Wednesday, December 18, 2013

നിരക്കുകളില്‍ മാറ്റമില്ലാതെ മധ്യപാദ വായ്പാനയം

മുഖ്യ പലിശനിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് മധ്യപാദ വായ്പാനയം പ്രഖ്യാപിച്ചു. പണപ്പെരുപ്പനിരക്ക് 14 മാസത്തിനിടയിലെ ഉയരത്തിലെത്തിയതോടെ മുഖ്യ പലിശാ നിരക്ക് റിസര്‍വ് ബാങ്ക് വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 7.75 ശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്സ് റിപ്പോ നിരക്ക് 6.75 ശതമാനമായും തുടരും. മൊത്തം നിക്ഷേപങ്ങള്‍ക്ക് ആനുപാതികമായി ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായി സൂക്ഷിക്കേണ്ട പണമായ കരുതല്‍ ധനാനുപാതത്തിലും(സിആര്‍ആര്‍) മാറ്റമില്ല. സിആര്‍ആര്‍ നിരക്ക് നാലു ശതമാനമായി തുടരും. വായ്പകള്‍ക്ക് നല്‍കേണ്ട ഒരു ദിവസത്തെ പലിശയായ എംഎസ്എഫ് 8.75 ശതമാനമാണ്. കറന്റ് അക്കൗണ്ട് കമ്മി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച സൂചകങ്ങളെല്ലാം നിരാശാജനകമാംവിധം താഴ്ന്നനിലയില്‍ത്തന്നെ തുടരുകയാണ്. നവംബറിലെ ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 11.24 ശതമാനമായും മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 14 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 7.52 ശതമാനവുമാണ്. ഭക്ഷ്യവിലസൂചിക 14.72 ശതമാനമെന്ന ഉയര്‍ന്ന നിലയിലാണ്. ഇതിനുപുറമെ ഒക്ടോബറില്‍ രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനസൂചിക 1.8 ശതമാനമായി കുത്തനെ ചുരുങ്ങിയിട്ടുമുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലിത് 8.4 ശതമാനമായിരുന്നു.

deshabhimani

No comments:

Post a Comment