Monday, December 9, 2013

കോണ്‍ഗ്രസിന് വന്‍ തകര്‍ച്ച

രാജ്യതലസ്ഥാനത്തും രാജസ്ഥാനിലും കോണ്‍ഗ്രസിന് സമ്പൂര്‍ണ പരാജയം. ഡല്‍ഹിയില്‍ ബിജെപിക്കും ആം ആദ്മി പാര്‍ടിക്കും പിന്നില്‍ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായി.

മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്തിയ ബിജെപി രാജസ്ഥാനില്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും അധികാരത്തിലേക്ക്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കപ്പെട്ട, നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലായി. കോണ്‍ഗ്രസിന് വളരെയധികം നിരാശയുണ്ടെന്നും ജനങ്ങളുടെ അസന്തുഷ്ടി വ്യക്തമാണെന്നും പാര്‍ടി അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം മോഡി പ്രഭാവത്തിന്റെ തെളിവാണെന്ന് ബിജെപി അവകാശപ്പെട്ടു.

ഡല്‍ഹിയില്‍ അപമാനകരമായ പരാജയമാണ് കോണ്‍ഗ്രസിന്. മുഖ്യമന്ത്രി ഷീല ദീക്ഷിത് അടക്കം ജനരോഷത്തില്‍ വീണു. പുതിയ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗബലം രണ്ടക്കം തികയില്ല. ഭരണവിരുദ്ധവികാരം മുതലെടുക്കാമെന്ന് കരുതിയ ബിജെപിക്കും തനിച്ച് ഭൂരിപക്ഷം നേടാനായില്ല. അഴിമതിവിരുദ്ധ പ്രസ്ഥാനമായി രംഗത്തുവന്ന് രാഷ്ട്രീയപാര്‍ടിയായി മാറിയ ആംആദ്മി പാര്‍ടി ശ്രദ്ധേയവിജയം നേടി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഡോ. ഹര്‍ഷവര്‍ധന്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ വിജയിച്ചു.

പരാജയം സമ്മതിച്ച് ഷീല ദീക്ഷിത് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിന് രാജിക്കത്ത് നല്‍കി. ലഫ്. ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ട് മുഖ്യമന്ത്രിയുടെ രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചു. സര്‍വേ ഫലങ്ങള്‍ ശരിവച്ച് തൂക്കുസഭ നിലവില്‍ വന്ന ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി വരുംനാളുകളില്‍ കുതിരക്കച്ചവടം അരങ്ങേറും. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ ബിജെപിക്ക് നാലില്‍ മൂന്ന് ഭൂരിപക്ഷം ലഭിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ട് സര്‍ദാര്‍പുര മണ്ഡലത്തില്‍നിന്ന് വീണ്ടും ജയിച്ചെങ്കിലും മന്ത്രിസഭയിലെ ഒട്ടേറെ പ്രമുഖര്‍ പരാജയം നുണഞ്ഞു. പിസിസി പ്രസിഡന്റ് ചന്ദ്രഭാനും വിജയിക്കാനായില്ല. ബിജെപി സംസ്ഥാന അധ്യക്ഷയും പാര്‍ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ വസുന്ധര രാജെ ജലാര്‍പ്രധാന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മീനാക്ഷി ചന്ദ്രവത്തിനെ 60,896 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ബിജെപി വിജയം നേടിയതെന്ന് ഗെലോട്ട് ആരോപിച്ചു. ഗവര്‍ണര്‍ക്ക് ഉടന്‍ രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ സിപിഐ എം വിജയം പ്രതീക്ഷിച്ച മണ്ഡലങ്ങള്‍ നേടാനായില്ല. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൗഹാന്റെ ജനപ്രീതിയുടെ ബലത്തില്‍ ബിജെപി വര്‍ധിച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തി. ബിജെപി മന്ത്രിസഭയിലെ പല അംഗങ്ങളും കേസുകളില്‍ കുടുങ്ങിയതും പാര്‍ടി എംഎല്‍എമാരുടെ അഴിമതികളും ജനങ്ങളില്‍ അതൃപ്തി പടര്‍ത്തിയിരുന്നു. പുതുമുഖങ്ങളെ പരീക്ഷിച്ചാണ് ബിജെപി ഇത് മറികടന്നത്. ചൗഹാന്‍ രണ്ട് മണ്ഡലങ്ങളില്‍നിന്ന് വിജയിച്ചു. 143 സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി അംഗബലം കൂട്ടാനായി.

