Sunday, December 15, 2013

20,665 കോടി വെട്ടിക്കുറച്ചു

കഴിഞ്ഞ പൊതുബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്കായി നീക്കിവെച്ച വിഹിതത്തില്‍ 20,665 കോടി ധനമന്ത്രാലയം വെട്ടിക്കുറച്ചു. ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എംജിഎന്‍ആര്‍ഇജിഎസ്), പ്രധാനമന്ത്രി ഗ്രാമ സഡക് യോജന(പിഎംജിഎസ്വൈ), ഇന്ദിര ആവാസ് യോജന(ഐഎവൈ), ഇന്റഗ്രേറ്റഡ് വാട്ടര്‍ മാനേജ്മെന്റ് പ്രോഗ്രാം(ഐഡബ്ല്യുപി), നാഷണല്‍ റൂറല്‍ ലിവ്ലിഹുഡ് മിഷന്‍(എന്‍ആര്‍എല്‍എം) തുടങ്ങിയ പദ്ധതികള്‍ക്കായി നീക്കിവെച്ച വിഹിതത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വന്‍കുറവ് വരുത്തിയത്. 79,649 കോടി രൂപയായിരുന്നു കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതികള്‍ക്കായി നീക്കിവെച്ചിരുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി ബജറ്റില്‍ വകയിരുത്തിയത് 33,000 കോടി രൂപയായിരുന്നു. ഈ തുക കുറഞ്ഞുപോയെന്ന വിമര്‍ശം ആ ഘട്ടത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. ബജറ്റ് വിഹിതം കൂട്ടണമെന്ന് പലകോണുകളില്‍ നിന്നും ശക്തമായ വാദവും ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ ആവശ്യങ്ങളെയെല്ലാം തൃണവല്‍ഗണിച്ചാണ് ധനമന്ത്രാലയത്തിന്റെ പുതിയ നടപടി. 2000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് വെട്ടിക്കുറച്ചിരിക്കുന്നത്.

രാജ്യത്തെ ഗ്രാമീണ റോഡുകളുടെ വികസനവും പുനരുദ്ധാരണവും ലക്ഷ്യമിടുന്ന പിഎംജിഎസ്വൈ പദ്ധതിയുടെ വിഹിതമാണ് ഏറ്റവുമധികം വെട്ടിച്ചുരുക്കിയത്. 21,700 കോടി അനുവദിച്ചിടത്ത് ഇനിയുള്ളത് 9,700 കോടി രൂപ മാത്രം. വെട്ടിക്കുറച്ചത്-12,000 കോടി. ഭവന നിര്‍മാണത്തിന് വേണ്ടിയുള്ള ഇന്ദിര ആവാസ് യോജനയ്ക്കായി നീക്കിവെച്ച 15,184 കോടി രൂപയില്‍ നിന്ന് വെട്ടിക്കുറച്ചത് 2,000 കോടി രൂപയാണ്. ഈ വര്‍ഷം 30 ലക്ഷം വീടുകള്‍ നിര്‍മിക്കാന്‍ ആസൂത്രണ കമ്മീഷന്‍ അനുവാദം നല്‍കിയിട്ടുണ്ട്. 2,800 കോടി രൂപ കൂടി ഇതിന് ആവശ്യമായി വരും. ഒഡീഷയിലും മറ്റുമായി വീശിയടിച്ച ഫൈലിന്‍ ചുഴലിക്കാറ്റില്‍ നശിച്ച മൂന്ന് ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ ആവശ്യമായ തുക ഇതിന് പുറമെയാണെന്നിരിക്കെയാണ് ധനമന്ത്രാലയം ഐഎവൈയുടെ വിഹിതം കുറക്കാന്‍ തീരുമാനമെടുത്തത്.

ജലവിതരണം ലക്ഷ്യമിട്ടുള്ള ഐഡബ്ല്യുഎംപിയില്‍ നിന്ന് ഇല്ലാതായത് 3,265 കോടി. 5,765 കോടി രൂപ അനുവദിച്ചിടത്ത് ഇനി ബാക്കിയുള്ളത് 2,500 കോടി മാത്രമാണ്. സാധാരണക്കാരുടെ ജീവനോപാധി ലക്ഷ്യമിട്ട് ആരംഭിച്ച എന്‍ആര്‍എല്‍എമ്മിന്റെ പദ്ധതിവിഹിതത്തിലും കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. 4,000 കോടിയില്‍ നിന്ന് 1,400 കോടി വെട്ടിമാറ്റി. ഇനി ബാക്കിയുള്ളത് 2,600 കോടി രൂപ മാത്രമാണ്. സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് ധനമന്ത്രാലയത്തിന്റെ വിശീദീകരണം. ധനക്കമ്മി കുറക്കാനുള്ള നടപടിയാണെന്ന ന്യായീകരണവും മന്ത്രാലയം മുന്നോട്ട് വെക്കുന്നു. ബജറ്റ് വിഹിതം കുറച്ചതില്‍ പ്രതിഷേധിച്ച് ഗ്രാമ വികസന മന്ത്രി ജയറാം രമേഷ് രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളില്‍ മുമ്പില്‍ നില്‍ക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെയും ഐഎവൈയുടെയും 2,000 കോടി രൂപ വീതമാണ് വെട്ടിക്കുറച്ചിരിക്കുന്നതെന്നും ഇത് വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

deshabhimani

No comments:

Post a Comment