Saturday, December 7, 2013

4 പ്രധാന സാക്ഷികളെ വിസ്തരിച്ചില്ല

കള്ളരേഖകളുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ ചന്ദ്രശേഖരന്‍ കേസ് കെട്ടിപ്പൊക്കിയതെന്ന് സീനിയര്‍ അഭിഭാഷകന്‍ എം കെ ദാമോദരന്‍. പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രതിഭാഗത്തിനുവേണ്ടി നാലാംദിവസം വാദം നടത്തുകയായിരുന്നു അദ്ദേഹം. യാഥാര്‍ഥ്യം പുറത്തുവരാതിരിക്കാനാണ് കേസ് ഡയറിയിലെ നാല് പ്രധാന സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിക്കാതിരുന്നത്.

ഓരോ റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പവും അതുവരെയുള്ള അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നതും അന്വേഷണസംഘം പാലിച്ചില്ല. ചന്ദ്രശേഖരന്‍ വധത്തില്‍ വ്യത്യസ്ത വ്യക്തികള്‍ ഉള്‍പ്പെട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍. വിചാരണവേളയില്‍ ഇതിന് വിരുദ്ധവും നിലനില്‍ക്കാത്തതുമായ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയത്. അന്തിമ റിപ്പോര്‍ട്ടിനൊപ്പം മാത്രമാണ് അന്വേഷണ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത്.

കെട്ടിച്ചമച്ചതും തെറ്റായതുമായ കാര്യങ്ങള്‍ രേഖപ്പെടുത്താനുള്ള ശ്രമം നടന്നതായും ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ ദാമോദരന്‍ ചൂണ്ടിക്കാട്ടി. ചന്ദ്രശേഖരനെ അവസാനമായി കണ്ടുവെന്ന് പറയുന്ന ജാഫര്‍, ബ്രദേഴ്സ് ക്ലബ് പ്രസിഡന്റ് ശിവരാമന്‍, എ കെ ബാബു, പ്രജിത്എന്നീ നാലുസാക്ഷികളെയാണ് പ്രോസിക്യൂഷന്‍ കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയന്ന് ഒഴിവാക്കിയത്. ചന്ദ്രശേഖരനെ അവസാനമായി കണ്ടത് രാത്രി ഒമ്പതേകാലിനാണെന്നാണ് ജാഫറിന്റെ മൊഴി. അതിനുശേഷം ചന്ദ്രശേഖരന്‍ ഒരുമണിക്കൂര്‍ എവിടെയായിരുന്നുവെന്നത് ഫലപ്രദമായി അന്വേഷിക്കാതിരുന്നത് ദുരൂഹമാണ്. അന്വേഷിച്ച് കിട്ടിയ വിവരം പ്രോസിക്യൂഷന് എതിരാകുമെന്ന് കരുതി പുറത്തുവിടാതിരുന്നതുമാവാം.

രാത്രി ഒമ്പതുമുതല്‍ ഒമ്പതര വരെ വൈദ്യുതി ലോഡ് ഷെഡിങ് ഉണ്ടായിരുന്നു. ഇതേപ്പറ്റിയും അന്വേഷിച്ചില്ല. ബ്രദേഴ്സ് ക്ലബ് വാര്‍ഷികത്തിന് അലങ്കരിക്കാനാണ് സാക്ഷികള്‍ വള്ളിക്കാട്ടെത്തിയത് എന്നത് അവിശ്വസനീയമാണ്. ക്ലബ് വാര്‍ഷികം സാക്ഷികളെ സൃഷ്ടിക്കാനുണ്ടാക്കിയ കഥയാണ്.

വാളുകള്‍ കണ്ടെടുത്തതിലും അവിശ്വസനീയതയുണ്ട്. വാളുകളില്‍ രക്തത്തിന്റെ അംശമുള്ളതായി മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ല. വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിലും ചന്ദ്രശേഖരന്റെ രക്തവുമായി സാമ്യമുള്ളതായി പറയുന്നില്ല. ഇന്നോവ കാറിനെ കൊലയുമായി ബന്ധിപ്പിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. വാഹനത്തില്‍നിന്ന് ലഭിച്ച നാല് വിരലടയാളങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടാത്തത് സത്യം പുറത്തുവരുമെന്ന് ഭയന്നാണ്.
പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ രേഖകളില്‍. എട്ടാംപ്രതി കെ സി രാമചന്ദ്രനെ കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയ സമയമാണ് വടകരയില്‍ മഹസര്‍ തയാറാക്കിയ സമയമായും ചേര്‍ത്തത്.

2012 മെയ് നാലിന് വൈകിട്ട് നാലിന് ചൊക്ലി ജീപ്പ് സ്റ്റാന്‍ഡില്‍ ഒന്നുമുതലുള്ള പ്രതികള്‍ ബിജെപിക്കാരനെ ആക്രമിച്ചതായി കേസുണ്ടെന്ന് പ്രോസിക്യുഷന്‍ രേഖയില്‍ പറയുന്നു. വൈകിട്ട് 5.15 മുതല്‍ ഒന്നാംപ്രതി ഇന്നോവ കാറുമായി ചൊക്ലിയില്‍നിന്ന് പുറപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍നിന്ന് മറ്റുള്ളവരെ ശേഖരിച്ചെന്ന വൈരുധ്യം മറ്റൊരിടത്തുണ്ട്. ബിജെപിക്കാരനെ ആക്രമിച്ച കേസിലെ പ്രതികള്‍ ചന്ദ്രശേഖരന്‍ കേസില്‍ പ്രതികളായി ഒളിവിലായതിനാല്‍ കേസ് അവസാനിപ്പിച്ചതായി മെയ് ആറിന് ചൊക്ലി പൊലീസ് രേഖപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ രേഖകളില്‍ കാണുന്നത്. എന്നാല്‍ ചന്ദ്രശേഖരന്‍ കേസിലുള്‍പ്പെട്ടതായി ആരോപിക്കുന്നവരുടെ പേരുവിവരം മെയ് ഒമ്പതിനാണ് രണ്ടും മൂന്നും സാക്ഷികള്‍ മൊഴി നല്‍കിയതെന്നും രേഖകളിലുണ്ട്. ബിജെപിക്കാരനായ സാക്ഷിയുടെ സഹായത്തോടെ തയാറാക്കിയ കള്ളക്കഥയാണ് സംഭവമെന്ന് പ്രോസിക്യൂഷന്‍ രേഖകളില്‍ തന്നെ തെളിയുമെന്നും ദാമോദരന്‍ വാദിച്ചു.

ദാമോദരന്റെ വാദം ശനിയാഴ്ച തീരും. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ സി ശ്രീധരന്‍നായര്‍, കെ ഗോപാലകൃഷ്ണക്കുറുപ്പ്, സോജന്‍ മൈക്കിള്‍, കെ പി ദാമോദരന്‍ നമ്പ്യാര്‍, കെ വിശ്വന്‍, പി വി ഹരി, കെ എം രാമദാസ്, കെ അജിത്കുമാര്‍, വിനോദ്കുമാര്‍ ചമ്പളോന്‍, എന്‍ ആര്‍ ഷാനവാസ്, പി ശശി, വി വി ശിവദാസന്‍, വി ബിന്ദു, അരുണ്‍ബോസ് എന്നിവരും ഹാജരായി.

No comments:

Post a Comment