കടുത്ത മത്സരം നടന്ന ഛത്തീസ്ഗഢില്‍ ജനവിധി വീണ്ടും ബിജെപിക്ക് അനുകൂലമായി. രമണ്‍സിങ് സര്‍ക്കാരിനെതിരായ ആരോപണങ്ങളും ജനകീയപ്രശ്നങ്ങളും ഫലപ്രദമായി ഏറ്റെടുക്കാന്‍ ഗ്രൂപ്പ്വൈരത്തില്‍ ഉലഞ്ഞ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 2008ല്‍ 50 സീറ്റ് ലഭിച്ച ബിജെപിക്ക് ഇക്കുറി അത്രയും സീറ്റ് നേടാനായില്ല. രമണ്‍സിങ് രാജ്നന്ദ്ഗാവ് മണ്ഡലത്തില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മിസോറമില്‍ തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.

ബിജെപിയെ തുണച്ചത് കോണ്‍ഗ്രസ് വിരോധം

ബിജെപിയും ഒരുപറ്റം മാധ്യമങ്ങളും കൊട്ടിഘോഷിച്ച മോഡിതരംഗം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായില്ല. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ "പ്രഭാവം" തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വന്‍നേട്ടമാകുമെന്നായിരുന്നു പ്രചാരണം. യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മോഡി ബിജെപിയുടെ താരപ്രചാരകനുമായിരുന്നു. എന്നാല്‍, പ്രചാരണഘട്ടത്തില്‍ത്തന്നെ, ചില യോഗങ്ങളിലെ ആള്‍ക്കൂട്ടം ഒഴിച്ചാല്‍, മോഡിക്ക് തരംഗമാകാന്‍ കഴിഞ്ഞിരുന്നില്ല. നാലിടത്തെ ഫലം മോഡി ആരാധകര്‍ക്കും അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടി കേന്ദ്രഭരണം പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപി നേതൃത്വത്തിനും ആഹ്ലാദിക്കാന്‍ വക നല്‍കുന്നില്ല. മോഡി ആഘോഷപൂര്‍വം പ്രചാരണം നടത്തിയ ഡല്‍ഹിയില്‍ കേവലഭൂരിപക്ഷമായിട്ടില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നായിരുന്നു അവകാശവാദം. ശക്തമായ ഭരണവിരുദ്ധവികാരം പോലും മുതലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇത്രയും സീറ്റ് കിട്ടിയത് ആം ആദ്മി പാര്‍ടിയുടെ മുന്നേറ്റം കൊണ്ടുമാത്രം.
മധ്യപ്രദേശില്‍ ശിവ്രാജ്സിങ് ചൗഹാനാണ് ബിജെപിയെ രക്ഷിച്ചത്. മോഡി വന്നത് മധ്യപ്രദേശില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കുകയാണുണ്ടായത്. പല ജനവിഭാഗങ്ങളും പിണങ്ങി. ചൗഹാന്റെ ജനപ്രീതിയിലാണ് ഈ പ്രതിസന്ധി മറികടന്നത്. ചൗഹാന്റെ നിര്‍ദേശപ്രകാരം ബിജെപിയുടെ പല സിറ്റിങ് എംഎല്‍എമാര്‍ക്കും സ്ഥാനാര്‍ഥിത്വം നിഷേധിച്ചു.

രാജസ്ഥാനില്‍ ബിജെപി മുമ്പും ഭരിച്ചിട്ടുണ്ട്. ജനതാപരിവാറിന്റെ കാലം മുതല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിരുദ്ധതരംഗം പലപ്പോഴും പ്രകടമായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അശോക് ഗെലോട്ടിന് കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണ് അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കിയത്.

ബിജെപിയുടെ അഭിമാനസംസ്ഥാനങ്ങളിലൊന്നായ ഛത്തീസ്ഗഢിലും മുന്നേറ്റമുണ്ടായില്ല. 2008ലെ പോലെ കഷ്ടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. രാജസ്ഥാനില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതൊഴിച്ചാല്‍ ബിജെപി അഭിമാനിക്കാന്‍ വകയില്ല. ബിജെപിക്ക് കുതിക്കാനുള്ള ഇന്ധനമൊന്നും മോഡി നല്‍കിയില്ലെന്നര്‍ഥം.

