഭിമാനത്തിനേറ്റ ഏറ്റവും കനത്ത ആഘാതമായിരുന്നു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ പെടുന്ന ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ മലപ്പുറം ജില്ലയിലാണ്. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നു. പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി എന്നീ നിയമസഭാ മണ്ഡലങ്ങളുണ്ട്. പാലക്കാട് ജില്ലയിലെ തൃത്താല നിയമസഭാ മണ്ഡലംകൂടി പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ പെടുന്ന മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളില്‍ മുസ്ലിംലീഗ് പ്രധാന ശക്തിയല്ല. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലും മുസ്ലിംലീഗിന് മേധാവിത്വമില്ല. പിന്നെ എങ്ങനെയാണ് മുസ്ലിംലീഗ് വയനാട് മണ്ഡലത്തില്‍ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കുകയെന്ന് വ്യക്തമല്ല.
(വി ജയിന്‍)

deshabhimani

No comments:

Post a Comment