Saturday, December 7, 2013

അലക്സാണ്ടര്‍ ജേക്കബ്ബിനെ നീക്കി; സെന്‍കുമാറിനു ചുമതല

 ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളുടെ ഫേസ്ബുക് ഉപയോഗവുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയമുന്നയിച്ച ജയില്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്ബിനെ പദവിയില്‍നിന്ന് നീക്കി. വിവാദപരാമര്‍ശം സംബന്ധിച്ചു നല്‍കിയ വിശദീകരണം തള്ളിയാണ് തീരുമാനം. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് പകരം ചുമതലയും നല്‍കിയിട്ടില്ല. വെള്ളിയാഴ്ച രാത്രിയാണ് ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പിട്ടത്.

അലക്സാണ്ടര്‍ ജേക്കബ്ബിന്റെ നിയമനത്തിന് പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറിന് ജയില്‍ വകുപ്പിന്റെ പൂര്‍ണ അധിക ചുമതല നല്‍കി. ഫേസ്ബുക് വിവാദത്തില്‍ വ്യാഴാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ച ജയില്‍ ഡിജിപിയോട് ആഭ്യന്തരമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശം പിന്‍വലിച്ച് വിശദീകരണം നല്‍കിയെങ്കിലും അംഗീകരിച്ചില്ല. അലക്സാണ്ടര്‍ ജേക്കബ്ബിനെ മാറ്റണമെന്ന് ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയോട് ഫോണില്‍ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളും ജയില്‍ ഡിജിപിക്കെതിരെ രംഗത്തുവന്നു. വിവാദം ചന്ദ്രശേഖരന്‍ കേസിലെ വിധിയെ സ്വാധീനിക്കാനുള്ള ഗൂഢാലോചനയാണെന്ന് സംശയിക്കുന്നതായാണ് ജയില്‍ ഡിജിപി തുറന്നുപറഞ്ഞത്.

അലക്സാണ്ടര്‍ ജേക്കബ് രണ്ടാമന്‍; ജംഗ്പാംഗി ഇപ്പോഴും ശൂന്യതയില്‍

സര്‍ക്കാരിന്റെ അപ്രീതിക്ക് പാത്രമായ രണ്ടാമത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജയില്‍ ഡിജിപി സ്ഥാനത്തുനിന്ന് ഒഴിവാക്കിയ അലക്സാണ്ടര്‍ ജേക്കബ്. കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസുകാരനും ഡിജിപി റാങ്കുകാരനുമായ ജംഗ്പാംഗിയാണ് ആഭ്യന്തരവകുപ്പിന്റെ അനിഷ്ടത്തിന് ഇരയായ ആദ്യത്തെയാള്‍. ഇദ്ദേഹത്തെ കഴിഞ്ഞ കുറെനാളായി പ്രധാന തസ്തികയില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഈമാസം 31ന് ജംഗ്പാംഗി വിരമിക്കും.

ക്രൈംബ്രാഞ്ച് മേധാവിസ്ഥാനംവരെ വഹിച്ച ജംഗ്പാംഗിയെ ഫയര്‍ഫോഴ്സ് നവീകരണം സംബന്ധിച്ച് പഠിക്കാനാണ് നിയോഗിച്ചിരിക്കുന്നത്. അലക്സാണ്ടര്‍ ജേക്കബ്ബിനെ കാത്തിരിക്കുന്നത് ഏതു പദവിയെന്ന് കണ്ടറിയണം. ജംഗ്പാംഗി വിരമിക്കുന്ന ഒഴിവില്‍ അദ്ദേഹത്തെ നിയമിച്ചാലും അത്ഭുതമില്ല.

ഡിജിപി ഗ്രേഡിലുള്ള നാലുപേരാണ് കേരള കേഡറിലുള്ളത്. ഇതില്‍ ഏറ്റവും സീനിയറാണ് ജംഗ്പാംഗി. കെ എസ് ബാലസുബ്രഹ്മണ്യം, വിജിലന്‍സ് ഡയറക്ടര്‍ മഹേഷ്കുമാര്‍ സിംഗ്ല എന്നിവരാണ് മറ്റു രണ്ടുപേര്‍. അലക്സാണ്ടര്‍ ജേക്കബ്ബിന് 2015 മെയ്വരെ സര്‍വീസുണ്ട്. ജംഗ്പാംഗി വിരമിക്കുന്ന ഒഴിവില്‍ ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും. എഡിജിപിമാരില്‍ ഏറ്റവും സീനിയര്‍ ഇദ്ദേഹമാണ്. എഡിജിപിമാരായ പി ചന്ദ്രശേഖരന്‍, വിന്‍സന്‍ എം പോള്‍, എം എന്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് പിന്നെയുള്ളത്. കൃഷ്ണമൂര്‍ത്തിയും ചുമതല കാത്ത് കഴിയുകയാണ്.

കേരള പൊലീസിലെ സത്യസന്ധനായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് അലക്സാണ്ടര്‍ ജേക്കബ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഇദ്ദേഹത്തെ ജയില്‍മേധാവിയാക്കിയത്. പൊലീസിലെ അക്കാഡമീഷ്യന്‍കൂടിയായ അദ്ദേഹം ചുമതലയേറ്റശേഷം നിരവധി പരിഷ്കാരങ്ങള്‍ നടപ്പാക്കി. ജയില്‍ ഉദ്യോഗസ്ഥരുടെ അഴിമതി ഒരുപരിധിവരെ തടയുന്നതിനും കിണഞ്ഞ് പരിശ്രമിച്ചു. ജയില്‍ ചപ്പാത്തി, ചിക്കന്‍ കറി എന്നിവ അലക്സാണ്ടര്‍ ജേക്കബ് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമാണ്.

No comments:

Post a Comment