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് ഇനി ഓര്‍മ

നാല് സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയോടെ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിടാനിരിക്കുന്ന കനത്ത പരാജയത്തിന്റെ വ്യക്തമായ സൂചനയാണിത്. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, രാജസ്ഥാന്‍ പിസിസി പ്രസിഡന്റ് ചന്ദ്രഭാന്‍, 10 ജന്‍പഥിലെ വിശ്വസ്തനായ മധ്യപ്രദേശ് മുന്‍ പിസിസി പ്രസിഡന്റ് സുരേഷ് പച്ചോരി തുടങ്ങിയ വമ്പന്‍ നേതാക്കള്‍ പരാജയമറിഞ്ഞവരിലുണ്ട്. രാജസ്ഥാനിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് മന്ത്രിമാരില്‍ നല്ലൊരു പങ്കും തോറ്റു.

ഡല്‍ഹിയില്‍ ഭൂരിഭാഗം സീറ്റുകളിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. രാജസ്ഥാനിലും ഒട്ടനവധി മണ്ഡലങ്ങളില്‍ മൂന്നും നാലും സ്ഥാനത്താണ്. ഉത്തരേന്ത്യയില്‍ ഇനി കോണ്‍ഗ്രസ് ഭരണം ശേഷിക്കുന്നത് ഹരിയാന, ഹിമാചല്‍, ഉത്തരാഖണ്ഡ് എന്നീ മൂന്ന് ചെറുസംസ്ഥാനങ്ങളില്‍ മാത്രം. മൂന്നിടത്തും കൂടി ആകെയുള്ളത് 19 ലോക്സഭാ മണ്ഡലങ്ങള്‍ മാത്രം. ഉത്തരാഖണ്ഡില്‍ സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരണം. വിമതര്‍ സജീവമായ ഹരിയാനയില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കടുത്ത പരീക്ഷയാകും.

ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നതിന് തെളിവാണ് ഈ ഫലം. ഡല്‍ഹിയൊഴികെ മൂന്നിടത്തും കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ മത്സരമായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ദയനീയമായാണ് കോണ്‍ഗ്രസ് തോറ്റത്. രാജസ്ഥാനിലേത് ചരിത്രത്തിലില്ലാത്ത തോല്‍വി. 200 അംഗ നിയമസഭയില്‍ 23 സീറ്റ് മാത്രം. പിസിസി പ്രസിഡന്റും മന്ത്രിമാരും കൂട്ടത്തോടെ തോറ്റു. കൊലപാതക കേസിലും ബലാത്സംഗ കേസിലും ജയിലില്‍ കഴിയുന്ന നേതാക്കളുടെ ബന്ധുകള്‍ക്ക് ഇവിടെ ടിക്കറ്റ് നല്‍കിയിരുന്നു. എല്ലാവരും തോറ്റു. ഭന്‍വാരി ദേവിയെന്ന നേഴ്സിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി മഹിപാല്‍ മദേര്‍ണയുടെ ഭാര്യ ലീല മദേര്‍ണ, ഇതേ കേസില്‍ ജയിലുള്ള മുന്‍ എംഎല്‍എ മല്‍ക്കാന്‍സിങ് ബിഷ്ണോയിയുടെ അമ്മ അമ്രി ദേവി, ബലാത്സംഗ കേസില്‍ ജയിലിലായ മുന്‍ മന്ത്രി ബാബുലാല്‍ നഗറിന്റെ സഹോദരന്‍ ഹജാരിയലാല്‍ നഗര്‍ എന്നിവരാണ് തോറ്റത്. മുന്‍ കേന്ദ്രമന്ത്രി നട്വര്‍ സിങ്ങിന്റെ മകന്‍ ജഗത്സിങ് ബിജെപി ടിക്കറ്റില്‍ ജയിച്ചതും ആഘാതമായി. നഗരവികസന മന്ത്രി ശാന്തി ധരിവാള്‍, വനിതാ കമീഷന്‍ അധ്യക്ഷ മമത ശര്‍മ എന്നിവരും തോറ്റു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഡിസ്കസ് താരം കൃഷ്ണ പുനിയ സാദുല്‍പ്പുരില്‍ മൂന്നാം സ്ഥാനത്തായി. ഇവിടെ ബിഎസ്പിക്കാണ് വിജയം.

