Saturday, December 7, 2013

എന്‍പിആര്‍ഡി ദേശീയ സമ്മേളനത്തിനു തുടക്കം

വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പൊതുസമ്മേളനത്തോടെ നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദി റൈറ്റ്സ് ഓഫ് ദി ഡിസേബിള്‍ഡ് (എന്‍പിആര്‍ഡി) ദേശീയ സമ്മേളനത്തിനു തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലിംഗപരവും ജാതിപരവുമായ വിവേചനങ്ങള്‍ക്കെതിരെ പോരാട്ടം നയിച്ച മുന്‍ പാര്‍ലമെന്റ് അംഗം വൃന്ദ കാരാട്ട് സമ്മേളനം ഉദ്ഘാടനംചെയ്തു.

അന്ധതയെ തോല്‍പ്പിച്ച് സംഗീതലോകത്തിന്റെ ഔന്നത്യത്തിലെത്തിയ മലയാളിയുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗാനാര്‍ച്ചനയോടെയാണ് മറൈന്‍ ഡ്രൈവില്‍ പൊതുസമ്മേളനം ആരംഭിച്ചത്. കാറ്റേ, കാറ്റേ... എന്ന പ്രസിദ്ധമായ മലയാളഗാനത്തോടൊപ്പം ഹിന്ദി ഗസലും ആലപിച്ച് വിവിധ നാട്ടില്‍നിന്നെത്തിയ പോരാളികളോട് യുവഗായിക ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പ്രമുഖ ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമായ സി എന്‍ കരുണാകരന്‍ അധ്യക്ഷനായി. നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് സമ്മേളനം ആരംഭിച്ചത്. പി രാജീവ് എംപി അനുശോചന പ്രമേയം അവതരിപ്പിച്ചു.

ശാരീരികവും മാനസികവുമായി വിവിധതരം വൈകല്യങ്ങളുള്ളവരെ പൊതുവേദിയില്‍ എത്തിക്കാനുള്ള പ്രഥമ സംരംഭത്തിന് തുടക്കംകുറിക്കാന്‍ വിവിധ സംസ്ഥാനത്തുനിന്നുള്ള പ്രതിനിധികള്‍ രാവിലെമുതല്‍ കൊച്ചിയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. പൊതുസമ്മേളന നഗറിലേക്ക് വാഹനങ്ങളിലും മറ്റും എത്തിയവര്‍ വിവിധ സംസ്ഥാനങ്ങളിലെ സംഘടനകളുടെ ബാനറുകളുമായാണ് സമ്മേളനനഗറിലേക്കെത്തിയത്. പലരും വീല്‍ചെയറിലും. വെള്ളയും മഞ്ഞയുമൊക്കെയുള്ള കൊടികളും വിവിധ ഭാഷയിലുള്ള മുദ്രാവാക്യവുമെല്ലാം ചേര്‍ന്ന് സമ്മേളനസ്ഥലത്തെ നാടിന്റെ പരിച്ഛേദമാക്കി. മഹിളാ സംഘടനകളും ബാങ്ക് ജീവനക്കാരുടെ സംഘടനകളും ഇവരെ അഭിവാദ്യംചെയ്യാനെത്തിയിരുന്നു എന്‍പിആര്‍ഡി കണ്‍വീനര്‍ കാന്തി ഗാംഗുലി, സ്വാഗതസംഘം രക്ഷാധികാരി എം വി ഗോവിന്ദന്‍, ഡിഎഡബ്ല്യുഎഫ് സംസ്ഥാന സെക്രട്ടറി പരശുവയ്ക്കല്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി പി ശശീന്ദ്രന്‍ സ്വാഗതവും ഡിഎഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് ഒ വിജയന്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ 10ന് എറണാകുളം ടൗണ്‍ഹാളില്‍ ആരംഭിക്കും. ഞായറാഴ്ച വൈകിട്ട് സമാപിക്കും.

ഒരുവര്‍ഷത്തിനിടെ ബംഗാളില്‍ 52 വിഭിന്നശേഷിയുള്ള പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു: കാന്തി ഗാംഗുലി

