Wednesday, December 18, 2013

ഇന്ത്യന്‍ നയതന്ത്രജ്ഞയെ യുഎസില്‍ വസ്ത്രമുരിഞ്ഞ് പരിശോധിച്ചു

ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ നേരിട്ടത് ക്രൂരമായ അവഹേളനവും പീഡനവും. നേരത്തെ പുറത്തുവന്നതിലും കൊടിയ അപമാനത്തിനാണ് ന്യൂയോര്‍ക്കിലെ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ദേവയാനി ഖൊബ്രഗഡ(39) വിധേയയായത്. അറസ്റ്റുചെയ്ത് മയക്കുമരുന്ന് അടിമകള്‍ക്കും ലൈംഗികതൊഴിലാളികള്‍ക്കും ഒപ്പം പാര്‍പ്പിച്ചു. വസ്ത്രമുരിഞ്ഞ് പരിശോധിക്കുകയും ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കുകയുംചെയ്തു.

കുഞ്ഞിനെ ഡേകെയര്‍ സെന്ററില്‍ വിട്ട് മടങ്ങവെയായിരുന്നു അറസ്റ്റ്. നയതന്ത്രജ്ഞയാണെന്ന് അറിയിച്ചിട്ടും വിലങ്ങിട്ടു. അഭിഭാഷകന്‍ എത്തിയപ്പോള്‍ മയക്കുമരുന്ന് അടിമകളുടെയും ലൈംഗികത്തൊഴിലാളികളുടെയും കൂട്ടത്തില്‍ അവരെ പാര്‍പ്പിച്ചിരുന്നതായാണ് കണ്ടത്. ഒന്നരക്കോടിയില്‍പ്പരം രൂപയുടെ ജാമ്യത്തിലാണ് ദേവയാനിയെ വിട്ടത്. പീഡന വിവരങ്ങള്‍ പുറത്തുവന്നതോടെ അമേരിക്കന്‍ നയതന്ത്രജ്ഞരുടെ വിമാനത്താവള പാസുകള്‍ തിരിച്ചുവാങ്ങുകയും തിരിച്ചറിയല്‍ കാഡുകള്‍ മടക്കിനല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്ത് ഇന്ത്യ തിരിച്ചടിച്ചു. എംബസിയിലേക്ക് മദ്യവും ഭക്ഷണവും ഇറക്കുമതിചെയ്യുന്നതിനുള്ള അനുമതിയും പിന്‍വലിച്ചു. ന്യായമാര്‍ഗിലെ അമേരിക്കന്‍ എംബസിക്കുമുന്നിലെ ബാരിക്കേഡുകള്‍ നീക്കി. അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ റദ്ദാക്കി. അറസ്റ്റിനു പിന്നാലെ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവലിനെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. ദേവയാനിയുടെ ഡിഎന്‍എ സാമ്പിളുകള്‍ ന്യൂയോര്‍ക്ക് പൊലീസ് ശേഖരിച്ചത് കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയവരുടെ ഡിഎന്‍എ വിവരങ്ങള്‍ ശേഖരിക്കാനാണ് വ്യവസ്ഥ.

നീണ്ട നിയമയുദ്ധത്തിനുശേഷം ജൂണിലാണ് അമേരിക്കന്‍ സുപ്രീംകോടതി ഡിഎന്‍എ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയത്. ഈ വിധി വ്യാപകമായി ദുരുപയോഗിക്കപ്പടുമെന്ന് ജഡ്ജിമാര്‍ വിയോജനക്കുറിപ്പ് എഴുതിയിരുന്നു. അമേരിക്കയുടെ ആഭ്യന്തരസുരക്ഷയുമായി ബന്ധമില്ലാത്ത കേസിലാണ് ദേവയാനിയുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചത്. 1999 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയായ ദേവയാനിയെ വീട്ടുജോലിക്കാരിയായിരുന്ന സംഗീത റിച്ചാര്‍ഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുചെയ്തത്. വിസയില്‍ രേഖപ്പെടുത്തിയതിലും കുറഞ്ഞ ശമ്പളമാണ് ദേവയാനി നല്‍കിയതെന്നാണ് പരാതി. അതേസമയം, സംഗീത ജോലി മതിയാക്കി മാസങ്ങള്‍ക്കുമുമ്പേ പോയതാണെന്നും തന്നെ ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് ദേവയാനി ഡല്‍ഹി കോടതിയില്‍ കേസ് ഫയല്‍ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഡല്‍ഹി കോടതി സംഗീതയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
(സാജന്‍ എവുജിന്‍)

deshabhimani

No comments:

Post a Comment