230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 62 സീറ്റുമാത്രമാണ് നേടാനായത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ജ്യോതിരാദിത്യ സിന്ധ്യക്ക് സ്വാധീനമുള്ള ഗ്വാളിയോര്‍-ചമ്പല്‍ മേഖലകളില്‍ ദയനീയമായി തകര്‍ന്നു. ഗ്വാളിയോര്‍ ഈസ്റ്റിലും ശിവ്പുരിയിലും സിന്ധ്യ രാജകുടുംബാംഗങ്ങളെ തന്നെ സ്ഥാനാര്‍ഥികളാക്കി ബിജെപി വിജയം കൊയ്തു. പിസിസി പ്രസിഡന്റ് കാന്തിലാല്‍ ഭുരിയക്ക് സ്വാധീനമുള്ള ജാബുവ ആദിവാസിമേഖലയിലും കേന്ദ്രമന്ത്രി കമല്‍നാഥ് നിയന്ത്രിക്കുന്ന മഹാകോശല്‍ മേഖലയിലും കോണ്‍ഗ്രസ് തകര്‍ന്നു. ഡല്‍ഹിയിലും കോണ്‍ഗ്രസ് നേതാക്കള്‍ കുട്ടത്തോടെ തോറ്റു. കാല്‍ ലക്ഷത്തോളം വോട്ടിനാണ് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് വീണത്. മന്ത്രിമാരില്‍ അരവിന്ദര്‍ സിങ് ലവ്ലി, ഹാരൂണ്‍ യൂസഫ് എന്നിവരൊഴികെ എല്ലാവരും തോറ്റെന്ന് മാത്രമല്ല, മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 46 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ചൂലടി

തുടര്‍ച്ചയായി പതിനഞ്ച് വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ നേട്ടമുണ്ടാക്കിയത് ഒരു വര്‍ഷം മാത്രം പ്രായമുള്ള ആം ആദ്മി പാര്‍ടി. ചൂല്‍ തെരഞ്ഞെടുപ്പ് ചിഹ്നമാക്കിയ അരവിന്ദ് കേജ്രിവാളും സംഘവും ഡല്‍ഹിയില്‍കോണ്‍ഗ്രസിനെയും ബിജെപിയെയും ഞെട്ടിച്ചു. മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ മത്സരിക്കാന്‍ ധൈര്യം കാട്ടിയ കേജ്രിവാള്‍ മികച്ച വിജയം നേടി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ഷീലാ ദീക്ഷിതിന് 18405 വോട്ടു ലഭിച്ചപ്പോള്‍ കേജ്രിവാള്‍ 44269 വോട്ടു നേടി. 25864 വോട്ടിന്റെ ഭൂരിപക്ഷം.

ജനലോക്പാല്‍ ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് 2011ല്‍ അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ തുടക്കമിട്ട സമരത്തിലൂടെയാണ് ആം ആദ്മി പാര്‍ടിയുടെ പിറവി. ജന്തര്‍മന്ദറിലും രാംലീലാ മൈതാനത്തുമായി നടന്ന സമരങ്ങള്‍ അഴിമതിയില്‍ മനംമടുത്ത മധ്യവര്‍ഗത്തെ ആകര്‍ഷിച്ചു. അഴിമതിക്കെതിരായ രോഷപ്രകടനത്തില്‍ ഹസാരെയുടെ വലംകൈയായിരുന്നു കെജ്രിവാള്‍. സമരത്തിലേക്ക് യുവാക്കളടക്കമുള്ളവരെ ആകര്‍ഷിച്ച തന്ത്രങ്ങള്‍ മെനഞ്ഞതും കേജ്രിവാള്‍. ജനലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്ന ഉറപ്പില്‍ സമരം അവസാനിച്ചെങ്കിലും രാഷ്ട്രീയ പാര്‍ടി വേണമെന്ന കെജ്രിവാളിന്റെ അഭിപ്രായത്തോട് ഹസാരെ യോജിച്ചില്ല. അത് വഴിപിരിയലിനും പുതിയ പാര്‍ടിയുടെ പിറവിക്കും നിമിത്തമായി.

കുടിവെള്ളപ്രശ്നം, വൈദ്യുതി പ്രതിസന്ധി, വിലക്കയറ്റം തുടങ്ങി ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങളില്‍ എഎപി ഇടപെട്ടു. വൈദ്യുതി ബില്‍ കത്തിച്ചതടക്കമുള്ള സമരങ്ങള്‍ ഏറെപ്പേരെ ആകര്‍ഷിച്ചു. ആം ആദ്മി പാര്‍ടിയുടെ വിജയത്തിന്റെ പൂര്‍ണ അവകാശി അരവിന്ദ് കെജ്രിവാള്‍ എന്ന നാല്‍പ്പത്തഞ്ചുകാരനാണ്. ഖരക്പുര്‍ ഐഐടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ കെജ്രിവാള്‍ 1995ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ പ്രവേശിച്ചു. ആദായനികുതി വകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരിക്കെ 2006 ല്‍ ജോലി രാജിവച്ചു. വിവരാവകാശ പ്രവര്‍ത്തനത്തിന് മെഗ്സാസെ അവാര്‍ഡിനും അര്‍ഹനായി.

No comments:

Post a Comment