"പതിമൂന്ന് മാസത്തിനിടെ പശ്ചിമ ബംഗാളില്‍ കൊല്ലപ്പെട്ടത് വിഭിന്നശേഷിയുള്ള 52 പെണ്‍കുട്ടികള്‍. തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണങ്ങള്‍ക്കിരയായി മൃതപ്രായരായി ജീവിക്കുന്നവര്‍ ഇതിന്റെ രണ്ടിരട്ടിയിലധികം. ബംഗാളിലെ ഏറ്റവും മികച്ച ഓട്ടക്കാരികളിലൊരാളും ആക്രമിക്കപ്പെട്ടു. വിഭിന്നശേഷിയുള്ളവരുടെ കായികമേളകളിലെ മിന്നും താരമായിരുന്നു. അതിക്രൂരമായി തൃണമൂല്‍ അക്രമികള്‍ അവരെ മാനഭംഗപ്പെടുത്തി. അക്രമികളിലൊരാളെപോലും അറസ്റ്റ് ചെയ്തില്ല. ബംഗാളിലെ വികലാംഗരില്‍ ഒരാള്‍ക്കുപോലും സുരക്ഷിതത്വം നല്‍കാന്‍ മമത സര്‍ക്കാരിനാകുന്നില്ല""- പറയുന്നത് ബംഗാള്‍ മുന്‍ കായികമന്ത്രിയും വിഭിന്നശേഷിയുള്ളവരുടെ ദേശീയസംഘടനയായ എന്‍പിആര്‍ഡിയുടെ കണ്‍വീനറുമായ കാന്തി ഗാംഗുലി.

കൊച്ചിയില്‍ മൂന്നുദിവസമായി നടക്കുന്ന എന്‍പിആര്‍ഡി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബംഗാളില്‍നിന്നെത്തിയതാണ് കാന്തി ഗാംഗുലി. പശ്ചിമ ബംഗാളിലെ വിഭിന്നശേഷിയുള്ളവരുടെ സംഘടനയായ പിആര്‍പിഎസിന്റെ (പശ്ചിമബംഗ രാജ്യ പ്രതിബന്ധി സമ്മിളാനി) കണ്‍വീനര്‍കൂടിയാണ് കാന്തി. ഇദ്ദേഹം നേതൃത്വം നല്‍കുന്ന 92 അംഗ സംഘമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ""കൊടിയുടെ നിറവ്യത്യാസമില്ലാതെയാണ് ഞങ്ങള്‍ നീതിക്കായുള്ള പോരാട്ടത്തില്‍ അണിനിരക്കുന്നത്. രാജ്യത്തെങ്ങുമുള്ള വിഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയാണ് ഈ പോരാട്ടം. മാറിമാറി അധികാരത്തിലേറുന്നവര്‍ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ വിഭിന്നശേഷിയുള്ളവര്‍ക്കായി ഒട്ടേറെ ക്ഷേമപദ്ധതികള്‍ വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും ഒന്നുപോലും നടപ്പാക്കാറില്ല. ഇനി അത് അനുവദിക്കില്ല""- ഗാംഗുലി ഉറച്ച ശബ്ദത്തില്‍ പറയുന്നു.

"രാജ്യത്തെ 10 ശതമാനത്തോളം പേര്‍ വിവിധ വൈകല്യങ്ങള്‍ ഉള്ളവരാണ്. 2001ലെ സെന്‍സസ് അനുസരിച്ച് ഇവരുടെ എണ്ണം 11 കോടിയിലേറെവരും. എന്നാല്‍, വിഭിന്നശേഷിയുള്ളവരുടെ സൗഹൃദ രാജ്യമായി മാറാന്‍ ഇന്ത്യക്ക് ഇനിയുമായിട്ടില്ല. 1995ല്‍ അന്നത്തെ മന്ത്രി രാംവിലാസ് പാസ്വാന്റെ നേതൃത്വത്തില്‍ രൂപീകരിച്ച വികലാംഗക്ഷേമ ബില്‍ ഭേദഗതികളോടെ ഉടന്‍ പാര്‍ലമെന്റ് പാസാക്കുകയും നിയമം പ്രാബല്യത്തിലാക്കുകയും വേണം. രാജ്യത്തെ 20 ശതമാനത്തോളം വിഭിന്നശേഷിയുള്ളവരും സംസ്ഥാനസര്‍ക്കാരുകളുടെ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരാണ്. ഈ സ്ഥിതി മാറണം""- ഗാംഗുലി ചൂണ്ടിക്കാട്ടി. 1986ല്‍ മുന്‍ എംപി സോമനാഥ് ചാറ്റര്‍ജി സ്ഥാപക പ്രസിഡന്റായി പ്രവര്‍ത്തനം ആരംഭിച്ച പിആര്‍പിഎസ് രാജ്യത്തെ ഏറ്റവും വലിയ വികലാംഗ സംഘടനകളിലൊന്നാണ്. 1,25,000ലധികം പേര്‍ അംഗങ്ങളാണ്. സംഘടനയുടെ പ്രസിഡന്റ് എഴുപതുകാരന്‍ ശൈലന്‍ ചൗധരി അന്ധനാണ്. അദ്ദേഹവും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.

No comments:

Post a Comment